Thursday 03 June 2021 05:32 PM IST

മുഖത്തെ നിരവധി പ്രശ്നങ്ങൾക്ക് ഒരു പരിഹാരം; ഫലപ്രദമായ കോസ്‌മെറ്റിക് ലേസർ ട്രീറ്റ്‌മെന്റ്, അറിയേണ്ടതെല്ലാം

Priyadharsini Priya

Sub Editor

laserghhbbh5567777

മുഖത്തെ പാടുകൾ ഭയപ്പെടുത്തിയിരുന്ന കാലം പഴങ്കഥയായി. ഇന്ന് കുറച്ചു പണം ചിലവാക്കിയാൽ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാൻ വളരെ എളുപ്പമാണ്. അത്രയധികം പുരോഗമിച്ചിരിക്കുകയാണ് കോസ്‌മെറ്റിക് ഡെർമറ്റോളജി വിഭാഗം. മുഖക്കുരു, കറുത്ത പാടുകൾ, വാർധക്യം മൂലമുണ്ടാകുന്ന ചുളിവുകൾ, പൊള്ളൽ, ടാറ്റൂ, സ്ട്രെച്ച് മാർക്കുകൾ എന്നിങ്ങനെ ചർമ്മത്തിന്റെ ഭംഗി കെടുത്തുന്ന നിരവധി സൗന്ദര്യപ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് കോസ്‌മെറ്റിക് ലേസർ ട്രീറ്റ്‌മെന്റ്. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും കോസ്‌മെറ്റിക് ലേസർ ചികിത്സ ലഭ്യമാണ്. 

എന്താണ് കോസ്‌മെറ്റിക് ലേസർ ട്രീറ്റ്‌മെന്റ്?

ലേസറുകൾ മോണോക്രോമാറ്റിക് ആണ്. അതായത് ‘സെലക്ടീവ് ഫോട്ടോതെർമോളിസിസ്’ എന്ന പ്രക്രിയയിലൂടെ ലേസർ കോസ്മെറ്റിക് ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കുന്നു. വിവിധ ഫ്രീക്വൻസിയിൽ ചർമ്മത്തിലൂടെ പ്രകാശം കടത്തിവിടുകയാണ് ലേസർ ട്രീറ്റ്‌മെന്റിൽ ചെയ്യുന്നത്. വ്യത്യസ്തമായ ഫ്രീക്വൻസിയിൽ പ്രകാശകിരണം കടത്തിവിട്ട് മുഖത്തെ തവിട്ട് പാടുകൾ, കുഴികൾ, കുരുക്കൾ, അനാവശ്യ രോമം എന്നിവ ഇല്ലാതാക്കുന്നു.  

എന്തുകൊണ്ട് വ്യത്യസ്ത തരം ലേസറുകൾ?

പലതരം ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിവിധതരം ലേസറുകൾ ആവശ്യമാണ്. പിഗ്മെന്റേഷൻ, സ്‌കാറുകൾ, ചുളിവുകൾ, മുഖക്കുരു, കുഴികൾ, അനാവശ്യ രോമം തുടങ്ങി വ്യത്യസ്ത ചർമ്മ പ്രശ്നങ്ങൾക്ക് ഫ്രാക്ഷണൽ CO2, ക്യൂ-സ്വിച്ച്ഡ് എൻ‌ഡി യാഗ്, ഡയോഡ് ലേസർ, ലോങ്ങ് പൾസ് എൻ‌ഡി യാഗ്, റൂബി തുടങ്ങി വ്യത്യസ്തതരം ലേസറുകൾ ഉപയോഗിക്കുന്നു. 

വിവിധതരം കോസ്‌മെറ്റിക് ലേസർ ട്രീറ്റ്മെന്റുകൾ 

1. അനാവശ്യ രോമം നീക്കം ചെയ്യൽ

മുഖം, കഴുത്ത്, നെഞ്ച്, അടിവയർ, കൈകാലുകൾ പോലുള്ള ശരീരഭാഗങ്ങളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും അനാവശ്യ രോമ വളർച്ച ഡയോഡ് ലേസർ ഉപയോഗിച്ച് ശാശ്വതമായി കുറയ്ക്കാൻ കഴിയും. ലൈറ്റ് ഷിയർ ഡയോഡ് ലേസറാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സയുടെ ആറു- ഏഴു സെഷനുകൾക്ക് ശേഷം 70 - 90% വരെ അനാവശ്യ രോമം കുറയ്ക്കാം. കക്ഷത്തിലെയും നെഞ്ചിലെയും രോമങ്ങൾ നീക്കം ചെയ്യാൻ ചികിത്സ തേടി നിരവധി പുരുഷന്മാരും എത്താറുണ്ട്. 

2. ലേസർ സ്കിൻ റീ സർഫേസിങ് 

ഫ്രാക്ഷണൽ CO2 ലേസർ ഉപയോഗിച്ച് മുഖക്കുരുവിൻറെ പാടുകൾ, ചുളിവുകൾ, നേർത്ത വരകൾ, ചർമ്മത്തിന്റെ വാർധക്യത്തിന്റെ ലക്ഷണങ്ങൾ മുതലായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കഴിയും. ഇത് ചർമ്മത്തിന്റെ ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു.

