സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അനുഭവം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും. ചർമ്മത്തിന്റെ പ്രത്യേകത അറിയാതെ തിരഞ്ഞെടുക്കുന്ന പ്രോഡക്റ്റ്‌സാണ് യഥാർത്ഥത്തിൽ ഭംഗി നശിപ്പിക്കുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ചർമ്മത്തിന്റെ സ്വഭാവം കൂടി പരിഗണിക്കണം. പ്രത്യേകിച്ചും ഓയിലി സ്കിൻ ഉള്ളവർ കൂടുതൽ എണ്ണമയം തരുന്ന ഫെയ്സ്പായ്ക്കുകൾ ഉപയോഗിച്ചാൽ മുഖക്കുരു വരാനുള്ള സാധ്യത ഇരട്ടിയാണ്.
ഓയിലി സ്‌കിന്‍ - ക്ലീനിങ് രീതികൾ
കടലമാവിന് അഴുക്കിനെയും അധികമുള്ള എണ്ണമയത്തെയും ഇളക്കിയെടുക്കാനുള്ള കഴിവുണ്ട്. മൃതകോശങ്ങളെയും നീക്കി മുഖത്തിന് ഫ്രെഷ് ലുക്ക് നല്‍കും. ഇളംചൂടുവെള്ളത്തില്‍ മുഖം ഒന്നു കഴുകി കടലമാവ്, അല്‍പം ചെറുപയര്‍പൊടി, മഞ്ഞള്‍പ്പൊടി എന്നിവയുടെ മിശ്രിതം മൃദുവായി നല്ലപോലെ തേച്ചുപിടിപ്പിക്കുക. കുറച്ചുസമയം വച്ചശേഷം കഴുകിക്കളയാം. ദിവസേന ചെയ്യാവുന്ന ഒരു ക്ലീനിങ് രീതി ആണിത്.
മൃതമായതും അഴുക്കുള്ളതും മങ്ങിയതുമായ ചര്‍മത്തിന്റെ പാളിയെ ഇളക്കിക്കളയാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗറിലെ മാലിക് ആസിഡിന് കഴിയും. അതിന്റെ അസിഡിക് സ്വഭാവം ചര്‍മത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ 3 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിക്കുക.(സെന്‍സിറ്റീവ് സ്‌കിന്‍ ആണെങ്കില്‍ 5 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തണം.) സാധാരണ വെള്ളത്തില്‍ മുഖം കഴുകി പഞ്ഞികൊണ്ട് നേര്‍പ്പിച്ച ആപ്പിള്‍ സൈഡര്‍ വിനിഗര്‍ മുഖത്ത് താഴെ നിന്ന് മുകളിലേക്ക് പുരട്ടുക. കണ്ണുകളുടെ ചുറ്റിനുമുള്ള ഭാഗം ഒഴിവാക്കാം. കുറച്ചുനേരം വച്ച ശേഷം കഴുകി മെല്ലെ വെള്ളം ഒപ്പിയെടുക്കാം. ചര്‍മത്തിനു ചേരുന്ന നല്ലൊരു മോയ്ചറൈസര്‍ പുരട്ടണം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ മതി.
ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന രണ്ട് സാധനങ്ങളാണ് തേനും നാരങ്ങയും. നല്ല ക്ലെന്‍സിങ് ഏജന്റായ നാരങ്ങാനീര് അമിതഎണ്ണമയം ഇല്ലാതാക്കുകയും ചെയ്യും. ചര്‍മത്തെ പരിപോഷിപ്പിക്കാനും ജലാംശമുള്ളതാക്കാനും തേനിന് കഴിയും. 2 ടേബിള്‍സ്പൂണ്‍ തേനും 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും കലര്‍ത്തുക. കട്ടി കൂടുതലാണെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് കട്ടി കുറയ്ക്കാം. മുഖത്തു തേച്ച് ഒന്നു രണ്ടു മിനിറ്റ് മസാജ് ചെയ്യണം. പത്ത് മിനിറ്റു കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകിക്കളയാം. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഇത് ചെയ്യുന്നതാണ് നല്ലത്.