Friday 12 January 2018 11:17 AM IST

ആഗ്രഹിക്കുന്ന സൗന്ദര്യം കുറഞ്ഞ സമയത്തിനുള്ളിൽ നേടിയെടുക്കാനുള്ള പുതുവഴികള്‍

Tency Jacob

Sub Editor

beauty_new_main

ചിരിക്കുമ്പോൾ ചുണ്ടുകൾ വിരിഞ്ഞ് കവിളത്ത് നുണക്കുഴി വീഴ്ത്തുന്നതു കാണാൻ എന്തു ചന്തമായിരിക്കും! മേൽചുണ്ടിനു മീതെ ഒരു കു ഞ്ഞു ബ്യൂട്ടി സ്പോട്ട്. കൊഴുപ്പടിഞ്ഞ് ആകൃതി നഷ്ടപ്പെട്ട വയറിനെ കവികൾ വർണിക്കുംപോൽ ആലില വയറാക്കണോ? മുഖം വെളുക്കാൻ രക്തചന്ദനം അരച്ചിട്ട് മണിക്കൂറുകൾ കാത്തിരിക്കുന്നതെല്ലാം പഴങ്കഥകളായിക്കഴിഞ്ഞു. ബ്യൂട്ടി പാർലറിൽ പോയി മണിക്കൂറുകൾ ഊഴം കാത്തു നിൽക്കുകയും വേണ്ട. ജോലിക്കിടയിലെ ലഞ്ച് ബ്രേക്കിൽ പോയി മുഖത്തെ ക്ഷീണഭാവം മാറ്റി ഫ്രഷായി തിരിച്ചു വരാം. അത്രയ്ക്കു വളർന്നിരിക്കുന്നു പുത്തൻ ടെക്നോളജികൾ.


തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ കമ്പനിയിലെ പ്രൊജക്ട് ലീഡറായിരുന്നു സുനിത. കംപ്യൂട്ടറിനു മുന്നിലെ മണിക്കൂറുകളോളമുള്ള ഇരിപ്പും കഴിക്കുന്ന ജങ്ക് ഫൂഡും പാർട്ടി ലൈഫും മുഖത്തെ പ്രസരിപ്പ് ചോർത്തി ക്കളഞ്ഞതു പോലും ശ്രദ്ധിക്കാന്‍ സമയമില്ലായിരുന്നു.ഓഫിസിൽ പുതിയ കുട്ടികൾ ജോയിൻ ചെയ്ത് അവരുടെ സ്മാർട്നെസിനു മുന്നിൽ പിന്തള്ളപ്പെട്ടു പോകുന്നു എന്നു തോന്നിയപ്പോഴാണ് സുനിത നന്നായൊന്നു കണ്ണാടിയിൽ നോക്കുന്നത്. മുഖത്തു നിറയെ കുരുക്കളും കണ്ണിനു താഴെയുള്ള തടിപ്പും കരുവാളിപ്പും. ബ്യൂട്ടി പാർലറിൽ പോയി സ്പായും പീലിങ്ങുമെല്ലാം ചെയ്തു നോക്കി. ചെറിയൊരു മാറ്റം ഉണ്ട്. അപ്പോഴാണ് സുഹൃത്ത് കോസ്മറ്റോളജിയെക്കുറിച്ചു പറയുന്നത്. അവിടേയ്ക്ക് കയറിപ്പോയ സുനിതയായിരുന്നില്ല തിരിച്ചിറങ്ങിയത്.


