Friday 19 August 2022 04:19 PM IST

നരച്ച മുടി മറയ്ക്കാൻ ഹെന്നയേക്കാള്‍ നല്ലത് ഹെയർ കളർ ആണോ? പരീക്ഷിച്ചു നോക്കും മുൻപ് അറിയൂ ചില കാര്യങ്ങൾ

Ammu Joas

Sub Editor

hair-colour566ghhjj

മുഖത്തും മുടിയിലും ഓരോ പുതിയ കാര്യവും പരീക്ഷിക്കും മുൻപ് ഒന്നോർക്കുക, അവ പൊള്ളലോ പാടോ ഉണ്ടാക്കാം. അലർജിയും അസ്വസ്ഥതയും സമ്മാനിക്കാനിടയുണ്ട്. സൗന്ദര്യ പരിചരണത്തിൽ മിക്കവരും വരുത്തുന്ന അബദ്ധങ്ങളും അവയുടെ പരിഹാരവും അറിഞ്ഞോളൂ...

മൈലാഞ്ചിയും നെല്ലിക്കയും വീട്ടിൽ തന്നെ ഉണക്കിപ്പൊടിച്ചതിൽ കട്ടന്‍ ചായ, തൈര്, മുട്ടവെള്ള തുടങ്ങിയ ചേരുവകൾ ചേർത്ത് ഹെന്ന സ്വയം തയാറാക്കാവുന്നതേയുള്ളൂ. തീർത്തും പ്രകൃതിദത്തമായ ഈ ഹെന്ന പൊതുവേ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. പക്ഷേ, വിപണിയിൽ നിന്നു വാങ്ങുന്ന മൈലാഞ്ചിപ്പൊടിയിലും ഹെന്ന മിക്സിലുമൊക്കെ അലർജിയുണ്ടാക്കുന്ന ഘടകങ്ങളുണ്ടാകാം. 

മുടിയുടെ പുറം പാളിയിൽ മാത്രമാണ് ഹെന്ന നിറം നൽകുക. നരച്ച മുടിയിൽ ഹെന്ന ചെയ്യുമ്പോൾ ചുവന്നനിറമാകും ലഭിക്കുക, അധിക നരയുള്ളവർക്ക് ഇത് അഭംഗിയായിരിക്കും. പ്രധാനപ്രശ്നം ഹെന്ന ഉപയോഗം മുടി വരണ്ടതാക്കും എന്നതാണ്. ചിലർ മുടിക്ക് കടുത്ത നിറം ലഭിക്കാനായി ഹെന്നയിൽ ഹെയർ ഡൈ ചേർക്കാറുണ്ട്. ഇത് അനാരോഗ്യകരമാണ്. 

കെമിക്കൽ അടങ്ങിയ ഹെയർ ഡൈ മുടിയുടെ ക്യൂട്ടിക്കിൾ പാളി തുറന്ന് ആഴത്തിൽ നിറം നൽകും. എന്നാൽ ഇവ ചർമത്തിലൂടെ രക്തത്തില്‍ കലരാൻ ഇടയുണ്ട്. ഇത് അലർജിക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. 

ഹെയർ കളറിൽ അടങ്ങിയിരിക്കുന്ന പിപിഡി ആണ് അലർജിയുണ്ടാക്കുന്ന ഘടകം. ഇവയില്ലാത്ത, അമോണിയ ചേരാത്ത, കെമിക്കൽ ഫ്രീ ഹെയർ കളർ തിരഞ്ഞെടുക്കാം. മാസത്തിൽ ഒരിക്കൽ മുടിയുടെ ചുവടുഭാഗം മാത്രം നിറം നൽകി (റൂട്ട് ടച്ചപ്) നര ഭംഗിയായി മറയ്ക്കാം. അലർജി ടെസ്റ്റ് നടത്താതെ ഒരു ഹെയർ കളറും ഉപയോഗിക്കരുത്. ഡോക്ടറുടെ നിർദേശ പ്രകാരവും ഹെയർ കളർ തിരഞ്ഞെടുക്കാം. 

Tags:
  • Glam Up
  • Beauty Tips