Monday 24 January 2022 03:43 PM IST

‘സ്കിനിമലിസം’: 3 സ്റ്റെപ്പിൽ മുഖം മിനുക്കും സൗന്ദര്യസംരക്ഷണത്തിലെ മിനിമലിസം

Ammu Joas

Sub Editor

skinimalism-beauty-care-cover

മിനിമലിസം എന്ന വാക്ക് കലയിലും വാസ്തുവിദ്യയിലും മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ജീവിതരീതിയിലും സൗന്ദര്യപരിചരണത്തിലും ഇപ്പോൾ മിനിമലിസമാണ് ട്രെൻഡ്. ലളിതം, സുന്ദരം എന്ന മിനിമലിസത്തിലെ ആശയം ചർമപരിചരണത്തിലും ഏറെ പ്രിയം നേടുന്നു. ‘സ്കിനിമലിസം’ എന്നറിയപ്പെടുന്ന ഈ പുത്തൻ സൗന്ദര്യരഹസ്യം എന്തെന്നറിയാം.

മാറുന്ന സൗന്ദര്യസങ്കല്പം

സ്വാഭാവികതയാണ് ന്യൂ ജനറേഷന്റെ മനസ്സിലെ സൗന്ദര്യം സങ്കൽപം. ചെറുപ്പമായിരിക്കുക, നിറം വർധിപ്പിക്കുക, പാടുകളോ സുഷിരങ്ങളോ തെല്ലുമില്ലാത്ത മിനുമിനുത്ത ചർമം നേടുക എന്നൊന്നുമല്ല ഇപ്പോൾ പലരും ചിന്തിക്കുന്നത്. പകരം, എങ്ങനെയാണോ നിങ്ങൾ അതിൽ ഏറ്റവും മികച്ചതാകുക എന്നാണ്. എല്ലാവർക്കും മുഖക്കുരുവോ, നിറം കരുവാളിപ്പോ, ചെറിയ പാടുകളോ, ചുളിവോ ഒക്കെ ഓരോ പ്രായത്തിൽ വരുന്നത് സ്വാഭാവികമാണ്. എന്നാൽ സ്ഥിരമായി അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നം പലർക്കും ഉണ്ടാകും. അമിത മുഖക്കുരു, ഹൈപ്പർപിഗ്‌മെന്റേഷൻ പോലുള്ളവ. ചർമത്തിന്റെ അത്തരം പ്രധാനപ്രശ്നത്തിനു മാത്രം പ്രാധാന്യം നൽകി പരിഹരിക്കുകയാണ് മിനിമലിസ്റ്റ് രീതിയിൽ ചെയ്യുന്നത്.

എന്തിനാണ് 10 സ്റ്റെപ്?

പത്തു സ്റ്റെപ് ഉള്ള കൊറിയൻ സ്കിൻ കെയർ റൂട്ടിൻ മുതൽ സ്കിൻ കെയറിന്റെ കാര്യത്തിൽ പല രീതികളാണ് ആളുകൾ പിന്തുടരുന്നത്. മുഖം കഴുകാൻ ഓയിൽ ക്ലെൻസറോ, ഫോം ക്ലെൻസറോ ഉപയോഗിക്കുക, മൃതകോശങ്ങളകറ്റാൻ എക്സ്ഫോളിയന്റ്, മുഖത്തെ പിഎച്ച് ബാലൻസ് നിലനിർത്താനും ചർമത്തിലെ സുഷിരങ്ങൾ അടയാനും ടോണർ, ചർമത്തിനു ഹൈഡ്രേഷൻ നൽകുന്ന എസ്സൻസ്. ഓരോരുത്തരുടെയും ചർമപ്രശ്നമനുസരിച്ച് ഉപയോഗിക്കാവുന്ന സീറം, ചർമത്തിനു ഉന്മേഷം തരുന്ന പലതരം ഷീറ്റ് മാസ്ക്, കണ്ണിനു ചുറ്റുമുള്ള കറുപ്പും ചുളിവുമൊക്കെ മാറാൻ ഐ ക്രീം, മുഖത്തെ ജലാംശം നഷ്ടപ്പെടാതിരിക്കാനും മൃദുത്വമേകാനും മോയിസ്ചറൈസർ, ഏറ്റവും ഒടുവിലായി സൺസ്ക്രീൻ... ഇതാണ് പത്തു സ്റ്റെപ് ഉള്ള കൊറിയൻ സ്കിൻ കെയർ റൂട്ടിൻ. ഇതിനു ശേഷമാണ് അവർ മേക്കപ്പിലേക്ക് കടക്കുന്നത്.

മിനിമലിസ്റ്റിക് സ്കിൻ കെയർ റൂട്ടീൻ

അഞ്ചും പത്തും പടികളായി ചെയ്യുന്ന ഇത്തരം സ്കിൻ കെയർ റൂട്ടിനുകളെ മാറ്റി നിർത്തി വെറും മൂന്നേമൂന്നു കാര്യങ്ങൾ കൊണ്ട് ചർമം പരിപാലിക്കുന്ന ചിട്ടയാണ് മിനിമലിസ്റ്റിക് സ്കിൻ കെയർ റൂട്ടീൻ. ക്ലെൻസർ, മോയിസ്ചറൈസർ, സൺസ്ക്രീൻ എന്നിവ മാത്രം മതി മിനിമലിസ്റ്റിക് മോണിങ് റുട്ടീനിൽ. അതല്ലെങ്കിൽ ക്ലെൻസർ, ടോണർ, സൺസ്ക്രീൻ അടങ്ങിയ മോയിസ്ചറൈസർ. രാത്രിയിൽ ക്ലെൻസിങ്ങും മോയിസ്ചറൈസിങ്ങും മാത്രം.

