Tuesday 20 September 2022 04:29 PM IST : By സ്വന്തം ലേഖകൻ

‘തലയിലെ താരൻ മൂലവും മുഖക്കുരു ഉണ്ടാകും’; പാടുകളില്ലാത്ത സുന്ദര ചർമം സ്വന്തമാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

hjg546diet

പാടുകളില്ലാത്ത സുന്ദര ചർമം സ്വന്തമാക്കണോ? താരൻ, മുഖക്കുരു, സൺ ബേൺ, അലർജി എന്നിവയെപ്പറ്റി അറിയേണ്ടതെല്ലാം. മേക്കപ്പ് കൊണ്ട് ചർമത്തിന്റെ അപാകതകളെ മറയ്ക്കാനാകും. പക്ഷേ, നമുക്ക് ആത്മവിശ്വാസം പകർന്നു തരുന്നത് മേക്കപ്പ് ഇല്ലാത്ത, നൈസർഗിക സൗന്ദര്യമായിരിക്കും എന്നുറപ്പ്. പാടുകളില്ലാത്ത തിളങ്ങുന്ന ചർമത്തിന് വില്ലനാകുന്നതോ? ചർമത്തിലെ പലവിധ പാടുകളും.

മുഖക്കുരു, സൺ ബേൺ, വൈറ്റമിനുകളുടെ കുറവ്, അലർജി തുടങ്ങി പാടുകൾക്ക് കാരണങ്ങൾ നിരവധി. പ്രായം കൂടും തോറും പാടുകളും അധികരിക്കും. യഥാർഥ കാരണം തിരിച്ചറിഞ്ഞ് ശരിയായ പരിചരണം നൽകിയാൽ പാടുകളോടു പറയാം ഒരുതരിപോലും ഇനി പാടില്ല എന്ന്.

എങ്ങനെയാണ് ഈ പാടുകൾ ഉണ്ടാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ചർമത്തിന് നിറം കൊടുക്കുന്ന മെലാനിൻ ഉൾക്കൊള്ളുന്ന മെലാനോസൈറ്റ് സെല്ലുകൾ ചർമത്തിൽ ഉടനീളം ഉണ്ട്. ചിലപ്പോൾ മെലാനോസൈറ്റ് ഒട്ടിച്ചേർന്ന കൂടു പോലെ രൂപപ്പെടും. ഇത് മറുകുകളായും പാടുകളായും പിന്നീട് പുള്ളിക്കുത്തുകളായും മാറും. മെലാനിന്റെ വിന്യാസത്തിൽ വരുന്ന വ്യത്യാസമാണ് ചർമത്തിലെ മറ്റു പലവിധ പാടുകളായും മാറുന്നത്.

ഏജ് സ്പോട്ട്

ചർമത്തിന്റെ പ്രതലത്തിൽ ചർമത്തോട് േചർന്ന് 5–20 മില്ലി മീറ്റർ വലുപ്പത്തിൽ കാണുന്ന പാടുകളാണ് ഏജ് സ്പോട്ടുകൾ അല്ലെങ്കിൽ ഹൈപ്പർ പിഗ്‌മെന്റേഷൻ എന്നത്. കടുത്ത കറുത്ത നിറമല്ല, മറിച്ച് തവിട്ട് കലർന്ന കറുപ്പോടെയായിരിക്കും ഈ പാടുകൾ വരിക. മധ്യവയസ്സെത്തിയവരുടെ പ്രധാന പ്രശ്നമാണ് ഏജ് സ്പോട്ടുകൾ. തുടർച്ചയായി വെയിലേൽക്കുന്നത് ഇതിന് കാരണമാകാം. അതുകൊണ്ട് ഇവയെ സോളാർ ലെൻറ്റിജീൻസ് എന്നും പറയും. മറ്റു കാരണങ്ങളാലും ലെൻറ്റിജീൻസ് വരാം.

