Monday 13 January 2020 05:08 PM IST

കട്ടി കുറഞ്ഞ, ഷേപ്പില്ലാത്ത, ഒട്ടും പുരികമില്ലാത്തവർക്കായി ‘മൈക്രോബ്ലീഡിങ്’; അറിയേണ്ടതെല്ലാം!

Lakshmi Premkumar

Sub Editor

microblading

മാൻമിഴി പോലുള്ള കണ്ണുകളിലോ, റോസാപൂവിതൾ ചുണ്ടുകളിലോ അല്ല സ്ത്രീ സൗന്ദര്യം ഒളിച്ചിരിക്കുന്നത്. പിന്നെയോ ? അതു പുരികങ്ങളിലാണ്. ഓരോ വ്യക്തിയുടേയും സൗന്ദര്യത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് പുരികങ്ങളാണെന്ന് എത്രപേർക്കറിയാം. അറിയില്ലെങ്കിൽ ഇതാ അറിഞ്ഞോളൂ, മുഖത്തിന്റെ ആകൃതിയേയും, രൂപത്തേയും ബാലൻസ് ചെയ്ത് സൗന്ദര്യത്തിന് തിളക്കം കൂട്ടുന്ന പ്രധാന ഘടകമാണ് നമ്മുടെ പുരികകൊടികൾ. എന്നാൽ എപ്പോഴെങ്കിലും വേണ്ടത്ര പരിചരണം പുരികങ്ങൾക്ക് നൽകിയിട്ടുണ്ടോ? രണ്ടാഴ്ച കൂടുമ്പോള്‍ ഇണങ്ങുന്ന ഷേപ്പിൽ ത്രഡ് ചെയ്യുന്നതൊഴിച്ചാൽ പുരികങ്ങൾക്ക് സംരക്ഷണം നൽകുന്നവർ വിരളമാണ്. ഇനി വേറൊരു കൂട്ടരുണ്ട്, ഈ പറയുന്ന പുരികമില്ലാതെ വിഷമിക്കുന്നവർ. ഐബ്രോപെൻസിലിന്റെ സഹായത്തോടെ പുരികത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നവർ. എന്നാൽ ഇതാ നമ്മുടെ സൗന്ദര്യ ലോകത്ത് പുരികങ്ങള്‍ മനോഹരമായി നട്ടു പിടിപ്പിക്കാനും വഴികളുണ്ട്. ‘മൈക്രോബ്ലീഡിങ് ’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കൃത്രിമ പുരികം നടൽ.

ആവശ്യമറിഞ്ഞ് ചെയ്യാം

കട്ടി കുറഞ്ഞ പുരികങ്ങൾ, ഷേപ്പില്ലാത്ത പുരികങ്ങൾ, കണ്ണിനോട് അടുത്ത് ഇറങ്ങി നിൽക്കുന്ന പുരികങ്ങൾ, ഒട്ടും പുരികമില്ലാത്തവർ എന്നിവർക്കെല്ലാം മൈക്രോബ്ലീഡിങ് പരീക്ഷിക്കാം. ഒന്നര മണിക്കൂർ നേരമാണ് ഇതിനാവശ്യം. ആദ്യഘട്ടത്തിൽ നമ്മുടെ പുരികത്തെ കൃത്യമായ ഷേപ്പിൽ ത്രഡ് ചെയ്ത് മാറ്റുകയാണ് ചെയ്യുക. ഏത് ഷേപ്പാണോ ആവശ്യമുള്ളത് അതേ ഷേപ്പിൽ പുരികം മനോഹരമായി ത്രഡ് ചെയ്യാം. ഇതിനു മുകളിലായി പുതിയ പുരികത്തിന്റെ സെക്ച്ച് നൽകാം. ഇതിനു ശേഷമാണ് പ്രത്യേക ഇൻക് ഉപയോഗിച്ച് കൃത്രിമ പുരികം ഫിൽ ചെയ്യുന്നത്. മൈക്രോബ്ലീഡിങ് ചെയ്യുന്നതിന് പ്രത്യേകം തയാറാക്കിയ ഉപകരണങ്ങൾ ഉപയോഗിച്ചു മാത്രമേ ചെയ്യാവൂ. പ്രൊഫഷനൽ മേകപ്പ് ആർടിസ്റ്റിന്റെ സഹാത്തോടെ ഏറ്റവും ഹൈജിനിക് ആയിട്ട് വേണം ഇതു ചെയ്യാൻ എന്നു പ്രത്യേകം ശ്രദ്ധിക്കണം.

