Friday 15 October 2021 03:31 PM IST : By സ്വന്തം ലേഖകൻ

കെമിക്കലുകൾ നിറഞ്ഞ ഷാംപൂ ഉപയോഗിച്ച് മടുത്തോ? മുടികൊഴിച്ചിലിനും അകാലനരയ്ക്കും നാടൻ ഷാംപൂ ഇതാ..

natural-shampoo765444dff

കെമിക്കലുകൾ നിറഞ്ഞ ഷാംപൂ സ്ഥിരമായി ഉപയോഗിച്ച് മുടി വരണ്ട് സൗന്ദര്യം നഷ്ടപ്പെടുമോ എന്ന പേടിയാണ് പലർക്കും. എന്നാൽ നമ്മുടെ മുറ്റത്തു നിന്ന് കിട്ടുന്ന വിഭവങ്ങൾ കൊണ്ട് ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത ഷാംപൂ തയാറാക്കാൻ കഴിയും. മുടിയുടെ അഴക് നിലനിർത്തി മുടി കൊഴിച്ചിലും അകാല നരയും മാറ്റാൻ ഒരുഗ്രൻ നാടൻ ഷാംപൂ വീട്ടിലുണ്ടാക്കാം.  

ആവശ്യമുള്ള വസ്തുക്കൾ

തണുത്ത തേയില വെള്ളം - അര ലിറ്റർ

ചെറുനാരങ്ങ - ഒന്ന്

അഞ്ചിതൾ ചെമ്പരത്തിപ്പൂവ് - മൂന്ന്

ചെമ്പരത്തി ഇല - രണ്ടുപിടി

മൈലാഞ്ചിയില - ഒരുപിടി

തുളസിയില - ഒരുപിടി

തയാറാക്കുന്ന വിധം

നാരങ്ങാനീര് എടുത്ത് തേയില വെള്ളത്തിൽ ചതച്ചു ചേർക്കുക. പരമാവധി നീര് പിഴിഞ്ഞെടുക്കണം. ചതയ്ക്കുമ്പോൾ വെള്ളം ചേർക്കാൻ പാടില്ല. പിശിട് കളയണം. വേണമെങ്കിൽ അരിച്ചെടുക്കാം. ഇതു നന്നായി അടിച്ചു പതപ്പിക്കുക. അതിനുശേഷം തലയോട്ടിയിലും തലമുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റിനുശേഷം കഴുകി കളയുക. ഈ ഷാംപൂ തലയിൽ തേയ്ക്കുന്നതിന് പത്തു മിനിറ്റു മുൻപ് തലയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ചിരിക്കണം. 

ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്‌താൽ മുടികൊഴിച്ചിൽ, അകാലനര, എന്നിവ ഇല്ലാതാവുകയും തലയ്ക്കും കണ്ണുകൾക്കും നല്ല കുളിർമ അനുഭവപ്പെടുകയും ചെയ്യും. തലമുടിനാരുകൾക്ക് ബലം വയ്ക്കുകയും സ്വാഭാവികമായ നിറവും തിളക്കവും ലഭിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യും.

Tags:
  • Glam Up
  • Beauty Tips