നന്നായി ഒരുങ്ങി പാർട്ടിക്ക് ഇറങ്ങുമ്പോൾ ‘ആഹാ, ഇഷ്ടംപോലെ പുട്ടി ഇട്ടിട്ടുണ്ടല്ലോ?’ എന്ന കമന്റ് കിട്ടിയാൽ അതു പോരേ മൂഡ് പോകാൻ.
മേക്കപ്പിനായി ഫൗണ്ടേഷൻ, ബിബി – സിസി ക്രീമുകൾ (ബ്ലെമിഷ് ബാം – കളർ കറക്റ്റിങ് ക്രീമുകൾ), ലിപ്സ്റ്റിക്, കാജൽ, മസ്ക്കാര, ഐ പെൻസിൽ തുടങ്ങി വിവിധ തരം പ്രൊഡക്ട്സ് വിപണിയിലുണ്ട്. മികച്ച ബ്രാൻഡ് മേക്കപ് മെറ്റീരിയൽ വാ
ങ്ങിയാൽ മേക്കപ് പെർഫെക്ട് ആകും എന്നാണ് പലരും ധരിച്ചിരിക്കുന്നത്.
പക്ഷേ, മികച്ച പ്രൊഡക്റ്റസ് ഉപയോഗിച്ചുള്ള മേക്കപ് ഭംഗിയായി ചർമത്തിൽ പ്രതിഫലിക്കണമെങ്കിൽ ചർമം അതിനായി ഒരുക്കിയെടുക്കണം. എന്നിട്ടു വേണം അണിഞ്ഞൊരുങ്ങാൻ.
മേക്കപ്പിന് റെഡിയാകൂ
മുഖം സോപ്പോ ഫെയ്സ് വാഷോ കൊണ്ട് കഴുകുക എന്നതിനപ്പുറം സ്കിൻ പ്രിപ്പറേഷൻ ഒന്നും മിക്കവരും ഇതുവരെ ചെയ്തിട്ടുണ്ടാകില്ല. എന്നാൽ ഒാരോ തരം ചർമത്തിനും യോജിച്ച സ്കിൻ പ്രിപ്പറേഷൻ ശരിയായ രീതിയിൽ ചെയ്താൽ മുഖത്തിന് പുത്തൻ ഉണർവ് കൈവരും. മേക്കപ് ദീർഘനേരം ചർമത്തിൽ ഇരിക്കുകയും ചെയ്യും. ചർമത്തിന്റെ ടോണിന് ചേർന്ന ഏത് മേക്കപ് അണിഞ്ഞാലും അവയ്ക്ക് ആകർഷകത്വമേറും.
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കാണാറുള്ളത് വരണ്ടതും (ഡ്രൈ) എണ്ണമയമുള്ളതുമായ (ഓയിലി )ചർമമാണ്. മേക്കപ്പിനായി ചർമത്തെ തയാറാക്കുമ്പോൾ ആദ്യമായി പരിഗണിക്കേണ്ടത് ചർമം എണ്ണമയം ഉള്ളതാണോ വരണ്ടതാണോ എന്നതാണ്. കൺതടങ്ങളിൽ കറുപ്പ്, മുഖക്കുരു, മുഖക്കുരു വന്ന പാടുകൾ എന്നിവയുണ്ടോ എന്നു കൂടി പരിശോധിച്ച ശേഷം ആയിരിക്കണം ചർമത്തെ തയാറാക്കേണ്ടത്.
രാവിലെ ഉണരുമ്പോൾ നെറ്റിയിലും മൂക്കിന്റെ പാലത്തിലും (ടി ജംങ്ഷൻ) ചർമം എണ്ണമയമുള്ളതായി കാണപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുക. ‘ടി ജംങ്ഷനിൽ’ എണ്ണമയമുണ്ടെങ്കിൽ ചർമം ഓയിലി ആണെന്നുറപ്പിക്കാം. വരണ്ടിരിക്കുന്നുവെങ്കിൽ ഡ്രൈ സ്കിൻ ആണ്. രണ്ടും ചേർന്ന രീതിയിലാണെങ്കിൽ കോംബിനേഷൻ ചർമമാണ്.
