മുട്ടയുടെ വെള്ളയിൽ മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടാം, മുഖത്തെ ചുളിവുകൾ മാറും; മഞ്ഞൾ കൊണ്ടുള്ള ചില പൊടികൈകൾ ഇതാ..

Mail This Article
മുഖക്കുരു മാറാനും മുഖത്തെ രോമങ്ങൾ പൊഴിഞ്ഞു പോകാനും നിറം വർധിപ്പിക്കാനുമെല്ലാം ആയുർവേദത്തിൽ ഉപയോഗിച്ചു വന്നിരുന്ന ഒന്നാണ് മഞ്ഞൾ. പണ്ടുകാലത്ത് സ്ത്രീകൾ മഞ്ഞൾ തേച്ചു കുളിക്കുന്നത് പതിവായിരുന്നു. ശുദ്ധമായ മഞ്ഞൾ ഉപയോഗിച്ച് മുഖകാന്തി വർധിപ്പിക്കുന്നതിനുള്ള ചില പൊടികൈകൾ ഇതാ..
മുഖകാന്തി വർധിപ്പിക്കാൻ
1. കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി മഞ്ഞൾപൊടിയും ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപായി ചെറുപയർ പൊടിയും ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.
2. പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്തചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂർ വച്ചശേഷം കഴുകികളയുക.
3. കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.
4. മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക.
5. മഞ്ഞളും, ചെറുപയർ പൊടിച്ചതും, തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.
മുഖക്കുരുവും പാടുകളും മാറാൻ
1. മഞ്ഞളും തുളസിനീരും ചേർത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം മുഖത്തു പുരട്ടുക. പഴക്കം ചെന്ന കറുത്ത പാടുകൾ മാറികിട്ടും.
2. മഞ്ഞൾപ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലിൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിറ്റുകൾക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകൾക്കും, മുഖക്കുരുവിനും ഇത് നല്ലതാണ്.
3. പനിനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടി അരമണിക്കൂർ ശേഷം കഴുകി കളഞ്ഞാൽ മുഖക്കുരുവിന് ശമനം കിട്ടും.
4. ചെറുചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം മഞ്ഞളും വേപ്പിലയും ചേർത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകൾ മാറികിട്ടും.
5. തേച്ചുകുളി എന്നു കേട്ടിട്ടില്ലേ? പച്ചമഞ്ഞളും ആര്യവേപ്പിലയും കൂടി കുഴമ്പു രൂപത്തിലാക്കി ദിവസവും തേച്ചുകുളിച്ചാൽ ശരീരത്തിലെ എല്ലാ കറുത്ത പാടുകളും മാറുമെന്ന് മാത്രമല്ല, ചർമ്മകാന്തി വർധിക്കുകയും ചർമ്മ രോഗങ്ങളെ അകറ്റിനിർത്തുകയും ചെയ്യും.