വരണ്ട ചർമത്തിന്റെ അസ്വസ്ഥതകളെല്ലാം സഹിച്ചു കഴിയേണ്ട ആവശ്യമില്ല. ചർമവരൾച്ച നിയന്ത്രിക്കാൻ പുതിയ ചില വഴികളുണ്ട്...
‘മുഖമെന്താ ഡൾ ആയിരിക്കുന്നത് ?’
‘എന്റേത് ഡ്രൈ സ്കിൻ ആണ്. മുഖത്ത് എണ്ണമയമില്ലാത്തതു കൊണ്ട് തിളക്കമുണ്ടാകില്ല. അതുകൊണ്ടാണ് ഡൾനെസ് തോന്നുന്നത്.’
‘ദേ, മുഖത്തും കഴുത്തിലും വെള്ളനിറത്തിൽ നേര്‍ത്ത പാട പോലെ...’
‘ചർമം വരണ്ടതായതുകൊണ്ടാണ്. കയ്യും കാലും ഇതിലും കഷ്ടമാണ്.’
വരണ്ട ചർമമുള്ളവർ ഒന്നു മനസ്സു വച്ചാൽ ഇത്തരം ചോദ്യങ്ങൾ ആരിൽ നിന്നും കേൾക്കേണ്ടി വരില്ല. കൃത്യമായ പരിപാലനമാണു ചർമത്തിനു വേണ്ടത്. എന്തെല്ലാം കാര്യങ്ങൾ, ഏതൊക്കെ സമയത്തു ചെയ്താലാണു വരണ്ട ചർമം തൂവൽ പോലെ മൃദുലമാകുന്നതെന്ന് അറിഞ്ഞോളൂ.
ദിവസവും ചെയ്യേണ്ടത്
∙ വരണ്ട ചർമക്കാരോടു പറയാനുള്ള ആദ്യ കാര്യം മോയിസ്ചറൈസർ കൃത്യമായി ഉപയോഗിക്കണം എന്നാതാണ്. ജലാംശം നിലനിർത്തിയാലേ ചർമത്തെ വരൾച്ചയിൽ നിന്നു സംരക്ഷിക്കാനാകൂ. ദിവസവും രണ്ടു നേരം മോയിസ്ചറൈസർ നിർബന്ധമായും ഉപയോഗിക്കണം. വരൾച്ച അധികമാണെങ്കിൽ നാലോ അഞ്ചോ തവണ മോയിസ്ചറൈസർ പുരട്ടുക.
കുളി കഴിഞ്ഞുവന്ന് ഈർപ്പത്തോടെ മോയിസ്ചറൈസർ പുരട്ടണം. രാത്രിയിൽ കിടക്കും മുൻപ് കൈകാലുകൾ കഴുകിയശേഷം മോയിസ്ചറൈസർ പുരട്ടാം.
∙ കുളിക്കുമ്പോൾ സോപ്പ് ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക. സോപ്പിന്റെ അമിത ഉപയോഗം ചർമത്തിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും ജലാംശം കുറയാനും കാരണമാകും.
∙ എന്നും രാവിലെ എണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം. മൂന്നാണു ഗുണം. മസാജ് ചെയ്യുമ്പോൾ ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ ഉത്തേജിപ്പിക്കപ്പെടും. ഇതു ചർമത്തിലെ സ്വാഭാവിക എണ്ണമയം കൂട്ടും. വരണ്ട ചർമക്കാർക്ക് ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഓയിൽ മസാജിങ്ങിലൂടെ ചർമത്തിന്റെ യുവത്വം കാക്കാനാകുമെന്നതാണു രണ്ടാമത്തെ കാര്യം. വരൾച്ച അകറ്റിനിർത്താൻ എണ്ണ മികച്ചതാണ് എന്നതാണു മൂന്നാമത്തെ ഗുണം.
∙ ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഹയലറൂണിക് ആസിഡ് അടങ്ങിയ സീറം അല്ലെങ്കിൽ മോയിസ്ചറൈസർ മുഖത്തു പുരട്ടാം.
∙ ചുണ്ടിലെ വരൾച്ച മുഖസൗന്ദര്യം കെടുത്തുന്ന ഒന്നാണ്. വിണ്ടു കീറിയ, തൊലി പൊളിഞ്ഞ ചുണ്ടിന്റെ പ്രശ്നവും ജലാംശമില്ലാത്തതാണ്. ദിവസവും രണ്ടു നേരം ലിപ് ബാം ഉപയോഗിക്കണം. സൂര്യപ്രകാശത്തിലെ യുവി രശ്മികളും ചുണ്ടിനെ വരണ്ടതാക്കാം. അതിനാൽ പകൽ സമയം എസ്പിഎഫ് ഉള്ള ലിപ് ബാം പുരട്ടാം. രാത്രി ഉറങ്ങുംമുൻപ് മോയിസ്ചറൈസിങ് ഗുണമുള്ള ലിപ് ബാമും.
