മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
മുടി ആദ്യം നേർത്തു വന്നു. പിന്നീട് കൊഴിയാൻ തുടങ്ങി...’’ മിത പറഞ്ഞു നിർത്തിയതും തൊപ്പിയും വച്ച് ഒപ്പമിരുന്ന വിവേക് സ്വന്തം കാര്യം കൂട്ടിച്ചേർത്തു. ‘‘എനിക്കു നാണയവട്ടത്തിലാണു മുടി പോകാൻ തുട ങ്ങിയത്. ആദ്യം തലയിലും പിന്നെ താടിയിലും...’’ അപ്പോഴാണ് അടുത്ത സീറ്റിൽ നിന്ന റിയയുടെ ശബ്ദം വന്നത്. ‘‘കേട്ടിട്ട് ഇത് അലോപേഷ്യ ഏരിയേറ്റയാകാനാണു സാധ്യത. ഉടൻ തന്നെ ഡോക്ടറെ കാണുന്നതാണു നല്ലത്.’’
എന്താണ് അലോപേഷ്യ?
മുടികൊഴിച്ചിലിന്റെ ശാസ്ത്രീയ നാമമാണ് അ ലോപേഷ്യ. അതു ഭാഗികമായ മുടി കൊഴിച്ചിലാകാം, മുടി മുഴുവനായി കൊഴിഞ്ഞു പോകുന്നതാകാം. പുരികം, താടി മുതലായ ശരീരഭാഗങ്ങളിലെ രോമംകൊഴിച്ചിലും ഇതിൽ ഉൾപ്പെടും.
മുടിക്ക് ഒരു സൈക്കിളുണ്ട്. മുടി വളർന്നു നിശ്ചിത സമയം കഴിയുമ്പോൾ കൊഴിഞ്ഞു പോയി അതിന്റെ ഫോളിക്കിൾ/റൂട്ടിൽ നിന്ന് അടുത്ത മുടിനാരു കിളിർത്തു വരും.
ഒരു ഫോളിക്കിളിൽ നിന്ന് ഒന്നോ രണ്ടോ ചിലപ്പോൾ മൂന്നോ മുടിയൊക്കെയാകും വരുന്നത്. ഇ തു തുടർച്ചയായി നടക്കുന്നൊരു പ്ര ക്രിയയാണ്. ഒരു ദിവസം 50–100 മുടി വരെ കൊഴിയുന്നതു സ്വാഭാവികമാണ്. ഇതിൽ കൂടുതലായി മുടി കൊഴിയുന്നെങ്കിൽ ശ്രദ്ധിക്കുക.
മുടി കൊഴിച്ചിൽ എന്നത് രോഗലക്ഷണമാണ്. തൈറോയിഡ് പ്രശ്നങ്ങൾ കൊണ്ടോ ഹോർമോൺ വ്യതിയാനം കൊണ്ടോ പോഷകാഹാരക്കുറവു കൊണ്ടോ ഒക്കെ മുടി കൊഴിച്ചിൽ വരാം. അതുകൊണ്ട് ആദ്യം തന്നെ ഡോക്ടറെ കണ്ടു കാരണം കണ്ടുപിടിച്ച ശേഷം വേ ണം ചികിത്സിക്കാൻ.
എത്ര തരമുണ്ട് അലോപേഷ്യ ?
സ്കാറിങ് അലോപേഷ്യ : ചർമപ്രശ്നം വന്നശേഷം അതിന്റെ ഭാഗമായി മുടി കൊഴിച്ചിൽ വരുന്നതാണു സ്കാറിങ് അലോപേഷ്യ. ഒരു ഭാഗത്തെ തൊലി ചുരുങ്ങി രോമകൂപങ്ങൾ വ രേണ്ട കോശങ്ങൾ നഷ്ടപ്പെടുകയോ അതിനു തകരാറു വരികയോ ചെയ്യുന്നതാണിത്.
ആൻഡ്രോജിനിക് അലോപേഷ്യ : ജനിതകപരമായി കഷണ്ടി/ മുടി കൊഴിച്ചിൽ വരാറുണ്ട്. അ ച്ഛനോ അമ്മയ്ക്കോ അടുത്ത ബന്ധുക്കൾക്കോ കഷണ്ടിയുണ്ടെങ്കിൽ പുരുഷന്മാർക്കും ചില സ്ത്രീകൾക്കും മുടി കൊഴിച്ചിലോ കഷണ്ടിയോ വരാറുണ്ട്. അതാണ് ആൻഡ്രോജിനിക് അലോപേഷ്യ/ ബാൾഡ്നെസ്/ പാറ്റേൺ ഹെയർ ലോസ് എന്നു പറയുന്ന അവസ്ഥ.
