Friday 03 June 2022 03:16 PM IST

എന്നും മുടി കഴുകുമ്പോൾ സ്വാഭാവികത നഷ്ടപ്പെടും; ആഴ്ചയിൽ രണ്ടോ, മൂന്നോ തവണ മുടി കഴുകിയാൽ മതി! വിപരീത ഫലം ഉണ്ടാക്കുന്ന ശീലങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താം

Ammu Joas

Sub Editor

hair-misssdff

മുടിയുടെ സംരക്ഷണത്തിനായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ വിപരീത ഫലം ഉണ്ടാക്കുന്നു. അവ തിരിച്ചറിഞ്ഞ് തിരുത്താം..

മുടി ചീകിക്കഴിയുമ്പോൾ ചീപ്പിൽ കുടുങ്ങിക്കിടക്കുന്ന മുടി കണ്ട്, ‘ഇതിപ്പോ എന്താ ഇങ്ങനെ മുടി കൊഴിയാൻ’ എന്നാലോചിക്കും. അതൊരുപക്ഷേ, ചീപ്പിന്റെ കുഴപ്പംകൊണ്ടാണെങ്കിലോ?

സ്മൂത്തനിങ് ചെയ്തു തൂവൽ പോലെ മൃദുലമാക്കിയ മുടി ഒരു മാസം കൊണ്ട് വാഴനാരു പോലെയാകുമ്പോൾ സലൂണിനെ കുറ്റം പറയുംമുൻപ് പരിപാലനത്തിൽ പിഴവു വരുത്തിയോ എ  ന്നു ചിന്തിക്കാറുണ്ടോ? നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില ചെറിയ കാര്യങ്ങളാണ് മുടിയുടെ ആരോഗ്യം കെടുത്തുന്നത്.

മുടി പൊട്ടിപ്പോകാനും കൊഴിഞ്ഞുപോകാനും വരണ്ടിരിക്കാനും കാരണമായേക്കാവുന്ന ഈ അബദ്ധങ്ങൾ നിങ്ങള്‍ ചെയ്യാറുണ്ടോ? എങ്കിൽ ഉടനടി മുടി സംരക്ഷണത്തിൽ മാറ്റം വരുത്തിക്കോളൂ...

എല്ലാ ദിവസവും മുടി കഴുകുക

ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്നു തവണ മുടി കഴുകിയാൽ മതി. എന്നും മുടി കഴുകുമ്പോൾ മുടിയുടെ സ്വാഭാവികത നഷ്ടമാകും, ശിരോചർമം കൂടുതൽ വരണ്ടതാകും. താരൻ ശല്യം ചെയ്യാനുമിടയുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം ഓയിൽ മസാജ് ചെയ്തശേഷം കുളിക്കുന്നത് മുടിയുടെ ആരോഗ്യം കാക്കാൻ സഹായിക്കും.

ചൂടുവെള്ളത്തിൽ തല കഴുകുകയേ അരുത്. സാധാരണ വെള്ളമാണ് നല്ലത്. നനഞ്ഞ മുടിയുമായി കിടന്നുറങ്ങുന്നത് മുടിയുടെ ആരോഗ്യം കെടുത്തും.

നേരിട്ടുള്ള ഷാംപൂ, കണ്ടീഷനർ ഉപയോഗം

ഷാംപൂ കയ്യിലെടുത്ത് ഉച്ചിയിൽ പുരട്ടുന്നതാണ് മിക്കവരുടെയും ശീലം. ഇത് ശിരോചർമത്തിന്റെ ആരോഗ്യം നശിപ്പിക്കും, മുടികൊഴിച്ചിലിനും കാരണമാകും. ഒരു മഗ്ഗിൽ ഷാംപൂ അൽപം വെള്ളം ചേർത്തു കലക്കിയശേഷം തലയുടെ പുറകിലായി തേക്കുക. തേച്ചു പതപ്പിച്ച് തലയുടെ ബാക്കി ഭാഗങ്ങളും വൃത്തിയാക്കുക. മുടിയുടെ അറ്റം വരെ ഷാംപൂ പുരട്ടേണ്ട കാര്യമില്ല.

മുടി കഴുകുമ്പോൾ സ്വാഭാവികമായും മുടി അടിമുടി വൃത്തിയായിക്കൊള്ളും. ആഴ്ചയില്‍ രണ്ടു തവണയിൽ കൂടുതൽ ഷാംപൂ വേണ്ട.

കണ്ടീഷനർ ശിരോചർമത്തിൽ പുരട്ടരുത്. മുടിക്ക് തിളക്കവും മൃദുലതും നൽകാൻ ശിരോചർമത്തിൽ സ്വാഭാവികമായും എണ്ണമയമുണ്ട്. കണ്ടീഷനൽ ചെവിയുടെ ലെവലിൽ നിന്നു താഴേക്കുള്ള മുടിയിൽ മാത്രം പുരട്ടിയാൽ മതി.  

