ഉന്മേഷം നിറയുന്ന കണ്ണുകൾക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും കണ്ണിന് അഴകു കൂട്ടാനുള്ള വഴികളും...
എത്ര നന്നായി ഒരുങ്ങിയാലും കണ്ണെഴുതിയില്ലെങ്കിൽ മുഖത്ത് എന്തോ കുറവ് തോന്നുമെന്നു നമുക്കറിയാം. മിഴിയഴക് നന്നായാൽ മുഖകാന്തിയിൽ അതു പ്രതിഫലിക്കും. പക്ഷേ, വാലിട്ടെഴുതിയതിലെ ചെറിയ പിഴവ് മതി, മുഖസൗന്ദര്യത്തിന്റെ തിളക്കം കുറയ്ക്കാൻ. അതുകൊണ്ടു തന്നെ കണ്ണുകളിൽ ഉന്മേഷവും തിളക്കവും സദാ നിലനിർത്താൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ഉറക്കക്ഷീണം തങ്ങിനിന്നാലോ, കൺപോളകൾ വീങ്ങിയിരുന്നാലോ അതു പെട്ടെന്നു മുഖമാകെയുള്ള ക്ഷീണമായി തോന്നും.
കണ്ണുകളുടെ ഭംഗിക്ക് ഒരുക്കം മാത്രം പോര, ആരോഗ്യസംരക്ഷണത്തിനുള്ള കരുതലും വേണം. കണ്ണിന്റെ അഴകും ആരോഗ്യവും സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.
കണ്ണിന്റെ ആരോഗ്യത്തിന്
∙ പഴങ്ങളും പച്ചക്കറികളും ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്തണം. നന്നായി വെള്ളവും കുടിക്കണം. വൈറ്റമിൻ എ, സി, ബീറ്റ കരോട്ടിൻ, ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് എന്നിവ കാഴ്ചപ്രശ്നങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകും.
∙ പയർവർഗങ്ങൾ, നട്സ് (നിലക്കടല, കശുവണ്ടി, വാൾനട്ട് എന്നിങ്ങനെയുള്ളവ), വിത്തുകൾ (ചിയ വിത്ത്, മത്തൻകുരു, ഫ്ലാക്സ് സീഡ് പോലുള്ളവ), നാരങ്ങ, ഓറഞ്ച്, ചീര, കാരറ്റ്, ബ്രോക്‌ലി തുടങ്ങിയവ കഴിക്കുന്നതു കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കും.
∙ കണ്ണിലെന്തെങ്കിലും പോയാൽ തിരുമ്മരുത്. പകരം ശുദ്ധമായ വെള്ളത്തിൽ കണ്ണു കഴുകുക. ചിലർക്കു കണ്ണു തിരുമ്മുന്നതു ശീലമാണ്. ഇതു മാറ്റിയെടുത്തില്ലെങ്കിൽ കയ്യിലെ പൊടിയും മറ്റും കണ്ണിലെത്തി അലർജിപ്രശ്നങ്ങൾ ഉണ്ടാകും.
∙ വെയിലത്തിറങ്ങുമ്പോൾ സൺഗ്ലാസ്സസ് ഉപയോഗിക്കാൻ മടിക്കേണ്ട. യുവി രശ്മികളിൽ നിന്നു കണ്ണുകളെ സംരക്ഷിക്കാൻ മാത്രമല്ല, വരണ്ട കാറ്റും പൊടിയുമുള്ള ഇടങ്ങളില്‍ പോകുമ്പോഴും ഗ്ലാസ്സസ് വയ്ക്കണം. പുറത്തുപോയി വന്നാലുടൻ മുഖം കഴുകുന്നതിനൊപ്പം കണ്ണു കഴുകാനും ഓർക്കുക.
സ്ക്രീനിൽ അധികം നോക്കിയാൽ
∙ ഓഫിസിൽ കംപ്യൂട്ടറിനു മുന്നിൽ. വീട്ടിലെത്തിയാൽ മൊബൈൽ ഫോൺ. മിക്കവരുടെയും രീതിയിതാണ്. മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്നതു ഡിജിറ്റൽ ഐ സ്ട്രെയ്ൻ എന്ന അവസ്ഥയുണ്ടാക്കും. കണ്ണിനു ക്ഷീണം, വരൾച്ച, ചുവപ്പുനിറം, ഇടയ്ക്കു കാഴ്ച മങ്ങൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
∙ സ്ക്രീനിൽ നിന്നുള്ള വെളിച്ചം കണ്ണിനെ ബാധിക്കാതിരിക്കാൻ ബ്ലൂ റേ കട്ട് ഗ്ലാസസ് ഉപയോഗിക്കുന്നതു നല്ലതാണ്. കംപ്യൂട്ടർ സ്ക്രീനിൽ ആന്റി റിഫ്ലക്ടീവ് ഗ്ലാസും ഒട്ടിക്കാം. കംപ്യൂട്ടർ സ്ക്രീനിന്റെ ബ്രൈറ്റ്‌നെസ് ചുറ്റുപാടുമായി ചേരുംവിധമായിരിക്കണം.
