Friday 10 June 2022 03:03 PM IST

‘ചെരിപ്പിന്റെ സൈസ് ശരിയല്ലെങ്കിൽ നടപ്പിന്റെ ബാലൻസിനെയും കാലിന്റെ ഞരമ്പുകളെയും ബാധിക്കും’; ചെരിപ്പുകൾ ധരിക്കുമ്പോള്‍ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

Rakhy Raz

Sub Editor

shutter790542709

നേർത്തു മനോഹരമായ ഗൗൺ, ട്രെൻഡി മേക്കപ്, തലയെടുപ്പോടെ നിർത്തുന്ന ഹീൽസ്. ‘എന്തൊരു ലുക്ക്’ എന്ന് ആരും പറയുന്ന വശ്യത. പക്ഷേ, സമയം കഴിയും തോറും മുഖം വാടുകയാണ്. വേദന കടിച്ചമർത്താൻ കഴിയാതെ മുഖത്ത് പടരുന്നു. എത്രയും പെട്ടെന്ന് ഈ ചെരിപ്പൊന്ന് അഴിക്കാൻ കഴിഞ്ഞെങ്കിൽ എന്നു മാത്രമേ ചിന്തിക്കാൻ കഴിയുന്നുള്ളൂ...

ഈ അവസ്ഥ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. ചെരുപ്പിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ വയ്ക്കാത്തതാണ് കാരണം. ഏറ്റവുമധികം സ്റ്റൈൽസ് വന്നു പോകുന്ന ഫാഷൻ വെയർ ആണ് ചെരിപ്പുകൾ. ഏതു അവസരത്തിനായി ചെരിപ്പ് വാങ്ങുമ്പോഴും സോൾ, സ്ട്രാപ്, ഷേപ്, ഹീൽസ് എല്ലാം ശ്രദ്ധയോടെ നോക്കി വാങ്ങണം. കംഫർട്ട് എന്ന വാക്കില്ലാതെ ചെരിപ്പുകളെ കൂടെകൂട്ടല്ലേ...

ആകൃതിക്ക് ഇണങ്ങുന്നതാകണം

പൊതുവേ അൽപം പരന്ന ആകൃതിയുള്ള കാലുകളാണ് നമ്മുടേത്. അതിനാൽ മുന്നിലേക്ക് ഏറെ കൂർത്തു നിൽക്കുന്ന തരം ചെരിപ്പുകൾ പാദങ്ങൾക്ക് സുഖകരമായിരിക്കില്ല. മുൻഭാഗത്ത് പരപ്പുള്ളവയാണ് അഭികാമ്യം.

മുൻഭാഗം കൂർത്ത ചെരിപ്പുകൾ വീതി കുറഞ്ഞ നീണ്ട കാല്‍പാദമുള്ളവർക്കാണ് യോജിക്കുക. കാലിന് വീതിയുള്ളവർ പോയിന്റഡ് ചെരിപ്പുകൾ അണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു സൈസ് കൂട്ടി വാങ്ങുക. ദീർഘനേരം ഇ ടേണ്ട അവസരങ്ങളിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

ഫാഷൻ ട്രെൻഡുകൾക്ക് അനുസരിച്ചുള്ള പാറ്റേൺ പല ബ്രാൻഡുകൾക്കും ഉണ്ടാകും. ഓരോന്നിന്റെയും ഫിറ്റിങ്ങും കംഫർട്ടും വ്യത്യസ്തമായിരിക്കും. വിവിധ ബ്രാൻഡുകളുടെ ഷോറും സന്ദർശിച്ച് അനുയോജ്യമായ ചെരിപ്പുകൾ നോക്കി വാങ്ങുക.

ഇഷ്ടപാറ്റേൺ ആവശ്യമായ സൈസിൽ ലഭിച്ചില്ലെങ്കിൽ ഒരു സൈസ് ചെറുതോ വലുതോ വാങ്ങാം എന്നു കരുതരുത്. കാരണം നടപ്പിന്റെ ബാലൻസിനെയും കാലിന്റെ ഞരമ്പുകളെയും അവ ബാധിക്കും. വേദനയോടെ അ വ ഉപേക്ഷിക്കേണ്ടി വരും.