വരണ്ട ചർമത്തിന് വേണം ഓയിൽ
വരണ്ട ചർമമുള്ളവർ ഓയിൽ ബേസ്ഡ് ക്ലെൻസറും ടോണറുമാണ് ഉപയോഗിക്കേണ്ടത്. മേക്കപ്പിനു മുൻപ് ക്ലെൻസർ ഇട്ട് മുഖം മുഴുവൻ തുടച്ച ശേഷം ടോണർ ഇടണം. ടോണർ ചർമത്തെ വരണ്ടതാക്കുന്നതുകൊണ്ട് വരണ്ട ചർമക്കാർ ഓയിൽ ബേസ്ഡ് ടോണർ തന്നെ നിർബന്ധമായി ഉപയോഗിക്കണം. അതിനു ശേഷം മോയിസ്ചറൈസർ പുരട്ടാം. ഇനി വേണ്ടത് പ്രൈമർ ആണ്. ഫെയ്സ് സീറം കൂടി പുരട്ടിയാൽ ചർമം മേക്കപ്പിന് തയാറായി.
കെമിക്കലുകൾ കലർന്ന മേക്കപ് രോമകൂപങ്ങളിലേക്ക് ഇറങ്ങുന്നത് ചർമത്തെ ബാധിക്കും. ചർമത്തെ തയാറാക്കുന്നതിലൂടെ ഇവ ഒഴിവാകുന്നു. രോമകൂപങ്ങൾ അടയുന്നു. മുഖം മിനുസമേറിയതാകുന്നു. ഉപയോഗിക്കുന്ന മേക്കപ് വസ്തുക്കൾ പ്രകൃതിദത്ത ഉൽപന്നങ്ങൾ ആണെങ്കിൽ കൂടുതൽ ന ന്നായിരിക്കും
വരണ്ട ചർമക്കാർക്ക് കട്ടിയേറിയ ഓയിൽ ബേസ് ഫെയ്സ് സീറമാണ് നല്ലത്. മികച്ച ബ്രാൻഡുകളിലെല്ലാം ഫെയ്സ് സീറം ലഭ്യമാണ്. ആന്റി പൊല്യൂഷൻ, റേഡിയൻസ് സീറം തുടങ്ങി അവയുടെ ഫലം വ്യത്യസ്തമായിരിക്കും. വരണ്ട ചർമക്കാർ റേഡിയൻസ് ഫെയ്സ് സീറം ഉപയോഗിക്കുന്നതാണ് നല്ലത്.
ഫെയ്സ് സീറം അണിഞ്ഞ ശേഷം പ്രൈമർ ഉപയോഗിക്കാം. ചർമവും രോമകൂപങ്ങളും ഒരു പോലെയാകുന്നത് പ്രൈമർ ഇടുമ്പോഴാണ്.
ഡ്രൈ സ്കിൻ ഉള്ളവർ തലേന്ന് തന്നെ ചുണ്ടുകളിൽ ലിപ് ബാമോ മോയിസ്ചറൈസറോ പുരട്ടണം. ലിപ്സ്റ്റിക് അണിയും മുൻപും അര ചെറിയ സ്പൂൺ ഒലിവ് ഓയിലോ ഗ്ലിസറിനോ പുരട്ടിയ ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ചു ഒപ്പിയെടുക്കുക.

എണ്ണമയമുള്ള ചർമത്തിന് വാട്ടർ ബേസ്
എണ്ണമയമുള്ള ചർമമുള്ളവർ എന്തു പ്രൊഡക്റ്റ് ഉപയോഗിക്കുമ്പോഴും അത് വാട്ടർ ബേസ്ഡ് ആയിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അൽപം വിയർക്കുമ്പോഴേക്കും മേക്കപ് മാഞ്ഞു തുടങ്ങും. മുഖചർമം പല ഷേഡുകളിലാകും. കോംബിനേഷൻ ചർമത്തിനും ഓയിലി സ്കിന്നിന്റെ രീതികൾ പിന്തുടർന്നാൽ മതിയാകും.
