Saturday 07 September 2019 02:51 PM IST

‘എന്തിനാണ് നരയെ പേടിക്കുന്നത്?’; നരയുള്ള മുടി അഭിമാനമായി കരുതുന്ന എട്ടു സ്ത്രീകൾ ചോദിക്കുന്നു

Tency Jacob

Sub Editor

nara-final_1
രജനി പിള്ള (സോഷ്യൽ വർക്കർ, തിരുവല്ല), ശ്വേത എസ് ടാക്കർ (ട്രാവൽ പ്ലാനർ ആൻഡ് ക്യുറേറ്റർ, ചെന്നൈ), ലുലു സന്തോഷ് (ഹോം മേക്കർ, എറണാകുളം.) ഫോട്ടോ: ശ്യാം ബാബു

രണ്ടു മുടിയിഴ നരയ്ക്കുമ്പോഴേക്കും ടെൻഷനടിച്ചു മരിച്ചുപോകുന്നവർ കേൾക്കാനാണ് ഇവർ ചോദിക്കുന്നത്. ‘നരച്ച മുടിയെ മറച്ചു വയ്ക്കുന്നതെന്തിനാണ്?’ മുടിയിലെ നരയെ കിടിലൻ സ്റ്റൈൽ ആക്കി മാറ്റിയവർ, സ്വന്തം വ്യക്തിത്വത്തിന് വെളുത്ത മുടിയിഴകളാൽ കിരീടം ചാർത്തിയവർ. സോൾട്ട് ആൻഡ് പെപ്പർ സ്റ്റൈ ൽ ആണിന് മാത്രമല്ല, പെണ്ണിനും കണ്ണുംപൂട്ടി സ്വീകരിക്കാമെന്ന് തെളിയിച്ചു തരുന്ന അഭിമാനികൾ.

നര ഒരു ജീവിതരീതിയാണ്

രജനി പിള്ള

എന്റെ വെളുത്തു നീണ്ട മുടി കാണുമ്പോൾ ‘വൈറ്റ് ഡൈ’ ചെയ്തിരിക്കുന്നതാണോ എന്നാണ് കാണുന്നവരുടെ സംശയം. ചിലർ മുത്തശ്ശിക്കഥകളിലെ മന്ത്രവാദിനിയെപ്പോലുണ്ടല്ലോ എന്നു കളിയാക്കും.

ഇക്കോ ഫ്രണ്ട്‌ലി അല്ലാത്ത ഒന്നും ഉപയോഗിക്കാൻ ഇ ഷ്ടമില്ല. ഹെയർ ഡൈയിൽ അമോണിയയും മറ്റു കെമിക്കലുമുണ്ടല്ലോ. ഞാനൊരിക്കലും ഡൈ ചെയ്തിട്ടേയില്ല. അമ്മയുടെ മരണവും അതിനു പിന്നിലൊരു കാരണമാണ്. എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അമ്മ ഉപയോഗിച്ചിരുന്ന ഹെയർ ഡൈയിൽ അടങ്ങിയ അമോണിയ കാരണമായിരിക്കാം അസുഖം വന്നതെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.

ബാങ്കിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. വി ആർ എസ് എടുത്താണ് സാമൂഹിക സേവനത്തിലേക്ക് വരുന്നത്. അതോടെയാണ് ‍ഞാൻ ഇക്കോ ഫ്രണ്ട്‌ലി എന്ന വാക്കിന്റെ ആഴമറിയുന്നത്. ഇപ്പോൾ പരുത്തി വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. പൊട്ടു തൊടുന്നതിനും കണ്ണെഴുതുന്നതിനപ്പുറം അലങ്കാരങ്ങളുമില്ല.

