Monday 26 July 2021 03:47 PM IST : By സ്വന്തം ലേഖകൻ

മുഖം വൃത്തിയാക്കാൻ സോപ്പിനു പകരം ക്ലെൻസർ; ചർമ്മം പട്ട് പോലെയാകാൻ ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കൂ...

faceeebbbb555433

ശരീരത്തിൽ ഏറ്റവും പ്രാധാന്യത്തോടെ പരിചരിക്കേണ്ട ഒന്നാണ് ചർമ്മം. മുഖക്കുരു, കറുത്ത പാടുകൾ, മറുക് എന്നിവ വരുമ്പോൾ മാത്രം മുഖ സൗന്ദര്യത്തെ കുറിച്ചോ ചർമ്മത്തെ കുറിച്ചോ ആകുലപ്പെടാതെ എന്നും വളരെ വൃത്തിയായി സ്കിൻ സൂക്ഷിക്കണം. ചർമ്മസംരക്ഷണം ഘട്ടം ഘട്ടമായി ചെയ്യുകയാണെങ്കിൽ പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന അഞ്ചു സ്റ്റെപ്പുകളിലൂടെ കടന്നുപോകാം.

സ്റ്റെപ്പ് 1: ക്ലെൻസിങ് 

രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലു വൃത്തിയാക്കുന്നതോടൊപ്പം വെറുതെ കുറച്ചു വെള്ളത്തിൽ മുഖം കഴുകി ’പണി’ തീർക്കുന്നവർ ഉണ്ടെങ്കിൽ ഇനിയാ ശീലം അവസാനിപ്പിച്ചോളൂ... നിങ്ങളുടെ മുഖത്ത് തളിക്കുന്ന കുറച്ചു വെള്ളം കൊണ്ട് അടിഞ്ഞുകൂടിയ അഴുക്കുകളും എണ്ണമയവുമൊന്നും മാറ്റാൻ കഴിയില്ല. സോപ്പിനു പകരം ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ഒരിക്കലും കൈകൾ കൊണ്ട് ഉരച്ചു കഴുകരുത്. ദിവസം രാവിലെയും രാത്രിയും ഇത് ആവർത്തിക്കുക.

സ്റ്റെപ്പ് 2: ഷേവിങ് 

ഷേവിങ് എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് പുരുഷന്മാർക്ക് മാത്രമേ അറിയൂ. ഷേവിങ് ചെയ്യുമ്പോൾ മുഖത്തെ കുരുക്കൾ പൊട്ടുന്നതും രക്തം വരുന്നതുമെല്ലാം സ്ഥിരമാണ്. ശേഷം മുഖത്തെ ചർമ്മത്തിന് മുറിവ് സംഭവിക്കുകയും നീറ്റൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ദിവസവും ഷേവ് ചെയ്യുന്നവർ ക്രീം, ജെൽ എന്നിവ ഉപയോഗിക്കണം. ഷേവ് ചെയ്തതിനു ശേഷം മികച്ച ഒരു മോയ്‌സ്ചറൈസർ ഉപയോഗിക്കാം.  

സ്റ്റെപ്പ് 3: സ്‌ക്രബ്ബിങ്

സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാരും മുഖത്തെ ഡെഡ് സെൽസ് നീക്കം ചെയ്യണം. ഇതിനായി ആഴ്ചയിലൊരിക്കൽ ചാർക്കോൾ ഫെയ്‌സ് മാസ്ക് ഇടാം. അല്ലെങ്കിൽ ഏതെങ്കിലും മികച്ച സ്‌ക്രബ്ബിങ് ക്രീം ഉപയോഗിച്ച് ആഴ്ചയിൽ ഒരിക്കൽ മസാജ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് മൂലം കേടുവന്ന കോശങ്ങൾ നീക്കം ചെയ്യപ്പെടുകയും പകരം പുതിയവ ഉണ്ടാവുകയും ചെയ്യും. കൂടുതൽ ഹെൽത്തിയായതും യുവത്വം തുളുമ്പുന്നതുമായ ചർമ്മം ലഭിക്കും.   

സ്റ്റെപ്പ് 4: മോയ്‌സ്ചറൈസ് 

മുഖചർമ്മം കൂടുതൽ മിനുസമുള്ളതും മൃദുലവും ആകാൻ മോയ്‌സ്ചറൈസർ ഉപയോഗിക്കാം. വെയിലത്തിറങ്ങുമ്പോൾ സൺ പ്രൊട്ടക്ഷൻ  ഫാക്ടർ അടങ്ങിയ മോയ്‌സ്ചറൈസിങ് ക്രീം ഉപയോഗിക്കാം. ഇരുപതോ അതിനു മുകളിലോ ബ്രൗണി പോയിന്റ്സ് അടങ്ങിയ ക്രീമുകൾ തിരഞ്ഞെടുക്കണം. വാട്ടർപ്രൂഫായതും എണ്ണമയം ഇല്ലാത്തതുമായ നല്ല സൺ പ്രൊട്ടക്ഷൻ മോയ്‌സ്ചറൈസിങ് ക്രീം മാർക്കറ്റിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കണം. 

സ്റ്റെപ്പ് 5: ധാരാളം വെള്ളം 

ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഏറ്റവും ബെസ്റ്റ് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും നിർബന്ധമായും കുടിച്ചിരിക്കണം. അഴുക്ക് നീക്കം ചെയ്യാനും ചർമ്മത്തിന്റെ തിളക്കവും സൗന്ദര്യവും നിലനിർത്താനും ധാരാളം വെള്ളം കുടിക്കുന്നത് ഉത്തമമാണ്. 

Tags:
  • Glam Up
  • Beauty Tips