∙ വരണ്ട, ഡൾ ചർമത്തിന് ഇൻസ്റ്റന്റ് ഹൈഡ്രേഷൻ നൽകാൻ മികച്ചതാണ് ഫെയ്സ് മിസ്റ്റ്. ചർമത്തിനും ചർമപ്രശ്നത്തിനും യോജിച്ച ഫെയ്സ് മിസ്റ്റ് വാങ്ങിയുപയോഗിക്കാം. വീട്ടിൽ തയാറാക്കാവുന്ന മിസ്റ്റ് കൂടി പറഞ്ഞുതരാം. ഒരു കുക്കുമ്പറിന്റെ തൊലി നീക്കിയ ശേഷം കഷണങ്ങളാക്കി 8–10 മിനിറ്റ് വെള്ളമൊഴിച്ചു തിളപ്പിക്കുക. ചൂടാറിയശേഷം അരിച്ചെടുത്ത് സ്പ്രേ ബോട്ടിലിൽ ഒഴിച്ചു വയ്ക്കാം. ഇത് ഇടയ്ക്കിടെ മുഖത്തു സ്പ്രേ ചെയ്തു റിഫ്രഷ് ആകാം.
ആഴ്ചയിൽ രണ്ടു തവണ
∙ വരൾച്ച മുഖത്തെയും കൈകാലുകളെയും മാത്രമല്ല, ശിരോചർമത്തെയും തലമുടിയെയും ബാധിക്കാം. ആഴ്ചയിൽ രണ്ടു തവണ ഓയിൽ മസാജ് ചെയ്ത് അര മണിക്കൂറിനുശേഷം ഷാംപൂ ചെയ്തു കഴുകുന്നതു നല്ലതാണ്. തലയിൽ പതിവായി പുരട്ടുന്ന എണ്ണ തന്നെ ഉപയോഗിക്കാം.
∙ വിപണിയിൽ ലഭ്യമായ പ്ലെയ്ൻ ഷീറ്റ് മാസ്ക് വാങ്ങി വയ്ക്കാം. വരണ്ട ചർമത്തിനു യോജിക്കുന്ന ചിലത് അടുക്കളയിൽ തന്നെയുണ്ട്. പാൽ, കുക്കുമ്പർ നീര്, ഗ്രീൻ ടീ, ഹിബിസ്കസ് ടീ, തണ്ണിമത്തൻ ജ്യൂസ്, തേങ്ങാപ്പാൽ എന്നിവയിലേതെങ്കിലും ഒന്നിൽ മുക്കിയെടുത്ത ഷീറ്റ് മാസ്ക് മുഖത്തു വച്ചു 15 മിനിറ്റിനു ശേഷം കഴുകാം.
∙ ഒരു വലിയ സ്പൂൺ ഗ്ലിസറിനും നാരങ്ങാനീരും യോജിപ്പിച്ചു മിശ്രിതമാക്കി കൈ – കാൽ മുട്ട്, കഴുത്ത്, കക്ഷം എന്നീ ഭാഗങ്ങളിൽ പുരട്ടുന്നത് ആ ഭാഗത്തെ ഇരുണ്ടനിറവും ചുളിവും വരൾച്ചയും മാറാൻ സഹായിക്കും.
∙ ചുണ്ടിന്റെ വരൾച്ച അകറ്റാൻ ബീറ്റ്‌റൂട്ട് നീരും വെണ്ണയും യോജിപ്പിച്ചു ചുണ്ടിൽ പുരട്ടി ഉറങ്ങാം. ഇതു പുരട്ടുന്ന ദിവസങ്ങളിൽ ചുണ്ടിൽ രാത്രി ലിപ് ബാം പുരട്ടേണ്ടതില്ല. മല്ലിയിലനീരും നെയ്യും ചേർത്ത മിശ്രിതം ഇത്തരത്തിൽ ഉപയോഗിക്കാം. ചുണ്ടിന്റെ നിറവും കൂടും.