നാൽപതു വയസ്സായപ്പോൾ തന്നെ നരയ്ക്കാൻ തുടങ്ങിയിരുന്നു. ആദ്യമൊക്കെ വൈറ്റും ബ്ലാക്കും കൂടിക്കലർന്ന ഒരു കോമ്പിനേഷനായിരുന്നു. ആ സമയത്ത് എല്ലാവരും വിമർശിച്ചു. ‘ഇത്രയും നല്ല തലമുടി ഉണ്ടല്ലോ, ഡൈ ചെയ്തൂടെ’ എന്നായിരുന്നു പ്രധാന ചോദ്യം. ഒരിക്കൽ എന്റെയൊരു ബ ന്ധു പറഞ്ഞു, ഞാനുറങ്ങി കിടക്കുമ്പോൾ വന്ന് മു ടി ഡൈ ചെയ്യുമെന്ന്. സാധാരണ ഇത്തരം കമന്റുകൾക്ക് ഞാൻ ചിരിച്ചൊഴിയാറാണ് പതിവ്. അന്ന് ‘ഇത് എന്റെ തീരുമാനമാണെന്ന്’ അൽപം കടുപ്പിച്ചു പറയേണ്ടി വന്നു.

കാൽമുട്ടുവരെയുണ്ടായിരുന്നു എന്റെ മുടി. യാത്രകളും പല സ്ഥലങ്ങളിലെ പലതരം വെള്ളത്തിന്റെ ഉപയോഗവുമെല്ലാമായി മുടിയാകെ പൊഴിഞ്ഞു പോകുകയാണ്. എന്നാലും ഞാൻ ഇപ്പോഴും എല്ലാ മാ സവും കറുത്തവാവ് കഴിഞ്ഞു നാലു ദിവസം കഴിയുമ്പോൾ മുടിയുടെ തുമ്പു വെട്ടും. അങ്ങനെ ചെയ്താൽ നന്നായി വളരുമെന്നാണ് വിശ്വാസം. വെളുത്തവാവ് കഴിഞ്ഞു വെട്ടിയാൽ വളരില്ലത്രെ. ഈ മുടി ദൈവം തന്നതാണ്. അതിൽ ഒരു നിറവും ചേർക്കുന്നില്ല. അത് അങ്ങനെതന്നെയിരിക്കട്ടെ.

ഒറ്റ ജീവിതം, ഇഷ്ടമുള്ള തീരുമാനം

ശ്വേത എസ്. ടാക്കർ

ഒരിക്കലേ ജീവിക്കുന്നുള്ളൂ. മറ്റൊരു ജീവിതമുണ്ടോയെന്നു പോലും നമുക്കറിയില്ല. അപ്പോൾ പിന്നെ നമുക്കിഷ്ടമുള്ള പോലെ ജീവിക്കുന്നതല്ലേ നല്ലത്. മുടിയുടെ നിറം നോക്കിയ      ല്ല മറ്റുള്ളവർ എന്നെ വിലയിരുത്തേണ്ടത്. മുടിയുടെ കളർ എത്ര മാറ്റിയാലും ഞാൻ ആരാണെന്നുള്ളത് മാറില്ല.

നാട് പാലക്കാട് ആണ്. അച്ഛൻ വളരെ വേഗം നരച്ചയാ ളാണ്. ആ പാരമ്പര്യമാണ് എനിക്കു കിട്ടിയത്. ആത്മവിശ്വാസം കുറച്ച് ജാസ്തിയായതുകൊണ്ട് പെട്ടെന്ന് തന്നെ ഹെന്ന െചയ്യുന്നത് നിർത്തി. സൂപ്പർമാർക്കറ്റിൽ പോകുമ്പോൾ ക ഷണ്ടിയും നരയുമുള്ള എന്നെക്കാൾ വയസ്സായ ആളുകൾ ‘ഒ ന്നു നീങ്ങി നിൽക്കുമോ ആന്റി’ എന്നു ചോദിക്കാറുണ്ട്. ആദ്യമൊക്ക ദേഷ്യം വരുമായിരുന്നു. ഇന്ന് കൂളായി നീങ്ങിനിൽക്കും.  

