Monday 23 May 2022 03:33 PM IST : By സ്വന്തം ലേഖകൻ

ചൊറിച്ചിലും മുടി കൊഴിച്ചിലും കൊണ്ട് ബുദ്ധിമുട്ടിയോ? താരനെ പമ്പ ക‌ടത്താൻ എട്ടിലകൾ ചേർത്ത ഹെയർ പായ്ക്ക്

itchyScalp

ചൊറിച്ചിലും മുടി കൊഴിച്ചിലുമാണ് താരന്‍ മൂലമുള്ള പ്രധാന ശല്യങ്ങള്‍. പലതരം കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ ഉപയോഗിച്ചിട്ടും താരൻ മാറുന്നില്ലെങ്കില്‍ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഇതാ.. നമ്മുടെ തൊടിയിൽ നിന്നു ലഭിക്കുന്ന എട്ടു ഇലകൾ ഉപയോഗിച്ച് താരന് എളുപ്പത്തില്‍ പ്രതിവിധി കണ്ടെത്താം.  

എട്ടിലകൾ ചേർത്ത പായ്ക്ക് ഉണ്ടാക്കുന്ന വിധം

തുളസിയില, മൈലാഞ്ചിയില, കീഴാർനെല്ലി, കറ്റാർവാഴ, കറിവേപ്പില, കയ്യോന്നി, ഉലുവയില, പുതിനയില എന്നിവ തുല്യ അളവിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അര ചെറിയ സ്പൂണ്‍ ലെമൺ ഓയിലുമായി ചേര്‍ത്ത് ഈ കൂട്ടിൽ ചേർത്ത് പത്തു മിനിറ്റ് വയ്ക്കുക.

ഉപയോഗിക്കുന്ന വിധം

∙ ചീപ്പ് തലയോട്ടിയിൽ ചേർത്ത് അഞ്ച് മിനിറ്റ് തുടർച്ചയായി മുടി ചീകുക.

∙ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഡ്രയർ ഉപയോഗിച്ച് പാതി ഉണക്കിയെടുക്കണം.

∙ ഇനി പായ്ക്ക് തലയോട്ടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനുശേഷം 45 മിനിറ്റ് കഴിഞ്ഞ് മുടി വൃത്തിയായി കഴുകി ഉണക്കുക.

ട്രീറ്റ്മെന്റിനു ശേഷം

ചീപ്പു കൊണ്ട് തലയോട്ടിയിൽ അമർത്തി ചീകിയതിനുശേഷം ഒരു മുട്ടയുടെ വെള്ളയും പത്തു തുള്ളി നാരങ്ങാനീരും ചേർന്ന മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കണം. ട്രീറ്റ്മെന്റ് ചെയ്തതിനുശേഷം ആഴ്ചയിൽ ഒരുതവണ ഇങ്ങനെ ചെയ്യുന്നത് താരനെ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു. ട്രീറ്റ്മെന്റിനുശേഷം രണ്ടാഴ്ചത്തേക്ക് തലമുടിയിൽ എണ്ണ തേക്കാൻ പാടില്ല. അതു കഴിഞ്ഞ് രണ്ടാഴ്ച കൂടുമ്പോൾ ഒരു തവണ എന്ന രീതിയിൽ എണ്ണ പുരട്ടാം. എന്നാൽ എണ്ണ പുരട്ടി ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് എണ്ണമയം പൂർണമായും കളഞ്ഞ് മുടി വൃത്തിയാക്കണം. 

താരനകറ്റാൻ ചില പൊടിക്കൈകൾ

∙ ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയുക.

∙ ആര്യവേപ്പിന്റെ ഇല ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാൻ നല്ലതാണ്.

∙ ഓറഞ്ചിന്റെ തൊലി നാരങ്ങാനീരും ചേർത്ത് അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനകം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകുക. താരന്റെ ശല്യം കുറയും.

∙ പുളിയുള്ള തൈര് ഒരു പാത്രത്തിലെടുത്ത് ഒന്നു രണ്ടു ദിവസം വയ്ക്കുക. (ഫ്രിഡ്ജിൽ വയ്ക്കരുത്) നല്ല രീതിയിൽ പുളിച്ചതിനുശേഷം മുടിയിൽ മാസ്ക് പോലെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക.

Tags:
  • Glam Up
  • Beauty Tips