ആഴ്ചയിലൊരിക്കൽ
∙ ആഴ്ചയിലൊരിക്കൽ ശരീരമാകെ എണ്ണ തേച്ചു കുളിക്കാം. ഇതു വരൾച്ചയെ വരുതിയിലാക്കാൻ സഹായിക്കും. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ബദാം എണ്ണ എന്നിവയിലേതും ശരീരമാകെ പുരട്ടാനായി തിരഞ്ഞെടുക്കാം. 15 മിനിറ്റിനു ശേഷം ചെറുപയറുപൊടിയോ കടലമാവോ തേച്ചു കുളിക്കുക.
∙ വരണ്ട ചർമത്തിനു ചേരുന്ന ബോഡി സ്ക്രബ് ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ കുളിക്കാം. ശരീരമാകെയുള്ള മൃതകോശങ്ങൾ അകലാനും പുതുചർമത്തിന് ഉണർവു പകരാനും സ്ക്രബിങ് സഹായിക്കും. മുക്കാൽ കപ്പ് ഓട്സ് മിക്സിയിൽ അടിച്ചെടുത്തതിൽ രണ്ടു വലിയ സ്പൂൺ വീതം വെളിച്ചെണ്ണയും തേനും യോജിപ്പിച്ചു അഞ്ചു മിനിറ്റ് വയ്ക്കുക. ഇനി ഇതു ശരീരത്തു പുരട്ടി മസാജ് ചെയ്തു കുളിക്കാം.
∙ ഡ്രൈ സ്കിൻ ഉള്ളവരെ അലട്ടുന്ന വലിയ പ്രശ്നമാണ് വരണ്ട കാൽപാദങ്ങൾ. അരക്കപ്പ് എപ്സം സോൾട്ടും കാൽ കപ്പ് വെളിച്ചെണ്ണയും 10 തുള്ളി പെപ്പർമിന്റ് എസൻഷൽ ഓയിലും യോജിപ്പിക്കുക. ഇതു പാദത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുക. ബാക്കി സ്ക്രബ് ഇളം ചൂടുവെള്ളത്തിൽ യോജിപ്പിച്ച ശേഷം പാദങ്ങൾ മുക്കിവയ്ക്കുക. 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി ഈർപ്പം മാറ്റി മോയിസ്ചറൈസർ പുരട്ടുക.
∙ വരണ്ട ചർമത്തിനു മൃദുത്വം നൽകുന്ന ലിപ് സ്ക്രബ് ആണു ബദാം എണ്ണ ചേർന്നവ. രണ്ടു വലിയ സ്പൂൺ വീതം ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചതും ബ്രൗൺ ഷുഗറും 10–12 തുള്ളി ബദാം എണ്ണയും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടുക. മൃതകോശങ്ങൾ അകലാനും ചുണ്ടിന്റെ നിറം വർധിക്കാനും സഹായിക്കും.
∙ ശിരോചർമം വരണ്ടതാണെങ്കിൽ ആഴ്ചയിലൊരിക്കൽ ഹെയർ പാക് അണിയുന്നത് ഗുണം ചെയ്യും. ഒരു പഴുത്ത അവക്കാഡോ, ഒരു മുട്ട, ഒരു ചെറിയ സ്പൂൺ വീതം ഒലിവ് ഓയിലും തേനും ചേർത്തു ഹെയർ പാക്ക് തയാറാക്കി തലയിൽ പുരട്ടി 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം.
∙ പാൽപ്പാട എടുത്തു ഫ്രിജിൽ വയ്ക്കാം. ഇതിൽ നിന്നു അൽപമെടുത്ത് ഫെയ്സ് പാക്ക് ആയി അണിയാം. 10 മിനിറ്റിനു ശേഷം അരിപ്പൊടി തേച്ചു മുഖം കഴുകാം. കടലമാവും പാൽപ്പാടയും ചേർന്ന ഫെയ്സ് പാക്കും വരണ്ട ചർമത്തിനു മൃദുത്വം നൽകും.
∙ ആഴ്ചയിലൊരിക്കൽ ശരീരത്തിലെ രോമം നീക്കാം. വരണ്ട ചർമമുള്ളവർക്ക് റേസറിനേക്കാൾ നല്ലത് ഹെയർ റിമൂവിങ് ക്രീമോ വാക്സോ ഉപയോഗിച്ചു രോമം നീക്കുന്നതാണ്. മൃതകോശങ്ങളും വരണ്ടിരിക്കുന്ന ചർമവും ഒപ്പം അകലും.

മാസത്തിലൊരിക്കൽ
മാസത്തിൽ ഒരു തവണ ഫുൾ ബോഡി സ്പായും ഹെയർ സ്പായും ചെയ്യുന്നതു നല്ലതാണ്. ചർമത്തിനും തലമുടിക്കും തിളക്കവും മൃദുത്വവും ലഭിക്കും. ആരോഗ്യവുമുണ്ടാകും.