ഞാനെന്നും ഇങ്ങനെയായിരുന്നു. എനിക്ക് ആഗ്രഹമുള്ളതൊക്കെ ഞാൻ ചെയ്യാറുണ്ട്. സ്പാനിഷ് ഭാഷയുടെ മധുരിമ കേട്ട് അതു പഠിക്കണമെന്നു തോന്നിയപ്പോൾ ഞാൻ പഠിച്ചെടുത്തു. സ്പെയിനിൽ പോയി കൂടുതൽ സ്പാനിഷ് പഠിക്കണമെന്ന് തോന്നിയപ്പോൾ അങ്ങനെ ചെയ്തു. ഒരിക്കൽ തോന്നി, മുടി മുഴുവൻ നീല കളർ ചെയ്താൽ സൂപ്പർ ആയിരിക്കുമെന്ന്. ധാരാളം യാത്ര ചെയ്യാൻ, കൊടുമുടികൾ കയറാൻ, ദ്വീപുകളിലുറങ്ങാൻ... ആഗ്രഹങ്ങളൊക്കെ അപ്പപ്പോൾ തീർക്കാറുണ്ട്. ഒരു ദിവസം തോന്നി, കൈകളുടെ ആകൃതി നമ്മൾ കാണുന്നു, കാലുകളുടെ, മുഖത്തിന്റെ എല്ലാം കാണാൻ കഴിയും. പക്ഷേ,  തലയുടെ ആകൃതി എന്തായിരിക്കും? പിന്നെയൊന്നും നോക്കിയില്ല, ബാത്റൂമിൽ കയറി രണ്ടു മണിക്കൂറെടുത്ത് ഞാൻ തന്നെ തല മൊട്ടയടിച്ചു.

മുടി എന്റെ ഈഗോ സംബന്ധിച്ച ഒരു പ്രശ്നമായി തോന്നിയിട്ടില്ല. പ്രായമോ, ഞാൻ കാഴ്ചയിലെങ്ങനെയിരിക്കുന്നു എന്നതോ അല്ല എന്നെ നിർവചിക്കുന്നത്. ഞാൻ എന്താണെന്നാണ്. തുടർന്നും മുടി കറുപ്പിക്കാൻ ഞാനില്ല. പക്ഷേ, മുടിയിൽ എന്തു പരീക്ഷണങ്ങൾ നടത്താൻ തോന്നിയാലും ചെയ്യാനും മടിക്കില്ല. അറിയില്ല, ചിലപ്പോൾ നാളെ എന്റെ മുടിയിൽ ഒരു മഴവില്ലാകുമോ വിരിഞ്ഞു നിൽക്കുക എന്ന്...

ടിൻസെൽ ട്രെസ്സ്

ലുലു സന്തോഷ്

എന്റെ മുടിയെ ഗ്രേ ഹെയർ എന്നല്ല, സിൽവർ ഹെയർ എന്നു പറയാനാണെനിക്കിഷ്ടം. വെട്ടിത്തിളങ്ങുന്ന വെള്ളി പോലെയല്ലേ ഈ മുടിയിഴകൾ! ശരിക്കും ‘ടിൻസെൽ ട്രെസ്സ്’. കറുത്ത മുടിയെക്കാൾ ഇതാണ് എനിക്ക് ഭംഗിയെന്ന് തോന്നാറുണ്ട്.

ആദ്യം ഡൈ ചെയ്തിരുന്നു. ആ നിറം എനിക്കിഷ്ടമല്ല. പിന്നെ മുടി പരുക്കനാകാനും പൊഴിയാനും തുടങ്ങി. ഭർത്താവ് സന്തോഷിന്റെ മുടി നല്ല കറുത്തിരിക്കുന്നതുകൊണ്ട്, ഡൈ ചെയ്യുന്നത് നിറുത്തണമെന്ന് ചിന്തിച്ചപ്പോൾ ആദ്യം വീട്ടിലാണ് ചർച്ച ചെയ്തത്. ‘ഇഷ്ടത്തിനനുസരിച്ച് ചെയ്യൂ’ എന്ന് മൂന്ന് മക്കളും പറഞ്ഞു. പല കൂട്ടുകാരും പറഞ്ഞു കേട്ടിട്ടുണ്ട്. ‘ഞങ്ങൾക്കും മുടി കറുപ്പിക്കാതിരിക്കണമെന്നുണ്ട്. പക്ഷേ,  ഭർത്താവ് ഡൈ ചെയ്ത് കുട്ടപ്പനായി ഇരിക്കുമ്പോൾ നമ്മളെങ്ങിനെ ചെയ്യും. ഈ ലോകത്ത് എല്ലാവരും നരച്ചിരുന്നിരുന്നാൽ എത്ര നന്നായേനേ.’

