Wednesday 04 September 2024 12:44 PM IST : By ഡോ. റീമാ പത്മകുമാർ

കറുത്ത് ഇടതൂർന്ന പുരികങ്ങൾക്ക് വീട്ടിൽ ചെയ്യാം ഈ പൊടിക്കൈകൾ...

eyebrow354

മുടി അൽപ്പം കൊഴിഞ്ഞു തുടങ്ങിയാൽ എല്ലാവരും ആശങ്കപ്പെട്ടു തുടങ്ങും. പുതിയ എണ്ണകൾ പരീക്ഷിക്കും, െഹയർ പായ്ക്കുകൾ തേയ്ക്കും... എന്നാൽ പുരികം കൊഴിയുന്നു എന്ന് പരാതി പറയുന്നവർ വളരെ കുറവാണ്. എന്നാൽ ആ പ്രശ്നവും ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.കാരണം മുഖസൗന്ദര്യത്തിൽ പുരികങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട്. നല്ല വില്ലു പോലെ വളഞ്ഞ പുരികങ്ങൾ മുഖസൗന്ദര്യത്തിന്റെ മാറ്റ് കൂട്ടും.

തലയിൽ താരൻ വന്നു മുടി കൊഴിയുന്നതു പോലെ പുരികത്തിലും താരൻ വന്നു കൊഴിച്ചിൽ ഉണ്ടാകാം. അതുകൊണ്ട് തന്നെ തലയിൽ താരൻ വന്നു തുടങ്ങുമ്പോൾ തന്നെ ചികി‍ത്സ എടുക്കുക എന്നത് പ്രധാനമാണ്. അല്ലെങ്കിൽ പുരികത്തിലും കൺപോളയിലും രോമം കൊഴിയാൻ ഇടയാക്കും.

വീട്ടിൽ െചയ്യാം നുറുങ്ങുവിദ്യകൾ

∙ പുരികത്തിലെ രോമം പൊഴിയുകയാണെങ്കിൽ നാരങ്ങാ നീര് പുരട്ടി അൽപ്പ സമയം കഴിഞ്ഞ കഴുകി കളയുക.

∙ ചെറിയ ഉള്ളിയുടെ നീര് പുരികത്തിൽ പുരട്ടിയ ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

∙ ആവണക്കെണ്ണ പുരികത്തിൽ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂർ അങ്ങനെ വയ്ക്കുക. ഉറങ്ങാൻ നേരം ചെറുതായി ഒന്നു തുടയ്ക്കുക. അടുത്ത ദിവസം രാവിലെ കഴുകി കളയുക. ഇങ്ങനെ എല്ലാ ദിവസവും പുരട്ടുക. തുടർച്ചായി മൂന്നു മാസമെങ്കിലും ചെയ്യുക. പുരികത്തിലെ രോമം കൊഴിയുകയുമില്ല, രോമം കൂടുതൽ കറുത്ത, കട്ടിയായി തീരുകയും െചയ്യും.

∙ ഒലിവ് എണ്ണയും ആവണക്കെണ്ണയും സമം എടുത്ത് പുരികത്തിൽ പുരട്ടിയാൽ പുരികം നല്ല കറുത്ത് ഇടതൂർന്ന് വളരും.

ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

∙ മുഖത്ത് പച്ചമഞ്ഞൾ ദിവസേന തേച്ചു കുളിക്കുന്നവർ, പുരികത്തിൽ പച്ചമഞ്ഞൾ പുരട്ടരുത്. രോമം കൊഴിയാൻ ഇടയാക്കും.

∙ പുരികത്തിലെ കട്ടിയില്ലാത്ത രോമവും ഷേപ്പ് ആണെങ്കിൽ ചിലർ ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് താൽകാലികമായി ഷേപ്പ് ചെയ്യാറുണ്ട്. അതു നല്ലതാണ്. പക്ഷെ ശ്രദ്ധിക്കേണ്ട കാര്യം നല്ല ഷേപ്പ് അല്ലാത്ത, ഒട്ടും മുനയില്ലാത്ത പെൻസിൽ കൊണ്ട് കുത്തിവരച്ചാലും രോമം കൊഴിയും. അതുകൊണ്ട് പുരികം ഷേപ്പ് െചയ്യുമ്പോൾ നല്ല മുനയുള്ള ഐ ബ്രോ പെൻസിൽ തന്നെ ഉപയോഗിക്കണം.

∙തലയിലെ നര മറയ്ക്കാനായി പലരും തലമുടിയിൽ ഡൈ െചയ്യാറുണ്ട്. പലർക്കും കുറെകാലം കഴിയുമ്പോൾ പുരികവും നരയ്ക്കാൻ തുടങ്ങും. ഒരിക്കലും ഡൈ പുരികത്തിൽ പുരട്ടരുത്. കാരണം അതു കാഴ്ചശക്തിയെ ദോഷകരമയി ബാധിക്കാം.

തയാറാക്കിയത്

ഡോ. റീമ പത്മകുമാർ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips