Thursday 14 March 2024 12:28 PM IST : By സ്വന്തം ലേഖകൻ

നാരങ്ങാനീര്, ആപ്പിൾ സിഡര്‍ വിനിഗർ, ടൂത്പേസ്റ്റ്... മുഖക്കുരുവിന്റെ പൊടിക്കൈ എന്ന് പ്രചരണം: പണികിട്ടാതെ ശ്രദ്ധിക്കാം

pimple-care

കൗമാരത്തിൽ ഏറെ അലട്ടുന്ന പ്രശ്നങ്ങളുടെ പേരെഴുതാൻ പറഞ്ഞാൽ എല്ലാ ഉത്തരങ്ങളിലും മുഖക്കുരു ഉണ്ടാകും. കൗമാരത്തിന്റെ അടയാളമായാണ് മുഖക്കുരുക്കളെ കണ്ടിരുന്നതു പോലും.

പക്ഷേ, ചിലരിലിത് ആത്മവിശ്വാസത്തിൽ പാടുകൾ വീഴ്ത്തുന്ന പ്രശ്നമായി വളരാം. മുഖക്കുരു തന്നെ പല ഗ്രേഡുകളിലുണ്ട്. തുടക്കത്തിൽ ശ്രദ്ധിക്കാതിരുന്നാൽ മുഖത്തു പാടുകളും വടുക്കളുമായി സങ്കീർണ പ്രശ്നമായതു മാറും. അത്തരം സാഹചര്യം ഒഴിവാക്കാൻ മുഖക്കുരുവിന്റെ കാരണങ്ങളും ഗ്രേഡും ചികിത്സാരീതിയും മനസ്സിലാക്കാം.

എന്താണീ മുഖക്കുരു?

ചർമത്തിന് എണ്ണമയം നൽകുന്ന ‘സെബം’ എന്ന സ്രവം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികൾ. ഈ സ്രവം, രോമകൂപത്തോടു ചേർന്നുള്ള സുഷിരങ്ങൾ വഴി ചർമത്തിലെത്തുന്നു. ഈ സുഷിരങ്ങൾ അടഞ്ഞിരുന്നാൽ സെബം പുറത്തെത്താകാനാകാതെ ഉള്ളിൽ തന്നെ തങ്ങും. ഇതു പതിയെ വീർത്തു കുരുക്കളാകും.

മുഖത്ത് എണ്ണമയം അധികമായുള്ള നെറ്റി, കവിൾ, മൂക്കിന്റെ വശങ്ങൾ, താടി എന്നീ ഭാഗങ്ങളിലാണ് മുഖക്കുരു കൂടുതലായുണ്ടാകുന്നത്. മുഖത്തു മാത്രമല്ല, സെബേഷ്യസ് ഗ്രന്ഥികൾ അധികമുള്ള നെഞ്ച്, പുറം, തോളിനും കൈമുട്ടിനും ഇടയിലുള്ള ഭാഗം (അപ്പർ ആം) എന്നിവിടങ്ങളിലും ചിലർക്കു കുരുക്കൾ വരാറുണ്ട്.

മുഖക്കുരുവിനു ഗ്രേഡുണ്ട്

ഗ്രേഡ് ഒന്ന്: ആദ്യഘട്ടത്തിൽ വരുന്ന മുഖക്കുരു (comedones) രണ്ടു തരമുണ്ട്. ഒന്ന് ബ്ലാക്ക് ഹെഡ്‌സ് (Black heads) രണ്ടാമത്തേത് വൈറ്റ് ഹെഡ്‌സ്‌ (white heads). കൂടാതെ ചെറിയ ചുവന്ന കുരുക്കളായ പാപ്യൂൾസും (papules) ഗ്രേഡ് ഒന്നിൽ പെടും.

ഗ്രേഡ് രണ്ട് : ഈ ഘട്ടത്തിൽ ഗ്രേഡ് ഒന്നിലുള്ളവയ്ക്കു പുറമേ പഴുപ്പു നിറഞ്ഞ ചെറിയ കുരുക്കളും (പസ്ട്യൂൾസ്) ഉണ്ടാകും.

ഗ്രേ‍ഡ് മൂന്ന് : സിസ്റ്റുകൾ എന്നു വിളിക്കുന്ന വലിയ മുഖക്കുരുക്കള്‍ കൂടി ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയ്ക്കൊപ്പം മുഖത്തു വന്നുതുടങ്ങും.

ഗ്രേഡ് നാല് : ഈ ഘട്ടത്തിൽ സിസ്റ്റുകളായിരിക്കും കൂടുതൽ. ഒപ്പം വലുപ്പം കൂടിയ നോഡുലോസിസ്റ്റിക് ആക്നെയും വരും.

2311850593

മുഖക്കുരുക്കൾ ഗ്രേഡ് വണ്ണിൽ എത്തുമ്പോൾ തന്നെ ചികിത്സിച്ചാൽ അവ കൂടിയ ഗ്രേഡുകളിലേക്കു മാറാതിരിക്കും. മുഖക്കുരുവിൽ അണുബാധയുണ്ടാകുമ്പോഴാണ് അവ പഴുക്കാനും വേദനയുണ്ടാക്കാനും തുടങ്ങുന്നത്. ഇ ത്തരം മുഖക്കുരു ഉണങ്ങുമ്പോൾ പാടുകളും വടുക്കളും (scars) അവശേഷിക്കുകയും ചെയ്യും.

കൗമാരവും മുഖക്കുരുവും തമ്മിൽ

മിക്കവരുടെയും കൗമാരക്കാലത്തായിരുന്നു മുഖക്കുരുവിന്റെ ആദ്യവരവ്. കൗമാരപ്രായമാകുമ്പോഴേക്കും ലൈംഗികഹോർമോണുകളുടെ പ്രവർത്തനം മൂലം സെബം ഉൽപാദനം അധികമാകുന്നതാണു കാരണം. എന്നാൽ ഇപ്പോൾ മുഖക്കുരുവിന്റെ എൻട്രി പ്രീ ടീൻ കാലത്തേക്കു മാറി. പെൺകുട്ടികൾക്ക് എട്ടു വയസ്സിലും ആൺകുട്ടികൾക്കു പത്തു വയസ്സിലും തുടങ്ങുന്നു പ്രീ ടീൻ.

ടീനേജും മുഖക്കുരുവും തമ്മിലല്ല ഹോർമോണും മുഖക്കുരുവുമായാണ് ബന്ധം. ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലുമൊക്കെ വന്ന മാറ്റമാകാം കൗമാരത്തിനും മു ൻപേയെത്തുന്ന ഹോർമോൺ കളികൾക്കു പിന്നിൽ.

മുഖക്കുരുവിലേക്കു നയിക്കുന്നത്

ഹോർമോണ്‍: ലൈംഗികഹോർമോണുകളാണു പ്രധാനമായും സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നത്. പുരുഷഹോർമോണായ ടെസ്‌റ്റോസ്‌റ്റിറോ ൺ അവയെ ഉത്തേജിപ്പിക്കുന്നു. എന്നാൽ ‌സ്ത്രൈണഹോർമോണായ ഈസ്ട്രജൻ അവയെ മന്ദീഭവിപ്പിക്കുന്നു.

പ്രായപൂർത്തിയാകുന്ന ഘട്ടത്തിലും ആർത്തവചക്രത്തിലെ ഹോർമോൺ ഉൽപാദനം കാരണവും മുഖക്കുരു ഉണ്ടാകാം. മിക്ക സ്ത്രീകളിലും മാസമുറ തുടങ്ങുന്നതിന് അഞ്ച് – ഏഴു ദിവസം മുൻപു മുഖക്കുരു വരാറുണ്ട്.

ആർത്തവത്തകരാറുകൾക്കും പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രമിനും (PCOS) കാരണം ഹോർമോൺ വ്യതിയാനമാണ്. അതുകൊണ്ടാണ് ഈ പ്രശ്നങ്ങളുള്ളവരിൽ മുഖക്കുരു കൂടുതലായി വരുന്നത്. ചിലരിൽ ഗർഭകാലത്തും മുഖക്കുരു അധികരിക്കാറുണ്ട്.

ജനിതകഘടകങ്ങൾ : അച്ഛനോ അമ്മയ്ക്കോ മുഖക്കുരുവിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മക്കൾക്കും വരാം. പാരമ്പര്യം മുഖക്കുരുവിന്റെ ഒരു പ്രധാന കാരണമാണ്.