മകൾ ശ്വേതക്ക് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. ‘ അമ്മ സിൽവർ ഹെയറൊക്കെയാക്കുന്നതു കൊള്ളാം, നന്നായി ഡ്രസ്സ് ചെയ്തില്ലെങ്കിൽ ആകെ ബോറാകും.’ അതു ശരിയാണെന്നു തോന്നിയിട്ടുണ്ട്. അതുപോലെ മുടിക്ക് നല്ല ശ്രദ്ധ കൊടുത്തില്ലെങ്കിലും ഭംഗിയുണ്ടാകില്ല. ചിലർക്ക് ഡൈ ചെയ്യുന്നതായിരുക്കും ഭംഗി. സിൽവർ ഹെയർ നിലനിറുത്താനുള്ള തീരുമാനം അവരവരുടെ ചോയ്സാണ്.

narajjhg
റോസ അരുൺ, നർത്തകി, കൊച്ചി

മുടിയല്ല, മനോഭാവമാണ്

റോസ അരുൺ

പ്രായമാകുമ്പോൾ നരയ്ക്കുന്നത് സ്വാഭാവികമല്ലേ, അതിനെക്കുറിച്ചാലോചിച്ച് ടെൻഷനടിക്കുന്നതെന്തിന്? നൃത്തമാണ് കരിയർ എങ്കിലും  ഡാൻസ് പ്രോഗ്രാമിനൊരുങ്ങുമ്പോൾ ഞാനത് മറയ്ക്കാൻ നോക്കാറില്ല. ആരും ഒന്നും ഇതുവരെ പറഞ്ഞിട്ടുമില്ല. നരയ്ക്കാൻ ഇനിയും മുടികൾ ബാക്കിയുണ്ട്. പതുക്കെ നരച്ച് വരട്ടെ.

നരച്ച മുടി ആദ്യമായി കാണുന്നത് കോളജിൽ പഠിക്കുമ്പോഴാണ്. അന്നതുകണ്ട് എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. എന്റെ വീട്ടില്‍ ആരും ഡൈ ചെയ്ത് കണ്ടിട്ടില്ല. നര ക ണ്ടപ്പോൾ ‘അയ്യോ, നരച്ചോ’ എന്ന് ആരും ചോദിച്ചുമില്ല. ലുക്കിലൊന്നും വലിയ കാര്യമില്ലെന്നേ, നമ്മൾ എന്താണ് എന്നതിലാണ് കാര്യം.

കണ്ണാടിയിൽ എന്റെ മുടി കാണുമ്പോഴോ മറ്റുള്ളവരുടെ മുടി കാണുമ്പോഴോ ഒന്നും ഒരു കുറവായി തോന്നിയിട്ടില്ല. മുടിയിലെ നരയോ, നിങ്ങളുടെ വണ്ണമോ, നിറമോ, സൗന്ദര്യമോ ഇതൊന്നും നോക്കിയല്ല ഞാൻ ആരുമായും ഇടപെടുന്നത്. എന്നെയും അങ്ങനെതന്നെ ആളുകൾ കാണുന്നതാണ് ഇ ഷ്ടം. ഞാൻ സുന്ദരിയാണെന്ന് നിർണയിക്കുന്നത് ഉപയോഗിക്കുന്ന വാക്കുകളും  ഇടപെടുന്ന രീതിയും മറ്റുള്ളവരോടുള്ള മനോഭാവവുമാണ്.

