Wednesday 06 October 2021 11:58 AM IST

‘മേക്കപ്പിൽ ചെറിയ പ്രശ്നം വന്നാൽ മതി, മുഖക്കുരു വരും’: ശിവദയുടെ സെൻസിറ്റീവ് ചർമ്മത്തിന് കൂട്ട് നാട്ടഴക്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

sivada-new ചിത്രം: മനോരമ ആരോഗ്യം/ ഇൻസ്റ്റഗ്രാം

നാട്ടഴകിന്റെ പൊൻചെപ്പിൽ നിന്നാണ് ശിവദയുടെ സൗന്ദര്യക്കൂട്ടുകൾ. കാച്ചെണ്ണയും നാടൻ താളിയും ഉൾക്കരുത്തേകിയ മുടിയും നാടൻ

അഴകുകൂട്ടുകളലിഞ്ഞ ചാരുതയുമായ് ഇതാ ശിവദ. പഴക്കൂട്ടുകളും അടുക്കളയിൽ നിന്നുള്ള സൗന്ദര്യപൊടിക്കൈകളും ഉൾപ്പെടെ പ്രകൃതി നൽകിയ അലങ്കാരങ്ങളാണ് തന്നെ ഇത്രയും സുന്ദരിയാക്കിയതെന്ന് അഭിമാനത്തോടെ പറയും ഈ അങ്കമാലിക്കാരി.

‘സു.. സു... സുധി വാത്‌‍മീകം’ എന്ന സിനിമയിലെ ‘കല്യാണി’ എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്. കാവ്യഭംഗിയുള്ള പുഞ്ചിരിയും ആത്മവിശ്വാസവുമുള്ള ആ പെൺകുട്ടി വളരെ പെട്ടെന്ന് എല്ലാവർക്കും പ്രിയങ്കരിയായി. നിരവധി തമിഴ്ചിത്രങ്ങളിലും നായികാവേഷമണിഞ്ഞു. പ്രിയപ്പെട്ട സൗന്ദര്യക്കൂട്ടുകളെക്കുറിച്ച് മനസ്സു തുറക്കുകയാണ് ശിവദ.

Beauty tips From My Mom

ത്രെഡിങ്, പെഡിക്യൂർ, മാനിക്യൂർ എന്നിവ മാത്രമാണ് ബ്യൂട്ടി പാർലറിൽ ചെയ്യുന്നത്. വളരെ സെൻസിറ്റീവായ തന്റെ ചർമത്തിന് കരുതൽ നൽകുന്ന

പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകൾ മാത്രമേ ശിവദ

ഉപയോഗിക്കാറുള്ളൂ. അമ്മ കുമാരി പകർന്നു നൽകിയ കുറേ സൗന്ദര്യക്കൂട്ടുകളുണ്ട് ശിവദയുടെ കൈയിൽ. തേങ്ങാപ്പാൽ പിഴിഞ്ഞ് ക്രീം പോലെ കുറുക്കും. എണ്ണയാകുന്നതിനു മുൻപുള്ള ഘട്ടമാണിത്. ഈ ക്രീം തലയോടിൽ പുരട്ടി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ നേരം വയ്ക്കും. പിന്നീട് ഷാം പൂ ഇട്ട് കഴുകും. ഒരു ‘ഹോംലി ഹെയർ സ്പാ’ യുടെ ഗുണമാണിതിന്.

ചെറുപയറുപൊടി പനിനീരിൽ യോജിപ്പിച്ചു മുഖത്തു പുരട്ടുന്നതാണ് അടുത്തത്. ചെറുപയറു പൊടി പാലിൽ യോജിപ്പിച്ചും പുരട്ടാം.

പാലിനോട് ശിവദയ്ക്ക് ചെറിയ അലർജി ഉണ്ട്. ഇത് 15 മിനിറ്റു കഴിയുമ്പോൾ ഒന്നു സ്ക്രബ് ചെയ്ത് കഴുകാം. മ‍ൃ‍തചർമം പോയി മുഖത്ത് തിളക്കം ലഭിക്കും. ‘‘ സൺടാൻ മാറ്റുന്നതിന് അമ്മ പറഞ്ഞു തന്നതാണ് തൈരും തക്കാളിക്കുഴമ്പും കൂടി ചേർത്ത മിശ്രിതം. പാലുൽപ്പന്നങ്ങൾ ഞാൻ അങ്ങനെ മുഖത്തു പുരട്ടാറില്ല. എങ്കിലും ടാൻ മാറുന്നതിന് തൈര് കൈയിൽ പുരട്ടും. മുഖത്ത് തക്കാളി മാത്രമായി പുരട്ടും. വെയിലേറ്റുള്ള ഷൂട്ട് കഴിഞ്ഞ് ഇങ്ങനെ പുരട്ടാറുണ്ട്. ബ്ലീച്ചിങ്ങിനെക്കാളും നല്ലതാണ് ’’.

