Friday 10 May 2024 03:13 PM IST : By സ്വന്തം ലേഖകൻ

‘വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാം’; നഖ സംരക്ഷണത്തിനുള്ള ഏഴു ടിപ്സ്

nail886

നിറപ്പകിട്ടാർന്ന അലങ്കാരപ്പണികളും വ്യത്യസ്ത ഡിസൈനുകളും ഒക്കെ നിറഞ്ഞ നെയിൽ ഫാഷൻ കൂടുതലും ഇണങ്ങുക ഫാഷൻ റാംപുകളിലാണ്. ശേഷം നഖങ്ങളെ ഏറ്റവും പ്രൗഢിയോടെ അണിയിച്ചൊരുക്കുക വിവാഹവേളയിലും. വെറൈറ്റി നെയിൽ ഇനാമലുകൾ, പേളും മുത്തും പതിപ്പിച്ചവ ഇങ്ങനെ തുടങ്ങി ത്രീഡി നെയിൽ ആർട് വരെയുണ്ട് ഇക്കൂട്ടത്തിൽ. കൃത്രിമ നഖങ്ങൾ വച്ചുപിടിപ്പിച്ചു വിശേഷാവസരങ്ങളില്‍ തിളങ്ങുന്നവരുടെ എണ്ണവും കൂടുന്നു. 

എന്നാൽ ആരോഗ്യകരമായി നഖങ്ങൾ എങ്ങനെ സൂക്ഷിക്കാം എന്നതാണ് ഏറ്റവും പ്രധാനം. വീട്ടില്‍ തന്നെ നഖങ്ങള്‍ പരിചരിച്ച് സുന്ദരമാക്കാം. ‌നെയിൽ പോളിഷ് ഇട്ടതുകൊണ്ടു മാത്രം നഖങ്ങൾക്കു സൗന്ദര്യം ലഭിക്കുമെന്നു കരുതുന്നുവെങ്കിൽ തെറ്റി. നഖസംരക്ഷണത്തിനുള്ള 7 ടിപ്സ് ആണ് താഴെ പറയുന്നത്.

1. നഖസൗന്ദര്യം വേണമെന്നുണ്ടെങ്കില്‍ കലോറിയും വിറ്റമിനും നിറഞ്ഞ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. പോഷകങ്ങൾ ആവശ്യത്തിനില്ലാത്ത ഭക്ഷണം നഖങ്ങൾ വരണ്ടതായും പെട്ടെന്ന് ഒടിഞ്ഞു പോവുക, നഖങ്ങളിൽ വരകൾ എന്നിവയുണ്ടാക്കും.

2. പോളിഷ് ചെയ്യുന്നതിനു മുൻപ് നഖങ്ങൾ വെട്ടി വൃത്തിയാക്കുക. ശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. ഉണങ്ങിയ ശേഷം മാത്രം നെയിൽ പോളിഷ് പുരട്ടുക.

3. നഖങ്ങളു‌ടെ വശങ്ങളിലുള്ള ക്യൂട്ടിക്കൾ നീക്കം ചെയ്യുക. ഇത് നെയിൽ പോളിഷ് വശങ്ങളിലേക്ക് പടരുന്നത് തടയും.

4. നഖങ്ങളുടെ വശങ്ങളിലുള്ള അധിക ക്യൂട്ടിക്കൾ നീക്കം ചെയ്യുന്നതിന് ഷാംപൂ ഇട്ട് പതപ്പിച്ച് ജലത്തിൽ അഞ്ചു മിനിറ്റ് നഖങ്ങൾ മുക്കിവയ്ക്കുക.

5. മികച്ച ബ്രാൻഡുകളുടെ നെയിൽ പോളിഷ് തന്നെ തിരഞ്ഞെടുക്കുക. പോളിഷ് ബ്രഷ് ഏറ്റവും പ്രധാനമാണ്. ഇതിൽ ആവശ്യത്തിനു പോളിഷെടുത്ത് മുകളിൽ നിന്നും താഴേയ്ക്ക് നെയിൽ പോളിഷ് പുരട്ടുക. ‌

6. കളര്‍ മിക്സ് ചെയ്ത് ഉപയോഗിക്കുവാൻ ആഗ്രഹിക്കുവന്നവർ ഒരുകോട്ട് അടിച്ച് പൂർണമായി ഉണങ്ങിയ ശേഷം അടുത്ത നിറം പുരട്ടുക. പോളിഷ് റിമൂവർ പഞ്ഞിയിലെ‌ടുത്ത് നെയിൽ പോളിഷ് തുടച്ചുമാറ്റി ഒന്നുരണ്ടു ദിവസത്തേക്ക് നഖങ്ങളെ സ്വതന്ത്രരാക്കുന്നതാണ് അവയുടെ ആരോഗ്യത്തിനു നന്ന്.

7. ഓവൽ, ചതുരം, അൽപം കൂർത്തത് എന്നിങ്ങനെ പല ആകൃതിയിലും നഖങ്ങൾ വെട്ടി സൂക്ഷിക്കാം. അൽപം ചതുരാകൃതിയിൽ വെട്ടി സൂക്ഷിച്ചാല്‍ വേഗത്തിൽ അടർന്നു പോകാതിരിക്കും. വൃത്തിയായി സൂക്ഷിക്കാനും എ​ളുപ്പമായിരിക്കും.

Tags:
  • Glam Up
  • Beauty Tips