എന്റെ മാതാപിതാക്കൾ തന്നെയാണ് എന്റെ റോൾ മോഡൽസ്. എന്റെ അമ്മ ഒരിക്കലും ബ്യൂട്ടി പാർലറിൽ പോയിട്ടില്ല, ഞാനും. എന്റെ ഗുരുക്കന്മാരും അങ്ങനെതന്നെയായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകളും പേരക്കുട്ടിയുമാണ് എന്റെ ഗുരുക്കന്മാർ. ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിമാർ. ചിലപ്പോൾ ഒാർക്കാറുണ്ട്, നരയുടെ വെള്ളിത്തിളക്കവുമായി വെൺനിലാവത്ത് വെള്ളിച്ചിലങ്കയണിഞ്ഞ് നൃത്തമാടണമെന്ന്. സുന്ദരമായ സ്വപ്നം അല്ലേ?

nara554
പ്രിയ ഉണ്ണി, എൻജിനീയർ, ന്യൂ ഡെൽഹി

തികച്ചും കെമിക്കൽ ഫ്രീ

പ്രിയ ഉണ്ണി

ഞാൻ ചെറുപ്പമാണെന്ന് ആർക്കും തെളിയിച്ചു കൊടുക്കേണ്ടതുണ്ടെന്ന് തോന്നാത്തതുകൊണ്ട് ഡൈ ചെയ്യണമെന്ന് തോന്നിയില്ല. നര മറച്ചു വയ്ക്കാൻ ശ്രമിക്കാത്തതുകൊണ്ട്   എല്ലാവരും ബഹുമാനത്തോടെയാണ് നോക്കുന്നത്. ഇവിടെ ഡൽഹിയിൽ നല്ല സപ്പോർട്ടാണ്.‘ഇതാണ് പ്രിയയ്ക്ക് നല്ലത്’ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, കേരളത്തിൽ വരുമ്പോൾ ചിലരൊക്കെ ‘ഇതെന്താ ഇങ്ങനെ?’ എന്നൊക്കെ ചോദിക്കും. പക്ഷേ, ഞാനത് കാര്യമാക്കാറില്ല. എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇങ്ങനെ അഭിപ്രായം പറയുന്നതെന്നു പോലും എനിക്ക് മനസ്സിലായിട്ടില്ല. 

നീണ്ട മുടിയായിരുന്നു എനിക്ക്. നാൽപത് വയസ്സ് കഴിഞ്ഞപ്പോഴാണ് ഷോർട് ഹെയർ ആക്കിയത്. പിന്നീട് ഈ സ്ൈറ്റൽ തന്നെ തുടർന്നു. ജോലിക്കു പോകാൻ ഇതാണ് എളുപ്പം. കുളിച്ച് ഒന്ന് ചീകി പോയാൽ മതി. ക്ലിപ്പുകളോ മറ്റു അലങ്കാരങ്ങളോ ഒന്നും തേടി നടക്കേണ്ട. ഡൈ ചെയ്യുന്നത് ബുദ്ധിമുട്ടായാണ് എനിക്കു തോന്നുന്നത്. സമയവും പണവും അതിനെടുക്കുന്ന അധ്വാനവും. ടോട്ടൽ കെമിക്കൽ ഫ്രീ ആണ് എന്റെ മുടി. അതൊരു ബിഗ് പ്ലസ് ആണ്.

ഇതാണ് ഞാൻ...

സന്ധ്യാമേരി

ഡൈ ചെയ്താൽ ഞാൻ ഫേക്കാണെന്ന് എനിക്ക് തന്നെ തോന്നും. എന്നെ കാണുന്ന ഒരാൾ യഥാർഥത്തിലുള്ള എന്നെ ക ണ്ടാൽ മതി. സ്വന്തം സ്ത്രീത്വത്തിലും വ്യക്തിത്വത്തിലും എ നിക്ക് നല്ല ആത്മവിശ്വാസമുണ്ട്. അതാണ് ഞാൻ ആദ്യം പ്രസന്റ് ചെയ്യുന്നത്.

