Saturday 10 February 2024 03:38 PM IST : By സ്വന്തം ലേഖകൻ

കൂടുതൽ നേരം മായാതെയും മങ്ങാതെയും ചുണ്ടോടു ചേർക്കാൻ പുതുനിറങ്ങൾ; വിപണിയിലെ ലിപ്സ്റ്റിക് അപ്ഡേറ്റ്സ് ഇതാ...

lipstick888689

പട്ടുസാരികൾ പോലും കനം കുറഞ്ഞു തൂവൽ പോലെ ലൈറ്റായി. ഇതുകണ്ടു കൊതി പിടിച്ചു യമണ്ടൻ ബുള്ളറ്റ് ലിപ്‌സ്റ്റിക്കുകളൊക്കെ ജിമ്മിൽ പോയി സ്ലിം ആയി. സ്ലിം ലിപ്സ്റ്റിക്കും മിനി ലിപ്സ്റ്റിക്കും മൂന്നുപയോഗങ്ങളുള്ള ത്രീ ഇൻ വൺ ലിപ്സ്റ്റിക്കുമൊക്കെ സ്മാർട്ടായി ബാഗിൽ കയറി യാത്ര പോകാൻ റെഡിയാണ്. 

പഞ്ചാര പോലെ പതിയെ അലിഞ്ഞു ചുണ്ടിനു ഭംഗി കൂട്ടുന്ന ലിപ് ഷുഗർ, സുഖമായി കൈപിടിച്ചു കൂടെക്കൂട്ടാവുന്ന ത്രീ ഇൻ വൺ ലിപ്സ്റ്റിക്,  പോക്കറ്റു കാലിയാക്കാത്ത ടീനേജ് കളക്‌ഷൻ എന്നിവ അവയിൽ ചിലതുമാത്രം. ചുണ്ടിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന കെയറിങ് ലിപ്സ്റ്റിക്കും ട്രെൻഡുകളിലുണ്ട്. കൂടുതൽ നേരം മായാതെയും മങ്ങാതെയും നിറം വേണമെങ്കിൽ ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കാം. ചുണ്ടുകൾക്കു പോഷണം കൂടെ വേണമെങ്കിൽ വൈറ്റമിൻ ഇ അടങ്ങിയ ലിപ്സ്റ്റിക്കുകളാണു തിരഞ്ഞെടുക്കേണ്ടത്. 

ഏതു സ്കിൻ ടോണിലുള്ളവർക്കും പീച്ച്, കോപ്പർ ഷേഡുകൾ ഇണങ്ങും. ഓഫിസിലേക്കായാലും പാർട്ടിക്കായാലും കുടുംബത്തിലെ ചെറിയ ഫംങ്ഷനായാലും ഈ ഷേഡുകൾ അണിയാം. ഇനിയുമേറെയുണ്ട് ലിപ്സ്റ്റിക് വിശേഷം. ഏറ്റവും യോജിച്ച ലിപ്സ്റ്റിക് കണ്ണുംപൂട്ടി വാങ്ങാൻ മനസ്സിലാക്കേണ്ട കാര്യങ്ങളും ലിപ്സ്റ്റിക് അണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിഞ്ഞു വയ്ക്കാം.

∙ ലിപ്സ്റ്റിക്കിന്റെ അതേ നിറത്തിലെ ലിപ് ലൈനർ വേണമെന്നില്ല. കോൺട്രാസ്റ്റ് ലിപ്‌ലൈനർ നൽകി ലിപ്സ്റ്റിക്കിട്ടു നന്നായി ബ്ലെൻഡ് ചെയ്ത് അഴകുള്ള ചുണ്ടുകൾ സ്വന്തമാക്കാം. ഇങ്ങനെ പല നിറങ്ങൾ മാറി മാറി പരീക്ഷിച്ച് ഇഷ്ടമുള്ള ലിപ് ഷേഡുകൾ സ്വയം ചെയ്തെടുക്കാം.

∙ ലിപ്‌ലൈനർ കൊണ്ടു ചുണ്ടുകളുടെ മുകളിൽ മുഴുവൻ ഫില്ലു ചെയ്തശേഷം ലിപ്സ്റ്റിക്കിട്ടാൽ കൂടുതൽ നേരം നിറം നിൽക്കും. വ്യത്യസ്തമായ ഷേഡും സ്വന്തമാക്കാം. 

