അഴകുള്ള മുടി സ്വന്തമാക്കാൻ ആഴ്ചയിലൊരിക്കൽ ഹെയർ സ്ക്രബ് പരീക്ഷിച്ചാൽ മതി. താരൻ അകറ്റാനും ശിരോചർമത്തിലെ മൃതകോശങ്ങൾ അകറ്റി കരുത്തോടെ മുടി വളരാനും സഹായിക്കുന്ന ഹെയർ സ്ക്രബ് കൂട്ടുകൾ അറിയാം.
കരുത്തോടെ മുടി വളരും
ഓട്സ് പൊടിച്ചത്, ബ്രൗൺഷുഗർ, കല്ലുപ്പ് പൊടിച്ചത് ഇവയെല്ലാം ഹെയർ സ്ക്രബിന് ചേരുവയായി ഉപയോഗിക്കാറുണ്ട്. ശിരോചർമം വൃത്തിയാക്കി രക്തയോട്ടം വർധിപ്പിക്കുന്നതിന് ഈ കൂട്ടുകൾ സഹായിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ ഹെയർ സ്ക്രബ് ഉപയോഗിക്കരുത്.
∙ രണ്ട് വലിയ സ്പൂൺ വീതം ഓട്സ് പൊടിച്ചത്, ബ്രൗൺ ഷുഗർ, ഹെയർ കണ്ടീഷനർ ഇവ ചേർത്തു മിശ്രിതമാക്കുക. ഈ കൂട്ട് ശിരോചർമത്തിൽ പുരട്ടി വിരലുകൾ കൊണ്ട് വൃത്താകൃതിയിൽ മസാജ് ചെയ്യണം. പത്ത് മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് തല കഴുകി വൃത്തിയാക്കുക.
∙ അരക്കപ്പ് ബ്രൗൺഷുഗറിൽ മൂന്ന് വലിയ സ്പൂൺ ഒലിവ് ഓയിൽ, പത്ത് തുള്ളി നാരങ്ങാനീര് ഇവ ചേർത്ത് മിശ്രിതമാക്കി തലയിൽ പുരട്ടി മസാജ് ചെയ്യുക. അഞ്ച് മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ശിരോചർമവും മുടിയും കഴുകി വൃത്തിയാക്കുക. ആഴ്ചയിലൊരിക്കൽ ഈ ഹെയർസ്ക്രബ് തലയിൽ പുരട്ടാം.
∙ രണ്ട് വലിയ സ്പൂൺ ഓട്സ് പൊടിച്ചതിൽ ഒരു വലിയ സ്പൂൺ വെള്ളം, രണ്ട് വലിയ സ്പൂൺ വൈറ്റ് വിനാഗരി, ഒരു വലിയ സ്പൂൺ ഒലീവ് ഓയിൽ ഇവ ചേർത്ത് ശിരോചർമത്തിൽ പുരട്ടി ഇരുപത്തിയഞ്ച് മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകി വൃത്തിയാക്കുക.
∙ രണ്ട് വലിയ സ്പൂൺ ഉലുവ പൊടിച്ചതിൽ അഞ്ചോ ആറോ വലിയ സ്പൂൺ തൈര്, ഒരു വലിയ സ്പൂൺ ഒലിവ് ഓയിൽ, ഒരു ചെറിയ സ്പൂൺ നെല്ലിക്ക പൊടിച്ചത് ഇവ ചേർത്ത് മിശ്രിതമാക്കി തലയിൽ പുരട്ടി മസാജ് ചെയ്യുക. പത്ത് മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
∙ രണ്ട് വലിയ സ്പൂൺ കല്ലുപ്പ് പൊടിച്ചതിൽ നാല് വലിയ സ്പൂൺ നാരങ്ങാനീരും രണ്ട് വലിയ സ്പൂൺ ഒലീവ് ഓയിലും ചേർത്തു മിശ്രിതമാക്കി ശിരോചർമത്തിൽ പുരട്ടുക. പത്ത് മിനിറ്റ് മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇളംചൂട് വെള്ളത്തിൽ തല കഴുകി വൃത്തിയാക്കുക.