Saturday 25 May 2019 04:08 PM IST

ടീനേജിൽ മേക്കപ്പ് എത്രവരെയാകാം? ‘മേക്കപ്പ് ജ്വരം’ ബാധിച്ച് കിട്ടുന്നതെല്ലാം മുഖത്തിടുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്!

Shyama

Sub Editor

teen-makeup075343

ടിക് ടോക്, ഡബ്സ്മാഷ്, സ്മ്യൂൾ... ഏതു നേരത്താണ് ഒരു വിഡിയോ എടുക്കേണ്ടി വരിക, പോസ്റ്റ് ചെയ്യേണ്ടി വരിക എന്ന ‘കടുത്ത ആശങ്കയിൽ’ ആണല്ലോ നമ്മുടെ ടീൻസ്.  ഇതൊക്കെ കൊണ്ടാകാം ‘മേക്കപ്പ് ജ്വരം’ നമ്മുടെ കുട്ടികളുടെ തലയ്ക്കു പിടിച്ചിരിക്കുകയാണ്. പത്തും പതിമൂന്ന് വയസ്സു മുതൽ മേക്കപ്പ് ചെയ്യുന്ന കുട്ടികളുടെ എണ്ണം കൂടി വരുന്നുണ്ട്.

എങ്കിലും‘നോ മെയ്ക്കപ്പ്, നോ പ്രോബ്ളം’ എന്നൊന്നും നമുക്ക് കുട്ടികളോട് പറയാൻ പറ്റില്ല. കാരണം ഹോർമോണുകൾക്ക് മാറ്റം വരുന്ന സമയമാണത്. മുഖക്കുരു, നിറവ്യത്യാസങ്ങൾ, താരൻ, മുടി കൊഴിച്ചിൽ, മുടിയുടെ അഗ്രം പിളരൽ അങ്ങനെ പല പ്രശ്നങ്ങളും  മുളപൊട്ടാം. മേക്കപ്പ് തീരെ ഉപയോഗിക്കാത്ത കുട്ടികളിലും ഈ പ്രശ്നങ്ങൾ പ്രായത്തിന്റെ മാറ്റങ്ങളായി പ്രത്യക്ഷപ്പെടാം.  

എന്നാൽ വളരെ ചെറുപ്രായം മുതൽക്കെ മേക്കപ്പ് ഇട്ടു തുടങ്ങിയാലുള്ള പ്രധാന പ്രശ്നം പ്രീ മച്വർ ഏജിങ് അല്ലെങ്കിൽ അകാല വാർധക്യം ബാധിക്കലാണ്. ഈ രീതിയിലാണ് ഈ വിഷയത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടതും.

ആവാം, പക്ഷേ, സ്ഥിരമായി വേണ്ട

ഇടയ്ക്കു ചടങ്ങുകൾക്കൊ മറ്റോ സ്വൽപം മേക്കപ്പ് ഇട്ടാൽ കുട്ടികളെ വഴക്കു പറയരുത്. എന്നാൽ എന്നും സ്കൂളിൽ പോകുമ്പോഴും, തൊട്ടടുത്തെ കടയിൽ പോകാനുമൊക്കെ മേക്കപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്.

∙എത്ര ‘പ്രകൃതി സൗഹാർദം’ എന്നു പറഞ്ഞാലും മിക്ക മേക്കപ്പ് വസ്തുക്കളിലും  കെമിക്കൽ ഉണ്ട്. ഇവ സ്ഥിരമായി ത്വക്കിൽ എത്തുന്നത് അതിന്റെ സ്വാഭാവികതയ്ക്ക് മാറ്റം  വരുത്തും. ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ട് ചർമത്തിൽ എളുപ്പം ചുളിവുകളും മറ്റും പ്രത്യക്ഷ്യപ്പെട്ടു തുടങ്ങും.

