പാര്‍ട്ടിക്കോ, കല്ല്യാണത്തിനോ പോകാന്‍ പ്ലാൻ ചെയ്യുമെങ്കിലും മുഖസൗന്ദര്യത്തെക്കുറിച്ച് ഓർക്കുന്നത് മിക്കവാറും തലേന്നു മാത്രമായിരിക്കും. അപ്പോഴാണെങ്കിൽ ബ്യൂട്ടിപാർലറിൽ പോയി സുന്ദരിയാകാനുള്ള സമയവും കാണില്ല. അത്തരക്കാർ ഇനി വിഷമിക്കേണ്ട, വീട്ടിൽ സുലഭമായിട്ടുള്ള മൂന്നേ മൂന്നു വസ്തുക്കൾ ഉപയോഗിച്ചു പാടുകൾ നീക്കം ചെയ്തു മുഖം മിനുക്കാൻ ഒരെളുപ്പവഴിയുണ്ട്. ഓറഞ്ചും തേനും പഞ്ചസാരയും മാത്രം ഉപയോഗിച്ചുള്ള കിടിലന്‍ ഫെയ്സ്പാക് ഇതാ..
ആവശ്യമുള്ള സാധനങ്ങൾ
നന്നായി പഴുത്ത ഒരു ഓറഞ്ച്, തേന്‍, പഞ്ചസാര
തയാറാക്കുന്ന വിധം
നന്നായി പഴുത്ത ഓറഞ്ചിനെ നടുവെ മുറിച്ചു മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രത്തിൽ അൽപം പഞ്ചസാരയെടുത്ത് അതിലേക്ക് ഓറഞ്ച് മുക്കി എടുക്കുക. ഓരോ മുറി ഓറഞ്ചിനും മുകളിലേക്ക് ഓരോ ടീസ്പൂൺ തേൻ ഒഴിക്കുക. ഇനി ഈ ഓറഞ്ചുകൾ കൊണ്ട് വട്ടത്തിൽ മുഖത്തിലും കഴുത്തിലും നന്നായി റബ് ചെയ്യുക.
പത്തു മിനിറ്റോളം മൃദുവായി മുഖത്തും കഴുത്തിലും റബ് ചെയ്തതിനു ശേഷം അടുത്ത പത്തു മിനിറ്റ് ജ്യൂസ് മുഖത്തു പിടിക്കാൻ അനുവദിക്കുക. ശേഷം നല്ല വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുത്ത പാടുകളൊക്കെ പോയി മുഖം ഫ്രഷ് ആകും.
ഗുണങ്ങൾ
. ഓറഞ്ച് നല്ല ക്ലെൻസിങ് ഏജന്റും ഒപ്പം വൈറ്റനിങ് ഏജന്റുമാണ്. സൂര്യപ്രകാശമേറ്റു വരുന്ന കറുത്തപാടുകളെ നീക്കം ചെയ്യാൻ ഉത്തമമാണ് ഓറഞ്ച്.
. പഞ്ചസാര വളരെ നല്ലൊരു സ്ക്രബർ ആണ്, പഞ്ചസാര മുഖത്തു വച്ച് ഉരസുന്നതിനനുസരിച്ച് അലിയുന്നതുകൊണ്ട് മറ്റു സ്ക്രബുകൾ പോലെ റാഷസ് ഒന്നും ഉണ്ടാക്കില്ല.
. ഏതു ചർമക്കാർക്കും ഉപയോഗിക്കാവുന്ന മോയ്സചറൈസർ ആണ് തേൻ. ചർമം ക്ലെൻസ്ഡ് ആവാനും തിളങ്ങാനുമൊക്കെ തേനും മികച്ചതാണ്.