സൗന്ദര്യ സംരക്ഷണം വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ആയാലോ?. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കൾ അടുക്കളയിലുണ്ട്. ഇവ ശരിയായി ഉപയോഗിച്ചാൽ സൗന്ദര്യസംരക്ഷണം എളുപ്പം നടക്കും. ഇത്തരത്തിലുള്ള ചില വസ്തുക്കളും അവയുടെ ഉപയോഗവും ഇതാ..
∙ വെയിൽ കൊണ്ടുളള കരുവാളിപ്പ് മാറാൻ വെളളരി ചെറിയ കഷണങ്ങളാക്കി ചർമത്തിൽ പുരട്ടിയാൽ മതി. അഞ്ചോ പത്തോ മിനിറ്റ് പുരട്ടിയതിനു ശേഷം തണുത്ത വെളളം കൊണ്ട് കഴുകിയാൽ മതി.
∙ രണ്ട് വലിയ സ്പൂൺ കടലമാവിൽ ഒരു ചെറിയ സ്പൂൺ കസ്തൂരി മഞ്ഞൾ പൊടിച്ചതും അൽപം വെളളവും ചേർത്തു പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക. ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കുക. ചർമം വൃത്തിയാക്കാനും അമിതമായ എണ്ണമയമകറ്റാനും ഇത് ഉത്തമമാണ്. ഇതിലടങ്ങിയ കസ്തൂരി മഞ്ഞൾ ചർമത്തിനു നിറവും തിളക്കവും നൽകാൻ സഹായിക്കും.
∙ ഗ്രീൻ ടീ കുടിക്കുന്നതു മാത്രമല്ല പുറമേ പുരട്ടുന്നതും ചർമത്തിന്റെ സൗന്ദര്യം വർധിപ്പിക്കും. കുറച്ചു ഗ്രീൻ ടീ ഒരു ഐസ് ക്യൂബ് ട്രെയിൽ ഒഴിക്കുക. ഈ ക്യൂബ് മുഖത്തും കണ്ണുകളിലും മസാജ് ചെയ്യണം. ഇതു ചർമം സുന്ദരമാക്കും. ഗ്രീൻ ടീ ഉണ്ടാക്കിയ ടീ ബാഗ് കളയരുത്. ഇതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം കണ്ണിനു മുകളിൽ വയ്ക്കുന്നതു കണ്ണുകളിലെ തടിപ്പ് ഇല്ലാതാക്കാൻ നല്ലതാണ്.
∙ പഴുപ്പ് കൂടിയതിനാൽ ഉപേക്ഷിക്കപ്പെടുന്ന വാഴപ്പഴം എല്ലാ വീട്ടിലും കാണും. അത് കഴിക്കാനല്ലേ മടിയുള്ളൂ, മുഖത്തു പുരട്ടാൻ മടിക്കേണ്ടതില്ലല്ലോ, പ്രത്യേകിച്ചും ചർമത്തിന് ഗുണകരമാണെങ്കിൽ. മിക്സിയിൽ അടിച്ചെടുത്ത് അൽപം തേനും നാരങ്ങാനീരും ചേർത്ത് മുഖത്തു പുരട്ടാം. ചർമത്തിന് മൃദുത്വവും തിളക്കവും ലഭിക്കാൻ ഇത് ധാരാളം.
∙ ചീത്തയായ പാൽ കളയേണ്ടതില്ല. ചർമത്തിന് മികച്ചൊരു ടോണറും ക്ലെൻസറുമായി ഇത് ഉപയോഗിക്കാം. ഒരു കോട്ടൻ തുണിയിൽ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം. പാൽ തണുക്കുമ്പോൾ ഉണ്ടാകുന്ന പാൽപ്പാടയും മുഖത്ത് പുരട്ടാം. ചർമകാന്തി വർധിക്കാൻ മികച്ചതാണിത്. വരണ്ട ചർമമാണെങ്കിൽ പാൽപ്പാടയ്ക്കൊപ്പം തേനും ചേർത്ത് പുരട്ടുന്നത് നന്നായിരിക്കും.
∙ കഞ്ഞി വെള്ളം വെറുതെ കളയല്ലേ. കുടിക്കാൻ മാത്രമല്ല കുളിക്കാനും കഞ്ഞി വെള്ളം ബെസ്റ്റ് ആണ്. തണുത്ത കഞ്ഞിവെള്ളം തലമുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ചശേഷം കുളിക്കാം. ശിരോചർമത്തിൽ അമിതമായുള്ള സെബം നീക്കം ചെയ്യാൻ ഇത് സഹായിക്കും. മുടിക്ക് തിളക്കും മൃദുത്വവും ലഭിക്കാനും ഇത് സഹായിക്കുന്നു.