മുഖത്തെ ‘പിംപിൾസും’ വയറിലും ഇടുപ്പുകളിലുണ്ടാകുന്ന ‘ടയറു’കളും ഇന്ന് പലരുടേയും ആത്മവിശ്വാസം കെടുത്തിക്കളയുക മാത്രമല്ല വിഷാദരോഗത്തിലേക്ക് കൊണ്ടെത്തിക്കുന്നുമുണ്ട്. പ്രസവശേഷം ശരീരത്തിന്റെ ആകാരം നഷ്ടപ്പെടുന്നതും സ്ത്രീകളുടെ പേടിസ്വപ്നമാണ്. കുടവയറും വണ്ണവും പുരുഷന്മാരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ജോലിയും ജീവിത തി രക്കുകളും മൂലം ഡയറ്റു കളും വ്യായാമവുമെല്ലാം പലർക്കും പാലിക്കാൻ പറ്റിയെന്നു വരില്ല. ഒന്നു രണ്ടു മണിക്കൂറുകൾ ക്കുള്ളിൽ ട്രീറ്റ്മെന്റ് ചെയ്ത് തിരികെ പോരാൻ കഴിയുന്ന രീ തിയിൽ ഇന്ന് സൗന്ദര്യ ചികിത്സാരംഗം വികസിച്ചു കഴിഞ്ഞു. അടി മുതൽ മുടി വരെ ‘റീ കൺസട്രക്ട്’ ചെയ്യുകയാണ് കോസ്മറ്റിക് സർജറിയിൽ ചെയ്യുന്നത്. വേദനയില്ലാത്തതും ചെയ്ത ഉടൻത്തന്നെ ഫലം കണ്ടു തുടങ്ങുന്നതും ഈ ചികിത്സാരംഗത്തെ കൂടുതൽ പ്രിയങ്കരമാക്കുന്നുണ്ട്.

കടമെടുക്കാം മുടി...

beauty_new03


നിതംബം മറഞ്ഞു കിടക്കുന്നതല്ലെങ്കിലും കട്ടിയുള്ള മുടി എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ ആ സ്വപ്നത്തെ ഇല്ലാതാക്കുന്നതാണ് മുടി പൊഴിച്ചിലും മറ്റു കാര്യങ്ങളും. ഏതെങ്കിലും അസുഖങ്ങൾ മൂലമോ പ്രസവശേഷമോ മറ്റു കാരണങ്ങൾ കൊണ്ടോ മുടി പൊഴിയുന്നവർക്ക് ആശ്വാസദായകമാണ് മുടി വെച്ചു പിടിപ്പിക്കുന്ന ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ. ആണുങ്ങൾക്ക് മീശയുടെ കട്ടി കൂട്ടാനും ഇൗ ഹെ യർ ട്രാൻസ്പ്ലാന്റ് ചികിത്സയിലൂടെ സാധിക്കും. കഷണ്ടി മാ റ്റാൻ സാധിക്കുമെങ്കിലും പിൻവശത്ത് നല്ല കട്ടിയുള്ള മുടിയു ണ്ടെങ്കിൽ മാത്രമേണ് ഫലപ്രദമാവുകയുള്ളൂ.


അതുപോലെ ഫലപ്രദമാണ് പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ തെറപ്പിയും. ചെയ്യേണ്ടയാളുടെ രക്തത്തിൽ നിന്ന് പ്ലേറ്റ്‌ലെറ്റ്സ് വേർതിരിച്ച് എടുത്ത് മുടി വളരേണ്ട സ്ഥലത്ത് കുത്തി വയ്ക്കുന്നതാണ് ഈ തെറാപ്പി. പ്ലേറ്റ്‌ലെറ്റ്സിലെ ഗ്രോത് ഫാക്ടറിന് രോമകൂപങ്ങളിൽ മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താനും വളർത്താനുമുള്ള കഴിവുണ്ട്. .

മുഖം തുടുക്കാൻ ഫില്ലേഴ്സ് ട്രീറ്റ്മെന്റ്

മുഖത്തും കവിളത്തും തുടുപ്പു വേണമെങ്കിൽ ഫില്ലേഴ്സ് ട്രീറ്റ്മെന്റ് ചെയ്യാം. നമ്മുടെയെല്ലാം ചർമത്തിലുള്ള ഹൈലൂ റോണിക് ആസിഡ് വയസ്സു കൂടുന്നതിനനുസരിച്ചോ ആ രോഗ്യം നഷ്ടപ്പെടുന്നതിനനുസരിച്ചോ കുറഞ്ഞുവരും.  ആവശ്യമുള്ളിടത്ത് ഹൈലൂറോണിക് ആസിഡ് ഇൻജെക്ടു ചെയ്യുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്.
ഒരു മിനിറ്റിനുള്ളിൽ ചെയ്തു തീരുന്ന ഈ ട്രീറ്റ്മെന്റിന്റെ ഫലം ഒരു മണിക്കൂറിനുള്ളിൽ പ്രകടമാകും. ആവശ്യമെങ്കിൽ ഒമ്പതു മാസത്തിനു ശേഷം വീണ്ടും ചെയ്യാം.

