ഹൈ ഹീൽസ് ഉപയോഗിക്കുമ്പോൾ പെർഫെക്റ്റ് ഫിറ്റിങ് പ്രധാനമാണ്. ഇല്ലെങ്കിൽ നടുവേദന, കാലുകളിൽ വേദന എന്നിവയുണ്ടാകും. ഏറെ നേരത്തെ നടത്തം, നിൽപ് എന്നിവ വേണ്ടി വരുന്ന അവസരങ്ങളിൽ പോയിന്റഡ് ഹീൽസ് ഒഴിവാക്കുന്നതാണ് നല്ലത്. മറ്റൊരു പ്രധാനകാര്യം, പോയിന്റഡ് ഹീൽസ് ധരിക്കാൻ താൽപര്യമുള്ളവർ അവ ധരിച്ച് ആത്മവിശ്വാസത്തോടെ നടക്കാൻ ഉറപ്പായും പ്രാക്ടീസ് ചെയ്യണം.
പതിവായി ഹൈഹീൽസ് ഉപയോഗിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ
∙ ഹൈ ഹീൽസ് കാലിന്റെ പേശികളുടെ ആയാസം കൂട്ടാം. അതിനാൽ ലളിതമായ സ്ട്രെങ്തനിങ് വ്യായാമവും സ്ട്രെച്ചിങ്ങും വേണം. നിവർന്നു നിന്നശേഷം കാലിന്റെ വിരലിൽ ബലം കൊടുത്തു ഉപ്പൂറ്റി ഉയർത്തുക, ഇരുന്നുകൊണ്ട് ഓരോ കാലും നീട്ടിവച്ചു പാദം ക്ലോക് വൈസും ആന്റി ക്ലോക് വൈസും തിരിക്കുക പോലുള്ള വ്യായാമം ചെയ്യാം.
∙ പോയിന്റഡ് ഹീലുകളെക്കാൾ ബാലൻസ് നൽകുന്നത് എല്ലാവശവും ഒരുപോലിരിക്കുന്ന പ്ലാറ്റ്ഫോം ഹീലുകളാണ്.
∙ ശരിയായ അളവിലുള്ള ഹൈഹീൽസ് വാങ്ങാൻ ശ്രദ്ധിക്കുക. കൂടുതൽ ഇറുകിയ ചെരിപ്പുകൾ പാദത്തിലെ രക്തയോട്ടം കുറയ്ക്കും. വിരലുകൾ അമർന്നിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും.
∙ ഹീൽ ലൈനേഴ്സ് ഉപയോഗിക്കുന്നത് ഷൂ ബൈറ്റ് ഒഴിവാക്കാൻ സഹായിക്കും.
∙ പുതിയ ചെരുപ്പു വാങ്ങിയശേഷം പുറത്തേക്കിടും മുൻപ് വീടിനുള്ളിൽ ധരിച്ചുനടക്കാം. സോക്സ് കൂടിയണിയണം.
∙ ഹൈ ഹീൽസ് ധരിക്കുമ്പോൾ ചെറിയ ചുവടുകൾ വയ്ക്കുക. നീണ്ട ചുവടുകൾ ആയാസം കൂട്ടുമെന്നു മാത്രമല്ല, ബാലൻസ് തെറ്റാൻ കാരണമാവുകയും ചെയ്യും.
∙ ഹീലിന്റെ ഉയരം നാലു സെൻറീമീറ്ററിൽ കൂടരുത്. കഴിവതും മുൻവശം തുറന്ന ചെരിപ്പുകൾ ധരിക്കുക. മുൻഭാഗം മൂടിയ ചെരിപ്പുകൾ പെരുവിരലിന് വീക്കവും വേദനയുമുണ്ടാക്കും.
∙ പതിവായി ഹൈ ഹീൽസ് ഉപയോഗിക്കാതെ വല്ലപ്പോഴുമാക്കി കുറയ്ക്കുക.
∙ ഹൈ ഹീൽസ് കാൽമുട്ടുകൾക്ക് സമ്മർദം കൂട്ടുമെന്നതിനാൽ ആർത്രൈറ്റിസ് സാധ്യത കൂട്ടും. അതിനാൽ മധ്യവയസ്കർ ഹീൽസ് ഒഴിവാക്കുന്നതാണ് നല്ലത്.