തുമ്പു കെട്ടിയിട്ട ചുരുൾ മുടിയും അതിൽ തുളസിക്കതിർ ചൂടിയ നാടൻ പെൺകൊടിയും ഇന്ന് അപൂർവതയാണ്. എങ്കിലും നീണ്ടിടതൂർന്ന മുടിയോടുള്ള ഇഷ്ടം മാത്രം ഒളിമങ്ങാതെ നമ്മിലുണ്ട്. പണ്ട് ഷാംപൂ വാങ്ങി സ്ഥിരമായി ഉപയോഗിക്കുന്ന ശീലമില്ല. നല്ല നാടൻ ചീവയ്ക്ക പൊടിയോ ചെമ്പരത്തി ഇലയും താളിയും ചേർത്തു ചതച്ചു വെള്ളത്തിൽ പതപ്പിച്ചതോ ഒക്കെ മുടിയിൽ തേച്ചു കഴുകിക്കളയും. ഷാംപൂവിനേക്കാൾ പതിന്മടങ്ങു ഫലം തരുമായിരുന്നു ഈ പ്രകൃതിദത്ത കൂട്ടുകൾ. മൺമറഞ്ഞുപോയ ഇത്തരം ചില അപൂർവ ഔഷധക്കൂട്ടുകളെ അറിയാം.
മുടി വളരാൻ എണ്ണകൾ
∙ വെളിച്ചെണ്ണയിൽ ബ്രഹ്മിയും കറിവേപ്പിലയും ഇട്ട് കാച്ചി എണ്ണ തേച്ചാൽ മുടി വളരും. പേനും മാറും. മുടിക്കു നല്ല കറുപ്പു കിട്ടാനും ഇതു നല്ലതാണ്.
∙ നീല അമരിനീര്, കഞ്ഞുണ്ണി നീര്, നെല്ലിക്ക നീര് ഇവയോടൊപ്പം ഇരട്ടി മധുരം പൊടിച്ച് വെള്ളത്തിൽ കലക്കി പേസ്റ്റു രൂപത്തിലാക്കിയതും അഞ്ജനക്കല്ല് പൊടിച്ചതും ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചുക. ഈ എണ്ണ മുടി കറുത്തു തഴച്ചു വളരാൻ ഏറെ നല്ലതാണ്.
∙ ചെമ്പരത്തിയില, കൃഷ്ണതുളസിയില, കൂവളത്തില, വെറ്റില ഇവയുടെ നീരും ജീരകവും കരിംജീരകവും പൊടിച്ചതും വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചുക. മുടി വളരാൻ വിശേഷപ്പെട്ട എണ്ണയാണ്.
മുടിക്കായയും താരനും മാറ്റാം
മുടിക്കായയാണ് മുടി പൊട്ടിപ്പോകാനുള്ള പ്രധാന കാരണം. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതും വിയർപ്പും പൊടിയുമേറ്റ മുടി വൃത്തിയാക്കാതെ കെട്ടിവയ്ക്കുന്നതുമെല്ലാ മുടിക്കായയ്ക്കു കാരണമാകും. താരനും മുടി കൊഴിയലിനും മുടി വളർച്ച മുരടിക്കാനും കാരണമാകും.
∙ കായം കലക്കിയ വെള്ളത്തിൽ തുടർച്ചയായി മൂന്നുദിവസം മുടി കഴുകുക. മുടിക്കായ കുറയും.
∙ അയ്യപ്പാല കേരതൈലം, ദുർദുരപത്രാദിതൈലം, കേര തൈലം, ദുർവാദിതൈലം എന്നിവയിലേതെങ്കിലും ഒന്ന് മുടിയിൽ പുരട്ടി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് ഏതാനും ദിവസം അടുപ്പിച്ചു ചെയ്താൽ താരൻ മാറും.
ഇതോടൊപ്പം രണ്ടു ദിവസം കൂടുമ്പോൾ തലയിണ കവറുകൾ മാറണം. ചീപ്പും ഹെയർപിന്നുകളുമെല്ലാം ആന്റിബാക്ടീരിയർ സോപ്പ്കൊണ്ട് കഴുകി വൃത്തിയാക്കണം. തോർത്ത് ദിവസവും കഴുകണം. ആഴ്ചയിൽ ഒരിക്കൽ ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ മുടി കഴുകുക കൂടി ചെയ്താൽ താരൻ നിശേഷം മാറിക്കിട്ടും.
നര മാറാനും എണ്ണയ്ക്കൊപ്പം നസ്യവും
പാരമ്പര്യമല്ലാത്ത നര കുറയാൻ വിവിധ ഔഷധ എണ്ണകൾ സഹായിക്കും. അവയിൽ ചിലത് താഴെ പറയുന്നു.
∙ പച്ചനെല്ലിക്കാനീരിനൊപ്പം ഇരട്ടിമധുരം, തിപ്പലി, ചന്ദനം എന്നിവ പൊടിച്ചു വെള്ളത്തിൽ കലക്കി പേസ്റ്റാക്കുക. ഇത് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി മസാജ് ചെയ്ത് അരമണിക്കൂർ പിടിപ്പിച്ച ശേഷം കുളിച്ചാൽ നരയ്ക്കു കുറവുണ്ടാകും. രാസവസ്തുക്കൾ ചേർന്ന ഷാംപൂ, ജെൽ, സീറം എന്നിവയുടെ ഉപയോഗവും കുറയ്ക്കണം. മുടി കഴുകാൻ ഹെർബൽ ഷാംപൂവോ ചെമ്പരത്തി താളിയോ പയറുപൊടിയോ ഉപയോഗിക്കുക.
∙ പ്രപുണ്ഡരികാദി തൈലം (കോട്ടയ്ക്കൽ ആര്യവൈദ്യശാല) നര കുറയാൻ നല്ലതാണ്.
∙ എണ്ണകൾ തേയ്ക്കുന്നതൊപ്പം നസ്യം ചെയ്യുക കൂടി ചെയ്താൽ ഫലം വർധിക്കും. ഇതിനായി ഷഡ്ബിന്ദു തൈലം, അണുതൈലം എന്നിവ രണ്ടും ഓരോ തുള്ളി വീതം മൂക്കിൽ ഇറ്റിച്ചാൽ മുടി വളരാനും നര മാറാനും സഹായിക്കും.