ഇനി ഇടയ്ക്കിടെ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് സ്ഥിരമായി ചെയ്യാനുള്ള മാർഗവുമുണ്ട്. അരക്കെട്ടിൽ നിന്നോ അടിവയറിൽ നിന്നോ കൊഴുപ്പെടുത്ത് ഫാറ്റിന്റെ ഭാഗം സ്ക്രീൻ ചെയ്തെടുക്കും. അതിനുശേഷം മുഖത്ത് കുത്തിവയ്ക്കും. ആദ്യത്തേതിനേക്കാൾ ചെലവ് കൂടുതലാണെങ്കിലും പി ന്നീട് ചെയ്യേണ്ടതായി വരില്ല. കുത്തിയെടുക്കുന്ന ഭാഗങ്ങളി ൽ നിന്ന് അത്രയും കൊഴുപ്പ് പോകുകയും ചെയ്യും.

കുസുമവദനയാകാം


മുഖത്തെ ടയേർഡ് ലുക്ക് മാറ്റി ഫ്രഷാകാനായി ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്യുന്നവർ കൂടി വരുന്നുണ്ട്. കണ്ണിനു താഴെയുള്ള തടിപ്പിന്, നെറ്റിയിലും കഴുത്തിനു താഴെയുമുള്ള ചുളിവുക ൾക്ക്, കൊഴുപ്പ് ഇല്ലാതാക്കാൻ  ഇവയ്ക്കെല്ലാം  ബോട്ടോക്സ് ട്രീറ്റ്മെന്റ് ഫലപ്രദമാണ്. മുഖത്ത് ചുളിവുണ്ടാക്കുന്ന മുറുക്കമുള്ള മസിലുകളെ അയവുള്ളതാക്കുകയാണ് ഈ ചി കിത്സയിലൂടെ ചെയ്യുന്നത്. ബാക്ടീരിയകളിൽ നിന്നെടുക്കുന്ന ‘ബോട്ടിലിനം ടോക്സിൻ’ എന്നു പേരുള്ള മെഡിസിൻ മ സിലുകളിൽ ചുളിവുണ്ടാക്കുന്ന ഭാഗത്ത് മാത്രമായി ഇൻജക് ട് ചെയ്യും. പത്തു മിനിറ്റിനുള്ളിൽ ചെയ്തു കഴിയുന്ന ഈ ട്രീറ്റ്മെന്റിന്  നാലു മണിക്കൂറിനുള്ളിൽ തുടങ്ങി ആറു ദിവസ ത്തിനുള്ളിൽ പൂർണമായ ഫലം കിട്ടും. ഒമ്പതു മാസം വരെ ഇതിന്റെ ഗുണം നിലനിൽക്കും. ആവശ്യമെങ്കിൽ വീണ്ടും ചെ യ്യാം. 30 വയസ്സിനും  50 വയസ്സിനുമിടയിലുള്ളവർക്കാണ് ഇത് കൂടുതൽ അനുയോജ്യം.

ചുണ്ടത്തൊരു ചെണ്ടുമല്ലി


ആഞ്ജലീന ജോളിയുടെ ചുണ്ടുകൾക്ക് ഈ പ്രായത്തിലും എന്തു ഭംഗി എന്നു തോന്നിയിട്ടില്ലേ?. വാർധക്യം വരവറിയി ക്കുമ്പോൾ മേൽഭാഗത്തെ ചുണ്ട് നേർക്കുകയും ചുളിവു വരികയും ചെയ്യും. എത്ര മേക്കപ്പിട്ടാലും അപാകത എടുത്തു കാണിക്കും. അതില്ലാതാക്കാൻ ചുണ്ടിൽ ഫാറ്റ് കുത്തി വ യ്ക്കുകയോ ഫില്ലേഴ്സ് ഉപയോഗിക്കുകയോ ചെയ്യാം. ചുണ്ടു കൾ  വിടർന്നതാക്കാനും തൊണ്ടിപ്പഴം പോലെ തുടുപ്പിക്കാ നും ഈ ചികിത്സയിലൂടെ കഴിയും. ചുണ്ടുകളുടെ അപാകതകൾ മായ്ക്കാനും നല്ല പെർഫെക്ട് ചിരി നൽകാനും കഴിയും.