സ്ത്രീകളിൽ പൂർണമായും കഷണ്ടി വരില്ലെങ്കിലും മുടി കട്ടികുറഞ്ഞു വരിക, തലയുടെ വകച്ചിലിന്റെ ഭാഗത്തു ശ്രദ്ധിക്കുന്ന വീതിയിൽ മുടി കൊഴിഞ്ഞു പോകുക ഒക്കെ അതിൽ പെടും.
അലോപേഷ്യ ഏരിയേറ്റ : വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് അലോപേഷ്യ ഏരിയേറ്റ. ഇതു തലയിലോ താടിയിലോ മീശയിലോ ഒക്കെ വരാം. പലരും ഇതിനെ അണുബാധയായി തെറ്റിധരിക്കാറുണ്ട്, എന്നാൽ ഇ തു സ്വയം പ്രതിരോധ (ഓട്ടോ ഇമ്മ്യൂൺ) അവസ്ഥ മൂലം ശരീരത്തിലെ ആന്റിബോഡിയുടെ ഉൽപാദനം കൊണ്ടു മുടിയുടെ വളർച്ച നടക്കാതിരിക്കുന്നതാണ്. ചികിത്സിച്ചു മാറ്റാവുന്നതാണിത്.
ട്രാക്‌ഷനൽ അലോപേഷ്യ: പ്രധാനമായും കുട്ടികളിൽ കാണുന്ന ഒരുതരം മുടി കൊഴിച്ചിലാണിത്. ചില കുട്ടികകൾ പഠിക്കുന്ന സമയത്തും മറ്റും ഒരു വശത്തെ മുടി തൊട്ടുഴിഞ്ഞു കൊണ്ടിരിക്കുന്നതോ ഉരയ്ക്കുന്നതോ കയ്യിൽ ചുരുട്ടി കറക്കുന്നതോ ഒക്കെ കാണാം.
അതേപോലെ ചില പെൺകുട്ടികൾ മുടി തുടർച്ചയായി വലിച്ചു പുറകിലേക്കു ചീകി കെട്ടി വയ്ക്കും. അതു വഴി മുന്നിലെ മുടി പൊട്ടിപ്പൊട്ടി പോകും. ട്രാക്‌ഷനൽ അലോപേഷ്യ എന്നാണ് ഇതിനെ പറയുക. ഈ അവസ്ഥയുള്ള കുട്ടികളുടെ നെറ്റി കയറിയിരിക്കും.
ടീലൊജെൻ എഫ്ലൂവിയം : പ്രസവശേഷം സ്ത്രീകളിൽ കാണുന്ന മുടി കൊഴിച്ചിലാണു ടീലൊജെൻ എഫ്ലൂവിയം. വ ളർന്നു കൊണ്ടിരിക്കുന്ന മുടിയുടെ എണ്ണം കുറയുകയും കൊഴിയുന്നവയുടെ എണ്ണം കൂടുകയും ചെയ്യുന്ന അവസ്ഥ. ഇതു പ്രസവശേഷം മാത്രമല്ലാതെ കോവിഡ് മൂലവും വൈറൽ പനി വന്ന ശേഷവും സർജറിക്കു ശേഷവുമൊക്കെ വരാം. സാധാരണഗതിയിൽ 5–10 ശതമാനം മുടി കൊഴിയുന്നിടത്ത് ഇത്തരക്കാരിൽ 25 ശതമാനം വരെ മുടി പോകുന്നു.
ആനജൻ എഫ്ലൂവിയം : കീമോ തെറപി കഴിഞ്ഞുള്ള മുടി കൊഴിച്ചിലിന് ആനജൻ എഫ്ലൂവിയം എന്നാണു പറയുന്നത്. അത്തരക്കാർക്ക് ഒരു കാലയളവിൽ മുടി പോകുമെങ്കിലും പിന്നീട് തിരികെ വരും.