Cosmetic-Laser-Treatments.Featured

3. ടാറ്റൂ നീക്കം ചെയ്യൽ

ക്യൂ-സ്വിച്ച്ഡ് എൻ‌ഡി യാഗ് ലേസർ ഉപയോഗിച്ച് ടാറ്റൂകളും ബർത്ത് മാർക്കുകളും കൂടുതൽ സൗകര്യപ്രദമായും ഫലപ്രദമായും നീക്കം ചെയ്യാൻ സാധിക്കും. 

4. നിറം വർധിപ്പിക്കൽ, പിഗ്മെന്റേഷൻ 

മുഖ ചർമ്മത്തിന്റെ നിറം, കറുത്ത പാടുകൾ, അല്ലെങ്കിൽ മുഖത്ത് കാണുന്ന തവിട്ടുനിറമുള്ള പാടുകൾ എന്നിവ പൂർണ്ണമായും മാറ്റാൻ ക്യൂ-സ്വിച്ച്ഡ് എൻ‌ഡി യാഗ് ലേസർ ഫലപ്രദമാണ്. 

5. ഫെയ്‌സ് ലിഫ്റ്റും മുഖത്തെ ചുളിവുകളും 

നോൺ അബ്ളേറ്റീവ് റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ചാണ് ഫെയ്‌സ് ലിഫ്റ്റ്, മുഖത്തെ ചുളിവുകളും എന്നിവയ്ക്കുള്ള ട്രീറ്റ്‌മെന്റ്  നൽകുന്നത്. ഇത് ആഴത്തിലുള്ള ചർമ്മ പാളികളിൽ എത്തുന്നതാണ്. ചികിത്സയിലൂടെ കൊളാജൻ ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതുമൂലം ചർമ്മത്തിന് ദൃഢതയും കൂടുതൽ യുവത്വവും ഉണ്ടാകുന്നു.

6. മുഖക്കുരു 

മുഖക്കുരുവിന്റെ ചികിത്സയിൽ ഭക്ഷണത്തിനും ഡയറ്റിനുമെല്ലാം പ്രാധാന്യമുണ്ട്. മുഖക്കുരുവിന് നിരവധി വകഭേദങ്ങളുണ്ട്. അമിതമായ സെബം ഉത്പാദനം, സുഷിരങ്ങൾ അടഞ്ഞുപോകൽ, വിറ്റാമിനുകളുടെ അഭാവം, അനുചിതമായ ഭക്ഷണക്രമം മുതലായവ കാരണം മുഖക്കുരു പ്രത്യക്ഷപ്പെടാം. മുഖം, നെഞ്ച്, പുറം എന്നിവയിൽ മുഖക്കുരു പ്രത്യക്ഷപ്പെടാം. കഠിനവും സജീവവുമായ മുഖക്കുരുവിന് അനുയോജ്യവും വ്യത്യസ്തവുമായ സാങ്കേതികവിദ്യകൾ ഉണ്ട്. മൈക്കോഡെർമബ്രാസിഷൻ, സാലിസിലിക് പീൽ, ഗ്ലൈക്കോളിക് പീൽ, ഡെർമ റോളർ, ലേസർ റീ സർഫേസിംഗ് തുടങ്ങിയവ മുഖക്കുരുവിനുള്ള ചികിത്സകളാണ്. 

7. അരിമ്പാറ നീക്കം ചെയ്യൽ

അരിമ്പാറകൾക്ക് റേഡിയോ ഫ്രീക്വൻസി, ഇലക്ട്രിക് കോട്ടറി അല്ലെങ്കിൽ ഫ്രാക്ഷണൽ CO2 ലേസർ ആണ് ഉപയോഗിക്കുന്നത്. 

പാർശ്വഫലങ്ങൾ കുറവ് 

കോസ്‌മെറ്റിക് ചികിത്സയിൽ വളരെ ഫലപ്രദമാണ് ലേസർ ട്രീറ്റ്‌മെന്റ്. ഒട്ടുമിക്ക കോസ്മെറ്റിക് ലേസർ ട്രീറ്റ്മെന്റുകളും ചർമ്മത്തിന് വളരെ മൈൽഡ് ആയ പാർശ്വഫലങ്ങൾ മാത്രമാണ് ഉണ്ടാക്കുന്നത്. ലേസർ ട്രീറ്റ്‌മെന്റ് സമയത്ത് ലേസറുകളുടെ സ്വഭാവമനുസരിച്ച് സ്‌പെഷൽ ലേസറിനുള്ള കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. ആർക്കും ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സാധാരണക്കാരാണ് ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും. 

കോസ്മെറ്റിക് ലേസർ ട്രീറ്റ്മെന്റുകളുടെ ചിലവ് ഉപയോഗിക്കുന്ന മെഷീൻ, രോഗത്തിന്റെ തീവ്രത എന്നിവയെ ആശ്രയിച്ചിരിക്കും. മുഖം മുഴുവനും അല്ലെങ്കിൽ ഒരു ഭാഗം മാത്രം ചികിത്സ തേടേണ്ടി വരുമ്പോൾ കോസ്റ്റിലും ആ വ്യത്യാസം ഉണ്ടാകും. 

കടപ്പാട്: Dr M M Faizal, Laser Skin &Cosmetology Clinic, Kaloor, Cochin -17

Tags:
  • Glam Up
  • Beauty Tips