നര നിലനിർത്തിക്കൊണ്ടു തന്നെ മുടിയിൽ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമാണ്. കളർ ചെയ്യുമെങ്കിലും ഒരിക്ക  ലും ഡൈ ചെയ്ത് നര മറച്ചിട്ടില്ല. മലയാളികൾക്ക് വലിയൊരു ഇരട്ടത്താപ്പുണ്ട്.  മുടി നോക്കിയാണ് ആളുകൾ നമ്മുടെ പ്രായം ഗണിച്ചെടുക്കുന്നത്. അവർ ചെറുപ്പമാണെന്നു കാണിക്കാനായി നമ്മളെയങ്ങ് പ്രായമാക്കിക്കളയും.

പ്രണയങ്ങളിലോ ബന്ധങ്ങളിലോ പ്രായം ഒരു ഘടകമാകില്ല. പിന്നെയെന്തിന് പ്രായം മറച്ചു വയ്ക്കണം? കവികൾ പറഞ്ഞു വച്ച കറുത്ത ഇടതൂർന്ന മുടി. അതിന്റെ കാലം കഴിഞ്ഞു. മലയാളികൾ പെട്ടെന്നു നരയ്ക്കുന്നവരായി മാറി.

നരച്ച മുടി കറുപ്പിക്കാതെ നടക്കണമെങ്കിൽ നല്ല ധൈര്യം വേണം. ചിലപ്പോൾ വല്ലാതെ ഇൻസൾട്ടഡ് ആകും. തൊലി ചുളിഞ്ഞ മുത്തശ്ശൻമാരൊക്കെ മുടി കറുപ്പിച്ച് വന്ന് എഴുന്നേറ്റ് നിന്ന് നമ്മളെയങ്ങ് ബഹുമാനിച്ചു കളയും. എന്റെ മുപ്പത്തിയഞ്ച് വയസ്സിലൊക്കെ ഇത്തരം കാര്യങ്ങൾ എന്നെ വിഷമിപ്പിച്ചിരുന്നു. ഓടി വന്ന് ബസിൽ കയറുമ്പോൾ എഴുന്നേറ്റു സീറ്റ് തരുന്നതുകണ്ട് പെട്ടെന്ന് അങ്ങു പതറി പോകും. ഇപ്പോൾ ഞാനത് പ്രതീക്ഷിക്കുന്നുണ്ട്. ബസില്‍ കയറുമ്പോഴേക്കും ചുറ്റും നോക്കും. ഈ തലനരച്ചവളെ ബഹുമാനിക്കാൻ ആരുമില്ലേ?

ഇത് ഇന്റർനാഷനൽ സ്ൈറ്റൽ

നിജി സോളമൻ

കുറച്ചു വർഷങ്ങളായി അമേരിക്കയിൽ ആണ് ജീവിക്കുന്നത്. ഇവിടെ ടീനേജേഴ്സ് മുഴുവൻ കാശു കൊടുത്ത് മുടി സോൾട്ട് ആൻഡ് പെപ്പർ ആക്കുകയാണ്. എന്നെ കണ്ടവർ വിചാരിച്ചു ഞാനും ഇതുപോലെ കാശു മുടക്കി ചെയ്തതാണെന്ന്. ഇവിടെ ഇതൊരു സ്ൈറ്റലാണ്.

narahhj990
വി എം ഗിരിജ (ഫോട്ടോ. വിജേഷ് കടലുണ്ടി), സന്ധ്യാമേരി(എഴുത്തുകാരി, കൊച്ചി), നിജി സോളമൻ

നരയുടെ തുടക്കത്തിൽ ഹെന്ന ചെയ്തിരുന്നു. പക്ഷേ, സൈനസൈറ്റിസ് സ്ഥിരമായപ്പോൾ കെമിക്കൽ കളറിങ് ചെയ്തു തുടങ്ങി. എനിക്കിതെല്ലാം നിർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, എന്റെ മോളുടെ വിചാരം നരച്ചമുടിയുള്ളവരെല്ലാം പ്രായമായി പെട്ടെന്ന് മരിച്ചു പോകുമെന്നായിരുന്നു. അവളെ അത് മാനസികമായി തളർത്തുമെന്നതുകൊണ്ട് ഞാൻ ചെയ്തില്ല. ഒടുവിൽ അവൾക്ക് പതിമൂന്ന് വയസ്സായപ്പോഴാണ് സമ്മതം കിട്ടുന്നത്.

