Friday 18 November 2022 03:24 PM IST

പ്രായം തൊടാതെ ചർമത്തിന്റെ യുവത്വം കാക്കും, മെലാനിന്റെ അളവ് കുറയ്ക്കും; അറിയാം ‘വൈറ്റമിൻ സി’ എന്ന ഓൾറൗണ്ടർ

Ammu Joas

Sub Editor

shutterstock_2082438655

ഭക്ഷണത്തിൽ ഉൾപ്പെടുത്തുക മാത്രമല്ല, ചർമത്തിന്റെ അഴകും ആരോഗ്യവും സംരക്ഷിക്കാൻ വൈറ്റമിൻസ് പുരട്ടുകയും ചെയ്യാം..

ആരോഗ്യം മാത്രമല്ല അഴകു സംരക്ഷിക്കാനും വൈറ്റമിൻസ് വേണമെന്ന് നമുക്കറിയാം. പക്ഷേ, ഗുളിക രൂപത്തിൽ കഴിക്കുന്നതൊക്കെ പഴയ രീതി. ആരോഗ്യം തുളുമ്പുന്ന ചർമകാന്തിയും മുഖഭംഗിയും നേടാൻ പുരട്ടുന്ന തരത്തിൽ വൈറ്റമിൻസ് ഉപയോഗിക്കുന്നതാണ് പുതിയ ബ്യൂട്ടി മന്ത്രം.  

പരമ്പരാഗത സൗന്ദര്യ സംരക്ഷണ മാർഗങ്ങൾക്കൊപ്പം വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരമുള്ള വൈറ്റമിൻസ് കൂടി ഉപയോഗിച്ചാൽ ഫലപ്രാപ്തി കൂടുതലാണത്രെ. അതിനുമുൻപ്  ഒാരോ വൈറ്റമിനും ഏതൊക്കെ കാര്യങ്ങളിലാണ് അഴകിന്റെ കൂട്ടുകാരിയാകുന്നതെന്ന് അറിയാം. കഴിക്കാവുന്നതും പുരട്ടുന്നതും ഒക്കെയായി നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ടെങ്കിലും ഒരാളുടെ ചർമ പ്രകൃതം മനസ്സിലാക്കി അതിനനുസരിച്ച് ഡോക്ടർ നിർദേശിക്കുന്ന വൈറ്റമിൻ സപ്ലിമെന്റ് വേണം ഉപയോഗിക്കാൻ.

‘വൈറ്റമിൻ സി’ എന്ന ഓൾറൗണ്ടർ

സ്കിൻ കെയർ വൈറ്റമിനുകളിൽ വൈറ്റമിൻ സി യെക്കുറിച്ചു കേൾക്കാത്തവർ കുറവാകും. ഒരേസമയം ഒന്നിലധികം സംരക്ഷണപ്രവർത്തനങ്ങൾക്ക് കൂട്ടാകുന്ന കിടിലൻ ഓൾറൗണ്ടറാണ് വൈറ്റമിൻ സി.

സൗന്ദര്യം വെയിലത്ത് വാടാതെ കാക്കാൻ വൈറ്റമിൻ സി തുണയാകും. ഇതിന്റെ ഫോട്ടോ പ്രൊട്ടക്റ്റീവ് ഗുണമാണ് സൂര്യപ്രകാശമേറ്റുള്ള പ്രശ്നങ്ങൾ തടയാൻ സഹായകരമാകുന്നത്.

ആന്റിഓക്സിഡന്റ് പ്രത്യേകതകൾ ധാരാളമുള്ളതിനാൽ പ്രായം തൊടാതെ ചർമത്തിന്റെ യുവത്വം കാക്കും. മെലാനിന്റെ അളവ് കുറയ്ക്കും. ആരും മോഹിക്കുന്ന തിളക്കമുള്ള സ്കിൻ ടോണിനു പിന്നിലെ പ്രധാന കക്ഷിയും  വൈറ്റമിൻ സി ആണ്. ഇനി ഈ ഒാൾറൗണ്ടർ വൈറ്റമിന്റെ മറ്റു ഗുണങ്ങൾ കേട്ടോളൂ.  പിഗ്‍മന്റേഷൻ അകറ്റും, ചുളിവുകൾ മായ്ക്കും. എന്തിനേറെ, ചെറിയ മുറിവുകൾ വരെ സുഖപ്പെടുത്താനും  വൈറ്റമിൻ സി സഹായകരമാണ്.