ഇഷ്ട നിറം തിരഞ്ഞെടുക്കാം

മുഖത്ത് കാലാകാലം നിലനിൽക്കുന്ന പുരികങ്ങൾ ചെയ്യുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് അവയുടെ നിറമാണ്. ഓരോ വ്യക്തിയുടേയും സ്കിൻ ടോണിന് ഇണങ്ങുന്ന നിറങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ബ്ലാക്, ബ്രൗൺ, ഡാർക്ക് ആന്റ് ലൈറ്റ് ബ്രൗൺ എന്നീ നിറങ്ങളാണ് നമ്മുടെ സ്കിൻ ടോണുകൾക്ക് ഇണങ്ങുന്ന നിറങ്ങൾ. എന്നാൽ അറബിക് സ്‌റ്റൈൽ ഇഷ്ടപ്പെടുന്നവർക്കായി ഗോൾഡൻ നിറം മിക്സ് ചെയ്തും പുരികങ്ങൾ പുനർ സൃഷ്ടിക്കാം.

കട്ടി കൂട്ടിയും കുറച്ചും

ഓരോ വ്യക്തിയുടേയും മുഖത്തിന് ഇണങ്ങുന്ന ഷേപ്പ് കൃത്യമായി കണ്ടെത്തിയ ശേഷമേ മൈക്രോബ്ലീഡിങ് ചെയ്യാറുള്ളൂ. ഇതിൽ തന്നെ പുരികങ്ങളുടെ കട്ടി (തിക്ക്നസ്സ് ) കൃത്യമായി കണ്ടെത്തണം. ചിലർക്ക് കട്ടി കൂടിയ പുരികളായിരിക്കും ഭംഗി കൂട്ടുക. എന്നാൽ എല്ലാവർക്കും അത് െചയ്യാൻ കഴിയില്ല. കട്ടി കുറഞ്ഞ് വില്ലു പോലെ വളഞ്ഞ പുരികങ്ങളോട് പ്ര്ിയമുള്ളവരും ഏറെയാണ്. മൈക്രോബ്ലീഡിങ് ഫിക്സ് ചെയ്യുന്നതിന് മുമ്പ് തന്നെ ഏതു ഷേപ്പാണ് ചെയ്യാൻ പോകുന്നതെന്നതിന്റെ കൃത്യമായ പ്ലാൻ മനസിൽ ഉണ്ടാവണം. ജൻമനായുള്ള പുരികങ്ങൾക്ക് കട്ടി കുറവാണെങ്കിലോ, പൊഴിഞ്ഞു പോകുന്നുണ്ടെങ്കിലോ അതിനും പരിഹാരമായി ഇത് ചെയ്യാം പൂർണ്ണമായി പുതിയ പുരികങ്ങളാക്കി മാറ്റുന്നതിന് പകരം പുരികങ്ങൾക്കിടയിൽ ഫില്ലറായും മൈക്രോബ്ലേഡിങ് ചെയ്യാം.

പ്രായം പ്രധാനം

പതിനെട്ട് വയസ് കഴിഞ്ഞാൽ മൈക്രോബ്ലീഡിങ്ങ് ചെയ്യാം. പലർക്കും പല പ്രായത്തിലായിരിക്കും പുരികങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുന്നത്. മധ്യ വസയിൽ പുരികങ്ങൾ കൊഴിഞ്ഞു പോകുന്നവരും ഏറെയാണ്. ഏതു പ്രായക്കാർക്കും ഒന്നര മണിക്കൂർ കൊണ്ട് മനോഹരങ്ങളായ പുരികങ്ങൾ സ്വന്തമാക്കാമെന്നതാണ് മൈക്രോബ്ലീഡിങ്ങിന്റെ പ്രത്യേകത.

