മനുഷ്യബന്ധങ്ങൾ അതിവേഗം രൂപപ്പെടുന്ന ഈ കാലത്ത് ഫാഷന്‍ ഒരു തൽക്ഷണ ഭാഷയാണ്. എന്തു ധരിക്കുന്നു എന്നതാണ് ലോകത്തിനു മുന്നിൽ നിങ്ങൾ എങ്ങനെ അവതരിക്കുന്നു എന്നതിന്റെ അടിസ്ഥാനം.”
മ്യൂച്ചാ പ്രാദ (Miuccia Prada)ഇറ്റാലിയൻ ഡിസൈനർ
നഗ്നത മറയ്ക്കുന്നതിലുപരി ഒരാളുടെ വസ്ത്രധാരണം അയാളുെട വ്യക്തിത്വത്തിെന്റ കണ്ണാടിയായി മാറിക്കഴിഞ്ഞ കാലമാണിത്. വസ്ത്രധാരണരീതിയും നിറവും സ്റ്റൈലുമെല്ലാം ചേർത്താണ് ഒാരോ വ്യക്തിയെയും നമ്മൾ അബോധമായി
വായിച്ചെടുക്കുന്നത്. ഓരോരുത്തരുടെയും വ്യക്തിത്വം, സ്വഭാവം, അഭിരുചി എന്നിവയ്ക്കനുസൃതമായി ഫാഷനും സ്റ്റൈലും തികച്ചും വേറിട്ടതാണ്. അതിനാലാണ് സെലിബ്രിറ്റികളും മറ്റും അണിഞ്ഞാൽ മനോഹരമായി തോന്നുന്ന പല വേഷങ്ങളും നമുക്കു യോജിക്കാതെ പോകുന്നത്.
ഇണങ്ങുന്ന വസ്ത്രങ്ങൾ
ഫാഷൻ എത്ര വളർന്നാലും അധികം ആളുകളും നോക്കുന്നത് സുഖകരമായി ധരിച്ചുനടക്കാൻ പാകത്തിലുള്ള വസ്ത്രങ്ങളാണ്. ഇതിന് ഉദാഹരണമാണ് ഫാഷൻ മേഖലയിൽ ഏറ്റവും ശക്തരായിരുന്ന "വിക്ടോറിയ സീക്രട്ട് " എന്ന ബ്രാൻഡിന്റെ വിൽപന കുറഞ്ഞത്. അടിവസ്ത്ര വ്യാപാര രംഗ ത്തെ അതികായരായിരുന്ന ഈ ബ്രാൻഡിന്റെ വിൽപനയേ ബാധിച്ച പ്രധാനഘടകം ഫാഷന്റെ അതിപ്രസരത്തിൽ അവർക്കു നഷ്ടമായ സ്വാഭാവികതയായിരുന്നു.
വസ്ത്രധാരണത്തിൽ സീസണുകൾക്കും ആഘോഷങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. കല്യാണാവശ്യങ്ങൾക്കും മറ്റുമായി വിറ്റഴിയുന്നതിൽ കൂടുതൽ സിൽക്കും ജോർജറ്റും ആണ്. എന്നാൽ ഇപ്പോൾ കോട്ടൻ ഉൽപന്നങ്ങളും പ്രചാരം നേടി വരുന്നുണ്ട്.
ഞാൻ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാറില്ലെന്നു പറയുന്നവരുടെ പോലും അലമാര പരിശോധിച്ചാൽ ചില പ്രത്യേക നിറങ്ങൾ, പാറ്റേൺ എന്നിവ കാണാം. നമ്മുടെ വ്യക്തിത്വവുമായി ഇത്രയും ചേർന്നു നിൽക്കുന്നത്, വസ്ത്രം പോലെ മറ്റൊന്നില്ല എന്നതിന്റെ സൂചനയാണിത്.