∙ സ്ക്രീനിനു മുന്നിൽ അധികസമയം ചെലവിടുന്നവർ 20–20–20 റൂൾ പിന്തുടരണം. ഓരോ 20 മിനിറ്റിലും 20 അടി ദൂരത്തേക്ക് 20 സെക്കൻഡ് നോക്കുക.
∙ കണ്ണു വരണ്ടു പോകാതിരിക്കാൻ ഇടയ്ക്കിടെ കണ്ണു ചിമ്മി തുറക്കണം. കണ്ണിലെ സ്വാഭാവിക ജലാംശം നിലനിർത്താൻ സഹായിക്കുന്ന ലൂബ്രിക്കന്റ്സ് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം. ഓഫിസ് ടേബിളിൽ ചെടികള്‍ വയ്ക്കുന്നതും ന ല്ലതാണ്. ഇടയ്ക്കിടെ പച്ചപ്പിലേക്കുള്ള നോട്ടം കണ്ണിനു സുഖം പകരും.
ക്ഷീണം വിട്ടുണരട്ടെ
കണ്ണിനടിയിലെ തടിപ്പ് (പഫിനെസ്), കണ്ണിനു ചുറ്റുമുള്ള കറുപ്പ് (ഡാർക് സർക്കിൾസ്), കണ്ണിന്റെ വശങ്ങളിലെ ചുളിവ് എന്നിവയുടെ പ്രധാന കാരണങ്ങൾ ഉറക്കക്കുറവും മാനസികസമ്മർദവും അമിതമായ സ്ക്രീൻ ഉപയോഗവുമാണ്.
∙ കണ്ണുകളിൽ ഉന്മേഷം നിറയാൻ നന്നായി ഉറങ്ങണം. ഏഴ്– ഒൻപതു മണിക്കൂർ ഉറങ്ങുന്നതു പൊതുവായുള്ള ആരോഗ്യത്തിനും വളരെ ആവശ്യമാണ്.
∙ ഓഫിസിലെത്തുമ്പോൾ ചിലപ്പോൾ ചോദിക്കാറില്ലേ ‘ഇ ന്നലെ ശരിക്ക് ഉറങ്ങിയില്ലേ, കണ്ണു വീർത്തിരിക്കുന്നല്ലോ’ എന്ന്. ഈ ചോദ്യമൊഴിവാക്കാൻ രാവിലെ തന്നെ കോൾഡ് കംപ്രസ് ചെയ്യാം. ഇതിനായി തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൻ കണ്ണിനു മുകളിൽ 10 മിനിറ്റ് വയ്ക്കാം. ഒരു ക്യൂബ് ഐസ് തുണിയിൽ പൊതിഞ്ഞു കണ്ണിനു ചുറ്റും മസാജ് ചെയ്താലും മതി.
∙ കണ്ണുകൾക്കു ക്ഷീണം തോന്നുമ്പോൾ തണുത്ത പാലിൽ മുക്കിയ തുണി കണ്ണിനു മുകളിൽ വച്ചു രണ്ടു മിനിറ്റ് വിശ്രമിക്കുക. ഓഫിസ് തിരക്കിനിടയിൽ ആണെങ്കിൽ തണുത്ത വെള്ളത്തിൽ കണ്ണു കഴുകുക.
∙ രണ്ടു ഗ്രീൻ ടീ ബാഗ് 30 മിനിറ്റ് ഫ്രിജിൽ വയ്ക്കുക. ഇതു കണ്ണിനു മുകളിൽ വച്ച് 10 മിനിറ്റ് ഇരിക്കുക. കണ്ണിന്റെ പഫിനെസ്സും ക്ഷീണവും അകലും.
∙ മൂന്നു വലിയ സ്പൂൺ തണുത്ത വെള്ളത്തിൽ ഒരു വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചൊഴിക്കുക. പഞ്ഞിക്കഷണങ്ങൾ ഇതിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കുന്നതു കണ്ണിന് ഉണർവു നൽകാനും കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകലാനും മികച്ച വഴിയാണ്.
കണ്ണിനടിയിലെ കറുപ്പ് അകലാൻ
∙ രണ്ടു ദിവസം കൂടുമ്പോൾ കണ്ണിനു ചുറ്റും ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നതു കണ്ണിനടിയിലെ കറുപ്പ് അകറ്റും. തക്കാളിനീരും ഇങ്ങനെ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകാം.
∙ കുക്കുമ്പർ കഷണങ്ങൾ കണ്ണിനു മുകളിൽ വച്ച് 15 മിനിറ്റ് ഇരിക്കുന്നതും ചർമത്തിന്റെ നിറം മെച്ചപ്പെടുത്തും.
∙ എന്നും രാവിലെയോ രാത്രിയോ വിരലിന്റെ അഗ്രഭാഗം ഉപയോഗിച്ചു കണ്ണിനു ചുറ്റും മൃദുവായി മസാജ് ചെയ്യാം. ആഴ്ചയിൽ മൂന്നു തവണ ബദാം എണ്ണ പുരട്ടിയാകാം ഈ മസാജ്. ഡാർക് സർക്കിൾസ് അകലാനും ചുളിവുകൾ വരാതിരിക്കാനും കണ്ണിന് ഉന്മേഷം ലഭിക്കാനും ഇതു നല്ലതാണ്.
