Tuesday 06 August 2024 04:47 PM IST : By സ്വന്തം ലേഖകൻ

എണ്ണമയമുള്ള ചർമത്തിനു ചെറുപയറുപൊടിയും തൈരും; മുഖത്തെ കരുവാളിപ്പ് മാറ്റിയെടുക്കാൻ ആറു സിമ്പിള്‍ വഴികൾ

beauty-tips

എന്തിനും എളുപ്പവഴികളുള്ള കാലമാണ്. പിന്നെന്തിന് സൗന്ദര്യകാര്യങ്ങളിൽ മാത്രം അതു വേണ്ടെന്നു വയ്ക്കണം?സെൽഫിയെടുക്കുന്നതിനു തൊട്ടുമുമ്പ് കണ്ണാടിയിലൊന്നു നോക്കിക്കോളൂ. കരുവാളിച്ച മുഖം മാറ്റിയെടുക്കാൻ വെറും നിമിഷങ്ങൾ മാത്രം മതി. പിന്നെ മുഖം തിളങ്ങും പൊന്നു പോലെ...

∙ ഒരു പകുതി ആപ്പിൾ, സ്പൂൺ കൊണ്ട് ചുരണ്ടി എടുക്കാം. അതിൽ ഒരു മുട്ടയും രണ്ടു വലിയ സ്പൂൺ പാലും ചേർത്ത് യോജിപ്പിച്ച് മുഖത്തിട്ടോളൂ. അഞ്ചു മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം.

∙ ചെറുപയറു പൊടിയും തൈരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടി അഞ്ചു മിനിറ്റ് കൈവിരലുകൾ കൊണ്ട് മസാജ് ചെയ്ത്  തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തിനാകെ ഒരേ നിറം ലഭിക്കും. സാധാരണ ചർമത്തിനും എണ്ണമയമുള്ള ചർമത്തിനും യോജിച്ചതാണീ സൗന്ദര്യക്കൂട്ട്.

∙ മൂന്നു ബദാം നന്നായി പൊടിച്ചതിലേക്ക് ഒരു വലിയ സ്പൂൺ മിൽക്ക് ഫ്രഷ് ക്രീം ചേർത്ത് പുരട്ടി മൂന്നു മിനിറ്റിനു ശേഷം   കഴുകി കളയുക. വരണ്ട ചർമത്തിന് തിളക്കവും നിറവും കിട്ടും.

∙ ഒരു വലിയ സ്പൂൺ അരിപ്പൊടിയിൽ അൽപം ഓറഞ്ച് നീരൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി മൂന്നു മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകുക.

∙ തൈരും തേനും ചേർത്തൊരു ഫെയ്സ് പാക്ക് ഉണ്ടാക്കിക്കോളൂ. വെയിലേറ്റ് മുഖം  കരുവാളിച്ചാൽ ഈ ഫെയ്സ് പാക്ക് മുഖത്തിട്ട് അൽപനേരത്തിനു ശേഷം കഴുകിക്കളയാം.

∙ തക്കാളിയുടച്ചതിൽ അൽപം തേൻ യോജിപ്പിച്ച് മുഖം ഒരു മിനിറ്റ് മസാജ് ചെയ്യുക. മൂന്നു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. രണ്ടാഴ്ച മുടങ്ങാതെ ചെയ്താൽ കറുത്ത പാടുകൾ മായും. അഞ്ചു ദിവസം രാവിലെ വെറും അഞ്ചു മിനിറ്റ് തക്കാളി കൊണ്ട് മസാജ് ചെയ്താൽ മുഖക്കുരുപ്പാടുകൾ പിന്നെ ഇല്ലേയില്ല.