ചെരിപ്പ് വാങ്ങാൻ ഏറ്റവും നല്ലത് ഉച്ചസമയമാണ്. ചിലർക്ക് രാവിലെയും വൈകുന്നേരവും കാലുകളിൽ നീർക്കെട്ട് ഉണ്ടാകാം. ഉച്ചയാകുമ്പോൾ ഈ പ്രശ്നം കുറയും, പാദം പെർഫെക്റ്റ് സൈസിലേക്ക് എത്തും.

ഷൂ ബൈറ്റിനു കാരണം

ചെരിപ്പ് ഉരഞ്ഞ് കാലിലെ തൊലി ചുവക്കുകയും ഉരിഞ്ഞു പോകുകയും ചെയ്യുന്ന ഷൂ ബൈറ്റ് ചെരിപ്പുണ്ടാക്കുന്ന പ്രശ്നമാണ്. കാലിന്റെ ആകൃതിയും ചെരിപ്പിന്റെ ആകൃതിയും കൃത്യമാകാത്തതും കാൽ വിയർക്കുന്നതുമാണ് ഷൂ ബൈറ്റിന് കാരണം. ഷൂസ്, ഹാഫ് ഷൂസ് എന്നിവ അണിയുമ്പോഴാകും ഷൂ ബൈറ്റ് കൂടുതൽ അനുഭവപ്പെടുക. സാൻഡൽസ് പെരുവിരലിന്റെയും ചെരുവിരലിന്റെയും വശങ്ങളിൽ ഷൂ ബൈറ്റ് വരുത്തും.

എണ്ണ, പെട്രോളിയം ജെല്ലി, പ്ലാസ്റ്റർ എന്നിവയാണ് പലരും ഷൂ ബൈറ്റിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. ഇത് ഏറെക്കുറേ പരിഹാരം നൽകും.  

ചെരിപ്പ് വാങ്ങുമ്പോൾ പാദങ്ങൾക്ക് യോജിച്ച ആ കൃതി, ചർമത്തിന് ചേരുന്ന മെറ്റീരിയൽ ഇവ രണ്ടും ഉറപ്പാക്കണം. ഷൂ ബൈറ്റ് പ്രതിരോധിക്കുന്ന പലവിധ മെറ്റീരിയലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ഹീൽസ് അണിയാം, ശ്രദ്ധയോടെ

shuott5676

ഹീൽസ് ഉപയോഗിക്കുമ്പോൾ പെർഫെക്റ്റ് ഫിറ്റിങ് പ്രധാനമാണ്. ഇല്ലെങ്കിൽ നടുവേദന, കാലുകളിൽ വേദന എന്നിവയുണ്ടാകും. പിൻഭാഗത്തു മാത്രം കൂർത്ത ഹീലുകളുള്ള കോൺ ഹീൽസ് അഥവാ പോയിന്റഡ് ഹീൽസ്, മുകളിൽ വീതി കൂടി അടിയിൽ വീതി കുറഞ്ഞ ബ്ലോക് ആയി നിൽക്കുന്ന മൂന്നിഞ്ചോളം പൊക്കമുള്ള കിറ്റൻ ഹീൽസ്, മുൻഭാഗം താഴ്ന്ന് പിൻഭാഗം ഉയർന്ന് പരന്ന ഹീൽസ് ആയ വെഡ്ജസ്, മുൻഭാഗവും പിൻഭാഗവും വീതിയുള്ള ഹീൽസ് ആയ ബ്ലോക്ക് ഹീൽസ് തുടങ്ങി ഹീലുകളിൽ പല സ്റ്റൈൽസ് ഉണ്ട്.