ഭക്ഷണശീലം : ഗ്ലൈസീമിക് ഇൻഡക്സ് (രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു പെട്ടെന്നു വർധിപ്പിക്കുന്നവ) ഉള്ള ഭക്ഷണവും പാലും പാലുൽപന്നങ്ങളും അധികമായി കഴിക്കുന്നവരിൽ മുഖക്കുരു കൂടുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. സംസ്കരിച്ച ധാന്യം, പഞ്ചസാര അടങ്ങിയതും അന്നജം കൂടുതലുള്ളതുമായ ഭക്ഷണം എന്നിവയുടെ അളവു കുറയ്ക്കാം. ഇവ കഴിക്കുമ്പോൾ ധാരാളം പച്ചക്കറികൾ ഒപ്പം കഴിക്കാനും ശ്രദ്ധിക്കുക.

പാലിൽ വില്ലനാകുന്നത് പശുവിന്റെ പാലുൽപാദനം കൂട്ടാൻ കാലിത്തീറ്റയിൽ ചേർക്കുന്ന ഘടകങ്ങളാകാം. ഇതു ഹോർമോൺ വ്യതിയാനങ്ങളിലേക്കു നയിക്കുകയും മുഖക്കുരുവിനു കാരണമാകുകയും ചെയ്യും.

എല്ലാ പോഷകവും ശരീരത്തിന് ആവശ്യമാണ്. അതുകൊണ്ട് ഒരാഹാരവും പൂർണമായി ഒഴിവാക്കാതെ സമീകൃത ആഹാരശീലം പിന്തുടരുകയാണ് വേണ്ടത്. ഒപ്പം വ്യായാമവും വേണം. ശരീരത്തിലെ രക്തയോട്ടം വർധിക്കുമ്പോൾ ചർമം കൂടുതൽ സുന്ദരവും ആരോഗ്യകരവുമാകും. അമിതവണ്ണമുള്ളവരിലും മുഖക്കുരു കാണാറുണ്ട്.

സ്കിൻ ലൈറ്റനിങ് ക്രീമിന്റെ ഉപയോഗം: ചർമം വെളുക്കാൻ പുരട്ടുന്ന ക്രീമുകൾ മൂലമുണ്ടാകുന്ന മുഖക്കുരുവുമായി ഡെർമറ്റോളജിസ്റ്റിന്റെ അടുത്തെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത്തരം ക്രീമുകളിൽ സ്റ്റിറോയ്ഡ്സും ഹൈഡ്രോക്വിനോണും അടങ്ങിയിട്ടുണ്ടാകും. ഇവ ചർമത്തെ നേർത്തതാക്കി ചർമത്തിന്റെ ആരോഗ്യം കെടുത്തും. ഒരേ വലുപ്പമുള്ള മുഖക്കുരുക്കളാണ് സ്കിൻ ലൈറ്റനിങ് ക്രീം ഉപയോഗിക്കുന്നതിന്റെ പരിണിതഫലമായുണ്ടാകുന്നത്.

2365480043

കോസ്മെറ്റിക്സിന്റെ തെറ്റായ ഉപയോഗം : ചർമസ്വഭാവവും ചർമപ്രശ്നങ്ങളും മനസ്സിലാക്കി യോജിക്കുന്ന കോസ്മെറ്റിക്സ് ഉപയോഗിച്ചില്ലെങ്കിൽ മുഖക്കുരു വരും. ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തോടെ മാത്രം കോസ്മെറ്റിക്സ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അധികസമയം മേക്കപ് അണിയുന്നത് ചർമസുഷിരങ്ങൾ അടഞ്ഞിരിക്കാനും മുഖക്കുരു ഉണ്ടാകാനും കാരണമാകും. രാത്രി ഉറങ്ങും മുൻപ് മേക്കപ് പൂർണമായി നീക്കം ചെയ്യാനും ഓർക്കുക

മാനസിക സമ്മർദം : ടെൻഷൻ കൂടുമ്പോൾ മുഖക്കുരുവും കൂടാം. മുഖക്കുരുവിന്റെ പ്രധാനകാരണങ്ങളിലൊന്നാണ് മാനസിക പിരിമുറുക്കം. പരീക്ഷാകാലത്തു കൗമാരക്കാർക്കു മുഖക്കുരു കൂടുതലായി വരാറുണ്ട്.

മറ്റു ഘടകങ്ങൾ : ആരോഗ്യകരമല്ലാത്ത ജീവിതശൈലി പിന്തുടരുന്നവരിൽ പ്രായം നോക്കാതെ മുഖക്കുരു വരാം. പുകവലി പോലുള്ള ദുഃശീലങ്ങൾ ഒഴിവാക്കണം.