എണ്ണമയമുള്ള ചർമമുള്ളവരുടെ പ്രധാന പ്രശ്നമാണ് മുഖക്കുരുവും മുഖക്കുരു വന്ന പാടുകളും. അവ കുറയ്ക്കുന്നതിനായി ആന്റി പിംപിൾ ബാൻഡ് എയ്ഡ് ഉപയോഗിക്കാം.
മുഖക്കുരു ഉള്ള ഭാഗത്ത് ആന്റി പിംപിൾ ബാൻഡ് എയ്ഡ് ഒട്ടിച്ചു കൊടുത്ത ശേഷം അൽപസമയം വിശ്രമിക്കുക. ബാൻഡ് എയിഡ് എടുത്തു മാറ്റുമ്പോൾ മുഖക്കുരു ചെറുതായി ഉൾവലിഞ്ഞിരിക്കും. മേക്കപ്പിന് തൊട്ടു മുൻപ് മുഖക്കുരു കുറയ്ക്കാൻ ഈ മാർഗം ഉപയോഗിക്കാം. ഓൺലൈനായി മാത്രമേ ഇപ്പോൾ ആന്റി പിംപിൾ ബാന്‍ഡ് എയ്ഡ് കേരളത്തിൽ ലഭിക്കുന്നുള്ളൂ.
ചുണ്ടുകളിൽ മേക്കപ്പിന് മുൻപ് വാട്ടർ ബേസ്ഡ് മോയിസ്ചറൈസർ ഉപയോഗിക്കുന്നത് ഓയിലി ലുക്ക് കുറയ്ക്കും.
മേക്കപ് അണിയാം ഇങ്ങനെ
∙ ചർമം മേക്കപ്പിനായി തയാറാക്കി കഴിഞ്ഞാൽ മേക്കപ് തുടങ്ങാം. ആദ്യം ചർമത്തിന്റെ ടോണിന് ഇണങ്ങുന്ന ഫൗണ്ടേഷൻ, അണിയാം. ചെറുതായി തൊട്ടു വച്ച ശേഷം വട്ടത്തിൽ മൃദുവായി പുരട്ടി ചർമവുമായി യോജിപ്പിക്കണം. ഫൗണ്ടേഷന് പകരമായി ബിബി, സിസി ക്രീമുകൾ ഉപയോഗിക്കാം. ഏതായാലും ചർമത്തിന്റെ ടോണുമായി ഏറ്റവും ഇണങ്ങുന്നതാകണം.
∙ പാടുകൾ മറയ്ക്കാൻ കൺസീലർ ഉപയോഗിക്കാം. പാടുകൾ ഉള്ളയിടത്ത് കൺസീലർ തൊട്ടു വച്ച ശേഷം മൃദുവായി ചർമവുമായി യോജിപ്പിക്കുക. മഞ്ഞ, ഓറഞ്ച്, ഡാർക്ക് നിറങ്ങളിൽ കൺസീലർ ലഭിക്കും.
പാടുകളുടെ ആഴത്തിനനുസരിച്ചു വേണം നിറം തിരഞ്ഞെടുക്കാൻ. ഏറെ ആഴമുള്ള പാടുകൾക്ക് ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
∙ കോംപാക്റ്റ് ഉപയോഗിച്ച് മുഖം കൂടുതൽ തെളിമയുള്ളതാക്കാം. കോംപാക്റ്റും സ്കിൻ ടോണിന് അനുയോജ്യമായത് വാങ്ങണം.
