Saturday 27 November 2021 12:58 PM IST : By സ്വന്തം ലേഖകൻ

കെമിക്കലുകൾ ചേർന്ന മേക്കപ്പ് വസ്തുക്കളോട് ബൈ പറയാം; നാച്ചുറൽ സൗന്ദര്യത്തിന് ആറു വഴികൾ

make-up-green

രാസവസ്തുക്കൾ ചേർന്ന മേക്കപ്പ് വസ്തുക്കൾ അമിതമായി ഉപയോഗിക്കാതെ നാച്ചുറൽ സൗന്ദര്യം സ്വന്തമാക്കാം. അൽപ്പം ശ്രദ്ധയും സമയവും നീക്കിവച്ചാൽ മേക്കപ്പില്ലാതെ സുന്ദരിയാകാം. ആരോഗ്യവും സൗന്ദര്യവും നശിപ്പിക്കാതെ പോക്കറ്റ് കാലിയാകാതെ സൗന്ദര്യം നിലനിർത്താൻ ചില നുറുങ്ങുവിദ്യകൾ ഇതാ.. 

നിറം വർധിപ്പിക്കാൻ തുളസിയില 

വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറാനും മുഖത്തിന്റെ നിറം വർധിപ്പിക്കാനും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ ദിവസവും ആവി പിടിച്ചാൽ മതി. വ്യത്യസം വളരെപ്പെട്ടെന്ന് അറിയാനാകും. 

കൺപീലികൾ വളരാൻ ആവണക്കെണ്ണ 

കൺപീലികൾ വളരെ പെട്ടെന്ന് നീളമുള്ളതാകാൻ ആവണക്കെണ്ണ ബെസ്റ്റാണ്. രാത്രി ഉറങ്ങുന്നതിനു മുൻപ് ആവണക്കെണ്ണയിൽ ഒരൽപ്പം ബദാം എണ്ണയും എള്ളെണ്ണയും കൂടി മിക്സ് ചെയ്തു കൺപീലികളിൽ തേച്ചു പിടിപ്പിക്കുക. രാവിലെ കഴുകി കളയാം. 

ചർമം മൃദുലമാകാൻ വിനാഗിരി

കൈകാലുകൾക്ക് നിറം വർധിക്കാനും വെയിലേറ്റുണ്ടാക്കുന്ന കരുവാളിപ്പ് മാറാനും ചർമ്മത്തിന് മൃദുത്വം ലഭിക്കുവാനും വിനാഗിരി വളരെ നല്ലതാണ്. അൽപ്പം ഹാൻഡ് ക്രീം വിനാഗിരിയിൽ ചേർത്ത് കൈകാലുകളിൽ തേച്ചു പിടിപ്പിക്കുക. പഞ്ഞിപോലുള്ള ചർമം ലഭിക്കും.

പാടുകളെ തുരത്തും ചെറുനാരങ്ങ

ചെറുനാരങ്ങാ മുറിച്ചു മുഖത്തുള്ള കറുത്തപാടുകളിൽ നന്നായി മസാജ് ചെയ്യുക. പിന്നീട് ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തെ കറുത്തപാടുകൾ മാറും എന്നു മാത്രമല്ല മുഖകാന്തി വർധിക്കാനും ഇതു സഹായിക്കുന്നു. കൂടാതെ കൈകാലുകളിൽ നഖത്തിന് തിളക്കം ലഭിക്കാനും നഖം പൊട്ടിപോകുന്നത് തടയാനും ചെറുനാരങ്ങാ നീര് ഉത്തമമാണ്. 

കൺതടങ്ങളിലെ കറുപ്പ് ഒഴിവാക്കാൻ പാൽ 

വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് ഒഴിവാക്കാനും കൺതടങ്ങളിലെ കറുത്ത നിറം അകറ്റാനും പാൽ നല്ലതാണ്. കിടക്കുന്നതിനു മുൻപ് അൽപ്പം പാൽ പഞ്ഞിയിൽ മുക്കി കൺതടങ്ങളിൽ വയ്ക്കുക. ഇത് കൺതടങ്ങളിലെ കറുപ്പിനെ പാടെ അകറ്റാൻ സഹായിക്കുന്നു.

മുടിക്ക് തിളക്കമേകും ഏത്തപ്പഴം 

മുടിയുടെ തിളക്കത്തിന് ഏത്തപ്പഴം തൊലി കളഞ്ഞെടുത്തു ഒരു സ്പൂൺ ഒലിവ് ഓയിൽ കൂടി മിക്സ് ചെയ്തു നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. നല്ല തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കും. 

Tags:
  • Glam Up
  • Beauty Tips