ജോലി സംബന്ധമായി രാസപദാർഥങ്ങളുടെ സമ്പർക്കവും അന്തരീക്ഷത്തിലെ ഘടകങ്ങളും മുഖക്കുരുവിനു കാരണമാകാം. ചില രോഗങ്ങൾക്കു കഴിക്കുന്ന മരുന്നുകൾ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും മുഖക്കുരുവിനു കാരണമാകുന്നുണ്ട്.

ഹിസ്റ്ററി അറിയണം

മുഖക്കുരുവിന്റെ കാരണം കണ്ടെത്തി വേണം ചികിത്സ. അതുകൊണ്ട് ഓരോരുത്തരുടെയും ലൈഫ് ഹിസ്റ്ററിയും ലൈഫ് സ്റ്റൈൽ ഹിസ്റ്ററിയും വളരെ പ്രധാനമാണ്. മുഖക്കുരുവിനൊപ്പം ആർത്തവക്രമക്കേടുകൾ, മുഖത്ത് അ മിത രോമവളർച്ച എന്നിവയുണ്ടെങ്കിൽ പോളിസിസ്‌റ്റിക് ഓവേറിയൻ സിൻഡ്രം ഉണ്ടാകാം. ഹോർമോൺ പ്രൊഫൈൽ എടുക്കുന്നതിലൂടെ ഹോർമോൺ തകരാറുകൾ അറിയാൻ കഴിയും. ഇതു പരിഹരിക്കുമ്പോൾ മുഖക്കുരുവും അകലും.

ചില മരുന്നുകളുടെ പാർശ്വഫലം മൂലം മുഖക്കുരു വരാമെന്നതിനാൽ കഴിക്കുന്ന മരുന്നുകളും അടുത്തിടെ വന്നുപോയ രോഗവുമൊക്കെ ഡോക്ടറോടു പറയണം.

മുഖത്ത് ഇടയ്ക്കിടെ തൊടുന്നതും ചൊറിയുന്നതും മുഖക്കുരു വരുന്നതു കൂടാൻ കാരണമാകാം. മുഖക്കുരു കുത്തിപ്പൊട്ടിക്കുകയേ അരുത്. ഇതു പാടുകൾ വീഴ്ത്തും. ഇ ത്തരം ചെറിയ കാര്യങ്ങളിൽ കർശനമായ ശ്രദ്ധ വേണം.

ചികിത്സ തീവ്രതയനുസരിച്ച്

മുഖക്കുരു രണ്ടോ മൂന്നോ മാസം കൊണ്ടു ചികിത്സിച്ചു ഭേദമാക്കാനാകും. എന്നാൽ ഇവ വേണ്ട രീതിയിൽ ചികിത്സിക്കാതെ കലകളും വടുക്കളുമായി മാറിയാൽ രണ്ടു വർഷത്തോളം ചികിത്സിക്കേണ്ടി വരും.

മുഖക്കുരുവിന്റെ ചികിത്സ അതിന്റെ തീവ്രതയനുസരിച്ചാണ്. ഗ്രേഡ് വൺ, ടു മുഖക്കുരുക്കൾ അകറ്റാൻ മരുന്നുകളും ലേപനങ്ങളും മതിയാകും. ആന്റി ബാക്ടീരിയൽ/ആന്റി ഇൻഫ്ലമേറ്ററി മരുന്ന്, മുഖത്ത് അമിത എണ്ണമയമുണ്ടാകാതെ കാക്കുന്ന സാലിസിലിക് ആസിഡ് അടങ്ങിയ ലേപനങ്ങൾ എന്നിവയ്ക്കു പുറമേ രാവിലെ പുരട്ടാൻ ആന്റി ബാക്ടീരിയൽ ഓയിൻമെന്റ്സും രാത്രി പുരട്ടാൻ സെബേഷ്യസ്‍ ഗ്രന്ഥിയുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന ലേപനങ്ങളും നൽകും.

ചികിത്സ ക്രമമാകുന്നതോടെ പുതിയ മുഖക്കുരു വരാതിരിരിക്കും. ഉള്ളവ പതിയെ മായുകയും ചെയ്യും.

മുഖക്കുരു ഗ്രേഡ് ത്രീ, ഫോർ ഘട്ടത്തിലേക്ക് എത്തിയാൽ ഐസോട്രെറ്റിനോയിൻ മരുന്നുകൾ ഫലം നൽകും. ഇത്തരം മരുന്നു കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. അതുകൊണ്ട് സെർട്ടിഫൈഡ് ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തോടെ വേണം കഴിക്കാൻ. ഒപ്പം ലേപനങ്ങളും ഉപയോഗിക്കണം.

