മുഖത്തിന്റെ പ്രായമേറുന്നതിന്റെ ലക്ഷണങ്ങളെ തടഞ്ഞു നിർത്താൻ വഴികളെന്തെങ്കിലുമുണ്ടോ? ഉണ്ടെന്നാണ് ഫെയ്‌സ് യോഗ വിദഗ്ദ്ധർ പറയുന്നത്. മുഖത്തെ പേശികളുടെ പതിവായ എക്സർസൈസിലൂടെ മുഖത്തെ ചർമം ടോൺ ചെയ്യാനും മസിലുകൾ തൂങ്ങുന്നതു തടയാനും സാധിക്കുമത്രേ. ഇതാണ് ഫെയ്‌സ് യോഗ എന്നറിയപ്പെടുന്നത്. ഇത് കണ്ണിന്റെയടിയിലെ ചർമം തൂങ്ങുന്നതും കവിളിനിരുവശത്തെയും സ്മൈൽ ലൈൻസ് തെളിഞ്ഞു വരുന്നതും നിയന്ത്രിക്കും എന്നു കരുതുന്നു. കവിളുകൾ ടോൺ ചെയ്യാനും ഇത് സഹായിക്കും. ഫെയ്‌സ് യോഗയിലെ ഈ 6 മുഖ വ്യായാമങ്ങൾ പരീക്ഷിച്ചു നോക്കൂ:
1. ഫോർഹെഡ് സ്മൂത്തർ
ഇത് നെറ്റിയിലെ ചുളിവുകൾ അകറ്റാനും മുഖത്തെ പേശികൾക്ക് റിലാക്സേഷൻ നൽകാനും സഹായിക്കും.
ചെയ്യേണ്ട വിധം:
കൈകൾ മുഷ്ടി ചുരുട്ടി പിടിക്കുന്ന ആകൃതിയിൽ പിടിച്ചിട്ട് നെറ്റിയുടെ ഇരു വശത്തും കണ്ണിന്റെ രണ്ടു വശങ്ങളിലായി വയ്ക്കുക. ഇനി ചൂണ്ടു വിരലിന്റെയും നടുവിരലിന്റെയും നെറ്റിയിൽ സ്പർശിക്കുന്ന ഭാഗം ഉപയോഗിച്ച് പതുക്കെ നെറ്റിയിൽ അമർത്താം. എന്നിട്ട് പതിയെ നെറ്റിയുടെ ഇരു വശത്തേക്കും മുഷ്ടികൾ വളരെ സാവധാനം നിരക്കി നീക്കും പോലെ ചലിപ്പിക്കുക. നാലു തവണ ആവർത്തിക്കാം. വളരെ സാവധാനത്തിലേ ഇത് ചെയ്യാവൂ. അമിതമായി പ്രഷർ ചെലുത്തരുത്.
2. മാനുവൽ ഫെയ്സ് ലിഫ്റ്റ്
കവിളിലെ ‘ചിരി വരകൾ’ അമിതമായി തെളിഞ്ഞു വരുന്നത് പ്രായം കൂടുന്നതിന്റെ ലക്ഷണമാണ്. ഇത് സ്മൈൽ ലൈൻസിനെ നിയന്ത്രിച്ച് മുഖം ടോൺ ചെയ്യാനുള്ള വ്യായാമമാണ്.
ചെയ്യേണ്ട വിധം:
കൈകപ്പത്തികൾ രണ്ടും നിങ്ങളുടെ കണ്ണിന്റെയും ചെവിയുടെയും ഇടയ്ക്കുള്ള ഭാഗത്തായി ടച്ച് ചെയ്ത് വയ്ക്കുക. ഉള്ളം കൈ ഈ ഭാഗത്ത് സ്പർശിക്കുന്ന വിധത്തിൽ കൈപ്പത്തികൾ വയ്ക്കണം. ഇനി ഉള്ളം കൈ മുകളിലേക്ക് സാവധാനം ചലിപ്പിച്ച് മുഖം ലിഫ്റ്റ് ചെയ്യുക. ഇനി വായ ഒാ ആകൃതിയിൽ തുറന്നു പിടിച്ച് താടി താഴ്ത്തി പിടിക്കുക. ഇങ്ങനെ അഞ്ചു സെക്കൻഡ് നേരം മുഖം വയ്ക്കുക. എന്നിട്ട് റിലാക്സ് ചെയ്യാം. ആകെ മൂന്നു തവണ ഈ വ്യായാമം ചെയ്യാം.
3. കവിളുകൾ തുടുക്കാൻ
ഉരുണ്ട കവിളുകൾ യുവത്വത്തിന്റെ ലക്ഷണമാണ്. കവിളിലെ മസിലുകൾക്ക് വ്യായാമം നൽകുന്നതിലൂടെ കവിളുകൾ ഇടിഞ്ഞു തൂങ്ങുന്നതിനെ ഒരു പരിധി വരെ തടയാം.