ഏറെ നേരത്തെ  നടത്തം, നിൽപ് എന്നിവ വേണ്ടി വരുന്ന അവസരങ്ങളിൽ പോയിന്റഡ് ഹീൽസ് ഒഴിവാക്കുന്നതാണ് നല്ലത്. മറ്റൊരു പ്രധാനകാര്യം, പോയിന്റഡ് ഹീൽസ് ധരിക്കാൻ താൽപര്യമുള്ളവർ അവ ധരിച്ച് ആത്മവിശ്വാസത്തോടെ നടക്കാൻ ഉറപ്പായും പ്രാക്ടീസ് ചെയ്യണം.

ആഘോഷങ്ങളിൽ കാൽവേദന ഒഴിവാക്കാം

വിവാഹം, പാർട്ടി തുടങ്ങിയ അവസരങ്ങളിൽ പുത്തൻ ചെരിപ്പുകളായിരിക്കും മിക്കവരും ധരിക്കുക. പ്രത്യേകിച്ചും ഹീലുള്ളവ. അവ ആഘോഷത്തെ വേദന നിറഞ്ഞതാക്കാതിരിക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം.

‌∙ വിവാഹത്തോട് അനുബന്ധിച്ച് ഹൽദി, റിസപ്ഷൻ എന്നിങ്ങനെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുണ്ടാകും. ഈ ആഘോഷദിനങ്ങൾക്കായി പലതരം ഹീലുകളുള്ള മൂന്നോ നാലോ ജോഡി ചെരിപ്പുകൾ കരുതാം. കംഫർട്ട് അനുസരിച്ച് ഇവ മാറി മാറി ഉപയോഗിക്കുക. ഒരു ചെരിപ്പെങ്കിലും രണ്ടിഞ്ചിൽ കുറഞ്ഞ ഹീലുള്ളതായിരിക്കണം. ഇടവേളകളിൽ ഫ്ലാറ്റ് ചെരിപ്പ് ഉപയോഗിക്കുക.

∙ ചെരിപ്പിന്റെ ഫിറ്റിങ് ‘പെർഫെക്റ്റ്’ ആയിരിക്കണം.  ഹാഫ് ഷൂ പോലുള്ളവ ഒരു സൈസ് വലുത് വാങ്ങുന്നതിൽ തെറ്റില്ല. സിലിക്കൺ ആർച്ച് സപ്പോർട്ട്, കോട്ടൻ പാഡിങ് എന്നിവ ഉപയോഗിച്ച് ഫിറ്റിങ് പാകമാക്കാം.

ചെരിപ്പുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക്

ഇഷ്ടചെരിപ്പ് കാലുകൾക്ക് വേദനയും പരിക്കും ഏൽപ്പി      ക്കാതിരിക്കാൻ പല തരം ഉൽപന്നങ്ങൾ വിപണിയിലുണ്ട്.

ആന്റി പെർസ്പിരൻറ് സ്പ്രേ : കാൽ പാദങ്ങൾ വിയർക്കുന്നതാണ് ഉരഞ്ഞു മുറിയാൻ (Blisters) കാരണമാകുന്നത്. വിയർക്കാതിരിക്കാൻ ആന്റി പെർസ്പിരൻറ് സ്പ്രേ അല്ലെങ്കിൽ ടാൽക്കം പൗഡർ ഉപയോഗിക്കാം.

റോൾ ഓൺ : ചെരിപ്പ് ഉരഞ്ഞുണ്ടാകുന്ന വേദനയും മുറിവും തടയാൻ ബ്ലിസ്റ്റർ ഫ്രീ റോൾ ഓൺ ഉപയോഗിക്കാം. റോൾ ഓൺ വിയർപ്പിനെ തടയും.

