ADVERTISEMENT

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. ഈ വാചകമായിരിക്കണം ഓരോ വ്യക്തികളുടെയും മനസ്സിലുണ്ടാകേണ്ടത്. വയറൊന്നു ചാടുമ്പേൾ അതല്ലെങ്കിൽ തടി അൽപം കൂടിയെന്നു തോന്നുമ്പോൾ ഓടിപ്പോയി ചെയ്യാനുള്ളതല്ല വ്യായാമം. അതു ജീവിതത്തിന്റെ ഭാഗമാക്കേണ്ട ദിനചര്യയാണ്. എന്തു സംഭവിച്ചാലും ഫിറ്റ്നസ്  നഷ്ടപ്പെടുത്തില്ല എന്ന പ്രതിജ്ഞ മുപ്പതുകളുടെ തുടക്കത്തിലേ എടുക്കാം. 

എന്നും വേണം വ്യായാമം

ADVERTISEMENT

നിത്യവും അര മണിക്കൂർ വ്യായാമത്തിനായി മാറ്റി വയ്ക്കുക, നടത്തം, ഓട്ടം, നീന്തൽ, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിക്ക് യോജിക്കുന്ന തരത്തിലുള്ള വ്യയാമമുറകൾ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുന്നവർ ആദ്യ ആഴ്ചയിലെ അഞ്ചു ദിവസം അര മണിക്കൂർ വീതം ഇഷ്ടമുള്ള വ്യായാമത്തിൽ ഏർപ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് നിർദേശിക്കപ്പെടുന്നത് തിരഞ്ഞെടുക്കാം

∙ ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരോ സിസേറിയൻനടത്തിയവരോ ഒന്നുമല്ലെങ്കിലും പ്രായം മുപ്പത്തിയഞ്ചിനോട് അടുക്കും തോറും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞു കൂടി വയറു ചാടുന്നവരുണ്ട്.  25 വയസ്സ് ആകുമ്പോൾ തന്നെ അടുത്ത പത്തു കൊല്ലത്തിനുള്ളിൽ തന്റെ ശരീരത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് ബോധവതിയായിരിക്കുക എന്നതാണ് ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യപടി. ഇതൊന്നും എനിക്കുണ്ടാകില്ല എന്നു കരുതുന്നതിൽ ഒരർഥവുമില്ല. 

ADVERTISEMENT

∙ ഉത്കണ്ഠ, പിരിമുറുക്കം ഇവയെല്ലാം കുറയ്ക്കാൻ വ്യായാമം നല്ലൊരു മാർഗമാണ്. ആർത്തവ വിരാമത്തിലേക്ക് അടുക്കും തോറും സ്ത്രീകളിൽ മാനസ്സികമായുണ്ടാകുന്ന എല്ലാ അസ്വസ്ഥതകൾക്കും നല്ലൊരു പ്രതിവിധി കൂടിയാണ് വ്യായാമം. 

∙ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാമെന്ന ചിന്തയോടെ വ്യായാമം തിരഞ്ഞെടുക്കരുത്. പ്രായം കൂടും തോറും ആരോഗ്യകരമായ രീതിയിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാവൂ. മികച്ച ഒരു ട്രെയ്‌നറുടെ നിർദേശപ്രകാരം മാത്രം ശരീരത്തിന്റെ ഭാരം കൃത്യമായ അനുപാതത്തിൽ കുറയ്ക്കുക.   

ADVERTISEMENT

ആരോഗ്യകരമായ ഡയറ്റ്

∙ വയറു നിറയെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് വിശപ്പു മാറാൻ  ഊണ്, രാത്രിയിൽ അരവയര്‍ ഉത്തമം. ഇതാണ് യഥാർഥത്തി ൽ ഹെൽതി ഭക്ഷണ രീതി. ചോറോ ചപ്പാത്തിയോ കഴിക്കുന്നതു കൊണ്ട് ശരീരത്തിന് അമിത വണ്ണം ഉണ്ടാകില്ല. കഴിക്കുന്നതിന്റെ അളവിലാണ് കാര്യം. 

∙ കുറച്ച്  ചോറിനൊപ്പം ധാരാളം പച്ചക്കറി കഴിച്ചു നോക്കൂ. നിങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും ചോറിനോട് ബൈ പറയേണ്ടി വരില്ല. ഭക്ഷണത്തിന്റെ ഇടവേളകളിൽ വിശക്കുന്നെങ്കിൽ സ്നാക്സിനു പകരം പഴങ്ങൾ കഴിക്കാം, 

∙ നിത്യവും രാവിലെ എണീറ്റയുടൻ രണ്ടു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ ഒരുപരിധി വരെ ആരോഗ്യപൂർണമായി നിലനിർത്താൻ സഹായിക്കും. 

വെറുതെ നടന്നാൽ പോര

∙ എന്നും അര മണിക്കൂർ നടക്കുന്നുണ്ട് എന്നിട്ടും തടി കുറയുന്നില്ലെന്നാണ് പലരുടേയും പരാതി. യഥാർഥത്തിൽ തടി കുറയ്ക്കാനുള്ള വ്യായാമ മാർഗമല്ല നടത്തം. ശരീരത്തിലടങ്ങിയ ഫാറ്റിനെ അപ്രത്യക്ഷമാക്കി ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുന്ന മാർഗം മാത്രമാണ് നടത്തം. നടക്കുമ്പോൾ കൈവീശി വേണം നടക്കാൻ. 30 വയസ്സു കഴിഞ്ഞ സ്ത്രീകൾ മോണിങ് വാക്കോ അതല്ലങ്കിൽ അത്താഴത്തിന് ശേഷം അരമണിക്കൂർ നടത്തമോ ശീലമാക്കാം. 

∙ ഭക്ഷണം കഴിഞ്ഞ ഉടനെ കിടന്നുറങ്ങുന്നത്, വറുത്തതും പൊരിച്ചതുമായ ആഹാരം, ജങ്ക് ഫൂഡ് എന്നിവയെല്ലാം ശരീരത്തിലേക്ക് അമിതമായി ഫാറ്റ് എത്തിക്കുന്നു. ഇതു ശീലമായി കഴിഞ്ഞാൽ ഫലം അറിഞ്ഞു തുടങ്ങുന്നത് മുപ്പതിലോ നാൽപ്പതിലോ ആണെന്നു മാത്രം. 

∙ തുടക്കത്തിൽ തന്നെ ഇത്തരം ഭക്ഷണശീലം ഒഴിവാക്കിയാൽ ഭാവിയിൽ ശരീരം സുന്ദരമായി സൂക്ഷിക്കാം. ശരീരം നന്നായി വിയർക്കുന്നത് ചർമത്തിലെ പൊടിപടലങ്ങളെ അകറ്റി ചർമം തിളങ്ങാൻ സഹായിക്കും

വിവരങ്ങള്‍ക്കു കടപ്പാട്: സുധാ ദാസ്, സുധാസ് ബ്രൈഡൽ മേക്കപ് സ്റ്റുഡിയോ, കോൺവെന്റ് ജംക്‌ഷൻ, കൊച്ചി, ബിന്ദു പ്രകാശ്, ബി ഫിറ്റ് ജിം, കടവന്ത്ര, തേവര

ADVERTISEMENT