∙സ്ഥിരമായി ഹെയൽ സ്ട്രെയിറ്റനിങ്, ഹെയർ കളറിങ്, ഹെയർ സ്മൂത്ത്നിങ് എന്നിവ ചെയ്യുന്നവരിൽ കൂടുതലായി അ കാല നര, മുടി പൊട്ടി പോകുക, അഗ്രം പിളരുക, മുടിയുടെ  അഗ്രഭാഗത്തേക്കു വരുമ്പോൾ ബലം കുറഞ്ഞു പോകുക തുടങ്ങിയ പ്രശ്നങ്ങൾ കാണാറുണ്ട്.

∙സ്ഥിരമായി മസ്കാര, ഐപെൻസില‍്‍ എന്നിവ ഉപയോഗിക്കുന്നവരിൽ പലർക്കും കൺപീലി കൊഴിയുന്നതും കണ്ണിൽ അലർജിയും ചുവപ്പും വരുന്നതും കാണാം.

∙കുട്ടികൾ പലരും മേക്കപ്പ് ഇടാൻ കാണിക്കുന്ന ആവേശം മേക്കപ്പ് തുടച്ചു മാറ്റാൻ കാണിക്കുന്നില്ല. രാത്രി മേക്കപ്പ് മുഴുവനായി തുടച്ചു മാറ്റാതെ ഉറങ്ങരുത്. എണ്ണയിട്ട് തുടച്ചശേഷം ഫെയ്സ് വാഷ് ഇട്ട് വേണം മുഖം കഴുകാൻ. ക്ലെൻസിങ് ലോഷനുപയോഗിച്ചും ചർമം വൃത്തിയാക്കാം.  

പറഞ്ഞുകൊടുക്കാം

‘‘മോളേ... എന്നും ഇങ്ങനെ ലിപ്സ്റ്റിക് ഇടാതെ, എല്ലാ ദിവസവും ഈ ഹെയർ സ്പ്രേ എടുത്തടിക്കാതെമോനെ...’ എന്നൊക്കെ പറഞ്ഞാൽ കുട്ടികൾക്ക് അ ത് മനസ്സിലാകണമെന്നില്ല. പകരം ശാസ്ത്രീയ വശങ്ങൾ പറഞ്ഞു മനസ്സിലാക്കുക. ടീനേജ് കാലം പല തരം ഹോർമോൺ വ്യതിയാനങ്ങൾ നടക്കുന്ന സമയമാണ്. അപ്പോൾ മുഖക്കുരു വരിക എന്നതൊക്കെ സ്വാഭാവികമാണ്. അതൊരു പ്രായം കഴിഞ്ഞ് അപ്രത്യക്ഷമാകും എന്നും പറയുക.

∙ കുട്ടികൾ ഇത്തരം കാര്യങ്ങളിൽ അസ്വസ്ഥരാണെങ്കിൽ നല്ലൊരു ചർമരോഗ ഡോക്ടറെ കാണിക്കാം. ഡോക്ടറുടെ നിർദേശ പ്രകാരമുള്ള മരുന്നുകളും ലേപനങ്ങളും മാത്രം ഉപയോഗിക്കുക. അല്ലാതെ മുഖക്കുരു മറയ്ക്കാൻ അതിനു മുകളിൽ ഫൗണ്ടേഷനിടുന്നതല്ല ശാശ്വത പരിഹാരം.

∙കുട്ടികൾ ഉപയോഗിക്കുന്ന ക്രീമുകളുടേയും സ്പ്രേയുടേയും ഉള്ളിൽ അടങ്ങിയിരിക്കുന്ന പദാർഥങ്ങൾ അതിന്റെ കവറിനു പുറത്ത് എഴുതിയിട്ടുണ്ടാകും. അത് വായിച്ചുനോക്കി, അവയുടെ സ്ഥിര ഉപയോഗം ചർമത്തിനുണ്ടാക്കുന്ന ദോഷങ്ങൾ അറിഞ്ഞു വയ്ക്കാം. എന്നിട്ട് കുട്ടിക്ക് തെളിവു സഹിതം കാര്യങ്ങൾ പറഞ്ഞു കൊടുത്തു നോക്കൂ... വഴക്കില്ലാതെ ശാന്തമായി കാര്യങ്ങൾ തീരും.