ചെയ്യേണ്ട വിധം:
ചുണ്ടുകൾ അടച്ചു പിടിച്ചിട്ട് മൂക്കിലൂടെ ദീർഘമായി ശ്വാസം അകത്തേക്ക് എടുക്കുക. ഇനി രണ്ടു കവിളുകളിലും വായു നിറയെ ഉൾക്കൊള്ളിച്ച് കവിളുകൾ വീർപ്പിച്ച് വയ്ക്കുക. വായ തുറക്കരുത്. കഴിയുന്നത്ര സെക്കന്റ് നേരം ഇങ്ങനെ കവിളുകൾ വീർപ്പിച്ച പൊസിഷനിൽ മുഖം വച്ചിട്ട് വായ തുറന്ന് ശ്വാസം പുറത്തേക്ക് വിടാം. 10 തവണ ആവർത്തിക്കുക.
4. ടെംപിൾ ലിഫ്റ്റ്
കൺപോളകൾ ഇടിഞ്ഞു തൂങ്ങുന്നത് പ്രായം കൂടുന്നതിന്റെ ലക്ഷണമാണ്. നെറ്റിക്കു താഴെയായി കണ്ണിന്റെ ഇരു വശത്തും ഉള്ള ചർമത്തെ പതുക്കെ ഉയർത്തി പിടിക്കുന്ന എക്സർസൈസ് പതിവാക്കുന്നതിലൂടെ കൺ പോളകൾ ഇടിഞ്ഞു തൂങ്ങുന്നതിനെ ഒരു പരിധി വരെ പ്രതിരോധിക്കാം.
ചെയ്യേണ്ട വിധം:
വലതു കൈപ്പടം തലയ്ക്കു മുകളിലായി ഉയർത്തി പിടിക്കുക. എന്നിട്ട് ഇടതുവശത്തെ ചെന്നിയിൽ കൈവിരലുകൾ സ്പർശിക്കും വിധം കൈപ്പടം വയ്ക്കുക. മോതിര വിരലിന്റെ അറ്റം കൺപുരികത്തെന്റെ താഴത്തെ അറ്റത്തു മുട്ടും വിധം വേണം കൈലിരലുകൾ വയ്ക്കാൻ. പതുക്കെ അമർത്തിയിട്ട് ഈ ഭാഗത്തെ സ്കിൻ മേലേയ്ക്ക് ഉയർത്തുക. അതേ സമയം തന്നെ നിങ്ങളുെട തല വലത്തേ തോളിലേക്ക് ചായും വിധം ചെരിക്കുക. ഈ പൊസിഷനിൽ ഏതാനും സെക്കൻഡ് പിടിക്കുക. എതിർ വശത്തെ ചെന്നിയിലും ഈ വ്യയാമം ഇതേ പോലെ ഇടത്തേ കൈപ്പടം കൊണ്ട് ചെയ്യുക.
5. പപ്പെറ്റ് ഫെയ്‌സ്
കവിളിലെ സ്കിൻ അയഞ്ഞു തൂങ്ങുന്നതിനെ ഒരു പരിധി വരെ ഈ മുഖ വ്യായാമം പ്രതിരോധിക്കും.
ചെയ്യേണ്ട വിധം:
പല്ലുകൾ നന്നായി കാണും വിധം ചിരിക്കുക. ഇനി രണ്ടു കൈപ്പടങ്ങളും കവിളിന്റെ ഇരു വശങ്ങളിലും പിടിച്ച് വിരലുകൾ കൊണ്ട് ഈ ഭാഗത്തെ ചർമം (സ്‌മൈൽ ലൈൻസ് തെളിയുന്ന ഭാഗം) മുകളിലേക്ക് സ്ട്രെച്ച് ചെയ്യുക. ഇത് 20 തവണ വരെ ആവർത്തിക്കാം.
6. ഓ ഫേസ്
കവിളിലെ സ്കിൻ ടോണ്‍ ചെയ്യാൻ ഇതു സഹായിക്കും.
ചുണ്ടുകൾ ‘ഓ’ എന്ന് ഉച്ചരിക്കുന്നതു പോലെ പിടിക്കുക. ഇനി പല്ലുകൾ നന്നായി കാണും പോലെ ചിരിക്കുക. 10 തവണ ആവർത്തിക്കാം. ഇത് കവിളിലെ മസിലുകൾക്ക് വ്യായാമം തരുന്നു. സാഗ് ചെയ്യുന്നതിനെ തടയുന്നു.
ഫെയ്‌സ് യോഗയുടെ പലതരം വിഡിയോസ് ഇന്റർനെറ്റിൽ ലഭ്യമാണ്. ഇതുകണ്ട് ഈ വ്യായാമങ്ങൾ ചെയ്യുന്നത് കൂടുതൽ എളുപ്പമായിരിക്കും. നിത്യവും ചെയ്താലേ ഫലം ലഭിക്കൂ.