പലതരം സ്കിൻ കെയർ പ്രൊഡക്റ്റ്സ് ഉപയോഗിച്ച് ചർമത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെയുള്ള ചർമപരിചരണ രീതിയാണ് ‘സ്കിനിമലിസം’. ഈ രീതി ശീലിക്കുമ്പോൾ ഇടയ്ക്ക്, ഒരു സ്കിൻ കെയർ പ്രൊഡക്റ്റും ഉപയോഗിക്കാതെ ചർമത്തിനു ഫ്രീ ഡേ നൽകണം. ചർമത്തിനു ശ്വസിക്കാനും സ്വയം ഉന്മേഷത്തിലാകാനും ഇതു സഹായിക്കും.

അറിയാം ഘട്ടങ്ങൾ

skinimalism-beauty-care

മിനിമലിസ്റ്റ് ചർമസംരക്ഷണത്തിലെ മൂന്നു ഘട്ടങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ ഓരോരുത്തരുടെയും ചർമസ്വഭാവത്തിനു ചേരുന്ന സീറം കൂടി ചേർക്കാം.

ക്ലെൻസർ : ഹൈഡ്രേറ്റിങ് ക്ലെൻസർ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. ചർമോപരിതലത്തിലെ അഴുക്കും പൊടിയും നീക്കുന്ന എന്നാൽ ചർമത്തിലെ സ്വാഭാവിക എണ്ണമയം നീക്കാത്തവയാണ് ഹൈഡ്രേറ്റിങ് ക്ലെൻസർ. സീറം : ചർമത്തെ കാര്യമായി അലട്ടുന്ന പ്രശ്നം പരിഹരിക്കുന്ന സീറം ഉപയോഗിക്കാം. കറുത്ത പാടുകൾ, കരുവാളിപ്പ്, അമിതമായ ചുളിവുകൾ പോലുള്ള പ്രശ്നത്തിന് യോജിച്ച സീറം തിരഞ്ഞെടുക്കാം. മോയിസ്ചറൈസർ: ചർമത്തിന്റെ സ്വഭാവമനുസരിച്ച്, അ മിതമായി എണ്ണമയം നൽകാത്ത, അധികം കട്ടിയില്ലാത്ത ലൈറ്റ് വെയ്റ്റ് മോയിസ്ചറൈസറാണ് നല്ലത്.

സൺസ്ക്രീൻ: എസ്പിഎഫ് 30ന് മുകളിലുള്ള ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ ആണ് അൾട്രാവയലറ്റ് എ, ബി രശ്മികളെ തടയുന്നത്.

‘സ്കിനിമലിസം’ പിന്തുടരുമ്പോൾ

∙ ആഴ്ചയിലൊരിക്കൽ വീട്ടിൽ തന്നെ തയാറാക്കിയ ഫെയ്സ്മാസ്ക് അണിയാം. ഓട്സും തൈരും, പുതിനയിലയും തക്കാളിയും, തേനും മഞ്ഞൾപൊടിയും, കറ്റാർവാഴ ജെല്ലും കാപ്പിപൊടിയും എന്നിങ്ങനെ ഫെയ്സ്മാസ്കുകൾ മുഖത്ത് അണിയാം. മാസത്തിലൊരിക്കൽ മൃതകോശങ്ങളകറ്റാൻ എക്സ്ഫോളിയന്റ് ഉപയോഗിക്കാം. തേനും പഞ്ചസാരയും നാരങ്ങാനീരും യോജിപ്പിച്ച് വീട്ടിൽ തന്നെ തയാറാക്കുന്ന എക്സ്ഫോളിയന്റ് മതി.

∙ മേക്കപ്പിലും മിനിമലിസം വേണം. എല്ലാ ദിവസവും മേക്കപ്പ് അണിയേണ്ടതേയില്ല. സൺസ്ക്രീൻ പുരട്ടിയശേഷം കാജലും ലിപ് ബാമുമിട്ടാൽ തന്നെ മിനിമൽ സുന്ദരിയായി. ഫൗണ്ടേഷനും കൺസീലറും ആഘോഷവസരങ്ങളിലേക്കു മാറ്റി വയ്ക്കാം. ബാക്കി ദിവസങ്ങളിൽ ബിബി ക്രീമോ സിസി ക്രീമോ മാത്രം മതി.

∙ ഒന്നിലധികം ഗുണങ്ങൾ തരുന്ന ഒരു പ്രൊഡക്റ്റ് ഉപയോഗിക്കാം. മോയിസ്ചറൈസർ അടങ്ങിയ സൺസ്ക്രീൻ തിരഞ്ഞെടുത്താൽ മുഖം കഴുകിയ ശേഷം ഈ സൺസ്ക്രീൻ മാത്രം പുരട്ടിയാൽ മതി. മോയിസ്ചറൈസറിൽ തന്നെ ആന്റി എയ്ജിങ് പ്രോപ്പർട്ടീസ് ഉള്ളവയും വൈറ്റമിൻ സി സീറം ചേർന്നവയും ഉണ്ട്.

∙ ഫെയ്സ് യോഗ മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടാൻ വളരെ നല്ലതാണ്. രക്തയോട്ടം വർധിക്കുകയും മുഖത്തിനു തുടിപ്പു ലഭിക്കുകയും ചെയ്യും.

∙ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതും ആഹ്ലാദവതിയായിരിക്കുന്നതും സൗന്ദര്യം കൂട്ടും. മാനസികാരോഗ്യം മുഖസൗന്ദര്യത്തിലും പ്രതിഫലിക്കും.

വിവരങ്ങൾക്കു കടപ്പാട്:

അങ്കിത ആൻ ഫിലിപ്

മേക്കപ് ആർട്ടിസ്റ്റ്, കോട്ടയം