ഓരോ വ്യക്തിയും അവർ ധരിക്കുന്ന വസ്ത്രത്തിന്റെ ബ്രാൻഡ് ട്രേഡ്മാർക്ക് ആയി മാറുന്ന കാലഘട്ടമാണിത്. പലപ്പോഴും വിരലടയാളങ്ങൾ പോലെ വ്യത്യസ്തമാണത്.
ചർമവും വസ്ത്രനിറവും
നമ്മൾ കേരളീയരുടെ നിറം പൊതുവെ ഇരുണ്ടതോ ഗോതമ്പിന്റെ നിറമോ ഒക്കെയാണ്. അതിലും വ്യത്യാസങ്ങൾ ഉണ്ടാകാം. ചർമം കറുത്തതാണ്, വെളുത്തതായിരുന്നെങ്കിൽ മനോഹരമായ വസ്ത്രങ്ങൾ ധരിക്കാമായിരുന്നു എന്നു കരുതുന്നവരുണ്ട്. സത്യം പറഞ്ഞാൽ ഇതൊരു തെറ്റിദ്ധാരണയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവർക്കും മനോഹരമായ വസ്ത്രങ്ങൾ ധരിക്കാം. ഇരുണ്ട നിറമുള്ള സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇളം നിറങ്ങളിൽ പ്രധാനമാണ് ക്രീം കളർ.
അത് പോലെ തന്നെ മറ്റൊരു നിറമാണ് ബെയ്ജ് (Beige). എല്ലാവർക്കും യോജിക്കുന്ന, എന്നാൽ ഇരുണ്ട നിറമുള്ളവർക്ക് കൂടുതൽ യോജിക്കുന്ന നിറമാണ് ബെയ്ജ്. കൂടുതൽ വെളുത്ത നിറമുള്ളവർക്ക് സ്വാഭാവികമായി ഇണങ്ങുന്ന നിറങ്ങളാണ് പീച്ച്, പിങ്ക്, പച്ച എന്നിവയെല്ലാം.
പുരുഷനിണങ്ങും നിറങ്ങൾ
ഇപ്പോൾ ഫാഷൻ വസ്ത്രം അണിയുന്നതിൽ പുരുഷന്മാരും സജീവമാണ്. ഇളം നീലയും ചാര നിറവും അവരെ ആകർഷിക്കുന്ന നിറങ്ങളാണ്. കളർ കോമ്പിനേഷനുകൾ ഇന്നും വളരെ വിജയകരമായി ഉപയോഗിച്ചു പോരുന്നുണ്ട്. ഇരുണ്ട നിറങ്ങളും ഇളം നിറങ്ങളും കോമ്പിനേഷൻ ആയി മുകളിലും താഴെയുമായി (ഷർട്ട്, പാന്റ്സ് പോലെ) മാറി മാറി ഉപയോഗിക്കുന്ന രീതി എന്നും നിലനിൽക്കും. ഒരേ നിറങ്ങളും ഉപയോഗിക്കാം. അത് പ്രത്യേക അവസരങ്ങളിൽ (ഉദാ: പാർടി വെയർ) കൂടുതലിണങ്ങും.
സ്ത്രീകൾക്ക് സ്റ്റൈലാകാൻ
വലിയ ഫാഷൻ ആലോചനകളില്ലാതെ സ്ത്രീകൾക്ക് പെട്ടന്നു സ്റ്റൈലിഷ് ആകാൻ സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്.
∙ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ മിക്ക സ്ത്രീകളുടെയും വസ്ത്രശേഖരത്തിൽ മുൻപന്തിയിൽ കാണാറുണ്ട്. കറുപ്പ് വസ്ത്രങ്ങൾ സ്ത്രീകളെ വേഗത്തിൽ സ്റ്റൈലിഷ് ആക്കും.
∙ സൽവാറുകൾ, ലെഹങ്ക എന്നിവ ഏതു പ്രായത്തിലും വ്യത്യസ്ത അവസരങ്ങളിലും സ്ത്രീകൾക്ക് പ്രയോജനപ്പെടും.
