സൗന്ദര്യ സംരക്ഷണം തിരക്കുകള്‍ക്കിടയില്‍ നടക്കാതെ പോകുന്നു എന്നാണ് മിക്കവരുടെയും പരാതി. എന്നാല്‍ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഒരുപാട് നേരമൊന്നും പരിശ്രമിക്കണ്ട. വെറുമൊരു ഐസ് ക്യൂബ് മതിയാകും ചര്‍മപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍. മുഖത്തെ കുഴികള്‍ അടച്ച് ചര്‍മം മിനുസമാക്കാന്‍ ഐസ് ക്യൂബ് കൊണ്ട് സാധിക്കും.
സിമ്പിള്‍ ടിപ്സ്
. മേക്കപ്പ് കൂടുതല്‍ നേരം നിലനില്‍ക്കാന്‍ ആദ്യം മുഖം ക്ലെൻസര്‍ ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം ഒരു നല്ല ടോണര്‍ ഉപയോഗിക്കുകയും അതിനുശേഷം ഒരു ഐസ് ക്യൂബ് തുണിയില്‍ പൊതിഞ്ഞു മുഖത്ത് അല്‍പനേരം ഉരയ്ക്കുകയും ചെയ്യുന്നത് ഗുണകരമാണ്. മുഖക്കുരുവിന്റെ ശല്യം കുറയാനും ഇത് പ്രയോഗിക്കാം.
. നല്ല വെള്ളത്തില്‍ തയാറാക്കിയ ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് മുഖത്തു ഉരയ്ക്കണം. ഐസ് നേരിട്ട് ചര്‍മത്തില്‍ ഉരയ്ക്കുന്നത് നല്ലതല്ല. ചര്‍മം നന്നായി വൃത്തിയാക്കിയ ശേഷമോ, ക്ലെൻസര്‍ ഉപയോഗിച്ച ശേഷമോ വേണം ഐസ് ക്യൂബ് ഉരയ്ക്കാന്‍.
. മുഖത്ത് എന്തെങ്കിലും തടിപ്പോ പാടുകളോ ഉണ്ടെങ്കിലും ഐസ് പ്രയോഗം നല്ലതാണ്. എന്നാൽ ദീര്‍ഘനേരം ഒരിക്കലും ഐസ് ശരീരത്തിലോ മുഖത്തോ ഉരയ്ക്കാന്‍ പാടില്ല. ചര്‍മത്തിനു പുറത്തെ മൃതരക്തക്കുഴലുകള്‍ പൊട്ടാന്‍ ഇതു കാരണമാകും.
. ത്രെഡിങ്, വാക്സിങ് എന്നിവ ചെയ്യുമ്പോഴും ഈ ഐസ് പ്രയോഗം നല്ലതാണ്. ഐസ് ഉരച്ച ശേഷം 20 മിനിറ്റ് ചര്‍മത്തെ വെറുതെ വിടാം. അതിനു ശേഷം വേണം മേക്കപ്പ് ഉപയോഗിക്കാന്‍. അലോവേര ചേര്‍ത്തു തയാറാക്കിയ ഐസ് ക്യൂബുകള്‍ മികച്ച ഫലം നല്‍കും.