Friday 27 October 2023 09:51 AM IST : By ഡോ. ബി. രാജ്കുമാർ

വണ്ണം കുറയ്ക്കാൻ എള്ളെണ്ണ, ചെറുപ്പമായിരിക്കാൻ അമുക്കുരം ചേർത്ത എണ്ണ: സൗന്ദര്യം കൂട്ടാൻ രഹസ്യക്കൂട്ട്

ayur32324

നമ്മുടെ പാരമ്പര്യ ചികിത്സയിൽ ശരീരസൗന്ദര്യം വർധിപ്പിക്കാൻ നിരവധി നാടൻ മാർഗങ്ങൾ നിലവിലുണ്ട്. അമിതവണ്ണം കുറയ്ക്കാനും ശരീരത്തിന്റെ ഒാജസ്സും തേജസ്സും വർധിപ്പിക്കാനുമുള്ള മാർഗങ്ങൾ ഇതാ :

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാടൻ പ്രയോഗങ്ങൾ

∙ കരിങ്ങാലിയുടെ കാതലും നെല്ലിക്കയും കൂടെ കഷായം വച്ചു കഴിക്കാം. കരിങ്ങാലി കാതൽ 150 ഗ്രാമും നെല്ലിക്ക 115 ഗ്രാമും എടുത്തു നാല് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി വറ്റിക്കുക. വറ്റിച്ചതിനു ശേഷം കഷായത്തിലേക്ക് ഒരു ടീസ്പൂൺ തേനും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കാം.

∙ ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരിൽ കുറച്ചു തേൻ ചേർത്തു രാത്രി കഴിക്കുക.

∙ കരിങ്ങാലിയും ചുക്കും ചതച്ചിട്ട് തിളപ്പിച്ചാറിയ വെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്.

∙ ശുദ്ധമായ വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് അതിരാവിലെ കുടിക്കാം.

∙ എള്ളെണ്ണ അതിരാവിലെ ഒരു ടീസ്പൂൺ വെറും വയറ്റിൽ കഴിക്കാം.

ത്രിഫലത്തോട് (കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയാണ് ത്രിഫല. ഇവയുടെ തോട്), വേങ്ങകാതൽ കൊടുവേലി കിഴങ്ങ്, വരട്ടുമഞ്ഞൾ എന്നിവ 10 ഗ്രാം വീതം എടുത്തു കഷായം വയ്ക്കാം. ഇതു തേൻ മേമ്പൊടി ചേര‍ത്തു കഴിക്കാം.

ശരീരത്തിന് ഓജസ്സും ഊർജവും

ശരീരത്തിന്റെ ഉന്മേഷവും ഓജസ്സും സൗന്ദര്യത്തിന്റെ തന്നെ ഭാഗമാണ്. ശരീരത്തിന്റെ ബലക്കുറവ് മാറ്റി ഓജസ്സും ഊർജവും ലഭിക്കാനുള്ള നാടന്‍ വഴികൾ

∙ വാഴപ്പഴം (ചെറുപഴങ്ങൾ ആണ് ഉത്തമം) ചെറുതായി അരിഞ്ഞ് അതിൽ വെണ്ണയും തേനും നാരങ്ങാനീരും ചേൽത്തു പതിവായി കഴിക്കുന്നത് ഓജസ്സില്ലായ്മ കുറയ്ക്കും.

∙ നെല്ലിക്ക, ഞെരിഞ്ഞിൽ, ചിറ്റമൃത്– ഇവ ഉണക്കിപ്പൊടിച്ചു സൂക്ഷിച്ചു വയ്ക്കാം. ഈ മിശ്രിതം ഒരു ടീസ്പൂൺ വീതം എടുത്തു തേനും നെയ്യും ചേർത്ത് ദിവസേന കഴിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റും.

∙ വീഴാലരി, നെല്ലിക്ക, വേങ്ങാകാതൽ എന്നിവ സമം എടുത്തു പൊടിച്ചു വയ്ക്കാം. ഇത് ഒരു ടീസ്പൂൺ

ദേഹത്തു തേച്ചു കുളിക്കാൻ

∙ 200 മില്ലി ലീറ്റർ നല്ലെണ്ണയിൽ 60 ഗ്രാം അമുക്കുരം അരച്ചു കലക്കി എണ്ണ കാച്ചി ദേഹത്തു പുരട്ടി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കഴിഞ്ഞു ചെറുചൂടുവെള്ളത്തിൽ കുളിക്കണം. ശരീരം ചെറുപ്പമായി നിലനിൽക്കും.

∙ 200 മില്ലി ലീറ്റർ നല്ലെണ്ണയിൽ 100 ഗ്രാം അശോകപ്പൂവ് കാച്ചി അരിച്ചു ദേഹത്തു തേച്ചാൽ ശരീരകാന്തിയും സൗന്ദര്യവും വർധിക്കും.

