Friday 02 December 2022 03:17 PM IST : By സ്വന്തം ലേഖകൻ

‘വരണ്ട ചർമത്തിന് ക്രീം, എണ്ണമയമുള്ള ചർമത്തിനു ലോഷനാണ് അനുയോജ്യം’; മോയ്സ്ചറൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

shutterstock_1924814036

പട്ട് പോലെ മൃദുലമായ ചർമം എന്നെന്നും വേണമെങ്കിൽ സൗന്ദര്യപരിചരണത്തിൽ മോയ്സ്ചറൈസർ ഉൾപ്പെടുത്തിയേ തീരൂ. കാലാവസ്ഥ, ജീവിതശൈലി  തുടങ്ങിയവ മൂലമുണ്ടാകുന്ന ചർമത്തിന്റെ വരൾച്ച, പ്രായത്തിന്റെ അടയാളങ്ങൾ ഇവ ചർമത്തിന്റെ ഭംഗി െകടുത്താനിടയുണ്ട്. മോയ്സ്ചറൈസർ ഇത്തരം പ്രശ്നങ്ങൾ അകറ്റി ചർമത്തിന്റെ അഴകും മൃദുത്വവും നിലനിർത്തും. മോയ്സ്ചറൈസർ ഉപയോഗത്തെക്കുറിച്ചു വായനക്കാരുടെ സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി ഇതാ.

വരണ്ട ചർമമുള്ളവർ മാത്രമാണോ േമായ്സ്ചറൈസർ ഉപയോഗിക്കേണ്ടത്?

എല്ലാത്തരം ചർമത്തിലും മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്സ്ചറൈസർ ചർമത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാനും യുവത്വം നിലനിർത്താനും  വരണ്ട ചർമം മൂലമുണ്ടാകുന്ന രോഗങ്ങൾ അകറ്റാനും സഹായിക്കും. ചർമത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ കൃത്യമായ പ്രയോജനം കിട്ടൂ.  

വരണ്ട ചർമത്തിന് ക്രീം രൂപത്തിലുളള മോയ്സ്ചറൈസർ ആണ് അനുയോജ്യം. ഇത്തരം ചർമത്തിന്റെ വരൾച്ച മാറാൻ ഇത്തരം മോയ്സ്ചറൈസർ സഹായിക്കും. മുഖത്തെ ചില ഭാഗങ്ങളിൽ വരണ്ടതും ചില ഭാഗങ്ങളിൽ എണ്ണമയമായതുമായ കോംബിനേഷൻ ചർമത്തിന് ലോഷൻ രൂപത്തിലുള്ള മോയ്സ്ചറൈസറാണ് അനുയോജ്യം. എണ്ണമയമുള്ള ചർമത്തിന് ജെൽ രൂപത്തിലുള്ള മോയ്സ്ചറൈസറാണ് ഉത്തമം. എണ്ണമയമുള്ള ചർമത്തിൽ ക്രീം രൂപത്തിലുള്ള മോയ്സ്ചറൈസർ ഉപയോഗിച്ചാൽ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ക്രീം രൂപത്തിലുളളവ ഒഴിവാക്കണം.

രാവിലെയും രാത്രിയും കുളി കഴിഞ്ഞതിനു ശേഷമോ ദേഹം വ്യത്തിയാക്കിയതിനു ശേഷമോ വെള്ളം തുടച്ചു കളയാതെ ചെറിയ നനവോടെ തന്നെ മോയ്സ്ചറൈസർ പുരട്ടാം. കൂടുതൽ നേരം ചർമത്തിലെ ജലാംശം നിലനിർത്താൻ ഈ രീതി സഹായിക്കും. അമിതമായി വരണ്ട ചർമമുള്ളവർ ദിവസം രണ്ടോ മൂന്നോ തവണ മോയ്സ്ചറൈസർ പുരട്ടുന്നത് ചർമം സുന്ദരമാകാൻ സഹായിക്കും.

ചർമത്തിന്റെ വരൾച്ച മാറാൻ ചെയ്യേണ്ടതെന്തെല്ലാം?

ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ ഇവ നന്നായി ഭക്ഷണത്തിലുൾപ്പെടുത്തുക. ഇങ്ങനെ ചെയ്യുന്നത് ചർമത്തിലെ സ്വാഭാവികമായ ജലാംശം നിലനിർത്താൻ സഹായിക്കും. വ്യായാമം ചെയ്യുന്നത് ചർമത്തിന്റെ ഭംഗിയേറാൻ നല്ലതാണ്. വിദഗ്ധ നിർദേശപ്രകാരം  മൾട്ടിവൈറ്റമിൻ ഗുളികകൾ, ഒമേഗ 3 ഫാറ്റി ആസിഡ് ഇവ കഴിക്കുന്നത് നല്ലതാണ്. ഈ കാര്യങ്ങളെല്ലാം ശീലിക്കുന്നത് ഒരുപരിധി വരെ ചർമത്തിന്റെ വരൾച്ച മാറാൻ ഗുണകരമാണ്.

കുളിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് ദേഹം മുഴുവൻ വെളിച്ചെണ്ണ പുരട്ടുക. തുടർന്ന് വീര്യം കുറഞ്ഞ സോപ്പോ ബോഡിവാഷോ ഉപയോഗിച്ചു കുളിക്കാം. പതിവായി ചെയ്യുന്നത്  ചർമത്തിന്റെ വരൾച്ച കുറയ്ക്കാൻ നല്ലതാണ്.

കുഞ്ഞുങ്ങൾക്ക് മോയ്സ്ചറൈസർ ആവശ്യമാണോ?

കുഞ്ഞുങ്ങളുടേത് മൃദുവായ ചർമമാണ്. പല കാരണങ്ങൾ കൊണ്ട് ഈ ചർമം വരണ്ടതാകാനിടയുണ്ട്. ചെറിയ പ്രായം മുതലേ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ചർമത്തിന്റെ വരൾച്ച തടയാൻ നല്ലതാണ്. കുഞ്ഞുങ്ങൾക്കു വേണ്ടി പ്രത്യേകമായുള്ള മോയ്സ്ചറൈസർ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത്തരം മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് എക്സിമ പോലെയുള്ള പ്രശ്നങ്ങളും തടയും.

കുട്ടികളുടെ ചർമത്തിന്റെ സ്വഭാവത്തിന് ഇണങ്ങുന്ന തരം മോയ്സ്ചറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പെർഫ്യൂം അടങ്ങിയിട്ടില്ലാത്ത മോയ്സ്ചറൈസർ ആണ് കുട്ടികളുടെ ചർമത്തിൽ  ഉപയോഗിക്കേണ്ടത്. കുഞ്ഞുങ്ങൾക്ക് ദിവസം രണ്ടു നേരം മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. കുളി കഴിഞ്ഞാണെങ്കിൽ മുതിർന്നവർ ഉപയോഗിക്കുന്നത് പോലെ തന്നെ ശരീരത്തിൽ ചെറിയ നനവോടെ മോയ്സ്ചറൈസർ പുരട്ടാം. ദേഹം മുഴുവനും ഉപയോഗിക്കാം.

മുഖത്തും ശരീരത്തിലും ഒരേ മോയ്സ്ചറൈസർ ഉപയോഗിക്കാമോ?

മുഖത്തും ശരീരത്തിലും പ്രത്യേകം മോയ്സ്ചറൈസർ ഉപയോഗിക്കുന്നതാവും നല്ലത്. മുഖത്തെ ചർമം ശരീരത്തിലെ ചർമത്തെ അപേക്ഷിച്ച് കുറച്ചു കൂടി സെൻസിറ്റീവ് ആണ്. മോയ്സ്ചറൈസറിലെ ഹയലുറോനിക് ആസിഡ് പോലെയുളള ഘടകങ്ങൾ ചർമത്തിലെ ജലാംശം പിടിച്ചു നിർത്താൻ സഹായിക്കും. മുഖത്ത് ഈ ഘടകം അടങ്ങിയ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്.