beauty_new02

നന്നായി ചിരിക്കൂ

പല്ലിന്റെ വിടവും മറ്റും കമ്പിയിടാതെത്തന്നെ അനുയോജ്യമായ ക്യാപ്പുകളിട്ട് ശരിയാക്കാൻ കഴിയും. ചിരിക്കുമ്പോൾ മോണ നന്നായി കാണുന്നുണ്ടെങ്കിൽ അതു ശരിയാക്കാനും മാർഗമുണ്ട്. ചുണ്ടുകൾക്കു ചുറ്റുമുള്ള മസിലുകളുടെ വലിച്ചിൽ കാരണമാണ് അങ്ങനെ സംഭവിക്കുന്നത്. ഇതിനും ബോട്ടോക്സ് ചികിത്സയാണ് കൊടുക്കുന്നത്. കുറച്ചു നാൾ മാത്രമേ അതിന്റെ ഫലം നിലനിൽക്കുകയുള്ളു എന്നതുകൊണ്ട് ആവർത്തിച്ചുചെയ്യാനും സാധിക്കും.

പാടുകളും കുഴികളും ഇല്ലേയില്ല

മുഖക്കുരുവിന്റെ പാടുകളും കുഴികളും മുഖത്തെ കരുവാളിപ്പും മാറ്റാനായി കെമിക്കൽ പീലിങ് ചെയ്യാം. ഇതു ചെയ്യുമ്പോൾ മുഖത്തെ ചർമം മൃദുലമാവുന്നതു വഴി മുഖത്തെ കുഴിവുകളും കരുവാളിപ്പുമെല്ലാം ഇല്ലാതാവും.പീലിങ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ അതിന്റെ ഫലം പ്രകടമാകും. പല തരത്തിലുള്ള കെമിക്കൽ പീലുകളുണ്ട്. ചെറിയ പാടുകളാണെങ്കിൽ ഗ്ലൈക്കോളിക് പീലിങ് മതി. ആഴത്തിലുള്ള പാടുകളാണെങ്കിൽ അസറ്റിക് ആസിഡ് കെ മിക്കലാണ് ഉപയോഗിക്കുന്നത്. ബ്യൂട്ടി പാർലറുകളിലും മറ്റും പീലിങ് ചെയ്യുന്നുണ്ടെങ്കിലും ഡെർമറ്റോളജിസ്റ്റിന്റെ നിരീക്ഷണത്തിൽ ചെയ്യുന്നതാണ് നല്ലത്.


കെമിക്കൽ പീലിങ്ങിൽ മാറാത്ത മുഖത്തെ പാടുകൾ ലേസർ ചികിത്സയിലൂടെ മാറ്റാൻ കഴിയും. മാത്രമല്ല ചർമം അയഞ്ഞു തൂങ്ങിക്കിടക്കുകയാണെങ്കിലും ഈ ചികിത്സയിലൂടെ ദൃഢമാക്കുകയും തിളക്കമുള്ളതാവുകയും ചെയ്യും. പലതരം ലേസറുകളുണ്ട്. അനുയോജ്യമായ ലേസർ കടത്തിവിട്ട് ചർമത്തിലെ കൊളാജിൻ ഫൈബേർസിനെ സങ്കോചിപ്പിക്കുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ചുണ്ടിനു മുകളിലും താടിയിലും രോമങ്ങളുണ്ടോ? മുഖത്തെ അനാവശ്യ രോമങ്ങൾ കരിയിച്ചു കളയാനും ലേ സർ ചികിത്സ ഉപയോഗിക്കുന്നുണ്ട്.