പാടു മായ്ക്കാൻ

മുഖക്കുരുവിന്റെ കലകൾ മായ്ക്കാൻ മികച്ച ചികിത്സയാണ് മൈക്രോ നീഡിലിങ് & റേഡിയോ ഫ്രീക്വൻസി ട്രീറ്റ്മെന്റ്. ഇതിനൊപ്പം പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ ട്രീറ്റ്മെന്റ് (PRP) കൂടി ചെയ്താൽ ചുരുങ്ങിയ സിറ്റിങ്ങിൽ തന്നെ ഫലം കാണും.

മുടികൊഴിച്ചിലിനു ഗുണകരമാകുന്ന ട്രീറ്റ്മെന്റായാണ് പിആർപി പലർക്കും പരിചിതം. എന്നാൽ മുഖസൗന്ദര്യം കൂട്ടാനും ഇതു സാധാരണമായി ഉപയോഗിക്കുന്നുണ്ട്. മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ, കൊളാജൻ ഉൽപാദനത്തിന്, സ്ട്രെച്ച് മാർക്സ് അകറ്റാൻ, പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ തടയാൻ ഒക്കെ പിആർപി സഹായിക്കും. സ്വന്തം രക്തത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന പ്ലാസ്മയിലുള്ള പ്ലേറ്റ്‌ലെറ്റ്സിൽ ഗ്രോത് ഫാക്ടേഴ്സ് ഉണ്ടാകും. ഇതാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

വളരെ ചെറിയ നീഡിലുകൾ വഴി ചെറുസുഷിരങ്ങളുണ്ടാക്കി, ഇതിലൂടെ റേഡിയോ ഫ്രിക്വൻസി വേവ്സ് കടത്തിവിടുന്നതാണ് മൈക്രോ നീഡിലിങ് & റേഡിയോ ഫ്രീക്വൻസി ട്രീറ്റ്മെന്റ്. ഈ സുഷിരങ്ങളൂടെ വേർതിരിച്ചെടുത്ത പ്ലേറ്റ്‌ലെറ്റിലെ ഘടകങ്ങളും ചർമത്തിലെത്തിക്കും. ചർമം ദൃഢമാകാനും കലകൾ മായാനും ഇതു സഹായിക്കും. വേദനരഹിതമായ ചികിത്സയാണിത്.

സിഒടു ലേസർ, കെമിക്കൽ പീലിങ് എന്നിവയും മുഖക്കുരുവിന്റെ വടുക്കളും നിറവ്യത്യാസമുള്ള പാടുകളും അകറ്റാൻ സഹായകമാണ്.

ഹോം കെയറിൽ പാളരുത്

നാരങ്ങാനീര്, ആപ്പിൾ സിഡര്‍ വിനിഗർ, ടൂത് പേസ്റ്റ് തുടങ്ങി പലതും മുഖക്കുരുവിന്റെ പൊടിക്കൈകളായി പറയാറുണ്ട്. ഇതെല്ലാം ചർമത്തിനു ദോഷകരമാകാമെന്ന് ഓർക്കുക.

ഓരോരുത്തരുടെയും ചർമം വ്യത്യസ്തമാണ്. അതുകൊണ്ട് ഒരാൾക്ക് ഡോക്ടർ നിർദേശിച്ച മരുന്നുകൾ മറ്റൊരാൾക്കു ഫലവത്തായേക്കില്ല. സോഷ്യൽ മീഡിയയിൽ കാണുന്ന ഉൽപന്നങ്ങൾ വാങ്ങിയുപയോഗിക്കും മുൻപും ഇക്കാര്യങ്ങൾ മനസ്സിൽ വേണം.

ഡെർമറ്റോളജിസ്റ്റിനെ കണ്ട് തനിക്കു ചേരുന്ന സ്കിൻ കെയർ റുട്ടീൻ മനസ്സിലാക്കി അവ പിന്തുടരുന്നതാണ് ഹോം കെയറിൽ വേണ്ടത്. ശരിയായ സംരക്ഷണത്തിലൂടെ മുഖക്കുരു മാത്രമല്ല, പലതരം ചർമപ്രശ്നങ്ങളും അകറ്റി നിർത്താനാകും

അമ്മു ജൊവാസ്

വിവരങ്ങൾക്കു കടപ്പാട്:

ഡോ. അശ്വതി മോഹൻ

കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്, റീജെൻകെയർ ക്ലിനിക്,

എൻ‌എച്ച് ബൈപാസ്, പാലാരിവട്ടം, കൊച്ചി