Saturday 10 June 2023 02:44 PM IST : By സ്വന്തം ലേഖകൻ

പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ മായ്ക്കാനും മുഖക്കുരു അകറ്റാനും അൽപം പാൽ മതി! സിമ്പിള്‍ ബ്യൂട്ടി ടിപ്സ്

milk-renju-tips

അൽപം പാൽ മതി, ഒട്ടുമിക്ക സൗന്ദര്യപ്രശ്നങ്ങൾക്കും പരിഹാരമായി. സൗന്ദര്യസംരക്ഷണത്തിന്റെ പല ഘട്ടങ്ങളിൽ പാല്‍ ഉപയോഗിക്കാനാകും. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മികച്ച ക്ലെൻസറും ടോണറുമാണ്. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ മായ്ക്കാനും മുഖക്കുരു അകറ്റാനുമൊക്കെ പാൽ ഉപയോഗിക്കാം. തിളപ്പിക്കാത്ത ശുദ്ധമായ പാലാണു നല്ലത്.  

∙ എന്നും രാത്രി പാലിൽ മുക്കിയ പഞ്ഞികൊണ്ടു മുഖം വൃത്തിയാക്കാം. ചർമസുഷിരങ്ങളില്‍ അടിഞ്ഞിരിക്കുന്ന പൊടിയും മറ്റും നീക്കി ചർമം സുന്ദരമാകും.

∙ വെയിലേറ്റു മുഖം കരുവാളിച്ചാൽ പാൽ മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. സൂര്യപ്രകാശമേറ്റു ചർമം ചുവന്നാലും ഈ പറഞ്ഞ കാര്യം ചെയ്താൽ മതി. 

∙ വരണ്ട മുഖചർമമുള്ളവർ ഒന്നിടവിട്ട ദിവസങ്ങളിൽ പാൽപാട പുരട്ടി 10 മിനിറ്റിനു ശേഷം തണുപ്പു മാറിയ വെള്ളത്തിൽ കഴുകുക. ചർമത്തിന് സ്വാഭാവിക തിളക്കവും എണ്ണമയവും കിട്ടും.

∙ മികച്ച മോയിസ്ചറൈസറാണു പാൽ. ഒരു ഷീറ്റ് മാസ്ക് തണുത്ത പാലിൽ മുക്കിയ ശേഷം മുഖത്തു 10 മിനിറ്റ് വയ്ക്കുക. മാസ്ക് മാറ്റി ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയശേഷം ഒന്നു തൊട്ടുനോക്കൂ, ചർമം എത്ര മൃദുവായെന്ന്. കൈകാലുകളിലെ വരൾചയകറ്റാനും പാൽ പുരട്ടാം.

∙ അഞ്ചു ബദാമും രണ്ട് ഈന്തപ്പഴവും പാലിൽ കുതിർത്തു വയ്ക്കുക. ഇത് അരച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം മുഖം ഉരച്ചു കഴുകാം. മൃതകോശങ്ങൾ അകലും, ചർമകാന്തി വർധിക്കും.

∙ മുഖം വാടിയിരുന്നാൽ പാലും ഓട്സും സമം  ചേർത്ത ഫെയ്സ് പാക് അണിഞ്ഞ് 15 മിനിറ്റിനു ശേഷം കഴുകാം.  ഓജസ്സും തേജസ്സും തിരിച്ചുവരും.

കടപ്പാട്: രഞ്ജു രഞ്ജിമാർ, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഡോറ ബ്യൂട്ടി വേൾഡ്, അങ്കമാലി 

Tags:
  • Glam Up
  • Beauty Tips