ഉടൻ ഫലം ലഭിക്കുന്നതിനുള്ള ബ്യൂട്ടി പ്രോഡക്റ്റുകളിൽ പലതിലും വലിയ തോതിൽ കെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ചർമത്തിൽ പാടുണ്ടാക്കാം. മെലനിൻ കൺട്രോൾ ഉള്ള ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കുക, കെമിക്കൽ പീലിങ്, ലേസർ ട്രീറ്റ്മെന്റ്, തുടങ്ങിയവ സ്ഥിരമായി ചെയ്യുന്നത് ചർമത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും. ചർമത്തിന് നിറം കിട്ടുന്നതിന് താൽക്കാലികമായി ചെയ്യുന്ന ഇവ ഭാവിയിൽ പാടുകൾ വരുന്നതിന് കാരണമാകാം.

നാൽപത് വയസ്സിനു മേൽ ഇത്തരം പാടുകൾ മിക്കവരിലും കാണാം. എങ്കിലും നന്നായി ചർമം സംരക്ഷിച്ചാൽ ഇവ അകറ്റി നിർത്താം. ഏജ് സ്പോട്ട്സ് ആരോഗ്യപരമായി ബുദ്ധിമുട്ടിക്കുന്നവയല്ല. എന്നാലും സൗന്ദര്യപരമായി ഇവ ഏറെ ബുദ്ധിമുട്ടിക്കുന്നവയാണ് താനും.

എസ്പിഎഫ് 50 എങ്കിലും ഉള്ള സൺ പ്രൊട്ടക്‌ഷൻ ക്രീമുകൾ ഉപയോഗിക്കുന്നത് ലെൻറ്റിജീൻസ് വരാതെ കാക്കും. ബ്രൗൺ സ്പോട്ട്സ് സോയാബീൻ വാങ്ങി ഉണക്കി പൊടിച്ച് അതിൽ രണ്ട് തുള്ളി ആപ്പിൾ വിനഗർ ചേർത്ത് പുരട്ടുക. ഇത് പാടുകൾ കുറയാൻ സഹായിക്കും. ഓട്സ്, ബദാം, വോൾനട്ട്, രണ്ട് തുള്ളി ചെറുനാരങ്ങ നീര്, അൽപം തേൻ, ആപ്പിൾ, സ്ട്രോബറി, കാരറ്റ്, ഇതിൽ ഏതെങ്കിലും പഴം എന്നിവ ചേർത്ത് പേസ്റ്റ് ആക്കി ഫ്രിഡ്ജിൽ വയ്ക്കുക. ഇടയ്ക്കിടയ്ക്ക് മുഖത്ത് ഇത് പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. ഡ്രൈ സ്കിൻ ആണെങ്കിൽ തൈര് കൂടി ഉൾപ്പെടുത്താം. പാട് വന്നു കഴിഞ്ഞെങ്കിൽ ഏലാദി കേരം വെളിച്ചെണ്ണ മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ച ശേഷം ഫെയ്സ് വാഷ് അല്ലെങ്കിൽ മൈ ൽഡ് സോപ്പ് ഉപയോഗിച്ചു കഴുകാം.

ബെർത് മാർക്ക്

ജനിക്കുമ്പോൾ തന്നെ ചർമത്തിലുണ്ടാകുന്ന നിറവ്യത്യാസത്തോടെയുള്ള പാടുകളാണ് ഇവ. ചുവപ്പോ കറുപ്പോ തവിട്ടോ നിറത്തിലുള്ള പാടുകളായിരിക്കും. ആരോഗ്യപ്രശ്നമില്ലാത്തതിനാൽ ഇവയെ അവഗണിക്കുകയാണ് നല്ലത്. എന്നാലും കവിളിലോ, കഴുത്തിലോ, പുറത്തോ ഒക്കെയാണ് ബർത്ത് മാർക്ക് ഉള്ളതെങ്കിൽ അവ മായ്ക്കാം. നാരങ്ങാനീര്, ഒലിവ് ഓയിൽ എന്നിവ സ്ഥിരമായി പുരട്ടുന്നത് ബെർത്ത് മാർക്കിന്റെ കടുപ്പം കുറയ്ക്കും. ലേസർ ട്രീറ്റ്മെന്റ് വഴി പൂർണമായും മാറ്റാനാകും.