നാട്ടിലെ ചില ഫ്രണ്ട്സ് മാത്രമാണ് നെഗറ്റീവ് കമന്റ്സ് പറഞ്ഞത്. കേരളത്തിൽ വന്നാൽ എന്തു പറയുമെന്ന് അറിയില്ല. ഇവിടെ ഇന്റർനാഷനൽ കമ്മ്യൂണിറ്റിയിൽ നല്ല കമന്റാണ് കിട്ടിയത്. എന്നോടു ഒരിക്കലും മിണ്ടാത്തവർ പോലും എന്റെ തല കണ്ട് സുഹൃത്താകാൻ വന്നപ്പോൾ മനസ്സിലായി ‘ഇതു വെറുമൊരു സ്ൈറ്റലല്ല.’

കർമക്ഷമത കൂട്ടുന്നുണ്ടോ കറുപ്പിക്കൽ?

വി എം ഗിരിജ

കാഴ്ച, കേൾവി ഇവയുടെയെല്ലാം കർമക്ഷമത കൂട്ടാൻ ഉപകരണങ്ങൾ വയ്ക്കാറുണ്ട്. കറുപ്പിക്കൽ അങ്ങനെ ഒന്നും കൂട്ടുന്നില്ല. പത്തിരുപതു കൊല്ലമായിട്ടേയുള്ളൂ മുടി കറുപ്പിക്കുന്നത് ഇത്ര വ്യാപകമായിട്ട്. കറുത്ത മുടി ഒരു പ്ലസ് ആക്കിമാറ്റിയത് മാർക്കറ്റിങ് തന്ത്രമാണെന്ന് ഞാൻ കരുതുന്നു. ഇതിനോടൊക്കെയുള്ള എതിർപ്പും ഡൈ ചെയ്യാത്തതിനു പിന്നിൽ ഉണ്ട്. പിന്നെ, ഇത്തരം കാര്യങ്ങളൊക്കെ വേണ്ടെന്നു വച്ചാൽ ജീവിതത്തിനു സ്വസ്ഥതയുണ്ടാകും.

പണ്ടൊന്നും നമ്മുടെ അച്ഛനമ്മമാരോ അധ്യാപകരോ ഒന്നും നരച്ച മുടി കറുപ്പിച്ച് കണ്ടിട്ടില്ല. പ്രായത്തെയും മാറ്റങ്ങളേയും സ്വാഭാവികമായി എടുക്കാൻ അവർക്കു കഴിഞ്ഞിരുന്നു. ഒന്നു രണ്ടു തവണ ഹെന്ന ചെയ്തിട്ടുണ്ട്. അതിനു വേണ്ടി സമയം നീക്കി വയ്ക്കുന്നതും മെനക്കെടുന്നതുമൊക്കെ എന്റെ രീതിക്ക് ചേരാത്തതാണ്. ഇതെല്ലാം കൃത്യമായി ചെയ്താൽ മാത്രമല്ലേ ഭംഗിയുണ്ടാവൂ.

ഡൈ ചെയ്യുന്നില്ലാ എന്നു കരുതി സൗന്ദര്യം ഇഷ്ടമില്ലാത്ത ആളൊന്നുമല്ല. നല്ല സാരിയുടുത്ത് ചേരുന്ന വളകളൊക്കെയണിയാൻ ഇഷ്ടമാണ്.

എന്റെ ഭർത്താവ് സി. ആർ നീലകണ്ഠനും ഡൈ ചെയ്യാത്ത ആളാണ്. അതുകൊണ്ട് സുഹൃത്തുക്കളിൽനിന്നും വീട്ടുകാരിൽ നിന്നും അധികം ചോദ്യങ്ങൾ നേരിടേണ്ടി വരാറില്ല. ഇപ്പോൾ നരയെപ്പറ്റി ഒരു പുസ്തകം എഴുതുകയാണ് ഞാൻ.

Tags:
  • Hair Style
  • Glam Up
  • Beauty Tips