വാട്ടർ പ്രൂഫ് ബ്ലിസ്റ്റർ പ്രൊട്ടക്റ്റീവ് പാച്ചസ് :  ചെരിപ്പുകളിൽ ഒട്ടിച്ചു വയ്ക്കാൻ കഴിയുന്ന മൃദുത്വമാർന്ന പാച്ചസ് ആണിവ. ഇതു പുതിയ ചെരിപ്പിനൊപ്പം തന്നെ വാങ്ങി ഒട്ടിച്ചാൽ ഉരയലും മുറിയലും ഒഴിവാക്കാം.

ഹൈ ഹീൽ ഷൂ സ്ട്രച്ചർ: കൃത്യം അളവുള്ള ഷൂ ആണെങ്കിലും ധരിച്ച് ഒന്നു രണ്ടു മണിക്കൂർ കഴിയുമ്പോൾ ചിലപ്പോൾ ഇറുക്കവും അസ്വാസ്ഥ്യവും തോന്നാം. പ്രത്യേകിച്ചും ഹൈ ഹീൽസ്. ഈ അവസരത്തിൽ ശരിയായ അളവിലുള്ള ചെരിപ്പ് വാങ്ങിയ ശേഷം ഹൈ ഹീൽ ഷൂ സ്ട്രച്ചർ ഉപയോഗിച്ച് സ്ട്രെച്ച് ചെയ്ത് ആവശ്യത്തിന് ലൂസ് വരുത്താനാകും.

ഫൂട്ട് പെറ്റൽസ് : ചെരിപ്പുകളുടെ മൃദുത്വക്കുറവ് കാലുകളുടെ അടിഭാഗത്ത് തഴമ്പുകളുണ്ടാക്കാം. ഇതു പരിഹരിക്കാൻ ചെരുപ്പിൽ ഒട്ടിക്കാവുന്ന ഫൂട്ട് പെറ്റൽസ് ഉപയോഗിക്കാം.

സിലിക്കൺ ആർച്ച് സപ്പോർട്ട് : ഷൂ, ഹാഫ് ഷൂ എന്നിവ ധരിക്കുമ്പോൾ കാലിന്റെ നടുക്കുള്ള ആർച്ചിൽ വേദനയുണ്ടാകുന്നത് ഒഴിവാക്കാൻ സിലിക്കൺ ആർച്ച് സപ്പോർട്ട് ഉപയോഗിക്കാം. ഉപ്പൂറ്റി ഭാഗത്ത് കൂടുതൽ കുഷനിങ് നൽകുന്ന സിലിക്കൺ ഹീൽ സപ്പോർട്ടും ലഭിക്കും. സോൾ ഭാഗത്ത് മുഴുവനായും ഉപയോഗിക്കാവുന്ന സിലിക്കൺ സോളും ലഭ്യമാണ്.

shoe76dvnhihyt

സോക്സ് ഇടാൻ മറക്കല്ലേ

ഏതു തരം ഷൂസ് ആയാലും സോക്സ് കൂടി ധരിക്കുന്നതാണ് നല്ലത്. കാലുകളുടെ വിരലുകൾ മാത്രം മറയ്ക്കുന്ന മ്യൂട്ട് സോക്സ്, പാദങ്ങൾ മറയ്ക്കുന്ന ഇൻവിസിബിൾ, കണങ്കാലിന്റെ താഴെ വരെ നിൽക്കുന്ന ലൈനർ അഥവാ എക്സ്ട്രാ ലോ കട്ട്, അൽപം കൂടി ഉയർന്ന പെഡ് അഥവാ ലോ കട്ട്, കണങ്കാലിനു മേലെ ഉയരുന്ന ആങ്കിൾ കട്ട്, അൽപം കൂടി ഉയരമുള്ള മിഡ് കാഫ്, കാൽ വണ്ണ മറയ്ക്കുന്ന ഓവർ ദ് കാഫ്,  മുട്ടോളം ഉയരുന്ന നീ ഹൈ, മുട്ടുകളുടെ മേലേക്ക് ഉയരുന്ന ഓവർ ദ് നീ എന്നീ വലുപ്പങ്ങളിൽ സോക്സ് ലഭിക്കും.

