Wednesday 24 July 2019 12:26 PM IST

ചർമത്തിലെ നിറവ്യത്യാസം അകറ്റാൻ സൂപ്പർ മരുന്ന്; വീട്ടിലിരുന്ന് സുന്ദരിയാകാം സിമ്പിളായി!

Lakshmi Premkumar

Sub Editor

beauty888jjgfd
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചിരിക്കുമ്പോൾ കണ്ണുകളുടെ അരികിൽ വിളിക്കാതെയെത്തുന്നു ചുളിവ്. മുടിയിലെ നര എണ്ണിയെടുക്കാൻ പ്രയാസമാകുന്നു. ഉടനെ പരിഹാരമന്വേഷിച്ചുള്ള നെട്ടോട്ടമായി. നേരത്തേ നോക്കിയിരുന്നെങ്കിൽ ഇപ്പോഴേ ഇത് വരില്ലായിരുന്നു എന്ന കുറ്റബോധമായി. ക്ഷണിച്ചാലും ക്ഷണിച്ചില്ലെങ്കിലും പ്രായം വന്നെത്തുക തന്നെ ചെയ്യും. വീട്ടിൽ തന്നെ ചില പ്രതിവിധികളും പൊടിക്കൈകളും പരീക്ഷിച്ചു നോക്കൂ... പ്രായത്തിന് പിന്നെ, സൗന്ദര്യത്തെ ഒന്നു തൊടാൻപോലും ആകില്ല. അതുവഴി മനസ്സിനു മേലും നിഴൽ വീഴ്ത്തില്ല പ്രായം.

കറ്റാർവാഴ

∙ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമാണ് ശരീരത്തിലുണ്ടാകുന്ന ചുളിവുകൾ. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇതു തടയാം. ചുളിവുകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് കൈകളിലും കാലുകളിലുമാണ്. ഇതു നീക്കാൻ ഏറ്റവും നല്ല പ്രതിവിധിയാണ് കറ്റാർവാഴനീര്. നിത്യവും കറ്റാർവാഴയുടെ നീര് ഉപയോഗിച്ച് കൈകളും കാലും അഞ്ചു മിനിറ്റ് മസാജ് ചെയ്യണം. 

∙ കറ്റാർവാഴയുടെ നീരെടുത്ത് അടപ്പുള്ള ചെറിയ കുപ്പിയിലാക്കി ഫ്രിജിൽ സൂക്ഷിക്കുക. ദീർഘനാൾ ജെൽ രൂപത്തിൽ ഉപയോഗിക്കാം. കിടക്കുന്നതിന് മുൻപ് കണ്ണിനു ചുറ്റും ഈ ജെൽ പുരട്ടുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറവും ചുളിവും അകറ്റും.

∙കറ്റാർവാഴയും മഞ്ഞളും ചേർത്ത് നഖങ്ങളിൽ പുരട്ടിയാൽ പ്രായം നഖങ്ങളുടെ മേൽ ഏൽപ്പിക്കുന്ന ക്ഷീണം പാടെ മാ റി കിട്ടും.

∙കറ്റാർവാഴ നീരും ഒലിവ് ഓയിലും സമം ചേർത്ത് മുടിയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞാൽ മുടി മൃദു വാകും.

∙ തൈരും വെളിച്ചെണ്ണയും കറ്റാർവാഴനീരിൽ ചേർത്ത് പുരട്ടിയാൽ കൈകളിലെ വരൾച്ചയും കാലുകളിലെ വിണ്ടുകീറലും മാറും.

∙ കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് കറ്റാർവാഴ ജ്യൂസ്. നിത്യവും രാവിലെ ഇത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

∙ ഗ്രീൻടീയും അലോവെര ജെല്ലും സമം ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ തിളക്കം കൂട്ടാൻ സഹായിക്കും 

ഉരുളക്കിഴങ്ങും ഉള്ളിയും 

∙ ശരീരത്തിലെ നിറവ്യത്യാസം അകറ്റാൻ മികച്ച മാർഗമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഉരുളക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ് കിട്ടുന്ന നീര് മുഖത്തും കഴുത്തിലും പുരട്ടിയാൽ വെയിലേൽപ്പിക്കുന്നതും അല്ലാത്തതുമായ  നിറമാറ്റത്തെ ചെറുക്കാം. 

∙ ചുവന്നുള്ളി ഇട്ടു കാച്ചുന്ന എണ്ണ ജലദോഷം, നീരിറക്കം  തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ പരിഹാരമാണ്. ചുവന്നുള്ളിയുടെ നീര് പിഴിഞ്ഞെടുത്ത് തലയിൽ പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മുടി സമൃദ്ധമായി വളരും.

∙ സവാളയുടെ നീരും കുതിർത്ത ഉലുവയും ചേർത്ത് പായ്ക്കായി മുടിയിലിടാം. 20 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ തലമുടി വളരാൻ ഉത്തമമാണ്. 