നുണക്കുഴി വിരിയിക്കാം


ചിരിക്കുമ്പോൾ കവിളിൽ വിടരുന്ന നുണക്കുഴി അഴകിന്റെ അളവുകോലായാണ് കാണുന്നത്. യഥാർഥത്തിൽ മസിൽസിന്റെ അഭാവം മൂലം വരുന്നതാണ് നുണക്കുഴി. വെറും അഞ്ചുമിനിറ്റിനുള്ളിൽ കവിളിൽ നുണക്കുഴി വിരിയിക്കാൻ കഴിയും. ഒരു കവിളില്‍ മാത്രമായോ ഇരുവശത്തുമായോ ചെയ്യാം. വാ യുടെ ഉള്ളിലെ മസിലുകളിൽ ചെറിയ സ്റ്റിച്ച് ഇട്ട് വലിച്ചു മു റുക്കിയാണ് ഇതു ചെയ്യുന്നത്. വായ്ക്കകത്തായതുകൊണ്ട് ആർക്കും തുന്നൽ കാണാൻ സാധിക്കുകയുമില്ല. കുറച്ചു നാൾ കഴിഞ്ഞ് സ്റ്റിച്ച് പോയാലും നുണക്കുഴി അങ്ങനെത്തന്നെ നിലനിൽക്കും. ആശുപത്രിയിൽ അഡ്മിറ്റാകാതെ ചെയ്യാൻ കഴിയുന്ന ട്രീറ്റ്മെന്റാണിത്.

കണ്ണോണ്ട് ചൊല്ലണ്


കണ്ണുകളുടെ സൗന്ദര്യമാണ് മുഖത്തിന്റെ അഴകിനു മാറ്റു കൂട്ടുന്നത്. സാധാരണ മലയാളികളുടെ കൺപോളകളിൽ ഒരു വരയുണ്ടാകും. അതില്ലാത്തവർക്കാണ് മംഗോളിയൻ ഛായ തോന്നിക്കുന്നത്. ആ വര കൃത്രിമമായി ഉണ്ടാക്കാൻ സാധിക്കും. സ്റ്റിച് ഇട്ടാണ് അതും ചെയ്യുന്നത്. കണ്ണ് മലയാളിക്കണ്ണാകുമെന്ന് മാത്രമല്ല കുറച്ചു ഭംഗിയുള്ളതാകുകയും ചെയ്യും. കണ്ണിമകളിൽ ചുളിവുണ്ടെങ്കിൽ മാറ്റാനും ഇതു വഴി സാധിക്കും. തുന്നലിന്റെ അടയാളങ്ങളൊന്നും ഉണ്ടാകില്ല.
കണ്ണിന്റെ ചുറ്റുമുള്ള കറുപ്പിനും താഴെ വീർത്തു സഞ്ചി പോലെ തൂങ്ങിക്കിടക്കുന്നതും മാറ്റാനുള്ള ചികിത്സയാണ് ‘ബ്ലഫറോ പ്ലാസ്റ്റി’. ഒരു ദിവസം കൊണ്ട് ചെയ്ത് വീട്ടിൽ പോകാൻ പറ്റും. കണ്ണിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പ് പൂർണമായും നീങ്ങുകയും ചെയ്യും.

beauty_new01

മൂക്കും ചെവിയും ഭംഗിയോടെ


ആനകരണം ചെവി ഭാഗ്യമുള്ളതായാണ് വർണിക്കുന്നതെങ്കിലും സൗന്ദര്യ സങ്കൽപത്തിൽ അതത്ര ഭംഗിയുള്ളതല്ല. പെൺകുട്ടികൾ കാതു കുത്തുമ്പോഴും മുടി ഒതുക്കി കെട്ടി വയ്ക്കുമ്പോഴും ചെവി മുന്നിലേക്ക് എടുത്തു നില്ക്കുന്നത് ഭംഗിക്കുറവായാണ് കരുതുന്നത്. അതു പിന്നിലേക്കാക്കി മനോഹരമാക്കി നിർത്താനും കോസ്മെറ്റിക് സർജറിയിൽ മാർഗങ്ങളുണ്ട്.