∙വെളുക്കാൻ വേണ്ടി ഏതറ്റം വരെ പോകാനും മടിക്കാത്ത ചി ല കുട്ടികളുണ്ട്. ഒരു പ്രോഡക്ട് ഒരാൾ വാങ്ങി രണ്ടു തവണ  പുരട്ടിയപ്പോൾ വെളുത്തു എന്നു പറയുന്നത് കേട്ട് അത് വാങ്ങി നാലു തവണ പുരട്ടി, ചർമം പൊള്ളി അപകടത്തിലാകുന്നവരുണ്ട്. പല സൗന്ദര്യ വർധകങ്ങളും ആളുകളുടെ ശാരീരിക പ്രത്യേകതകളനുസരിച്ചാണ് ഗുണവും ദോഷവും തരുന്നത്.  അതുകൊണ്ട് തന്നെ ഒരാൾ ഉപയോഗിച്ച വസ്തു മറ്റേയാൾക്കും അതേ ഫലം ചെയ്യണം എന്ന് നിർബന്ധമില്ല.

teen-makeup642qw

∙ഫേഷ്യൽ, ത്രെഡ്ഡിങ്, വാക്സിങ് എന്നിവയൊന്നും ചെറുപ്രായം  മുതൽക്കെ ചെയ്യുന്നത് അത്ര നല്ലതല്ല. കഴിവതും 18 വയസ്സു വരെയെങ്കിലും ഒഴിവാക്കുക. ചടങ്ങുകൾക്കൊ മറ്റോ ചെയ്തേ മതിയാകൂ എന്നുണ്ടെങ്കിൽ ഉപകരണങ്ങൾ നന്നായി അണുവിമുക്തമാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേ ഷം ചെയ്യാം.

നൽകാം, ആന്തരിക സൗന്ദര്യം

∙ ഒരാളുടെ ചർമത്തിന്റെ നിറം അയാളുടെ ജനിതക ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഡസ്കി ടോണിലുള്ള അറിയപ്പെടുന്ന മോഡൽസ്, നടിമാർ ഇവരെ കാണിച്ച് വിജയ കഥകൾ പറഞ്ഞു കൊടുക്കുന്നത്  ആത്മവിശ്വാസം കൂട്ടാൻ സാഹായിക്കും. ഇന്ന നിറമാണ് നല്ലതെന്ന വേർതിരിവുള്ള സംസാരങ്ങൾ കുട്ടികൾക്കു മുന്നിൽ വച്ച് നടത്താതിരിക്കാനും ശ്രദ്ധിക്കുക.

∙മേക്കപ്പ് സാധനങ്ങള‍്‍ വാങ്ങുമ്പോൾ കഴിവതും ബ്രാൻഡഡ് തന്നെ നോക്കി വാങ്ങണം. മാത്രമല്ല, ഉപയോഗിച്ച് നോക്കി അവരവർക്കു ചേരുന്നവ വാങ്ങുക. ഷോപ്പുകളിൽ തന്നെ ട്രയലും ടെസ്റ്റും ഒക്കെ ചെയ്യാറുണ്ട്. അത് ചെയ്തു നോക്കി ചർമത്തിന് കുഴപ്പമില്ലെങ്കിൽ മാത്രം  പ്രൊഡക്ട് വാങ്ങിയാൽ മതി. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാൽ പിന്നീട് ശരിയായി കൊള്ളും എന്നു കരുതി വാങ്ങരുത്.  

