Tuesday 01 April 2025 03:00 PM IST : By സ്വന്തം ലേഖകൻ

ഇടതൂർന്ന മുടി കൊതിക്കുന്നവർക്ക് നാലുതരം എണ്ണകള്‍; എളുപ്പത്തിൽ തയാറാക്കാം

2464239173

തലമുടിയുടെ ആരോഗ്യത്തിനു ഏറെ ആവശ്യമായ ഒന്നാണ് ഹെയര്‍ ഓയിൽ. തലമുടി മോയിസ്ചുറൈസ് ചെയ്യാനും മുടി പൊട്ടാതിരിക്കാനും മുടിയിൽ എണ്ണമയം ഉണ്ടായിരിക്കണം. ശുദ്ധമായ വെളിച്ചെണ്ണയാണ് മുടിക്ക് നല്ലത്. ആഴ്ചയിൽ ഒരിക്കൽ എണ്ണ തേയ്ച്ച്, തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുകയും മുടിയിൽ തേച്ചു പിടിപ്പിക്കുകയും ചെയ്യുക. തുടർന്ന് വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ കൊണ്ട് മുടി കഴുകുക. തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുന്നതിലൂടെ മുടി കൊഴിച്ചിൽ കുറയുന്നു. 

എണ്ണമയം കൂടുതൽ ഉള്ള മുടിയിൽ പയർ പൊടിയോ കടലമാവോ കൊണ്ട് കഴുകാവുന്നതാണ്. ചെമ്പരത്തി താളിയും നല്ലതാണ്. പൈപ്പു വെള്ളമാണ് തല കഴുകാൻ ഉപയോഗിക്കുന്നതെങ്കിൽ വെള്ളം ഒരു ബക്കറ്റിൽ പിടിച്ചു വച്ച്, കുറച്ചു നേരം കഴിഞ്ഞ്, ഇളം വെയിൽ കൊള്ളിക്കുക. തുടർന്ന് ഈ വെള്ളം ഉപയോഗിച്ച് തല കഴുകാം. 

മുടിക്ക് ആരോഗ്യം നൽകുന്ന എണ്ണകള്‍ തയാറാക്കാവുന്ന വിധം 

ഒണിയൻ ഓയിൽ: മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച കൂട്ടാനും അകാലനര അകറ്റാനും സഹായിക്കുന്ന എണ്ണയാണിത്. അരക്കപ്പ് സവാള അരച്ചതും അരക്കപ്പ് വെളിച്ചണ്ണയും  ചൂടാക്കുക. സവാളയുടെ നിറം മാറി ഇളം ബ്രൗൺ നിറമായി വരുന്നതു വരെ ചെറുതീയിൽ ചൂടാക്കണം. അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം അരിച്ചെടുത്തു വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. 

റോസ്മേരി ഓയിൽ: ഇടതൂർന്ന മുടി കൊതിക്കുന്നവർക്കു വേണ്ടിയുള്ളതാണ് റോസ്മേരി ഓയിൽ. ഒരു കപ്പ് വെളിച്ചെണ്ണ മൈക്രോവേവ് സേവ് ഗ്ലാസ് ബൗളില്‍ ഒഴിക്കുക. ഇതിലേക്ക് അരക്കപ്പ് റോസ്മേരി ചേർക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിനു മുകളിൽ ഈ ഗ്ലാസ് ബൗൾ വച്ചു ചൂടാക്കുക. റോസ്മേരി മൂത്തു വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി അരിച്ചെടുത്ത് ഉപയോഗിക്കാം. 

ഫെനുഗ്രീക് ഓയിൽ: അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കിയശേഷം അ ടുപ്പില്‍ നിന്നു വാങ്ങി വയ്ക്കുക.  ഇതിലേക്ക് ഒരു വലിയ സ്പൂൺ ഉലുവ ചേർക്കുക. ചൂടാറിയശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. താരൻ അകറ്റാനും മുടി വളരാനും നല്ലതാണ്.

അലോവെര ഓയിൽ: ശിരോചർമത്തിന്റെ ആരോഗ്യത്തിനും മുടി വ ളരാനും ഈ എണ്ണ സഹായിക്കും. കറ്റാർവാഴ മുറിച്ചെടുത്തു കഴുകി 15 മിനിറ്റ് തൂക്കിയിടുക. മഞ്ഞക്കറ പോകാനാണിത്. ഇനി മുള്ളു നീക്കി കഷണങ്ങളാക്കി അരച്ചെടുക്കുക. ഒരു കപ്പ് കറ്റാർവാഴ അരച്ചതിന് ഒരു കപ്പ് വെളിച്ചെണ്ണ ചേർത്തു ചെറുതീയിൽ ചൂടാക്കുക. കറ്റാർവാഴ ഉരുണ്ടു വരുമ്പോൾ അരിച്ചെടുക്കുക. എണ്ണ തയാർ.

Tags:
  • Glam Up
  • Beauty Tips