പെഡിക്യൂറും മാനിക്യൂറും കൈകാലുകളുടെ ഭംഗി കാക്കാനും വൃത്തിയോടെ വയ്ക്കാനും സഹായിക്കും. മൃതകോശങ്ങൾ പൂർണമായി നീങ്ങി പുതുചർമത്തിന്റെ മൃദുത്വം സ്വന്തമാക്കുകയുമാകാം. കൃത്യമായ ഇടവേളയിലുള്ള പെഡിക്യൂറും മാനിക്യൂറും എന്നെന്നും കൈകാലുകള്‍ക്കു മൃദുത്വം നൽകും.
ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത്
ചർമത്തിൽ ഈർപ്പം നിലനിർത്താനും ചർമം തിളക്കമുള്ളതാക്കാനും ചില പോഷകങ്ങൾക്കു സാധിക്കും.
∙ ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ ഇ, വൈറ്റമിൻ എ, വൈറ്റമിൻ സി, നല്ല കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കാൻ ശ്രദ്ധിക്കണം.
∙ വൈറ്റമിൻ ഇ ധാരാളമടങ്ങിയ നട്സ്, സീഡ്സ് (ഫ്ലാക്സ് സീഡ്, ചിയാ സീഡ്സ്, മത്തൻകുരു, സൂര്യകാന്തി വിത്തുകൾ), ബട്ടർ ഫ്രൂട്ട്, ഒലിവ് ഓയിൽ എന്നിവയും മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ചർമം മൃദുവാകാൻ സഹായിക്കും. അതു പോലെ മധുരക്കിഴങ്ങ്, പപ്പായ, കാരറ്റ്, മത്തൻ തുടങ്ങിയ ബീറ്റാകരോട്ടിൻ (വൈറ്റമിൻ എ) ധാരാളമടങ്ങിയവയും ആഹാരത്തിൽ ഉൾപ്പെടുത്തുക.
∙ വൈറ്റമിൻ സി സമ്പന്നമായ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്. നാരങ്ങ, ഓ റഞ്ച് ഉൾപ്പെടെ നാരക വിഭാഗത്തിലുള്ള പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. അതു പോലെ നെല്ലിക്ക, ബ്രോക്ക്‌ലി, എന്നിവയിലും വൈറ്റമിൻ സി ഉണ്ട്.
∙ ഇലക്കറികൾ, സാലഡുകൾ എന്നിവയും വളരെ നല്ലതാണ്. ത്വക്കിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. ജങ്ക് ഫൂഡ്സ്, മസാല ധാരാളമടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
കൈകാലുകളുടെ പരിചരണം
∙ കൈകാലുകളില്‍ അമിതമായി വരൾച്ചയുള്ളവർ ഹാൻഡ് – ഫൂട്ട് ക്രീം ഉറങ്ങും മുൻപു പുരട്ടുക. സോക്സ് ധരിച്ചു കിടക്കാം. തണുപ്പടിച്ചു ചർമം കൂടുതല്‍ വരളാതിരിക്കാനും ജലാംശം നിലനിൽക്കാനും ഇതു സഹായിക്കും.
∙ വരൾച്ചയും ഇരുണ്ട നിറവുമുള്ള കൈ – കാല്‍ മുട്ടുകളില്‍ കൊക്കോ ബട്ടർ പോലെ എണ്ണമയവും മോയിസ്ചറൈസിങ് ഗുണവും കൂടുതലുള്ളവ പുരട്ടുന്നതാണു നല്ലത്.
∙ ശരീരത്തിൽ വരൾച്ച കൂടുമ്പോള്‍ ചിലരുടെ ചർമത്തിൽ കളങ്ങൾ പോലെ രൂപപ്പെടാറുണ്ട്. കാലിന്റെ മുട്ടിന്റെ താഴെയുള്ള ഭാഗത്താണ് ഇതു കൂടുതലായി കാണുക. ഈ പ്രശ്നത്തിനു നല്ല പരിഹാരമാണ് റോസ് വാട്ടർ – ഗ്ലിസറിൻ മിശ്രിതം. ഒരു ഭാഗം ഗ്ലിസറിന് രണ്ടു ഭാഗം റോസ് വാട്ടർ എന്ന അനുപാതത്തിൽ യോജിപ്പിച്ചു പതിവായി പുരട്ടുക.
വിവരങ്ങൾക്കു കടപ്പാട്: ഡോളി പൗലോസ്,
നിംഫെറ്റ് മേക്കോവർ സലോൺ, കൊച്ചി