എപ്പോൾ, എങ്ങനെ പുരട്ടണം : വൈറ്റമിൻ സി സീറം രാവിലെ പുരട്ടുന്നതാണ് ഏറ്റവും നല്ലത്. മുഖം കഴുകി വൃത്തിയാക്കിയ ശേഷം സീറം പുരട്ടി ചർമം അതു നന്നായി ആ ഗിരണം ചെയ്യാനായി മൂന്നുനാലു മിനിറ്റ് കാത്തിരിക്കാം.

അതിനുശേഷം പതിവുപോലെ മോയിസ്ചറൈസറും സൺസ്ക്രീനും പുരട്ടിക്കോളൂ. തിളങ്ങട്ടെ മുഖം, നാട്ടിൻപുറത്തെ പുലർവെയിൽ പോലെ.

മനസ്സിനും ശരീരത്തിനും വൈറ്റമിൻ ബി3

സൗന്ദര്യത്തിലെന്താ മനസ്സിന് കാര്യം എന്ന് ചോദിക്കരുത്. മാനസിക സമ്മർദം, പിരിമുറുക്കം ഒക്കെ അഴകിന് കൂട്ടുചേരുന്നവരല്ല. അതൊക്കെ അകറ്റി നിർത്താൻ ശരീരത്തെയും മനസ്സിനെയും സഹായിക്കുന്ന ‘ഉപകാരിയാണ്’ വൈറ്റമിൻ ബി3 അടങ്ങിയ നിയാസിൻ.  

ചർമം സുന്ദരമാക്കുന്നതിനൊപ്പം സമ്മർദവും ടെൻഷനും മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റാനും, ഓർമശക്തി കൂട്ടാനും, ദഹനം സുഗമമാക്കാനുമെല്ലാം ഇത് നല്ലതാണ്. വൈറ്റമിൻ ബി3 ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക. നിയാസിൻ, നിയാസിനമൈഡ് തുടങ്ങിയവയൊക്കെ വൈറ്റമിൻ ബി3 ആണ്. ചർമത്തിൽ പുരട്ടാനുള്ള മിക്ക ക്രീമുകളിലും ലോഷനിലും ഇവ അടങ്ങിയിട്ടുണ്ടാകും.

പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുക, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാൽ മുഖക്കുരു വരാതെ കാക്കുക, മുഖക്കുരുവിന്റെ പാടുകൾ മായ്ക്കുക, ചർമ സുഷിരങ്ങൾ അടച്ച് ചർമം സുന്ദരമാക്കുക, സ്കിൻ ടോൺ മെച്ചപ്പെടുത്തുക എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങളുണ്ട് ഈ വൈറ്റമിന്.

എപ്പോൾ, എങ്ങനെ പുരട്ടണം: നിയാസിനമൈ‍ഡ് സൗന്ദര്യസംരക്ഷണമാർഗം മാത്രമല്ല, ശരീരത്തിലെ ഇംപ്യൂരിറ്റീസിനെ അകറ്റുന്ന ആന്റി ഓക്സിഡന്റ് കൂടിയാണ്. വൈറ്റമിൻ സിക്ക് ഒപ്പമോ ഗ്ലൂട്ടാതിയോണിനൊപ്പമോ ഇത് ഉപയോഗിച്ചാൽ ഗുണം ഇരട്ടിയാകും.

shutterstock_1391758715

ക്ഷീണമകറ്റാൻ വൈറ്റമിൻ എ

ചർമപരിപാലനത്തിനായി റെറ്റിനോയ്ഡ് പുരട്ടുന്നത് നല്ലതാണെന്നു കേട്ടിട്ടില്ലേ. വൈറ്റമിൻ എയാണ് റെറ്റിനോയ്ഡ് എന്നറിയപ്പെടുന്നത്.

