എണ്ണ തേയ്ക്കുമ്പോള്‍ വിട്ടുമാറാത്ത ജലദോഷവും ചുമയും; കുട്ടികൾക്കു തലയില്‍ പുരട്ടാനുള്ള എണ്ണ ഇങ്ങനെ കാച്ചിയെടുക്കാം
Mail This Article
എണ്ണ കാച്ചാനുള്ള കൂട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അവ നീർവീഴ്ചയുണ്ടാക്കാത്തത് ആയിരിക്കണം. അല്ലെങ്കിൽ കുട്ടികൾക്ക് വിട്ടുമാറാത്ത ജലദോഷം, ഒച്ചയടപ്പ്, ചുമ എന്നീ പ്രശ്നങ്ങൾ വരാം. ഈ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ തലയില്‍ പുരട്ടാനുള്ള എണ്ണ കാച്ചിയെടുക്കാനുള്ള ചില കൂട്ടുകള്‍ ഇതാ..
∙ 10 ഗ്രാം ചുവന്നുള്ളി, 10 ഗ്രാം ജീരകം, അഞ്ച് ഗ്രാം ചുക്ക് എന്നിവ അരച്ചെടുത്തത് (ഈ കൽക്കം ഏകദേശം രണ്ടു വലിയ സ്പൂൺ ഉണ്ടാകും) 100 മില്ലി വെളിച്ചെണ്ണയും 400 മില്ലി വെള്ളവും ചേർത്തു കാച്ചി 100 മില്ലിയാക്കുക. മുടി നന്നായി വളരാനും നീർവീഴ്ച തടയാനും ഈ എണ്ണ നല്ലതാണ്.
∙ രാസ്നാദി ചൂർണം ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയിൽ പുരട്ടിയാൽ കുട്ടികളെ സദാ അലട്ടുന്ന ജലദോഷം പോലെയുള്ള പ്രശ്നങ്ങൾ മാറും.
∙ പേൻ അകറ്റാൻ എണ്ണയുണ്ട്. 150 മില്ലി എള്ളെണ്ണ, വേപ്പിൻകുരു ചതച്ചത് 15 ഗ്രാം, അഞ്ചു ഗ്രാം കടുകു ചതച്ചത്, 500 മില്ലി വേപ്പില കഷായം എന്നിവ ചേർത്ത് എണ്ണ കാച്ചി 150 മില്ലിയാക്കിയെടുക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതു തലയിൽ തേച്ചു കുളിക്കാം. പേൻ ശല്യം കുറയുമ്പോൾ എണ്ണ ഉപയോഗം നിർത്തണം.