മൂക്കിന്റെ അപാകത പലപ്പോഴും സൗന്ദര്യം കുറയ്ക്കുന്നത് കാണാറുണ്ട്. സർജറി ചെയ്ത് മൂക്കിന്റെ പാലം സുന്ദര മാക്കാൻ പലരും മുതിരാറില്ല. എന്നാൽ ഫാറ്റ് കുത്തിവെച്ച് സർജറി കൂടാതെ തന്നെ സ്ഥിരമായി മൂക്കിന്റെ പാലത്തിന് ആകൃതി വരുത്താൻ കഴിയും.
താടിയ്ക്കടിയിൽ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അതായത്  ഇരട്ടത്താടി ഇല്ലാതാക്കാനും സാധിക്കും. കീ ഹോളിലൂടെ കൊഴുപ്പ് വലിച്ചെടുത്തു കളഞ്ഞ് സുന്ദരമാക്കും. കഴുത്തിലെ ചുളിവു മാറ്റാൻ അയഞ്ഞ മസിലുകൾ താടിക്കടിയിൽ വലിച്ച് മുറുക്കി ഉറപ്പിക്കും. അപ്പോൾ കഴുത്ത് ചുളിവുകൾ ഇല്ലാതെ മനോഹരമാകും.

അഴകളവുകൾ വീണ്ടെടുക്കാൻ


പ്രസവശേഷമോ മറ്റു കാരണങ്ങൾ കൊണ്ടോ  കൈകളിലും വയറിലും ഇടുപ്പുകളിലും അടിഞ്ഞു കൂടുന്ന കൊഴുപ്പ്  സൗന്ദര്യത്തിന് ഭീഷണിയാകാറുണ്ട്. സാരി പോലുള്ള വസ്ത്രങ്ങൾ ഉടുക്കുമ്പോൾ അപകർഷത തോന്നുന്ന തരത്തിൽ അവ പ്രകടമാവുകയും ചെയ്യും. ഇതു മൂലം പലപ്പോഴും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടി വരാറുണ്ട് പലർക്കും. ഈ കൊ ഴുപ്പ് നീക്കം ചെയ്യാനുള്ള ചികിത്സയാണ് ലൈപ്പോസക്‌ഷൻ.


കൊഴുപ്പ് നീക്കേണ്ട ശരീരഭാഗത്ത് കീ ഹോളുണ്ടാക്കി അ തിലൂടെ കൊഴുപ്പിനെ വലിച്ചെടുക്കുന്നു. അനസ്തേഷ്യ ന ല്കിയാണ് ഇതു ചെയ്യുന്നത്. ഒരു ദിവസത്തിനുള്ളിൽ ചെയ്ത് വീട്ടിൽ പോകാൻ സാധിക്കും. കാര്യമായ വിശ്രമവും ആവശ്യമില്ല. ചർമം ഇലാസ്തികതയുള്ളതായതുകൊണ്ട് കൊഴുപ്പ് നീങ്ങിക്കഴിയുമ്പോൾ പൂർവ സ്ഥിതിയിലാകുകയും ചെയ്യും.
പ്രസവശേഷം വയറിൽ ധാരാളം സ്ട്രെച് മാർക്കുള്ളവർക്ക് കൊഴുപ്പ് നീക്കം ചെയ്താലും പഴയതുപോലെ ഒതുങ്ങി വരണ മെന്നില്ല. അങ്ങനെയുള്ളവർക്ക് തൂങ്ങിക്കിടക്കുന്ന സ്കിൻ ചെ റുതായി ട്രിം ചെയ്ത് കൊടുക്കേണ്ടി വരും. കൊഴുപ്പ് കളയുന്ന തോടൊപ്പംതന്നെ വയർ നല്ല ആകൃതിയുള്ളതാക്കുകയും സ്ട്രെച് മാർക് ഒരു പരിധി വരെ മാറ്റി‍‍യെടുക്കാനും കഴിയും.
ഗർഭിണിയാകുന്നതിനു മുമ്പുള്ളതുപോലെ ഷേപ്പിലേക്കു പൊ ക്കിൾ മാറ്റുകയുമാകാം.  പ്രത്യേകിച്ച് മരുന്നുകളോ ഡയറ്റോ പിന്തുടരേണ്ടതില്ല. കാൽത്തുട ഉരഞ്ഞു പൊട്ടുന്നവർക്കും ലൈപ്പോസെക്‌ഷനിലൂടെ കാലിന്റെ വണ്ണം കുറയ്ക്കാൻ വഴിയുണ്ട്.