∙ ലിപ് ബാം പുരട്ടി കുറച്ചു സമയത്തിനു ശേഷം ലിപ് സ്ക്രബ് ചെയ്യണം. ചുണ്ട് സ്മൂത്താകാൻ ഇതു സഹായിക്കും. ഡെഡ് സ്കിൻ പോകുകയും ചെയ്യും. വീണ്ടും ലിപ് ബാം പുരട്ടിയ ശേഷം ലിപ്സ്റ്റിക് അണിയാം. 

Slim Lipsticks

ചുണ്ടിന്റെ നേർത്ത അരികുകൾ പോലും കൃത്യതയോടെ ഫിൽ ചെയ്യാൻ സ്ലിം ലിപ്സ്റ്റിക്കുകൾ സഹായിക്കും. വില : 599 മുതൽ‌ 999 വരെ 

Lip - Cheek Tint

ലിപ്സ്റ്റിക്കായും ബ്ലഷ് ആയും ഐഷാഡോ ആയും ഉപയോഗിക്കാവുന്ന സ്മാർട്ട് ലിപ്സ്റ്റിക്കുകളാണിവ. ലിക്വിഡ് രൂപത്തിലും ബാം ആയും ബുള്ളറ്റായും ലഭിക്കും. വില : 725 മുതൽ 1200 വരെ 

Self sharpening Crayon

ട്വിസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്ന പേനയുടെ രൂപത്തിലെ ലിപ്സ്റ്റിക്. ലിപ്‌ലൈനറായും ലിപ്സ്റ്റിക്കായും ഉപയോഗിക്കാം. സെമി മോയ്സ്ചറൈസിങ് ഫീൽ. വില : 500 മുതൽ 1000 വരെ 

Lip Palette

ആറോ ഒൻപതോ നിറങ്ങളുള്ള ലിപ് പാലറ്റ് ലഭ്യമാണ്. നിറങ്ങൾ മിക്സ് ചെയ്ത് പുതിയ നിറങ്ങൾ പരീക്ഷിക്കാൻ ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ട ചോയ്സ്. 

Trendy Shades

പിങ്ക്, പീച്ച്, ന്യൂട്രൽ ഷേഡുകളിൽ ഹോട്ട്സെല്ലിങ് നിറങ്ങൾ. പിഗ്‌മെന്റഡ് ചുണ്ടുള്ളവർക്ക് പ്രൈമർ ഇട്ട ശേഷം ഇവയുപയോഗിക്കാം. 

Lip Oil

കൊറിയൻ സൗന്ദര്യ വർധകങ്ങളിൽ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ടത്. വരണ്ട ചുണ്ടിനു പോഷണമേകാൻ വെറുതേ പുരട്ടാം. ലിപ്സ്റ്റിക്കിട്ടു കഴിഞ്ഞ് ഗ്ലോസിനു പകരമായും ഉപയോഗിക്കാം. വില : 599 രൂപ

Fibre Lip Liners

തടി കൊണ്ടുള്ള പുറംതോടുള്ള ലിപ്‌ലൈനറും ഫൈബർ പുറംതോടുള്ള ലിപ്‌ലൈനറുകളും ലഭിക്കും. ഫൈബർ ലിപ്‌ലൈനറുകൾ സ്മൂത് ആയി വരയ്ക്കാൻ മെച്ചപ്പെട്ടവയാണ്.

Lip Stack

ഒരു ബോട്ടിലിൽ മൂന്നു നിറങ്ങളുമായി  സ്മാർട് ട്രാവൽ പാക്കിങ്. നെയിൽ പോളിഷ്  ബോട്ടിലിലേതു പോലെ ബ്രഷും ഒപ്പമുണ്ട്.വില : 275 രൂപ

Vinyl Lipsticks

24 മണിക്കൂർ ലാസ്റ്റ് ചെയ്യുന്ന ഗ്ലോസി ലിപ്സ്റ്റിക്. ഗ്ലോസിട്ടാൽ അധിക നേരം ലിപ്സ്റ്റിക് ചുണ്ടിൽ നിൽക്കില്ലെന്ന പ്രശ്നത്തിനു പരിഹാരമാണിത്. വില: 849 രൂപ

കടപ്പാട്: Femine Glow,

കോൺവെന്റ് ജങ്ഷൻ, കൊച്ചി

പവിത്ര, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്

Alagne Signature, കലൂർ, കൊച്ചി

മിഡാസ് ബ്യൂട്ടി മാർട്ട്,

ഹൈക്കോർട്, ഗോശ്രീ റോഡ്, കൊച്ചി

Tags:
  • Glam Up
  • Beauty Tips