മുടി ഉണങ്ങിയശേഷം മുടി ചീകുക

കുളി കഴിഞ്ഞു വന്നയുടൻ മുടി ചീകണമെന്നല്ല പറയുന്നത്. പൂർണമായും ഉണങ്ങും മുൻപേ ചീകണമെന്നാണ്. മുടിയുടെ അറ്റം വേണം ആദ്യം ചീകാൻ. പല്ലകലം ഉള്ള ഡീടാങ്ക്‌ലിങ് കോംബ് ഉപയോഗിച്ച് മുടിയിലെ കെട്ടുകള്‍ നീക്കാം. അതിനുശേഷം മുടി മുഴുവനായി ചീകാം.

ചുരുളൻ മുടിയുള്ളവർ മുടിയിൽ നനവുള്ളപ്പോൾ തന്നെ ചീകുന്നതാണ് നല്ലത്. കേൾ ഡിഫൈനിങ് ക്രീം പുരട്ടിയ ശേഷം മുടി ചീകിയിടാം. പൂർണമായും ഉണങ്ങും വരെയും അതുകഴിഞ്ഞും മുടി പിന്നെ ചീകിയൊതുക്കേണ്ട. മുടിച്ചുരുളുകൾ നഷ്ടമാകും.

മുടിയിൽ വെള്ളമയമുള്ളപ്പോഴാണ് സീറം ഉപയോഗിക്കേണ്ടത്. ഡ്രയർ ഉപയോഗിക്കേണ്ടതും ഈർപ്പത്തിന്റെ അംശം ഉള്ളപ്പോഴാണ്. എന്നാൽ മുടി സ്ട്രെയ്ട     ൻ ചെയ്യാൻ ഫ്ലാറ്റ് അയൺ ഉപയോഗിക്കുന്നെങ്കിൽ മുടി പൂർണമായും ഉണങ്ങിയശേഷമേ ആകാവൂ.

തല തോർത്താൻ തോർത്ത്, മുടി കെട്ടാൻ റബർ ബാൻഡ്

മുടി വളരാനുള്ള എണ്ണ, മുടി കൊഴിയാതിരിക്കാനുള്ള ഷാംപൂ എന്നിങ്ങനെ ഹെയർ പ്രൊഡക്റ്റ്സ് ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന പലരും ഒട്ടും ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട്. പരുപരുത്ത തോർത്ത് ഉപയോഗിച്ച് മുടിയിലെ വെള്ളം തുടയ്ക്കുമ്പോൾ ഒപ്പം മുടിയിഴകളും പൊട്ടിപ്പോകാം. വരണ്ട മുടി കൂടുതൽ വരണ്ടതാകുകയും ചെയ്യും. അതിനാൽ മൈക്രോഫൈബർ തുണിയോ പഴയ ടീഷർട്ടോ ഉപയോഗിച്ച് മുടി തോർത്താം.

മുടി കെട്ടാൻ റബർ ബാൻഡ്, ഇലാസ്റ്റിക് ഹെയർ ടൈസ് എന്നിവയ്ക്കു പകരം വയർ ബാൻഡ്, സിൽക്  സ്ക്രഞ്ചീസ്, കോട്ടൻ സ്ട്രെച്ച് ഹെയർ ടൈസ് എന്നിവ തിരഞ്ഞെടുക്കാം. മുടി കെട്ടുപിണയാതിരിക്കാനും പൊട്ടിപ്പോകാതിരിക്കാനും മൃദുലമായ പ്രതലമുള്ളവ കൊണ്ട് മുടി കെട്ടുന്നതാണ് നല്ലത്.

ഹെയര്‍ ബ്രഷ് തിരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ. പല്ലുകൾ തമ്മിൽ ഇടവീതിയുള്ള ചീപ്പ് ഉപയോഗിച്ചു വേണം കെട്ടുപിണഞ്ഞ മുടി ചീകാൻ. സാധാരണ ചീപ്പു കൊണ്ടു ചീകിയാൽ കെട്ടുവീണ മുടികൾ ചീപ്പിൽ കുരുങ്ങി പൊട്ടിപ്പോകാം. മുടിയിഴകൾ ഭംഗിയായി വിടർന്നു കിടക്കാൻ പാഡിൽ ബ്രഷ് ഉപയോഗിക്കാം.

hair-middd5566

ഹെയർ ട്രീറ്റ്മെന്റിന് ശേഷം

കെരറ്റിൻ ട്രീറ്റ്മെന്റ്, സ്ട്രെയ്റ്റനിങ്, ബ്ലോ ‍ഡ്രൈ, സ്മൂത്തനിങ്, ബൊട്ടോക്സ്... ഇങ്ങനെ പലവിധ ഹെയർ ട്രീറ്റ്മെന്റ് ഇപ്പോഴുണ്ട്. മുടിയിൽ കളർ എങ്കിലും ചെയ്യാത്തവർ വിരളമാണ്. അതുകൊണ്ടാണ് ഹെയർ ട്രീറ്റ്മെന്റിനുശേഷമുള്ള ‘ആഫ്റ്റർ കെയർ’ വളരെ പ്രധാനമാകുന്നതും.