സൗന്ദര്യവർധകങ്ങൾ, സൗന്ദര്യ ചികിത്സ

ചർമത്തിൽ പാടുകൾ വരുത്തുന്നതിൽ മുന്നിലാണ് സൗന്ദര്യ വർധകങ്ങളും സൗന്ദര്യ ചികിത്സകളും. വീട്ടിൽ തന്നെ ചെയ്യാവുന്ന പ്രകൃതിദത്തമായ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കണം. ഫെയർനെസ് ക്രീം, ജെൽ തുടങ്ങിയവ ബ്രാൻഡഡ് മാത്രം ഉപയോഗിക്കുക. ഓർഗാനിക് പ്രോഡക്ട് വളരെ നല്ലതാണ്.

വിലക്കുറവ് കരുതി വിപണിയിൽ കിട്ടുന്നതെന്തും വാങ്ങി ചർമത്തിൽ പരീക്ഷിക്കരുത്. ഉടൻ മികച്ച ഫലം ലഭിച്ചാലും ഇത് ഭാവിയിൽ ചർമത്തിന്റെ നിറം കുറയാനും പാടുകൾ വരാനും കാരണമാകാം. ബ്യൂട്ടി ട്രീറ്റ്മെന്റുകൾ അറിവും കഴിവും തികഞ്ഞ ബ്യൂട്ടീഷ്യന്റെ അടുത്ത് മാത്രം ചെയ്യുക. ഇന്റർനെറ്റിൽ നോക്കിയാൽ പ്രമുഖരെ കണ്ടെത്താനും റിവ്യൂ റേറ്റിങ് എന്നിവയിലൂടെ അവരുടെ നിലവാരം ഉറപ്പിക്കാനും കഴിയും.

മികച്ച ബ്രാൻഡുകൾ നോക്കി മാത്രം മേക്കപ് വസ്തുക്കൾ വാങ്ങുക. ഓർഗാനിക് മേക്കപ്പ് പ്രോഡക്റ്റുകളായിരിക്കും നല്ലത്. ആവശ്യം കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അവ ചർമത്തിൽ നിന്നു നീക്കം ചെയ്യുക. മേക്കപ്പ് മൂലം ചർമത്തിലെ സുഷിരങ്ങൾ അടയും. അവ ശരിയായ വിധം വൃത്തിയാക്കിയില്ലെങ്കിൽ മുഖക്കുരുവിന് കാരണമാകും. മേക്കപ്പ് ആസ്ട്രിൻജന്റ് ഉപയോഗിച്ച് നന്നായി തുടച്ചു കളഞ്ഞ ശേഷം ഫെയ്സ് വാഷ് ഉ പയോഗിച്ച് മുഖം കഴുകുക. അതിനു ശേഷം മോയിസ്ചറൈസർ പുരട്ടണം.