താരൻ വന്നാൽ അതിനും അമ്മയുടെ ഒരു സൗന്ദര്യക്കൂട്ട് ഉണ്ട്. ഉലുവ വെള്ളത്തിൽ കുതിർത്ത് അരച്ചു തലയോടിൽ തേയ്ക്കും. മുടി വളരാനും തിളക്കം കിട്ടാനും ഇത് നല്ലതാണ്. ‘‘ മുഖം കഴുകി പപ്പായപ്പഴം പുരട്ടും. ഇതേ പോലെ ഒാറഞ്ചും തക്കാളിയും മുഖത്തു പുരട്ടാം. 10–15 മിനിറ്റ് കഴിഞ്ഞ് കഴുകാം. തക്കാളിയും

ഒാറഞ്ചും പുരട്ടിയശേഷം വെയിലു

കൊള്ളരുത്– ഇത് എന്റെ സ്വന്തം സൗന്ദര്യക്കൂട്ടാണ് ’’.

Love you Aloe vera

കറ്റാർവാഴയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് ശിവദയ്ക്ക്. മുടിക്കും ശരീരത്തിനും അഴകു പകരാൻ ഇതു മികച്ചതാണല്ലോ.‘‘ കറ്റാർവാഴ വീട്ടിലുണ്ട്. ആവശ്യം വരുമ്പോൾ മുറിച്ച് പൾപ്പ് എടുക്കും. ചിലപ്പോൾ പൾപ്പ് മിക്സിയിൽ അടിച്ചെടുക്കും. തലയോടിലും ശരീരമാകെയും

പുരട്ടി മസാജ് ചെയ്യും. ചെറുപയർ പൊടിയൊക്കെ നേരത്തെ തയാറാക്കി വയ്ക്കണം. കറ്റാർവാഴയാകുമ്പോൾ മുറിച്ച് നേരിട്ട് ഉപയോഗിക്കാം. ഒരു ഫങ്ഷനുണ്ടെങ്കിൽ കറ്റാർവാഴ ജെൽ മുഖത്തു മസാജ് ചെയ്‌താൽ മതി, നല്ല തിളക്കം

ലഭിക്കും.’’ – ശിവദ പറയുന്നു.

Behind My Beautiful Hair

അമ്മ തയാറാക്കുന്ന വെന്ത വെളിച്ചെണ്ണയാണ് മുടിയഴകിനു പിന്നിൽ. ‘‘ കറ്റാർവാഴ, കറിവേപ്പില, നെല്ലിക്ക, നീലയമരി , ഉള്ളി... അങ്ങനെ കുറേ ചേരുവകൾ ചേർത്ത് വീട്ടിൽ അമ്മ എണ്ണ കാച്ചിയെടുക്കും. സുഹൃത്തുക്കളും ഈ എണ്ണ ചോദിക്കാറുണ്ട്.

ഷൂട്ടിങ് സമയത്ത് കേളിങ്, സ്ട്രെയ്‌റ്റനിങ് പോലുള്ള കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിന്റെ ഫലമായി മുടി നന്നായി കൊഴിയും. ഇതിന് കഞ്ഞിവെള്ളം കൊണ്ട് ഒരു ട്രീറ്റ്മെന്റ് ചെയ്യാറുണ്ട്. അധികം എണ്ണയില്ലാത്ത ദിവസങ്ങളിൽ തലമുടി കഴുകുന്ന സമയത്താണ് കൂടുതൽ സൗകര്യം. തലേ ദിവസത്തെ കഞ്ഞിവെള്ളം ഒരു ഗ്ലാസ് എടുത്ത് തലയോടിൽ നന്നായി പുരട്ടി 10–20 മിനിറ്റ് വയ്ക്കും. കഞ്ഞിവെള്ളത്തിന്റെ ഗന്ധം ഒഴിവാക്കുന്നതിനു താളിയോ മൈൽഡ് ഷാംപൂവോ ഉപയോഗിക്കാം. ആഴ്ചയിൽ രണ്ടു മൂന്നു ദിവസം ഇതു ചെയ്യാറുണ്ട്. വീട്ടിലുള്ളപ്പോൾ ചെമ്പരത്തിതാളിയോ വെള്ളിലത്താളിയോ ഉപയോഗിക്കും.