എളുപ്പം ധരിക്കാവുന്ന മൃദുത്വമാർന്ന കാഷ്വൽ ഷൂ ആണ് സ്നീക്കേഴ്സ്. സ്നീക്കേഴ്സ് ധരിക്കുമ്പോൾ പുറത്തു കാണാത്ത വിധത്തിലുള്ള ലൈനറോ ആങ്കിൾ ലെങ്ത് സോക്സോ ധരിക്കാം. ഹാ ഫ് ഷൂ ആണ് ധരിക്കുന്നതെങ്കിൽ വിരലുകളെ സംരക്ഷിക്കുന്ന മ്യൂട്ട് അഥവാ ടോ സോക്സ് മതിയാകും.

അടുക്കി വയ്ക്കാം എളുപ്പത്തിൽ

∙ ചെരിപ്പുകൾ വയ്ക്കാനായി ഷൂ റാക്ക് സെറ്റ് ചെയ്യണം. അവ ദ്വാരമില്ലാത്ത പ്രതലത്തോടു കൂടിയതാണ് നല്ലത്. ഒരു ചെരുപ്പിനടിയിൽ നിന്നുള്ള അഴുക്കും പൊടിയും താഴെയിരിക്കുന്ന ചെരിപ്പിലേക്ക് വീഴാതിരിക്കാൻ ഇത് സഹായിക്കും.

∙ ഷൂറാക്കിന്റെ വശങ്ങളിൽ വായുസഞ്ചാരം ലഭിക്കുന്നതിനായി ദ്വാരമുണ്ടാകണം.

∙ ഷൂസ് ധരിക്കുമ്പോൾ ദുര്‍ഗന്ധം വരാതിരിക്കാൻ സ്പ്രേ ഉപയോഗിച്ചു ശീലിക്കുക. ഷൂറാക്കിനുള്ളിൽ ദുർഗന്ധം കുറയ്ക്കാനുള്ള ഫ്രഷ്നർ വയ്ക്കുക.

∙ എപ്പോഴും ഉപയോഗിക്കേണ്ട ഫ്ലാറ്റ് ചെരിപ്പുകൾ അടിയിലും ഹീൽസ് മുകളിലും എന്ന വിധത്തിൽ ക്രമീകരിക്കാം.

∙ കഴുകേണ്ട ചെരിപ്പുകൾ തൽക്കാലം ഇട്ടു വയ് ക്കാൻ ഷൂ ബിൻ ഉപയോഗിക്കാം.

ഷൂസ് തിരഞ്ഞെടുക്കുമ്പോൾ

ഷൂസ് എപ്പോഴും ഹാഫ് സൈസ് വലുതായി നിൽക്കുന്നവ വാങ്ങുന്നതാണ് നല്ലത്. ഇട്ടുകഴിയുമ്പോൾ വിരലുകൾക്കു മുന്നിൽ അൽപം ഇടം ഉണ്ടാകണം.   സോക്സ് കൂടെ അണിയുമ്പോൾ ശരിയായ ഫിറ്റിങ് ഉറപ്പാക്കുന്നതിന് ഇതാവശ്യമാണ്.   

ഷൂസിന്റെ  സോളിനുള്ളിൽ കാൽപാദം കൃത്യമായി പാകമാകണം. ചെറിയ സൈസിലുള്ള ഷൂസ് വിരലുകൾക്ക് വേദനയും വലിയ സൈസിലുള്ള ഷൂസ് അയവ് മൂലം നടക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കും. ഷൂസ് വാങ്ങാൻ പോകുമ്പോൾ സോക്സ് ധരിച്ച ശേഷം ഷൂസ് ഇട്ട് നോക്കി വാങ്ങുന്നതാകും നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്: കവിത, സ്റ്റൈലിസ്റ്റ്, ലേബൽ ദേശി റൊമാൻസ് ഹാൻഡ് മെയ്ഡ് ഫൂട്ട്‌വെയർ

Tags:
  • Glam Up
  • Beauty Tips