രോഗത്തെയും പ്രായത്തെയും തടഞ്ഞു നിർത്താൻ നമുക്കാകില്ല. പക്ഷേ, അതിന്റെ വേഗത്തിന് കടിഞ്ഞാണിടാം. രോഗത്തിനെതിരെ കോട്ട കെട്ടാം. അകാലനരയും ചർമത്തിലുണ്ടാകുന്ന പാടുകളുമെല്ലാം പ്രതിരോധിച്ച് സൗന്ദര്യം നിലനിർത്താനുള്ള വഴികൾ ആയുർവേദത്തിലുണ്ട്. കേശ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ...
1. ജീവകങ്ങളടങ്ങിയ കയ്യോന്നി, മുത്തിൾ തുടങ്ങിയവ ഇലക്കറികളായി ഉപയോഗിക്കുക
2. പാൽ, നെയ്യ് എന്നിവയും പോഷണമായ ആഹാരങ്ങളും കഴിക്കുക.
3. തലയിലെ എണ്ണമയം പൂർണമായി കളയാതിരിക്കുക.
4. ശരീരത്തിനു ചേരാത്ത തലയിലെ എണ്ണ, വീര്യം കൂടിയ ഷാംപൂ ഇവ ഒഴിവാക്കുക.
5. മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുക.
6. തലമുടിയും ശിരോചർമവും സ്ഥിരമായി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക.
മുടിയുടെ ആരോഗ്യം
7. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തലയിൽ എണ്ണ തേച്ച് കുളിക്കണം. തലയോട്ടിയിൽ മസാജ് ചെയ്തു കൊടുക്കുന്നത് താരൻ അകറ്റാനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും സഹായിക്കും.
8. ചെമ്പരത്യാദി, നീലഭ്യംഗാദി, കഞ്ഞുണ്യാദി, ദുർധുരപത്രാദി, ഏലാദി പോലുള്ള തൈലങ്ങൾ മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. അനുയോജ്യമായത് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക.
9. മഴക്കാലത്ത് മുടിയിൽ താരൻ, കായ എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഈർപ്പം മുടിയിൽ നിൽക്കുന്നത് മൂലമാണിത്. തല നന്നായി തോർത്താനും ഉണങ്ങിയ ശേഷം മാത്രം മുടി കെട്ടിവയ്ക്കാനും ശ്രദ്ധിക്കണം.
10. മാനസിക സമ്മർദം, കാലാവസ്ഥാ മാറ്റം, രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർധക ഉൽപന്നങ്ങൾ, ജലമലിനീകരണം, പോഷകാഹാരക്കുറവ് ഇതൊക്കെ അകാലനരയ്ക്ക് കാരണമാകാം. നരസിംഹ രസായനം, നീലഭൃംഗാദി തൈലം എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം അകാല നര തടയാൻ ഉപയോഗിക്കാം.