Monday 08 July 2024 03:27 PM IST : By സ്വന്തം ലേഖകൻ

'ഫംഗസിനെയും ബാക്ടീരിയയെയും നശിപ്പിക്കാൻ വിനാഗിരി'; താരൻ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

dandruff667jkk89

തലയോട്ടിയില്‍ താരന്റെ ശല്യം കാരണം ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. ശിരോചർമ സംരക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ താരനെ പ്രതിരോധിക്കാൻ സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ...

∙ താരനുള്ളവർ ഉപയോഗിക്കുന്ന ഹെയർബ്രഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്. പില്ലോ കവറിൽ നിന്നു പോലും താരൻ പകരാം.

∙ മുടിയുടെ സ്വഭാവമനുസരിച്ചു നല്ലൊരു ആന്റി ഡാൻഡ്രഫ് ഷാംപുവും കണ്ടീഷണറും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഷാംപുവിനു പകരമായി ബേക്കിങ് സോഡ ഉപയോഗിക്കുന്നതു താരൻ ഇല്ലാതാക്കാൻ സഹായിക്കും. ഒരു ടേബിൾസ്‌പൂൺ ബേക്കിങ് സോഡ നനഞ്ഞ തലയോട്ടിയിൽ തേച്ച മസാജ് ചെയ്യുക. രണ്ടു മിനിറ്റിനുശേഷം കഴുകിക്കളയാം. രണ്ടാഴ്‌ച തുടർച്ചയായി ഉപയോഗിച്ചാൽ താരൻ പൂർണമായും മാറും.

∙ ഒലിവ് ഓയിലും വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്തു തലയോട്ടിയിൽ പുരട്ടുന്നതും രാത്രി കിടക്കുന്നതിനു മുൻപു തലയോട്ടിയിൽ ബേബി ഓയിൽ പുരട്ടി രാവിലെ ആന്റി ഡാൻഡ്രഫ് ഷാംപു ഉപയോഗിച്ചു കഴുകിക്കളയുന്നതും താരൻ അകറ്റാൻ നല്ലതാണ്.

∙ തുളസിയിലയും ചെമ്പരത്തിയിലയും പൂവും ചേർത്തരച്ചു തലയോട്ടിയിൽ പുരട്ടിയാൽ താരനകന്നു മുടി വളരും.

∙ ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടൗവൽ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം.

∙ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ തല കഴുകുന്നതും മുട്ട നന്നായി പതപ്പിച്ചു തലയോട്ടിയിൽ പുരട്ടി രണ്ടു മണിക്കൂറിനുശേഷം കഴുകിക്കളയുന്നതും താരൻ അകറ്റാൻ നല്ലതാണ്.

∙ ഒരു കപ്പ് തൈരിൽ ഒരു സ്പൂൺ കുരുമുളക് പൊടിച്ചതു ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.

∙ തലയോട്ടിയിലെ ഫംഗസിനെയും ബാക്ടീരിയയെയും നശിപ്പിക്കാൻ വിനാഗിരി നല്ലതാണ്. തലയോട്ടിയിൽ വിനാഗിരി നന്നായി മസാജ് ചെയ്ത് അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

∙ രണ്ടു ടേബിൾസ്‌പൂൺ പയറുപൊടിയും അരക്കപ്പ് തൈരും ചേർത്തു പുരട്ടിയാൽ തലയോട്ടിയിലെ അഴുക്കുകൾ അകന്നു വൃത്തിയാകും.

Tags:
  • Glam Up
  • Beauty Tips