കാരറ്റ് 

∙ ഒരു കാരറ്റ് അരിഞ്ഞതും അര ഗ്ലാസ് പാലും ഒന്നിച്ചു വേവിക്കുക. ഉടയുന്ന പാകമാകുമ്പോൾ അടുപ്പത്തു നിന്നും മാറ്റി പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ശരീരത്തിൽ തേച്ച് അര മണിക്കൂറിനു ശേഷം കുളിക്കാം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും കാരറ്റ് പാക്ക് പുരട്ടുന്നത് ചർമം മൃദുവായിരിക്കാൻ സഹായിക്കും.

∙ കാരറ്റ് നീരിനൊപ്പം അൽപം പാൽപ്പാട ചേർത്ത് നിത്യവും പുരട്ടിയാൽ മുഖത്തെ കരുവാളിപ്പ് മാറും. 

∙ കാരറ്റ് നീരും തക്കാളി നീരും സമം ചേർത്ത് പത്ത് മിനിറ്റ്     മുഖത്ത് മൃദുവായി മസാജ് ചെയ്യുക. രക്തയോട്ടം വർധിക്കുന്നതിനൊപ്പം തിളക്കം ലഭിക്കാനും സഹായിക്കും. 

തക്കാളി 

∙ തക്കാളി നീരും തേനും സമം ചേർത്ത് പായ്ക്കാക്കി മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ ചുളിവ്, കണ്ണിനു താഴത്തെ കറുപ്പ് എന്നിവ  ഒരാഴ്ച കൊണ്ട് അപ്രത്യക്ഷമാകും.

∙ തക്കാളിയുടെ നീരും വെണ്ണയും സമം ചേർത്ത് ചുണ്ടുകളി ൽ പുരട്ടിയാൽ ചുണ്ടുകൾ വിണ്ടു കീറുന്നത് മാറുകയും ചുവന്നു തുടുക്കുകയും ചെയ്യും. 

∙ മുഖത്തിന്റെ കരുവാളിപ്പ് മാറി നിറം വർധിക്കാൻ തക്കാളി നീരും മഞ്ഞളും സമം ചേർത്ത് മുഖത്ത് പുരട്ടി 20 മിനിറ്റു ശേ ഷം കഴുകി കളയാം. 

കുക്കുമ്പർ 

∙ കുക്കുമ്പർ ജ്യൂസും നാരങ്ങാനീരും യോജിപ്പിച്ച് അതിലേക്ക് അൽപം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തു പുരട്ടിയാൽ ഏറ്റവും മികച്ച ആന്റി ഏജിങ് മാസ്കാണ്. മുഖത്ത് പുരട്ടിയ ശേഷം പത്തു മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം, 

∙ കുക്കുമ്പർ അരച്ച് ചെറിയ കിഴികളിലാക്കി കണ്ണിനു മുകളി   ൽ വയ്ക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് അപ്രത്യക്ഷമാകും.

കറിവേപ്പില

∙ കറിയിലിടുന്നതിനൊപ്പം  ഒരു കറിവേപ്പില വെറുതെ ചവച്ചരച്ചു തിന്നു നോക്കൂ. പല രോഗങ്ങളും ശമിപ്പിക്കാനുള്ള അപൂർവ കഴിവ് കറിവേപ്പിലയ്ക്കുണ്ട്. 

∙ കറിവേപ്പിലയിട്ട് എണ്ണ കാച്ചി നിത്യവും തലയിൽ പുരട്ടിയാൽ തലമുടിയിലെ നര പിന്നെ ശല്യം ചെയ്യുകേയില്ല. ചുവടുകട്ടിയുള്ള പാത്രത്തിൽ 100 മില്ലിലീറ്റർ വെളിച്ചെണ്ണയൊഴിച്ച്  ചൂടാക്കുക. നല്ല തിള വരുമ്പോൾ വെള്ളമയമില്ലാത്ത ഒരുപിടി കറിവേപ്പില ചേർക്കണം. കറിവേപ്പില മൂത്ത് വരുന്നതുവരെ തുടരെയിളക്കുക. എണ്ണയുടെ ചൂടാറിയ ശേഷം ഈർപ്പമില്ലാത്ത കുപ്പിയിലാക്കി അൽപം രാമച്ചം ഇട്ട് വയ്ക്കുക.  

വിവരങ്ങള്‍ക്കു കടപ്പാട്: സുധാ ദാസ്, സുധാസ് ബ്രൈഡൽ മേക്കപ് സ്റ്റുഡിയോ കോൺവെന്റ് ജംക്‌ഷൻ, കൊച്ചി, ബിന്ദു പ്രകാശ്, ബി ഫിറ്റ് ജിം, കടവന്ത്ര, തേവര

Tags:
  • Glam Up
  • Beauty Tips