ഗർഭകാലം

ഗർഭകാലം ചർമത്തിൽ പലവിധ നിറ വ്യത്യാസങ്ങൾ ഉണ്ടാക്കും. ഹോർമോണുകളുടെ ഉയർച്ച താഴ്ചകളാണ് ഇതിന് കാരണം. ചില ഗർഭകാല മരുന്നുകളും നിറവ്യത്യാസത്തിന് കാരണമാകാം. കഴുത്തിലും തുടയിടുക്കുകളിലും വയറിലും നിറവ്യത്യാസം ഉണ്ടാകാം. ചർമം വലിഞ്ഞ് വെളുത്ത പാടുകളും വരാം. ഗർഭകാലത്ത് ഉപയോഗിക്കാവുന്ന ആയുർവേദ തൈലങ്ങൾ പുരട്ടിക്കുളിക്കുന്നത് പാടുകളെ ഒട്ടൊക്കെ പ്രതിരോധിക്കും. ഗർഭകാലത്തുണ്ടാകുന്ന പാടുകൾ പ്രസവശേഷം ആറു മാസം കഴിഞ്ഞിട്ടും പോയില്ലെങ്കിൽ മാത്രം പരിഹാരമാർഗങ്ങൾ തേടിയാൽ മതി. പാരമ്പര്യമായും ചില രോഗങ്ങളാലും ചർമത്തിൽ ഹൈപ്പർ പിഗ്‌മെന്റേഷൻ വരാം. ഉദാഹരണത്തിന് അസിഡിറ്റി, മലബന്ധം എന്നിവ ചർമത്തിൽ പാടുകൾക്ക് കാരണമാകാം. അതിന് ശരിയായ ചികിത്സ തേടാൻ മറക്കരുത്.

താരനും മുഖക്കുരുവും

പുരികങ്ങളിലും കൺപീലികളിലും ഗുഹ്യഭാഗങ്ങളിലെ രോമങ്ങളിലും താരൻ വരാം. ഇത് അതിനടുത്തുള്ള ഭാഗങ്ങളിൽ പാടുകളും കുരുക്കളും വരാൻ കാരണമാകുകയും ചെയ്യാം. തലയിലെ താരന് ഹോട്ട് ഓയിൽ ട്രീറ്റ്മെന്റ് വളരെ ഫലപ്രദമാണ്. വീട്ടിലുണ്ടാക്കുന്ന ഹെന്ന ഉപയോഗിക്കുക. ഇവ ഷാംപൂ മാസ്ക്ക് എന്നിവയെക്കാൾ ഫലപ്രദമാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും എണ്ണ ചൂടാക്കി തലയിൽ മസാജ് ചെയ്യുക. ഏലാദി വെളിച്ചെണ്ണ പോലുള്ള ആയുർവേദ തൈലങ്ങൾ ശരീരത്തിലെ താരനുകൾ അകറ്റും.

ഭക്ഷണരീതി കൊണ്ട് മുഖക്കുരുക്കൾ ഏത് പ്രായമുള്ളവരിലും കാണുന്നുണ്ട്. തലയിലെ താരൻ മൂലവും മുഖക്കുരു ഉണ്ടാകും. ഇവ പിന്നീട് പാടുകൾ അവശേഷിപ്പിക്കും. ശുചിത്വം പാലിക്കുന്നതിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഇത് ഒരു പരിധിവരെ ചെറുക്കാം.

സൺടാൻ

ചർമത്തിൽ വെയിലേറ്റുണ്ടാകുന്ന പാടുകൾ മായുക പ്രയാസമാണ്. ദീർഘനാൾ നിലനിൽക്കുന്ന പിഗ്‌മെന്റേഷന് സൺ ടാൻ കാരണമാകുന്നുണ്ട്. എസ്പിഎഫ് 50 ഉള്ള സൺ ബ്ലോക്ക് ക്രീമുകൾ എങ്കിലും വെയിലത്തിറങ്ങുമ്പോൾ ഉപയോഗിക്കണം. ദിവസത്തിൽ മൂന്നു തവണയെങ്കിലും ഇത് ഉപയോഗിക്കേണ്ടി വരും.

എല്ലിന്റെ ബലത്തിനും ചർമത്തിന്റെ സൗന്ദര്യത്തിനും വെയിലേൽക്കേണ്ടതും ആവശ്യമാണ്. രാവിലെ എട്ടു മണിക്ക് മുൻപുള്ള വെയിൽ ആണ് അഭികാമ്യം.

വിവരങ്ങൾക്ക് കടപ്പാട്: ഷഫീന, ഷഫീനാസ് സലോൺ സ്പാ മേക്കപ്പ് സ്റ്റുഡിയോ, കൊച്ചി

Tags:
  • Glam Up
  • Beauty Tips