ചർമകോശങ്ങളുടെ ക്ഷീണമകറ്റി ഉന്മേഷം പകരുന്ന വൈറ്റമിനാണ് ഇത്. വൈറ്റമിൻ എ ചർമത്തിലെ കൊളാജന്റെ ഉൽപാദനം കൂട്ടുന്നതു വഴി പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റും.

ചെറിയ ചുളിവുകൾ, ഓപ്പൺ പോർസ്, പിഗ്‌മന്റേഷൻ സ്പോട്സ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും റെറ്റിനോയ്ഡ് പുരട്ടുന്നതു നല്ലതാണ്. റെറ്റിനോൾ, ട്രെറ്റിനോയിൻ എന്നിങ്ങനെ ഇതു പലവിധമുണ്ട്.

എപ്പോൾ, എങ്ങനെ പുരട്ടണം: ഏതു പ്രായക്കാർക്കും ഉപയോഗിക്കാമെങ്കിലും ചുളിവുകളും കറുത്ത പുള്ളികളും വന്നു തുടങ്ങുമ്പോൾ മുതലാണ് റെറ്റിനോയ്ഡിനെ ഉറപ്പായും ഒപ്പം കൂട്ടേണ്ടത്.

മുപ്പതു വയസ്സു കഴിഞ്ഞവർ ദിവസവും രാത്രി ചർമത്തി ൽ റെറ്റിനോയ്ഡ് പുരട്ടുന്നത് നല്ലതാണ്. ക്രീം, ജെൽ, ലോഷൻ എന്നിവ കൂടാതെ ഗുളിക രൂപത്തിലും ഇവ ലഭിക്കും. ഗുളിക പൊട്ടിച്ച് ഉള്ളിലെ സീറം മുഖത്ത് പുരട്ടാം.   

ഉണർവ് നൽകും വൈറ്റമിൻ ഇ

വീടിനുള്ളിലിരുന്നാലും പുറത്തിറങ്ങിയാലും അൾട്രാ വയലറ്റ് രശ്മികൾ ചർമത്തിലെത്താം. ഇതിൽ നിന്ന് സംരക്ഷണം തരാൻ വൈറ്റമിൻ ഇയ്ക്കു കഴിയും.

ചർമത്തിന് ഉണർവും സൂത്തിങ് ഇഫക്ടും നൽകുന്നതാണ് വൈറ്റമിൻ ഇ  മികച്ച മോയിസ്ചറൈസറുമാണ്. ചർമകോശങ്ങൾക്ക് പുനർജീവൻ നൽകാനും വൈറ്റമിൻ ഇ പുരട്ടിയാൽ മതി.

എപ്പോൾ, എങ്ങനെ പുരട്ടണം : വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചൊഴിച്ച് മുഖത്തു പുരട്ടാം. മറ്റ് ഫെയ്സ് പാക്കുകൾക്കൊപ്പം ചേർത്തു പുരട്ടുന്നതും നല്ലതാണ്.

പതിവായി സ്കിൻ കെയർ റുട്ടീനിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെങ്കിലും ആഴ്ചയിൽ രണ്ടു തവണ വൈറ്റമിൻ ഇ ചർമത്തിൽ പുരട്ടാം.

സംരക്ഷണത്തിന് വൈറ്റമിൻ കെ

ഒരു മുറിവുണ്ടായാൽ രക്തം കട്ടപിടിച്ചു രക്തസ്രാവം നിർത്താൻ സഹായിക്കുന്നതാണു വൈറ്റമിൻ കെ. ചർമസംരക്ഷണത്തിലും ഇവയ്ക്കു പ്രധാന പങ്കുണ്ട്.