Minimal Make Up

‘‘ മേക്കപ് അത്യാവശ്യമുള്ളപ്പോഴെ ചെയ്യൂ. സാധാരണ പുറത്തു പോകുമ്പോൾ പുരികം എഴുതും, തോന്നിയാൽ കണ്ണെഴുതും, ലിപ്ബാം പുരട്ടും. മേക്കപ് മാറ്റുന്നതിലും ഏറെ ശ്രദ്ധിക്കും. ഫെയ്സ് വളരെ സെൻസിറ്റീവാണ്. മേക്കപ്പിൽ ചെറിയ പ്രശ്നം വന്നാൽ, മുഖക്കുരു വരും. പച്ച വെളിച്ചെണ്ണ പുരട്ടി മുഖത്തെ മേക്കപ് കളയും. വെന്ത വെളിച്ചെണ്ണയും പുരട്ടാറുണ്ട് ’’.

മേക്കപ് പ്രോഡക്റ്റ്സ് ബ്രാൻഡഡ് ആയിരിക്കാൻ ശിവദ ശ്രദ്ധിക്കും. രാത്രി മുഖം ഡ്രൈ ആയി തോന്നിയാൽ മോയ്സ്ചറൈസർ പുരട്ടും.

My Beauty Diet

ദിവസം 2–3 ലീറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കും ശിവദ. വെജിറ്റേറിയൻ ഡയറ്റ് ഇഷ്ടപ്പെടുന്ന ആളാണ്. വിവാഹശേഷമാണ് നോൺവെജ് കഴിച്ചു തുടങ്ങിയത്. മുരിങ്ങയില പോലെ ഇലക്കറികൾ നിർബന്ധമായും കഴിക്കും. പയറുവർഗങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തും. ബ്രോക്കോളി, കുക്കുംബർ, കാപ്സിക്കം, നിലക്കടല എല്ലാം ചേർത്ത് സാലഡ് പോലെയും പരീക്ഷിക്കാറുണ്ട്. സോസ് പോലുള്ളവ ആഹാരത്തിൽ നിന്ന് ഒഴിവാക്കും. അത്ര ഫൂഡി അല്ല. ജങ്ക് ഫൂഡ് കഴിക്കുന്നതും പൊതുവെ കുറവാണ്.

My Ways to Relax

‘‘ റിലാക്സ് ചെയ്യുന്നതിനായി പാട്ടുകേൾക്കും. ഇപ്പോൾ േമാൾ അരുന്ധതിയുടെ കൂടെ കളിക്കാനാണ്

ഇഷ്ടം. സ്ട്രെസ് ഉണ്ടെങ്കിൽ അവളുടെ കൂടെ അൽപനേരം കളിക്കുമ്പോഴേക്കും അതു മാറും’’.

‘‘പുറത്തു കാണുന്നതു മാത്രമല്ല സൗന്ദര്യം. എന്നാൽ ആന്തരിക സൗന്ദര്യം കൊണ്ടു മാത്രം ആളുകളെ ഇംപ്രസ് ചെയ്യാനുമാകില്ല. ഉള്ളിലെ സന്തോഷം പുറത്തു പ്രതിഫലിച്ചാൽ മാത്രമേ മറ്റുള്ളവരിൽ അതൊരു ഇംപാക്‌റ്റ് ഉണ്ടാക്കൂ. ആന്തരിക സന്തോഷത്തിലൂടെയാണ് സൗന്ദര്യത്തിന്റെ പ്രതിഫലനം’’– ഇതാണ്

ശിവദയുടെ സൗന്ദര്യ സങ്കൽപം.പ്രകൃതിയോടിണങ്ങി നിൽക്കുന്ന അഴകിന്റെ മന്ത്രങ്ങൾ. അതു തന്നെയാണ് ശിവദയുടെ ശാലീനഭംഗിക്ക് ഇത്ര മനോഹാരിത പകരുന്നത്.