∙ ചൂടു കൂടുതലുള്ള നമ്മുടെ നാട്ടിൽ കോട്ടൻ പ്രിന്റ് വസ്ത്രങ്ങൾ ഏറെ നല്ലതാണ്. ഇതു ആരോഗ്യകരം എന്നു മാത്രമല്ല, നിറങ്ങളുെട റിഫ്ലക്‌ഷൻ കുറയുന്നതിനാൽ ഒരു സ്റ്റാൻഡേർഡ് ലുക്കും കിട്ടും. ക്രോപ് ടോപ്പുകൾ ആയോ കുർത്തകൾ ആയോ മനോഹരമായ പാവാടകൾ ആയിട്ടോ നമുക്കീ കോട്ടൺ പ്രിന്റുകളെ മാറ്റാൻ സാധിക്കും.
∙ വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ ആഭരണങ്ങൾ ഉപയോഗിക്കുന്നതും ഫാഷൻ സ്റ്റൈലിന് ഒരു മുതൽക്കൂട്ടാണ്.
സാരി ഉടുക്കുമ്പോൾ
ഫാഷൻ ഭംഗി ഒരുകാലത്തും നഷ്ടമാകാത്ത വസ്ത്രമാണ് സാരി. സാരി ഉടുക്കുമ്പോൾ ഇനി പറയുന്നവ ശ്രദ്ധിക്കാം
∙ സാരി ഉടുക്കുമ്പോൾ ഫിഷ്കട്ട് അടിപ്പാവാട ഉപയോഗിച്ചാൽ ആകാരഭംഗി മെച്ചപ്പെടും. ഫിഷ്കട്ട് പാവാടയിൽ മുകളിലും താഴെയും ഉള്ളതിനെക്കാൾ നടുക്കുള്ള ഭാഗത്തിനു വീതി കുറവായിരിക്കും
∙ ആഭരണവും പഴ്സും ഉൾപ്പെടെയുള്ള അക്സസറീസും പ്രധാനമാണ്. അവ തിരഞ്ഞെടുക്കുമ്പോൾ ഒന്നിൽ കൂടുതൽ കാര്യങ്ങളിലേക്കു കാഴ്ചക്കാരുടെ ശ്രദ്ധപോകരുത്. വലിയ ആഭരണങ്ങളും കടും നിറമുള്ള പഴ്സും ഉപയോഗിച്ചാൽ ശ്രദ്ധസാരിയിലേക്കു പോകില്ല. ഫോക്കസ് പോയിന്റ് ഏതാകണം എന്ന് ആദ്യമേ തീരുമാനിച്ച് വസ്ത്രം ധരിക്കണം.
ഓൺലൈനും സ്റ്റൈലും
സാധാരണക്കാരായ ആളുകൾ അവർക്കു വേണ്ടി പുതിയൊരു ഡിസൈൻ ഉണ്ടാക്കാൻ മാസികകൾ വരുന്നത് നോക്കി നിന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അവസ്ഥ അതല്ല. എന്താണ് തനിക്കു വേണ്ടത് എന്ന് കൃത്യമായ ബോധമുള്ളവർ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ളസോഷ്യൽ മീഡിയകളിൽ അവരുടെ ഇഷ്ടങ്ങൾ കണ്ടെത്തുകയാണ്. ദൂരത്തിന്റെ പരിമിതികളില്ലാതെ ഇന്ന് നമുക്കിഷ്ടമുള്ള വസ്ത്രങ്ങൾ ലഭിക്കുന്ന തരത്തിൽ ഓൺലൈൻ വ്യാപാര ലോകവും വളർന്നിരിക്കുന്നു.