എപ്പോൾ, എങ്ങനെ പുരട്ടണം : വൈറ്റമിൻ കെ ക്രീമുകൾ കണ്ണിനു താഴെയുള്ള കരിവാളിപ്പു മാറ്റാൻ ഗുണകരമാണ്. രാത്രി കിടക്കും മുൻപ് ഇതു പുരട്ടുന്നതാണു നല്ലത്.

skin-glooo446777

വൈറ്റമിനുകൾ ട്രീറ്റ്മെന്റിലും

മിക്ക കോസ്മെറ്റിക് ട്രീറ്റ്മെന്റുകളിലും ‘സ്കിൻ വൈറ്റമിൻസ്’ ഉപയോഗിക്കുന്നുണ്ട്. ഓരോരുത്തരുടെയും ചർമസ്വഭാവവും പ്രശ്നങ്ങളും അറിഞ്ഞശേഷമാണ് ഓരോന്നും ഡോക്ടർ തിരഞ്ഞെടുക്കുന്നത്.

മീസോതെറപ്പി : ഗുണകരമായ ആന്റി എയ്ജിങ് തെറപ്പിയാണ് മീസോതെറപ്പി. ചർമത്തിലെ ജലാംശം നിലനിർത്താനും, ഉൻമേഷം പകരാനും മീസോ തെറപ്പിയിലൂടെ കഴിയും.

ഓരോരുത്തരുടെയും ചർമപ്രശ്നങ്ങൾക്കു പരിഹാരം കാണാനുതകുന്ന പലതരം വൈറ്റമിനുകൾ കൂട്ടിക്കലർത്തി തയാറാക്കുന്ന മീസോ സൊലൂഷൻ വിദഗ്ധ മേൽനോട്ടത്തിൽ ചർമത്തിലേക്കു കുത്തിവച്ചാണ് മീസോതെറപ്പി ചെയ്യുന്നത്.

വൈറ്റമിൻ എ ഇൻഫ്യൂഷൻ ഫേഷ്യൽ : തിളങ്ങുന്ന ആരോഗ്യമുള്ള ചർമം സ്വന്തമാക്കാൻ ഈ ഫേഷ്യൽ സഹായിക്കും. റെറ്റിനാൽഡിഹൈഡ്, ഹയലറൂണിക് ആസിഡ്, ലാക്ടിക് ആസി‍ഡ്, സിംവൈറ്റ് തുടങ്ങി പല ഘടകങ്ങൾ ചർമത്തിലേക്ക് കടത്തിവിട്ടാണ് ഈ ഫേഷ്യൽ ചെയ്യുന്നത്.

ആന്റി എയ്ജിങ് വൈറ്റമിൻ കുത്തിവയ്പ്പ് : പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളെ ചർമത്തിൽ നിന്നകറ്റാനാണ് ഈ ചികിത്സ ചെയ്യുന്നത്. ഐവി രൂപത്തിൽ (കയ്യിലെ ഞരമ്പിലൂടെ) വൈറ്റമിൻ ശരീരത്തിന് നൽകുന്ന കുത്തിവയ്പ്പുകളും മസിലിലേക്ക് കുത്തി നൽകുന്ന (ഐഎം) കുത്തിവയ്പുകളും ഉണ്ട്. കൊളാജൻ– വൈറ്റമിൻ സി ഷോട്സ്, ആന്റി എയ്ജിങ് തുടങ്ങിയവ ഐവി രൂപത്തിലും കൊളാജൻ- വൈറ്റമിൻ കോംപ്ലക്സ് ഷോട്സ് ഐഎം രീതിയിലുമാണ് ചർമം സുന്ദരമാക്കാൻ ശരീരത്തിലെത്തുന്നത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. മീര ജെയിംസ്, കോസ്മറ്റിക്, ഡെർമറ്റോളജിസ്റ്റ്, ബ്യൂ എസ്തറ്റിക്ക, കലൂർ, കൊച്ചി

Tags:
  • Glam Up
  • Beauty Tips