എണ്ണ തലമുടിക്ക് ഏറെ ആവശ്യമായ ഒന്നാണ്. തലമുടി മോയിസ്ചുറൈസ് ചെയ്യാനും മുടി പൊട്ടാതിരിക്കാനും മുടിയിൽ എണ്ണമയം ഉണ്ടായിരിക്കണം. നമ്മുടെ ഹെയർ ഫോളിക്കിളുകൾ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്. പക്ഷെ അതു ദിവസം കഴുകി കളയുന്നതു കൊണ്ട് മുടി വരണ്ടതാകാതിരിക്കാനാണ് നമ്മൾ എണ്ണ തേയ്ക്കാറുള്ളത്.
ശുദ്ധമായ വെളിച്ചെണ്ണയാണ് മുടിക്ക് നല്ലത്. എണ്ണ പുരട്ടിയ ശേഷം കൈവിരലുകൾ കൊണ്ട് നന്നായി തേച്ചു പിടിപ്പിക്കുക. വിരലുകളുടെ അഗ്രഭാഗം കൊണ്ട് തലയോട്ടിയിൽ നല്ലതുപോലെ മസാജ് ചെയ്യുക. ആഴ്ചയിൽ ഒരിക്കൽ എണ്ണ തേയ്ച്ച്, തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുകയും മുടിയിൽ തേച്ചു പിടിപ്പിക്കുകയും ചെയ്യുക. തുടർന്ന് വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ കൊണ്ട് മുടി കഴുകുക. തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുന്നതിലൂടെ മുടി കൊഴിച്ചിൽ കുറയുന്നു. എണ്ണമയം കൂടുതൽ ഉള്ള മുടിയിൽ പയർ പൊടിയോ കടലമാവോ കൊണ്ട് കഴുകാവുന്നതാണ്. ചെമ്പരത്തി താളിയും നല്ലതാണ്. പൈപ്പു വെള്ളമാണ് തല കഴുകാൻ ഉപയോഗിക്കുന്നതെങ്കിൽ വെള്ളം ഒരു ബക്കറ്റിൽ പിടിച്ചു വച്ച്, കുറച്ചു നേരം കഴിഞ്ഞ്, ഇളം വെയിൽ കൊള്ളിക്കുക. തുടർന്ന് ഈ വെള്ളം ഉപയോഗിച്ച് തല കഴുകാം.
ഇനി മുടിക്ക് ആരോഗ്യം നൽകുന്ന ഒരു എണ്ണ തയാറാക്കാവുന്ന വിധം നോക്കാം.
വെളിച്ചെണ്ണ -500 ഗ്രാം, ചെമ്പരത്തിപ്പൂവ് - 8 എണ്ണം, മൈലാഞ്ചി - കുറച്ച് , കയ്യോന്നി നീര് - അര കപ്പ് , നീല അമരി - കുറച്ച് , ഉലുവ ഇല അരച്ചത്- 10 ചെടി , കറിവേപ്പില - കുറച്ച്, ആവണക്കെണ്ണ - 50 ഗ്രാം, വേപ്പില - 3 പിടി, ബ്രഹ്മി - 1 പിടി, നെല്ലിയില - 3 പിടി . എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും അരച്ചെടുക്കുക. ഇത് എണ്ണയിൽ ചേർത്ത് കാച്ചിയെടുക്കുക. പാകത്തിന് വറ്റിക്കഴിയുമ്പോൾ മാറ്റുക. തണുത്ത ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം.
ആഴ്ചയിൽ രണ്ട് ദിവസം ഈ എണ്ണ കൊണ്ട് തലയിൽ മസാജ് ചെയ്ത്, വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് കഴുകി കളയുക. തലമുടിയുടെ വേരുകൾ ബലപ്പെടുകയും മുടി കൊഴിച്ചിൽ കുറയുകയും ചെയ്യും.
ഡോ. റീമ പത്മകുമാർ
ഏസ്തെറ്റിക്ക് കൺസൽറ്റന്റ്
തിരുവനന്തപുരം