സമയം പ്രധാനമാകുമ്പോൾ
ഒരേപോലെയുള്ള വസ്ത്രങ്ങൾ ഒന്നിലധികം വാങ്ങിക്കൂട്ടുന്നതിൽ നിന്ന് ഉപഭോക്താക്കൾ മാറി ചിന്തിച്ചു തുടങ്ങി. തങ്ങൾക്ക് ഇണങ്ങുന്ന വസ്ത്രത്തിന്റെ ഏറ്റവും നല്ലതെന്നു തോന്നുന്ന ഒരു ബ്രാൻഡിന്റെ വസ്ത്രം ഉപയോഗിക്കാൻ അവർ താൽപര്യപ്പെടുകയാണിപ്പോൾ. സമയ ലാഭത്തിനും തനതായ വസ്ത്രണശൈലി രൂപപ്പെടുത്തുന്നതിനും അവലംബിച്ച രീതിയായിരുന്നു അത്.
ഈ ചിന്തയെ പ്രവൃത്തിപഥത്തിലെത്തിച്ച ആളാണ് സ്റ്റീവ് ജോബ്സ്. സോണി കമ്പനിയുടെ യൂണിഫോം കണ്ട് അതിൽ ആകൃഷ്ടനായ സ്റ്റീവ് പിന്നീട് സ്വയം യൂണിഫോം ഡ്രസ്സ് ധരിക്കാൻ താൽര്യപ്പെട്ടു. "ആപ്പിൾ" എന്ന സംരംഭം ഇത്രയേറെ ചരിത്രം സൃഷ്ടിച്ചിട്ടും ഉടമസ്ഥൻ സ്റ്റീവ് ജോബ്സ് തന്റെ സ്ഥിരം വസ്ത്രത്തിൽ നിന്നു മാറി ചിന്തിച്ചിട്ടില്ല. തന്റെ വ്യക്തിത്വത്തിന്റെ അടയാളമായി കറുത്ത ടർട്ടിൽ നെക്ക് ടീ ഷർട്ടും ബ്ലൂ ജീൻസും പിന്നെ ഷൂസും.
ഫേസ്ബുക് സ്ഥാപകനായ മാർക്ക് സുക്കർബെർഗും അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബറാക് ഒബാമയും ഉൾപ്പെടെയുള്ളവർ തങ്ങളുടെ സമയം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ കണ്ടെത്തിയ മാർഗമായിരുന്നു ഈ വസ്ത്രധാരണരീതി. നമ്മുെട രാഷ്ട്രീയക്കാരേയും വേണമെങ്കിൽ ഉദാഹരണമാക്കാം. ഫാഷനും സ്റ്റൈലുമൊക്കെ വ്യക്തിത്വത്തിെന്റ മാത്രമല്ല വ്യക്തിയുെട വളർച്ചയും പ്രതിഫലിപ്പിക്കുന്ന ഈ രീതിക്ക് ഇപ്പോൾ നമ്മുെട നാട്ടിലും പ്രചാരമേറിവരുന്നു.
ശരീരവണ്ണവും ഫാഷൻ വസ്ത്രങ്ങളും
നല്ല ഫാഷൻ വസ്ത്രങ്ങൾ ധരിക്കാനാകുന്നില്ലെന്നതാണ് അമിതവണ്ണമുള്ളവരുടെ വിഷമം. എന്നാൽ ശരീരത്തിന്റെ ഷേപ്പ് എന്തായാലും ആകർഷമായ വസ്ത്രധാരണത്തിലൂടെ നൂറു ശതമാനം ഫാഷനബിൾ ആകാം. വസ്ത്രത്തിന്റെ കട്ടിങ് പാറ്റേൺ, തിരഞ്ഞെടുക്കുന്ന നിറം, വസ്ത്രത്തിന്റെ നീളം, കയ്യിറക്കം, കഴുത്തിന്റെ പാറ്റേൺ ഇതെല്ലാം അനുയോജ്യരീതിയിലാക്കുന്നിടത്താണ് വസ്ത്രം യോജിക്കുന്നത്. അങ്ങനെ മാറ്റം വരുത്തിയാൽ വണ്ണം പ്രശ്നമേയല്ല.
വിവരങ്ങൾക്ക് കടപ്പാട്;
പൂജ ദേവ്
ഫാഷൻ എന്റർപ്രിന്യുർ & കൺസൽറ്റന്റ്,
ഒറിജിൻ,
കൊച്ചി.