ഫംഗൽ അലോപേഷ്യ : സാധാരണമായി കാണുന്ന ഒ ന്നാണു ഫംഗൽ അലോപേഷ്യ. ബാക്ടീരിയൽ ഇൻഫെക്‌ഷൻ കൊണ്ടും ഇത്തരം മുടി കൊഴിച്ചിൽ വരാം. ചില ഫംഗൽ അണുബാധ മുടി കൊഴിച്ചിൽ മറ്റുള്ളവരിലേക്കു പകാരാനുള്ള സാധ്യതയുമുണ്ട്.
പാരമ്പര്യഘടകവും തെറ്റായ ജീവിതശൈലിയും: മുടി കൊഴിച്ചിലിൽ പാരമ്പര്യം വലിയ പങ്ക് വഹിക്കുന്നുണ്ട്.ശ രീരഭാരം കുറയ്ക്കാനായി ക്രാഷ് ഡയറ്റിങ് ചെയ്യുന്നത് മുടികൊഴിച്ചിലിനു കാരണമാകും.
ശരീരത്തിന് ഊർജം ലഭിക്കുന്നതിനു ശരിയായ അളവി ൽ കാർബോഹൈഡ്രേറ്റ്സ് വേണം. ഇതു ലഭിക്കാതെ വരുമ്പോൾ മുടി കൊഴിയും. ജിമ്മിലും മറ്റും പോകുന്നവർ വിദഗ്ധ നിർദേശമില്ലാതെ പ്രോട്ടീൻ സപ്ലിമെന്റുകൾ എടുക്കാറുണ്ട്. ഹോർമോൺ സപ്ലിമെന്റുകൾ എടുക്കുന്നതു വഴിയും ചിലപ്പോൾ കഷണ്ടിയും മുടി കൊഴിച്ചിലും കൂടാം.
നമ്മുടെ നാട്ടിലെ കാലാവസ്ഥയുടെ പ്രത്യേകത മൂലം പൊതുവെ വിയർപ്പു കൂടുതലാണ്. അതു വഴി താരനും മ റ്റും വരാനുള്ള സാധ്യതയും കൂടും. ഇതും മുടികൊഴിച്ചിലിലേക്കു നയിക്കും.
ആധുനിക ചികിത്സയും മരുന്നും
എന്തു കാരണം കൊണ്ടാണോ മുടി കൊഴിച്ചിലുണ്ടാകുന്നത് അതിനനുസരിച്ചാണു ചികിത്സ ചെയ്യേണ്ടത്. സർജറിയോ അണുബാധയോ കൊണ്ടുള്ള മുടി കൊഴിച്ചിലിനു കുറച്ചു നാളത്തേക്കു മാത്രമുള്ള മരുന്നു മതിയാകും. പുറമേ പുരട്ടാവുന്ന പെപ്ടൈഡുകളാണു പൊതുവേ നൽകാറുള്ളത്. മുടി വളരാനുള്ള ടാബ്‌ലെറ്റുകളും ഉൾപ്പെടുത്താറുണ്ട്.
കഷണ്ടി വരുന്ന അവസ്ഥയിൽ ഏറ്റവും അധികം കൊടുക്കുന്നത് മിനോക്സിലിൻ എന്ന മരുന്നാണ്. രോഗിയുടെ ആരോഗ്യാവസ്ഥ നോക്കി എത്ര അളവിൽ കഴിക്കണമെന്നു ഡോക്ടർ നിർദേശിക്കും. നിർദേശിക്കുന്ന അളവിൽ നിശ്ചിത കാലയളവിൽ ഉപയോഗിക്കുക. പാതിയിൽ വച്ചു ചികിത്സ നിർത്താതിരിക്കുക.
ഇതോടൊപ്പം പിആർപി ചികിത്സയും വേണ്ടി വരാം. ഇ തിൽ സ്വന്തം രക്തത്തിൽ നിന്നെടുക്കുന്ന മുടി വളരാനാവശ്യമായ ഗ്രോത് ഫാക്ടറുകളാണ് മുടിയുടെ കോശങ്ങളിലേക്ക് എത്തിക്കുന്നത്. പിആർപി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഏറെ മുടി കൊഴിഞ്ഞു പോകുന്നതിനു മുൻപുതന്നെ തന്നെ ചെയ്യുക. ഒട്ടും മുടി വരാത്ത ആളുകൾക്കും സ്കാർ ഉള്ളവർക്കും ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാം. നമ്മുടെ തന്നെ തലയുടെ പിന്നിലെ മുടി എടുത്തു വേണ്ട ഭാഗത്തു പല രീതിയിൽ വച്ച് പിടിപ്പിക്കാം.