മാറിടം കൂടുതലുള്ളവർക്ക് കുറയ്ക്കാനും കുറവുള്ളവർക്ക് കൂട്ടാനും കോസ്മെറ്റിക് സർജറിയിൽ വഴികളുണ്ട്. ഈ ചികി ത്സ ചെയ്യാൻ ഹോസ്പിറ്റലിൽ ഒരു ദിവസം അഡ്മിറ്റാകേണ്ടി വരും. കാര്യമായ വിശ്രമവും വേണ്ടി വരില്ല. നിതംബവും ഇതുപോലെ ചെയ്യാൻ കഴിയും. അർബുദ ചികിത്സയിൽ സ്തനങ്ങൾ എടുത്തു കള‍ഞ്ഞവർക്ക് അതുപോലെ തന്നെ റീകൺസ്ട്രക്‌ഷൻ ചെയ്യാനും സാധിക്കും.


മുഖം സുന്ദരമാക്കിയാലും പ്രായമാകുന്നത് എടുത്തു കാ ണിക്കുന്ന ശരീരത്തിന്റെ മറ്റു ഭാഗങ്ങളാണ് കൈകൾ. തൊലി യിൽ ചുളിവു വീഴാൻ തുടങ്ങുകയും ഞരമ്പുകൾ എഴുന്നു നില്ക്കുകയും ചെയ്യും. ഇത് ഇല്ലാതാക്കാന്‍ സാധിക്കും. ചുളിവുകൾ മാറി കൈത്തണ്ടകൾ കൊഴുത്തു സുന്ദരമാകും.

കണ്ണെഴുതി പൊട്ടു തൊടാം


കാലത്ത് നന്നായൊരുങ്ങി കണ്ണിൽ കറുത്ത കാജലെഴുതി ചു ണ്ടിൽ ലിപ്സ്റ്റിക്കുമിട്ട് സുന്ദരിയായി ഓഫിസിലെത്തും. ഉച്ച കഴിയുമ്പോഴേയ്ക്കും കണ്ണിലും ചുണ്ടിലും  മേക്കപ്പിന്റെ പൊടിപോലുമുണ്ടാവില്ല. ഒരു സ്ഥിരം മേക്കപ്പിനെക്കുറിച്ചു ചിന്തിച്ചു പോകും ആരായാലും. കണ്ണെഴുതാനും പൊട്ടു തൊടാനും ഇഷ്ടമുള്ള നിറം ചുണ്ടിൽ കൊണ്ടുവരാനും വേണമെങ്കിൽ മേൽചുണ്ടിനു മീതെ ഒരു ബ്യൂട്ടി സ്പോട്ടിടാനും കോസ്മറ്റിക് സർജറിയിൽ സാധിക്കും. ബാഗിൽ മേക്കപ്പ് കിറ്റ് കൊണ്ടു നട ക്കുകയും ചുണ്ടിലെ ചായം പോയോ കരിമഷി പടർന്നോ എ ന്ന് ടെൻഷനടിക്കുകയും ചെയ്യുന്ന കാലം പൊയ്പോയത് ഇ നി ആരും അറിയാതെ പോകരുതേ....

വിവരങ്ങൾക്ക് കടപ്പാട്: ഡോ. മനേഷ് സേനൻ, കൺസൾട്ടന്റ്  പ്ലാസ്റ്റിക് ആന്റ് കോസ്മറ്റിക് സർജൻ, കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം, ഡോ. ആഷ സക്കറിയ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കിംസ് ഹോസ്പിറ്റൽ , തിരുവനന്തപുരം.