ഹെയർ ട്രീറ്റ്മെന്റിനായി ഉപയോഗിക്കുന്ന പ്രൊഡക്ട്സ് ഏതെന്ന് കൃത്യമായി മനസ്സിലാക്കണം. ഇതേ ബ്രാ ൻഡിന്റെ തന്നെ ആഫ്റ്റർ കെയർ പ്രൊഡക്ട്സ് വേണം പിന്നീട് ഉപയോഗിക്കാൻ. എങ്കിലേ ചെയ്ത ട്രീറ്റ്മെന്റിന്റെ ഗുണം ഏറെനാൾ നിൽക്കൂ.

മിക്ക ഹെയർ ട്രീറ്റ്മെന്റ്സിനു ശേഷവും മാസത്തിൽ ഒരിക്കൽ ഹെയർ സ്പാ ചെയ്യണമെന്ന് നിർദേശിക്കാറുണ്ട്. അതു മുടങ്ങാതെ ചെയ്യണം. മുടിയിൽ എണ്ണ പുരട്ടാമോ എന്നു ചോദിച്ചുറപ്പാക്കണം. കാരണം കെമിക്കൽ ട്രീറ്റ്മെന്റുകൾശേഷം എണ്ണ പുരട്ടിയാൽ ട്രീറ്റ്മെന്റിന്റെ ഗുണം പോകും. മുടി കെട്ടി വച്ചിട്ട് ഉറങ്ങണോ, സിൽക് ഹെയർ കാപ് ഇടണോ എന്നിങ്ങനെ എല്ലാം ചോദിച്ചറിഞ്ഞശേഷമേ ഹെയർ സ ലൂണിൽ നിന്നിറങ്ങാവൂ.

മുപ്പതിന് ശേഷവും പതിവ് കെയർ

30 വയസ്സിന് ശേഷം ചർമസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് പറയാറില്ലേ, അതേപോലെ തന്നെയാണ് മുടിയുടെ കാര്യവും. മുടിയുടെ ആരോഗ്യത്തിനായി ഹെയർ മാസ്ക് കൂടി ഉപയോഗിച്ചു തുടങ്ങണം. മുടിയുടെ പ്രശ്നങ്ങൾ അനുസരിച്ച് പ്രോട്ടീൻ ഹെയർ മാസ്ക്, മോയിസ്ചർ റിച്ച് ഹെയർ മാസ്ക് എന്നിങ്ങനെ മാസ്കുകൾ ലഭ്യമാണ്.

പ്രായം 30 കഴിഞ്ഞാൽ ഹെയർ സപ്ലിമെന്റ്സ് കഴിച്ചുതുടങ്ങാം. സിങ്ക്, ബയോട്ടിൻ, വൈറ്റമിൻ ഇ, ഡി,  ഒമേഗ 3 ഫാറ്റി ആസിഡ് എന്നിങ്ങനെ മുടി വളരാനും കരുത്തോടെയിരിക്കാനുമുള്ള നിരവധി പോഷകങ്ങൾ അടങ്ങിയ സപ്ലിമെന്റ്സ് ഉണ്ട്. മുടിയുടെ സ്വഭാവവും ആരോഗ്യവും മനസ്സിലാക്കി ഒരു മാസം, മൂന്നു മാസം എന്നീ കാലയളവിലേക്ക് സപ്ലിമെന്റ്സ് കഴിക്കാം. ഡോക്ടറുടെ നിർദേശം സ്വീകരിക്കാൻ മറക്കേണ്ട.

പ്രായം എത്ര കഴിഞ്ഞാലും സ്റ്റൈലിൽ മാറ്റം വരുത്താൻ മടിക്കരുത്. പുതിയ രീതിയിൽ മുടി വെട്ടാം, കളർ ചെയ്യാം അങ്ങനെ സ്വയം സ്നേഹിച്ച് കാലത്തിനൊത്ത് മുന്നോട്ടു പോകാം.

വിവരങ്ങൾക്കു കടപ്പാട്: സജിത് & സുജിത്, സെലിബ്രിറ്റി ഹെയർ & മേക്കപ് ആർട്ടിസ്റ്റ്സ്, എറണാകുളം

Tags:
  • Glam Up
  • Beauty Tips