∙സെലിബ്രിറ്റീസ് മേക്കപ്പ് ചെയ്യുന്നത് അവരുടെ തൊഴിലിന്റെ ആവശ്യങ്ങൾക്കു വേണ്ടിയാണ്. മാത്രമല്ല മിക്കവരും സ്കിൻ കെയർ ട്രീറ്റ്മെന്റ്സ് ചെയ്യാറുമുണ്ട്. ഉദാഹരണത്തിന് മുടി ചുരുട്ടുമ്പോഴും നീട്ടുമ്പോഴുമൊക്കെ അവർ ഹീറ്റ് പ്രൊട്ടക്‌ഷനുള്ള സ്പ്രേയും ക്രീമും ഒക്കെ ഉപയോഗിച്ച ശേഷമാണ് ചെയ്യുന്നത്. ഇതൊക്കെ കണ്ട് ചെറുപ്രായത്തിലെ അനുകരിക്കുന്നത് സ്വന്തം ചർമത്തിന് തന്നെ ദോഷം ചെയ്യും എന്ന് മറക്കണ്ട.

∙ബാഹ്യമായ സൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം കൊടു ക്കാതെ  സ്വന്തം കഴിവുകൾ വളർത്താൻ ശ്രദ്ധ നൽകാം. ആ ന്തരികമായി സന്തോഷം തരുന്ന വ്യായാമം, വ്യക്തിശുചിത്വം, നല്ല ഡയറ്റ് ഇവ ശീലിക്കാനും കുട്ടികളെ ചെറുപ്പത്തിലെ പ്രോത്സാഹിപ്പിക്കണം.

വൃത്തി പ്രധാനമാണ്

മേക്കപ്പ് ഉപയോഗിച്ചു തുടങ്ങും മുൻപ് കുട്ടികളെ പഠിപ്പിക്കേണ്ട ചില പാഠങ്ങളുണ്ട്.

മറ്റുള്ളവരുടെ മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. അത് അമ്മയുടേതോ ചേച്ചിയുടേതോ കൂട്ടുകാരികളുടേതോ ആയാലും. ലിപ്സ്റ്റിക്, ഐ ലൈനർ, മസ്കാര, ലിപ് ബാം എന്നിവ കൈമാറി ഉപയോഗിച്ചാൽ പല തരം അണുബാധകൾ വരാം.  

∙ മേക്കപ്പിന് ഉപയോഗിക്കുന്ന ബ്രഷ്, സ്പോഞ്ച് എന്നിവ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക.

∙ നനവില്ലാത്തതും നനവുള്ളതുമായ മേക്കപ്പ് സാധനങ്ങൾ ഒരേ ബ്രഷ് കൊണ്ട് എടുത്താൽ അവ വേഗം ചീത്തയാകും. ഒാരോന്നിനും പ്രത്യേക ബ്രഷ് കരുതാം.

∙ വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. മൂന്നു മാസത്തിനുള്ളിൽ എക്സ്പയറി ആകുന്നതും ഒഴിവാക്കാം.

∙ കണ്ണിൽ ലെൻസ് ഉപയോഗിക്കുന്നവർ അതു വയ്ക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകി തുടക്കണം. ലെൻസ് കെയ്സിൽ അതിന്റെ സൊല്യൂഷനിൽ മാത്രം അവ ഇട്ട് വയ്ക്കുക.

കാലാവധിക്കപ്പുറവും ലെൻസ് ഉപയോഗിച്ച് കണ്ണിന് സാരമായ ആരോഗ്യപ്രശ്നങ്ങളുമായി കുട്ടികൾ ഡോക്ടറുടെ അടുത്തെത്തുന്നു. അതുകൊണ്ട് കാലാവധി കഴിഞ്ഞുള്ള ഉപയോഗം വേണ്ടേ വേണ്ട.

∙ മേക്കപ്പിനു ശേഷം ചൊറിച്ചിൽ, ചർമത്തിൽ പാടുകൾ, നിറവ്യത്യാസം, മുടി കൊഴിച്ചിൽ, തലയോട്ടിയിൽ കുരുക്കൾ, കണ്ണ് ചുവക്കുക, കണ്ണിൽ നിന്ന് വെള്ളം വരിക... എന്നിവ അനുഭവപ്പെട്ടാൽ അതിന്റെ ഉപയോഗം  ഉടൻ നിർത്തണം ചികിത്സ തേടുകയും വേണം.

കടപ്പാട്: ഡോ. എലിസബത്ത് കെ. പോൾ, കൺസൽട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, എറണാകുളം.