പകലന്തിയോളം ഓഫിസിലെ കംപ്യൂട്ടറിനു മുന്നിൽ ചടഞ്ഞിരുന്ന് കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടു എന്ന പരാതി ഇനി വേണ്ട. അൽപം പനിനീർ ഉണ്ടെങ്കിൽ കഥ പറയുന്ന മനോഹരമായ കണ്ണുകൾ നിങ്ങൾക്കും സ്വന്തമാക്കാം.
കണ്ണിനും ത്വക്കിനും മുടിക്കുമെല്ലാം കരുത്തു പകരാനുപയോഗിക്കുന്ന പല സൗന്ദര്യവർധക വസ്തുക്കളിലും പനിനീർ ഒരു മുഖ്യഘടകമാണ്. ത്വക്കിലെ മാലിന്യങ്ങളെ പുറന്തള്ളി ചർമ്മത്തിന്റെ മൃതുത്വം കാത്തുസൂക്ഷിക്കാൻ പനിനീർ സഹായിക്കും.
പനിനീരും പാലും സമാസമം എടുത്ത മിശ്രിതത്തിൽ പഞ്ഞി മുക്കിയ ശേഷം അത് അൽപസമയം കണ്ണുകൾക്ക് മുകളിൽ വച്ചാൽ കണ്ണിനടിയിലെ കറുപ്പകലും. ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത് അതിൽ അഞ്ചോ ആറോ തുള്ളി പനിനീരൊഴിച്ചതിനു ശേഷം അതുപയോഗിച്ച് കണ്ണുകൾ കഴുകിയാൽ കണ്ണുകളുടെ ക്ഷീണം അകലും.
ചന്ദനവും പനിനീരും തുല്യ അളവിലെടുത്ത് കൺപോളയുടെ മുകളിൽവച്ചതിനു ശേഷം 10 മിനിറ്റ് കഴിഞ്ഞ് ശുദ്ധജലമുപയോഗിച്ച് കണ്ണുകൾ വൃത്തിയാക്കുക. കണ്ണുകളുടെ തളർച്ച മാറിക്കിട്ടും.