മുടിയിൽ പുതിയൊരു സ്റ്റൈൽ പരീക്ഷിച്ചാൽ പിന്നെ, എന്തൊരു മാറ്റമാണ്. പക്ഷേ, പതിവായി കെട്ടുന്ന രീതി, വകഞ്ഞിടുന്ന സൈഡ്... ഇതൊക്കെ ഒന്നു മാറ്റി നോക്കാൻ വലിയ ടെൻഷനും. പുതിയ സ്റ്റൈൽ മുഖത്തിന് ഇണങ്ങുമോ? അണിയുന്ന വസ്ത്രവുമായി ഹെയർ സ്റ്റൈൽ മാച്ചാകുമോ? സ്ഥിരം സ്റ്റൈൽ മാറിയാൽ കോൺഫിഡൻസ് പോകുമോ? ഇങ്ങനെ ഒക്കെ ചിന്തിച്ച് പരീക്ഷണങ്ങളെ മാറ്റി നിർത്തേണ്ട. എളുപ്പത്തിൽ ചെയ്യാവുന്ന, ഏതു വസ്ത്രത്തിനൊപ്പവും ഇണങ്ങുന്ന ചില ഹെയർ സ്റ്റൈലുകൾ കണ്ടോളൂ. പാർട്ടിക്കോ, ഓഫിസിലോ... എവിടെ പോയാലും എളുപ്പത്തിൽ മുടി കെട്ടാം. കിടിലൻ മേക്കോവർ എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യാം.
ഓഫിസിലേക്കാണോ, എങ്കിൽ സിംപിൾ ആൻഡ് എലഗന്റ്
1. മുടി നന്നായി ചീകി അയണർ ഉപയോഗിച്ച് മൃദുവായി ഒന്ന് ടച്ച് ചെയ്തിടാം. സ്ട്രെറ്റ് മുടിയുള്ളവർ വീതി കൂടിയ ചീപ്പ് ഉപയോഗിച്ച് വൃത്തിയായി ചീകിയൊതുക്കിയാൽ മതി. മുടിയുടെ അറ്റം മാത്രം കളർ ചെയ്ത മുടിയിലാണ് ഈ സ്റ്റൈൽ കൂടുതൽ ഭംഗി.
2. മുടിയുടെ അടിവശങ്ങളിലായി മാത്രം ചെറിയ ചുരുളുകൾ നൽകാം. കേളർ ഉപയോഗിക്കുന്നതാണ് നല്ലത്. മുടി ചെറിയ ഭാഗങ്ങളായി തിരിച്ച് അഗ്രഭാഗങ്ങളിൽ മാത്രം വേണം കേൾ നൽകാൻ. നടുവശങ്ങളിൽ മുടി കനം കുറച്ചെടുത്ത് കൂടുതൽ ചുരുളകൾ നൽകാം.
3. കേൾ ചെയ്ത മുടി ഒന്നു വിടർത്തിയിടാം. അടിവശത്തു മുടിയിഴകൾക്കിടയിലൂടെ വിരലുകൾ ഓടിച്ച് വേണം വിടർത്താൻ. നാച്ചുറൽ ലുക് ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി മുകളിൽ നിന്ന് കേൾ ചെയ്ത ഭാഗം വരെ നന്നായി ചീകാം.
4. സ്ഥിരമായി നൽകുന്ന പോലെ നടുവിലോ സൈഡിലോ വകച്ചിൽ എടുക്കാമെന്നതാണ് ഈ സ്റ്റൈലിന്റെ പ്രത്യേകത. മുഖത്തിന്റെ ആകൃതി മാറുമോ എന്ന പേടിയേ വേണ്ട.