എല്ലാ ചികിത്സയും ഫലപ്രദമാകാൻ അതിന്റേതായ സമയമെടുക്കും. ഡോക്ടറുമായി സംസാരിച്ച് അക്കാര്യത്തിൽ ധാരണയുണ്ടാക്കുക.
മരുന്ന് ഉപയോഗിച്ചു തുടങ്ങിയാലും ആദ്യത്തെ രണ്ടു മൂന്ന് ആഴ്ച മുടി കൂടുതൽ കൊഴിയുന്നതു പോലെ തോന്നാറുണ്ട്, ആ സമയത്തും മരുന്നിന്റെ മേന്മ അവിശ്വസിക്കാതെ തുടരുക. സംശയങ്ങൾ ഡോക്ടറോട് ചോദിച്ചു പരിഹരിച്ചു പോകാം.
ഹെയർ ഗമ്മികൾ, ബയോട്ടിൻ ടാബ്‌ലെറ്റുകൾ ഇവ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ കഴിക്കുന്നത് അ പകടമുണ്ടാക്കും. എന്തു കാരണം കൊണ്ടാണു മുടി കൊഴിച്ചിലുണ്ടാകുന്നത്, നമ്മുടെ ശരീരത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് എന്തൊക്കെ പോഷകങ്ങളാണു വേണ്ടത് എന്നൊക്കെ ഡോക്ടർക്കാണ് പരിശോധിച്ചു കണ്ടെത്താൻ സാധിക്കുക. അതല്ലാതെ മറ്റുള്ളവരുടെ ഉപദേശ മനുസരിച്ച് എന്തെങ്കിലും കഴിക്കുന്നതു നന്നല്ല.
ഹോമിയോ ചികിത്സാമാർഗങ്ങൾ
ഒരു വ്യക്തിയുടെ ശാരീരിക– മാനസിക പ്രത്യേകതകൾ കണക്കിലെടുത്തുള്ള വ്യക്തിഗത ചികിത്സാ രീതിയാണ് ഹോമിയോ ചെയ്യുന്നത്. ആളുകളുടെ അവസ്ഥയുടെ വ്യത്യാസത്തിനനുസരിച്ചാണു മരുന്നുകളും നൽകുക. ഉദാഹരണത്തിനു ഹോർമോൺ വ്യതിയാനം കൊണ്ടുള്ള മുടി കൊഴിച്ചിലിനു തൈറോയിഡിനം എന്ന മരുന്നാണു ഫലവത്തായി കണ്ടുവരുന്നത്.
പ്രായാധിക്യം മൂലമുള്ള മുടി കൊഴിച്ചിലിനു സെലിനിയം, കാൽസ്യം, ഫോസ്ഫോറസ് അടങ്ങിയ മരുന്നുകൾ ന ൽകും. ഇതുപോലെ മാനസിക പിരിമുറുക്കത്തിനും പോഷകക്കുറവിനും ഒക്കെ പരിഹാരം കാണാനുള്ള മരുന്നും ടോണിക്കും ഒക്കെ നൽകാറുണ്ട്.
പുറമേ പുരട്ടാൻ ആർണിക്ക ടോണിക് നൽകാറുണ്ട്. അതുപോലെ തൂജാ ഓയിലും. താരൻ മാറ്റി, മുടിയെ മൊത്തത്തിൽ ശക്തിപ്പെടുത്താനാണിത്.
മിക്കവാറും 8–10 ആഴ്ച കൊണ്ട് തന്നെ മുടികൊഴിച്ചിൽ മാറി വരുന്നതു കാണാറുണ്ട്. എന്നിരുന്നാലും മറ്റ് അസുഖങ്ങൾ കാരണമോ ഹോർമോൺ തകരാറുകൾ കൊണ്ടോ ഒക്കെയുള്ള മുടികൊഴിച്ചിലാണെങ്കിൽ മരുന്നു കഴിക്കേണ്ട കാലയളവിൽ മാറ്റം വരാം.