∙ ഐ ബ്രോ ബ്രഷ് ഉപയോഗിച്ച് പുരികങ്ങൾ ആകൃതി വരുത്തിയ ശേഷം ഐ ബ്രോ ഷെയ്ഡ് ചെയ്യാം. ഷെയ്ഡ് ചെയ്യാനായി നിങ്ങളുടെ പുരികത്തിന്റെ ഹെയർ കളറിൽ തന്നെയുള്ള ഷെയ്ഡിലുള്ള ഐ ബ്രോ ലൈനർ ഉപയോഗിക്കാം. പൗഡർ ആയും വ്യത്യസ്തമായ ടിപ്പോടു കൂടിയും ഉള്ള ഐ ബ്രോ ലൈനർ കിറ്റ് ഇന്ന് ലഭ്യമാണ്.
∙ മുഖത്തിന്റെ എടുത്തു കാണുന്ന ഭാഗമായ കവിളുകൾ ഇഷ്ട ഷെയ്ഡ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യാം.
∙ ഐ ഷാഡോ ഒറ്റ നിറമായോ രണ്ടോ മൂന്നോ ഷെയ്ഡുകൾ ചേർത്തോ അണിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ലുക് അനുസരിച്ചാകണം ഐ ഷാഡോയുടെ നിറം തിരഞ്ഞെടുക്കേണ്ടത്. ന്യൂഡ് ലുക്ക് ആണ് ഇഷ്ടമെങ്കിൽ ഇളം നിറങ്ങളും ഹോട്ട് – ലൗഡ് ലുക്ക് വേണമെങ്കിൽ ബ്രൈറ്റ് – ഫ്ലൂറസന്റ് നിറങ്ങളോ ഉപയോഗിക്കാം.
∙ കണ്ണുകൾ ജെൽ കാജൽ, ഐ ലൈനർ എന്നിവ കൊണ്ട് ആകൃതിപ്പെടുത്തുക
∙ ചുണ്ടിന്റെ മുകളിലും താഴെയും ഒരേ കനത്തിലായിരിക്കണം ലിപ്സ്റ്റിക് പുരട്ടേണ്ടത്. ലിപ് ബ്രഷ് ഉപയോഗിച്ച് ലിപ്സ്റ്റിക് അണിയുകയാണ് നല്ലത്. ചുണ്ടുകൾക്കു കൂടി നിറം നൽകുന്നതോടെ മേക്കപ് പൂർണമായി.

സൗന്ദര്യ ചികിത്സ നേരത്തെ വേണം
മുഖത്തെ കൂടുതൽ സുന്ദരമാക്കാൻ ചെയ്യുന്ന ഫേഷ്യൽ, വാക്സിങ് തുടങ്ങിയവയും ചിലർക്ക് മുഖക്കുരു, അലർജി എന്നിവ ഉണ്ടാക്കാറുണ്ട്. മേക്കപ് അണിയേണ്ട, ആഘോഷ ദിവസത്തിന് തൊട്ടു മുൻപ് ഇത്തരം ബ്യൂട്ടി ട്രീറ്റ്മെന്റ് ചെയ്യുന്നത് ഒഴിവാക്കുക. വിദഗ്ധരുടെ അടുത്തു നിന്നു മാത്രം ബ്യൂട്ടി ട്രീറ്റ്മെന്റ്സ് സ്വീകരിക്കുക. സ്ഥിരമായി മാസ്ക് ധരിക്കുന്നത് മൂലം മുഖക്കുരു ഉണ്ടാകുന്നെങ്കിൽ മൃദുവായ കോട്ടൻ തുണികൊണ്ട് ഉണ്ടാക്കിയ മാസ്ക് മാത്രം ധരിക്കുക.
രാഖി റാസ്
വിവരങ്ങൾക്ക് കടപ്പാട്
റിസ്‌വാൻ
സെലിബ്രിറ്റി മേക്കപ് & ഹെയർ സ്റ്റൈലിസ്റ്റ്, കൊച്ചി
ജീന
സെലിബ്രിറ്റി മേക്കപ് & ഹെയർ സ്റ്റൈലിസ്റ്റ്, കൊച്ചി