സോപ്പു വേണ്ട

മൈക്രോബ്ലേഡിങ് ചെയ്ത് ആദ്യത്തെ നാലു ദിവസം പുരികങ്ങളിൽ സോപ്പോ , ഫേസ് വാഷോ ഉപയോഗിച്ച് കഴുകരുത്. തണുത്ത വെള്ളത്തിൽ മാത്രം മുഖം കഴുകിയെടുക്കാം. നാല് ദിവസത്തിന് ശേഷം സാധാരണ രീതിയിൽ തന്നെ സൗന്ദര്യ സംരക്ഷണ മാര്ഗ്ഗങ്ങളും സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പോ, ഫേസ് വാഷോ ഉപയോഗിക്കാം. മൈക്രോബ്ലീഡിങ് ചെയ്ത ആദ്യ ദിവസങ്ങളിൽ അൽപം കടുത്ത നിറത്തിലാണെങ്കിലും നാലു ദിവസത്തിനുള്ളിൽ പുരികങ്ങൾ മുഖത്തിനോട് ഇണങ്ങുന്ന രീതിയിൽ നാച്വറലായി മാറും.

ക്രീം അപ്ലൈ ചെയ്യണം

മൈക്രോബ്ലീഡിങ് ചെയ്ത് ആദ്യ ദിവസങ്ങളിൽ സൗന്ദര്യ വർദ്ധക ക്രീമുകൾ പുരികങ്ങളിൽ പുരട്ടരുത്. ബ്യൂട്ടികൺസൽറ്റന്റ് നൽകിയിട്ടുള്ള ക്രീമുകൾ മാത്രം കൃത്യമായ ഇടവേളകളിൽ പുരികങ്ങളിൽ നൽകാം. ആദ്യത്തെ നാലു ദിവസം മൂന്നു നാലു മണിക്കൂർ നേരത്തെ ഇടവേളകളിലും പിന്നീട്. രാവിലേയും വൈകുന്നേരവും ഇത് പുരട്ടണം. പുരികങ്ങൾ ഡ്രൈയാകാതെ ദീർഘനാളിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ത്രഡ് ചെയ്യണം

മൈക്രോബ്ലീഡിങ് ചെയ്ത പുരികങ്ങൾക്ക് മുകളിലും താഴെയുമായി ഉണ്ടാകുന്ന നാച്വറൽ രോമങ്ങൾ കൃത്യമായ ഇടവേളകളിൽ ത്രഡ് ചെയ്തു നീക്കണം. വളർന്നു വരുന്ന പുരികങ്ങൾ മുഖത്ത് അഭംഗിയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

ലോങ് ലാസ്റ്റിങ്ങ്

ഒരു തവണ മൈക്രോബ്ലീഡിങ് ചെയ്താൽ അതു ലോങ് ലാസ്റ്റിങ്ങാണ്. പത്തോ ഇരുപതോ വർഷങ്ങൾ കഴിയും തോറും പുരികങ്ങളുടെ ബ്രൈറ്റ്നസ് കുറയുമെന്നതിനപ്പുറം വേറൊരു രീതിയിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. മങ്ങിയ നിറങ്ങൾക്കിടയിൽ ഫില്ലറുകൾ നൽകാനുള്ള ഓപ്ഷനും ഇതിനുണ്ട്.

ധൈര്യമായി മേക്കപ്പിടാം

കാഷ്വൽ മേക്കപ്പ് അണിയുമ്പോൾ പുരികങ്ങൾക്ക് ഇനി പ്രത്യേക ശ്രദ്ധ വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ആഘോഷങ്ങൾക്കായി ഒരുങ്ങുമ്പോൾ പുരികങ്ങളിൽ ഷേഡുകൾ നൽകുന്നതു കൊണ്ടോ, ബ്രൈറ്റ്നസ് കൂട്ടുന്നതു കൊണ്ടോ പ്രശ്നമില്ല. മേക്കപ്പിന് ശേഷം പുരികങ്ങളുടെ മേക്കപ്പ് റിമൂവർ ഉപയോഗിച്ച് വൃത്തിയാക്കാം.

വിവരങ്ങൾക്കുള്ള കടപ്പാട്: ജീന, സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ്

Tags:
  • Glam Up
  • Beauty Tips