∙ നൈറ്റ് സ്കിൻ കെയർ റുട്ടീനിൽ വിദഗ്ധ നിർദേശത്തോടെ അണ്ടർ ഐ ക്രീം കൂടി ഉൾപ്പെടുത്താം. ഇത് ഇരുണ്ട നിറം മാത്രമല്ല, കണ്ണിനു വശങ്ങളിലെ ചുളിവുകളും അകറ്റും.
ഐ മേക്കപ് ചെയ്യുമ്പോൾ
∙ വലിയ കണ്ണുള്ളവർക്കു കണ്ണു പടർത്തിയെഴുതുന്നതു ഭംഗിയാണ്. സ്മോക്കി ഐ മേക്കപ്പും ഇവർക്കു ചേരും.
∙ ചെറിയ കണ്ണുള്ളവർ കണ്ണിനു താഴെ ബ്ലാക് ഐ പെൻസിൽ ഉപയോഗിച്ചു പകുതി വരെ എഴുതിയ ശേഷം ബാക്കി പകുതിയിലേക്ക് ബ്രൗൺ പെൻസിൽ കൊണ്ടെഴുതുക. അതല്ലെങ്കിൽ മുഴുവൻ ബ്രൗൺ പെൻസിൽ കൊണ്ടോ ഐ പൗഡർ കൊണ്ടോ എഴുതി സ്മഡ്ജ് ചെയ്യാം.
∙ കൺകോണിൽ മാത്രം ഹൈലൈറ്റർ പെൻ ഉപയോഗിക്കുന്നതും ഷിമ്മറി ലൈറ്റ് ഐ ഷാഡോ അണിയുന്നതും കണ്ണിനു വലുപ്പം തോന്നാൻ സഹായിക്കും. കണ്ണെഴുതുമ്പോൾ ഐലൈനർ/ കാജൽ/ ഐ പെൻസിൽ എന്നിവ അ ധികമായാൽ കണ്ണിന്റെ വലുപ്പം കുറഞ്ഞതായി തോന്നും.
∙ കണ്ണിനു മുകളിൽ മാത്രം ഐ ലൈനർ അണിഞ്ഞശേഷം ചരിച്ചു മുകളിലേക്ക് ഒരു വാൽ (വിങ്ഡ് ഐ) കൂടിയിടാം. കണ്ണിനു നീളവും ചെറുപ്പവും തോന്നാനാണിത്. ഇനി കണ്ണിനു താഴെ ന്യൂഡ് ഐ ലൈനർ മാത്രമണിഞ്ഞാലും കണ്ണിനു വലുപ്പം തോന്നിക്കും.
∙ കൺപീലികൾ കേളർ ഉപയോഗിച്ച് ആകൃതിയിലാക്കാം. ഇനി രണ്ടു ലെയറായി മസ്കാര അണിയാം. കൺപീലികൾ നന്നായി വിടർന്നും ഇരുണ്ടും ഇരിക്കാനാണിത്. ഏതു കണ്ണിനും വിടർന്ന കൺപീലികൾ ഭംഗിയാണ്.
∙ ഐഷാഡോയുടെ നിറം ഇരുണ്ടതാകും തോറും കണ്ണിന്റെ വലുപ്പം കുറവു തോന്നും. അതിനാൽ കണ്ണിന്റെ ആകൃതി മനസ്സിലാക്കി വേണം ഐഷാഡോ അണിയാൻ.
∙ പുരികത്തിന്റെ ആകൃതിയും കണ്ണിന്റെ ഭംഗിയെ ബാധിക്കും. അതിനാൽ ഐബ്രോ ഗ്രൂമിങ്ങിലും ശ്രദ്ധ വേണം.
∙ പ്രൈമർ അണിഞ്ഞ ശേഷം ഐ മേക്കപ് ചെയ്താൽ നല്ല ഫിനിഷിങ് കിട്ടും. ഏറെ നേരം മേക്കപ് നിലനിൽക്കും.
∙ കണ്ണാണ്, അതുകൊണ്ടു തന്നെ ഉപയോഗിക്കുന്ന പ്രൊഡക്ട്സ് ഗുണമേന്മയുള്ളതാകണം. എക്സപയറി ഡേറ്റ് കൃത്യമായി പരിശോധിക്കണം. എത്ര തിരക്കാണെങ്കിലും മേക്കപ് പൂർണമായി നീക്കിയ ശേഷമേ ഉറങ്ങാവൂ.
വിവരങ്ങൾക്കു കടപ്പാട് : ഡോ. പ്രിയ ഉരിക്കോത്ത്,
കൺസൽറ്റന്റ് ഒഫ്താല്‍മോളജിസ്റ്റ്,
ഡിവൈൻ ഐ ഹോസ്പിറ്റൽ, ഇരിട്ടി, കണ്ണൂർ
ഫെമി ആന്റണി,
സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, കൊച്ചി