∙ അമുക്കുരുവും ഇരട്ടി മധുരവും പൊടിച്ചിട്ട് പാൽകാച്ചികുറുക്കി ദേഹത്തു തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിയുമ്പോൾ കുളിക്കുക. ശരീരകാന്തി വർധിക്കുകയും സൗന്ദര്യത്തോടു കൂടി ഇരിക്കുകയും ചെയ്യും.

∙ ചെറുപയർ പൊടി –50 ഗ്രാം, കടലമാവ് –50 ഗ്രാം, കസ്തൂരിമഞ്ഞൾപൊടി –15 ഗ്രാം, നാൽപാമരപ്പൂ പൊടിച്ചത് – 25 ഗ്രാം, ചന്ദനപ്പൊടി– ഒരു ടീസ് പൂൺ. ഇവ നന്നായി യോജിപ്പിച്ച് ഒരു ടിന്നിൽ അടച്ചു സൂക്ഷിക്കുക. അവരവരുടെ ശരീരത്തിന്റെ ആവശ്യമനുസരിച്ച് 10 മുതൽ 15 ഗ്രാം വരെ എടുത്ത് പശുവിൻ പാലിലോ വെള്ളത്തിലോ കുഴച്ച് 10 തുള്ളി പനിനീരും ചേർത്ത് മിശ്രണം ദേഹത്തു തേച്ചു കുളിക്കാൻ ഉപയോഗിക്കാം.

വയറു കുറയ്ക്കാൻ എണ്ണ

∙ വയറിന്റെ സൗന്ദര്യത്തിനു ഒരു എണ്ണ: മൂന്നു പിടി പുളിയില എടുത്തു ചതച്ച് ഒരു ലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് നന്നായി വറ്റിച്ചെടുക്കണം. ഇതിലേക്കു 200 മില്ലി ലീറ്റർ നല്ലെണ്ണ ചേർക്കുക. ഇതിൽ മുരിങ്ങവേരിന്റെ തൊലി 100 ഗ്രാം എടുത്തു ചതച്ച് ഇതിൽ ഇടുക. കുറച്ച് ഇന്തുപ്പ്, വിളയുപ്പ്, കല്ലുപ്പ്, കാരുപ്പ്, വെടിയുപ്പ് എന്നിവ 20 ഗ്രാം വീതം ചേർത്ത് എണ്ണ കാച്ചുക. എണ്ണ മെഴുകുപാകത്തിൽ ആകുമ്പോൾ എടുക്കുക. ഈ എണ്ണ തേച്ച് വയറിൽ കറക്കി തടവുക. ആദ്യം പത്ത് പ്രാവശ്യം വലത്തോട്ടു കറക്കിത്തടവുക. ആദ്യം പത്ത് പ്രാവശ്യം വത്തോട്ടു കറക്കിത്തടവുക. അതുകഴിഞ്ഞ് പത്തു പ്രാവശ്യം ഇടത്തോട്ടു തടവുക. ഒരുപാട് ബലം പ്രയോഗിക്കരുത്. പതിയെ തടവുക.

എണ്ണ കാച്ചുമ്പോൾ

എണ്ണ കാച്ചുമ്പോൾ എണ്ണയിൽ ചേർക്കുന്ന പച്ചമരുന്നുകളുടെ സ്വഭാവം നോക്കിയാണ് തലയിലും ദേഹത്തും തേക്കേണ്ട പാകം തീരുമാനിക്കുന്നത്. ശരീരത്തിനു വേണ്ടിയുള്ള എണ്ണ കാച്ചുമ്പോൾ പച്ചമരുന്നകൾ മെഴുകിന്റെ രൂപത്തിലായി വരുമ്പോൾ (മൃദുപാകം) വാങ്ങി അരിച്ചെടുക്കാം. എന്നാൽ തലയിൽ തേക്കുന്ന എണ്ണ കാച്ചുമ്പോൾ പച്ചമരുന്നുകൾ കരിഞ്ഞു പോകാതെ മുറുക്കി കാച്ചണം (ഖരരൂപം)

ഇലകളുടെ നീരെടുത്ത് എണ്ണ കാച്ചുമ്പോൾ നീരുകൾക്കു സമം എണ്ണ എന്ന രീതിയിലാണ് എടുക്കേണ്ടത്. തലയിലേക്കു വേണ്ടുന്ന എണ്ണ എടുക്കുമ്പോൾ വെളിച്ചെണ്ണയോ നല്ലെണ്ണയോ തിരഞ്ഞെടുക്കാം. അത് അവരവരുടെ ശരീരപ്രകൃതിയനുസരിച്ചാണ് ചെയ്യേണ്ടത്. വെളിച്ചെണ്ണ ശീലിച്ചവർ വെളിച്ചെണ്ണയിൽ തന്നെ കാച്ചിയെടുക്കണം.

തയാറാക്കിയത്

ഡോ. ബി. രാജ്കുമാർ

മെഡിക്കൽ സൂപ്രണ്ട്

ശാന്തിഗിരി മെഡിക്കൽ സർവീസസ്

Tags:
  • Manorama Arogyam