നമ്മുടെ ശരീരത്തിലുള്ള ഘടകമാണ് ഹയലുറോനിക് ആസിഡ്. കൂടുതലും ചർമത്തിലാണ് ഈ ഘടകം കാണപ്പെടുന്നത്.  പിന്നെ സന്ധികളിലും. ചർമത്തിലെ ജലാംശം കൂടുതൽനേരം നിലനിർത്താൻ ഹയലുറോനിക് ആസിഡ് സഹായിക്കും. പ്രായമേറുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചുളിവുകളും വരൾച്ചയും കുറയ്ക്കാനും ഇവ ഗുണകരമാണ്. അൾട്രാവയലറ്റ് രശ്മികളേൽക്കുന്നത് മൂലമുള്ള പ്രായത്തിന്റെ അടയാളങ്ങൾ തടയാനും ഹയലുറോനിക് ആസിഡ് പ്രയോജനപ്പെടും. ഹയലുറോനിക് ആസിഡ് അടങ്ങിയ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ചർമത്തിന്റെ മൃദുലതയും ഭംഗിയും കൂടുതൽ നേരം നിലനിർത്താൻ ഉത്തമമാണ്.

പ്രായം കൂടുമ്പോൾ ചർമത്തിന്റെ ഭംഗി നിലനിർത്താൻ എന്താണ് ചെയ്യേണ്ടത്?

പ്രായം കൂടുന്തോറും ശരീരത്തിെല ജലാംശത്തിന്റെ അളവ് കുറയും. ചർമം കൂടുതൽ വരളാനും ചുളിവുകൾ വീഴാനും ഇടയുണ്ട്. കറുത്ത കുത്തുകളും പാടുകളും വീഴാനും തുടങ്ങാം. പ്രായമാകുമ്പോൾ നന്നായി ചൂടുള്ള വെള്ളം ഉപയോഗിച്ചു കുളിക്കുന്നത് ചർമം വരണ്ടതാകാൻ ഇടയാക്കും. ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. കൂടുതൽ നേരം നീണ്ട കുളി ഒഴിവാക്കാം.

കുളി കഴിഞ്ഞ് മൂന്നോ അഞ്ചോ മിനിറ്റിനുള്ളിൽ ദേഹം മുഴുവൻ മോയ്സ്ചറൈസിങ് ക്രീം പുരട്ടണം. പ്രായമേറുമ്പോൾ ക്രീം പുരട്ടുന്നതാകും കൂടുതൽ നല്ലത്. പത കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം. പെർഫ്യൂം അടങ്ങിയ സോപ്പുകളും ക്രീമുകളും ഒഴിവാക്കുന്നതാണ് ഉത്തമം. ഇവ ചർമത്തിന് ചൊറിച്ചിൽ ഉണ്ടാക്കാൻ ഇടയുണ്ട്. ധാരാളം വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വേണം.

സോപ്പ് ഉപയോഗിക്കുമ്പോൾ

സോപ്പ് ഉപയോഗിക്കുമ്പോൾ ചിലരുടെ ചർമത്തി ൽ കൂടുതലായി വരൾച്ച അനുഭവപ്പെടാം. ഇങ്ങനെയുള്ളവർ വെള്ള നിറമുള്ളതും അധികം പതയാത്തതുമായ േസാപ്പ്  ഉപയോഗിക്കുന്നതാണു നല്ലത്. പ ത കൂടുതലുള്ള സോപ്പ് ചർമം വരളാൻ ഇടയാക്കും. അമിതമായി വരണ്ട ചർമമാണെങ്കിൽ സോപ്പിനു പകരം ചർമത്തിനു േയാജിച്ച േബാഡി വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അമൃത എലിസബത്ത് വർഗീസ്, ഡെർമറ്റോളജിസ്റ്റ് ആൻഡ് കോസ്മെറ്റോളജിസ്റ്റ്, മാർസ്ലീവ മെഡിസിറ്റി, പാല, കോട്ടയം

Tags:
  • Glam Up
  • Beauty Tips