Thursday 25 August 2022 03:29 PM IST

മുഖത്ത് ആവി പിടിക്കാമോ? സോപ്പ് ചർമത്തിന് ദോഷമാണോ? അറിയാം ബ്യൂട്ടി മിസ്റ്റേക്സ്

Ammu Joas

Sub Editor

beauty-mistakes4567vjjkj

മുടി വളരാൻ ‘മിഠായി’, ചുളിവു മാറാൻ മസാജിങ്, നിറം കൂടാൻ ഐസ്ക്യൂബ്... സൗന്ദര്യപ്രശ്നങ്ങൾ ഇല്ലാത്തവരെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന ഓരോ പൊടിക്കൈകളാണ് ദിവസം തോറും സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തെത്തുന്നത്. ഓരോന്നും പരീക്ഷിച്ചും നിരീക്ഷിച്ചും സമയവും സൗന്ദര്യവും കളയാൻ പലർക്കും മടിയില്ല.

മുഖത്തും മുടിയിലും ഓരോ പുതിയ കാര്യവും പരീക്ഷിക്കും മുൻപ് ഒന്നോർക്കുക, അവ പൊള്ളലോ പാടോ ഉണ്ടാക്കാം. അലർജിയും അസ്വസ്ഥതയും സമ്മാനിക്കാനിടയുണ്ട്. സൗന്ദര്യ പരിചരണത്തിൽ മിക്കവരും വരുത്തുന്ന 10 അബദ്ധങ്ങളും അവയുടെ പരിഹാരവും അറിഞ്ഞോളൂ.

മുഖത്ത് ആവി പിടിക്കാമോ? 

ചർമസുഷിരങ്ങൾ തുറക്കാനും മുഖത്ത് അടിഞ്ഞുകൂടിയ അഴുക്ക് നീക്കാനും അമിത എണ്ണമയം അകറ്റാനുമെല്ലാം ആവി പിടിക്കുന്നത് നല്ലതാണ്. ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കുന്നതിനും ആവി പിടിക്കാം. രക്തയോട്ടം വർധിപ്പിച്ച് മുഖത്തിന് തിളക്കം നൽകാനും ഇതിലൂടെ കഴിയും. എങ്കിലും ശ്രദ്ധിച്ചേ ചെയ്യാവൂ.

സെൻസിറ്റീവ് ചർമമുള്ളവരും, ആവി തട്ടിയാൽ പെട്ടെന്ന് മുഖം ചുവക്കുന്നവരും ആവി പിടിക്കരുത്. അല്ലാത്തവർ ആഴ്ചയിലൊരിക്കൽ ഇളം ചൂടിൽ ആവി പിടിച്ച് മുഖം വൃത്തിയാക്കുന്നതിൽ തെറ്റില്ല. മൂന്നു മിനിറ്റിൽ അധികം മുഖത്ത് ആവി കൊള്ളുകയുമരുത്.

സോപ്പ് ചർമത്തിന് ദോഷമാണോ? 

സോപ്പ് ഉപയോഗമല്ല, അമിത ഉപയോഗമാണ് പ്രശ്നം. ദിവസം രണ്ടിലേറെ തവണ ചർമത്തിൽ സോപ്പ് ഉപയോഗിക്കരുത്. അമിതമായ സോപ്പ് ഉപയോഗം ചർമത്തിലെ സ്വാഭാവിക എണ്ണമയം അകറ്റും, ചർമത്തിന്റെ പിഎച്ച് ബാലൻസ് അസ്വസ്ഥമാക്കി വരള്‍ച്ചയ്ക്കും  കാരണമാകും. അതുകൊണ്ട് സോപ്പ് തേച്ചു കുളിച്ചശേഷം ചർമത്തിൽ ഈർപ്പമുള്ളപ്പോൾ തന്നെ മോയിസ്ചറൈസർ പുരട്ടണം. 

സിറമൈഡ്, ഹയലുറുണിക് ആസിഡ്, വൈറ്റമിൻ ഇ, കൊക്കോ ബട്ടർ, ഷിയ ബട്ടർ എന്നിവയടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കാം. കൈകൾ ഇടയ്ക്കിടെ കഴുകേണ്ടി വരുമ്പോൾ സോപ്പിനു പകരം വീര്യം കുറഞ്ഞ ഹാൻഡ് വാഷ് തിരഞ്ഞെടുക്കാം. മുഖം കഴുകാൻ ചർമത്തിന്റെ സ്വഭാവത്തിനു യോജിക്കുന്ന, ചർമപ്രശ്നങ്ങൾക്കു പരിഹാരമേകുന്ന ഫെയ്സ് വാഷ് ആണ് നല്ലത്.

മുഖം മസാജ് ചെയ്യണോ?

ഉണരുമ്പോഴുള്ള മോണിങ് സ്കിൻ കെയർ റുട്ടീനിൽ പലരും ഫെയ്സ് മസാജ് ഉൾപ്പെടുത്താറുണ്ട്. മുഖം മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിക്കാനും ചർമത്തിന് ഉന്മേഷം പകരാനും നല്ലതാണ്. എങ്കിലും സോഷ്യൽ മീഡിയയിലും മറ്റും കാണുംപോലെ മുഖത്തിന്റെ ആകൃതി സുന്ദരമാക്കാനും ചെറുപ്പം നിലനിർത്താനും മസാജിങ്ങിനാകുമോ എന്നതിന് ഇനിയും പഠനങ്ങൾ ആവശ്യമാണ്.

കൈകൾ വൃത്തിയാക്കിയ ശേഷം വേണം മുഖം മസാജ് ചെയ്യാൻ. ചർമസുഷിരങ്ങൾ അടഞ്ഞുപോകുന്ന ക്രീമുകളോ ലോഷനോ ഉപയോഗിക്കരുത്. വളരെ നേർമയായി താഴേ നിന്ന് മുകളിലേക്ക് വേണം മസാജിങ്. നെറ്റിത്തടം മസാജ് ചെയ്യുമ്പോൾ രണ്ടു കൈകളിലെയും മൂന്നു വിരലുകൾ നെറ്റിയുടെ നടുവിൽ നിന്നു വശങ്ങളിലേക്ക് വരുംവിധം മസാജ് ചെയ്യണം. 

മുഖം മസാജ് ചെയ്യാനായി ജെയ്‍ഡ് സ്റ്റോൺ റോളർ, ഗുവാ ഷാ ടൂൾ, ത്രീ ഡി മസാജ് റോളർ എന്നിവ വാങ്ങാൻ കിട്ടും. ഇവ ഉപയോഗിക്കേണ്ട രീതി കൃത്യമായി മനസ്സിലാക്കി മസാജിങ്ങിനായി തിരഞ്ഞെടുക്കാം. ഒന്നോർക്കുക, തെറ്റായ രീതിയിലും അമിത ബലം നൽകിയുമുള്ള മസാജിങ് ചർമം അയഞ്ഞതാക്കാം. 

Tags:
  • Health Tips
  • Glam Up