പലപ്പോഴും മുടികൊഴിച്ചിൽ തുടക്കത്തിൽ അവഗണിച്ചശേഷം അതു വഷളാകുമ്പോഴാണ് പലരും ഡോക്ടറുടെ കാണാൻ പോകുന്നത്. പകരം മുടി കൊഴിച്ചിൽ സാധാരണയുള്ളതിൽ നിന്ന് അൽപം കൂടുന്ന ഘട്ടത്തിലെ ഡോക്ടറെ കണ്ടു തന്നെ ചികിത്സിക്കണം.
ആയുർവേദ പരിഹാരം
തലയിൽ പ്രത്യേക രീതിയിൽ മുടി കൊഴിഞ്ഞു പോകുന്നതിനെ ഇന്ദ്രലുപ്തം എന്നാണ് ആയുർവേദം പറയുന്നത്. പുരാണ കഥകൾ പ്രകാരം ഇന്ദ്രന്റെ മുടി ഒരു ഭാഗത്തു നിന്നു കൊഴിഞ്ഞു പോയിട്ടുണ്ട്, അതിൽ നിന്നാണ് ഇന്ദ്രലുപ്തം എന്ന പേര് വന്നത്.
മുടി കൊഴിഞ്ഞു പോയിടത്ത് അടഞ്ഞു കിടക്കുന്ന രോമകൂപങ്ങളെ തുറക്കുകയാണ് ആദ്യം ചെയ്യുന്നത്. അനുയോജ്യമായൊരു തൈലം പുരട്ടി മസാജ് ചെയ്ത ശേഷം ഉമ്മത്തിന്റെ ഇല, തേക്കിന്റെ ഇല ഇങ്ങനെയുള്ളവകൊണ്ട് ഉരച്ച് ശിരോചർമത്തിൽ ഉണ്ടായ പാട നീക്കും.
അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും ആ ഭാഗത്തു വീക്കം വരും. അവിടെ പുതിയ ടിഷ്യൂസ് ഉണ്ടായിവരും. ഒപ്പം ഹെയർ ഫോളിക്കലുകളും. മുടി വരുന്നതോടെ അതിന്റെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ ഔഷധങ്ങളായി കഴിക്കാൻ നിർദേശിക്കും.കൂടാതെ തൈലങ്ങൾ പുറമേ തേക്കുകയും വേണം. മാലത്യാദി കേരതൈലം, കൈയുന്ന്യാദി കേരതൈലം പോലുള്ളവയാണു പൊതുവേ ഉപയോഗിക്കുക.
ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ തൈലങ്ങൾ വാങ്ങി തേക്കരുത്. കാരണം ഓരോരുത്തരുടെ ശാരീരിക–മാനസിക പ്രത്യേകതയനുസരിച്ചാണു മരുന്നു നിർദേശിക്കുന്നത്. ആയുർവേദമായതുകൊണ്ട് എങ്ങനെയും ഉപയോഗിക്കാം എന്നു കരുതരുത്. സാധാരണ ചികിത്സ തുടങ്ങി രണ്ടു മാസം കൊണ്ടൊക്കെ ഈ അവസ്ഥ മാറാറുണ്ട്.
മുടികൊഴിച്ചിലുള്ളവർ ഉപ്പ് അധികം കഴിക്കരുത്. എരിവും പുളിയും കുറയ്ക്കാം. ഇരുമ്പിന്റെ അംശവും നെയ്യും നന്നായി കഴിക്കാം. ഭക്ഷണം പോഷക സമൃദ്ധമാക്കാൻ ശ്രദ്ധിക്കണം. രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്നു കഴിക്കുന്നവർ, സൈനസൈറ്റിസ് ഉള്ളവർ ഒക്കെ ചികിത്സക്കു മുൻപ് ഡോക്ടറോട് അതു പറയാൻ മറക്കരുത്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എബ്രഹാം ഇട്ടി.
കൺസൽറ്റന്റ് ആൻഡ് എച്ച്‌ഒഡി, വിപിഎസ്.
ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി.
ഡോ. സജിമോൻ പി.വൈ.
മെഡിക്കൽ ഓഫിസർ, ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രം,
ഹോമിയോപ്പതി, വാഴൂർ, കോട്ടയം.
ഡോ.ശ്രീ കൃഷ്ണൻ.
റിട്ട. പ്രഫസർ, കോട്ടയ്ക്കൽ ആയുർവേദ കോളജ്,
ചീഫ് ഫിസിഷ്യൻ, ധന്വന്തരി ആയുർവേദ ഭവൻ,
നെല്ലുവായി, തൃശൂർ.