സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും മികച്ച ടോണര്‍ ആണ് തണ്ണിമത്തൻ. മുഖക്കുരുവും പാടുകളും ഇല്ലാതെ നല്ല തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ തണ്ണിമത്തൻ കൊണ്ടുള്ള ചില ഫെയ്‌സ് മാസ്കുകൾ പരിചയപ്പെടാം.
തണ്ണിമത്തന്‍ മാസ്ക്
തണ്ണിമത്തൻ കഷ്ണം മുറിച്ചു അതിലെ ചുമന്ന ഭാഗം നീക്കിയശേഷം തൊലി മാത്രം മതി മാസ്ക് തയാറാക്കാൻ. ഇവ 10 മിനിറ്റ് തണുപ്പിക്കുക. പിന്നീട് ഇതു നേർത്തതായി ചീകിയെടുക്കുക. മുഖത്ത് നേരിട്ട് പുരട്ടാം. ചർമത്തിലെ ചൂടുമൂലമുള്ള ചൊറിച്ചിലിനും വളരെ നല്ലതാണ് ഈ മാസ്ക്.
തണ്ണിമത്തൻ- തേൻ മാസ്ക്
തണുത്ത തണ്ണിമത്തൻ ജ്യൂസും തേനും തുല്യ അളവിൽ എടുത്തു മിക്സ് ചെയ്യുക. മുഖം കഴുകി തുടച്ചശേഷം ഇതു പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചര്‍മം കരുവാളിക്കുന്നത് തടയാൻ തണ്ണിമത്തൻ– തേൻ മാസ്ക് സഹായിക്കും.
തണ്ണിമത്തൻ- തൈര് മാസ്ക്
ഒരു ബൗളിൽ തണ്ണിമത്തൻ ജ്യൂസ് അല്ലെങ്കില്‍ കഷണങ്ങൾ എടുക്കുക. ഫോർക്ക് ഉപയോഗിച്ച് അതു ചെറുകഷണങ്ങളാക്കി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കാം. ഇതു ചർമത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടിയും ചർമവും പരിചരിക്കാൻ തൈര് മികച്ച ഘടകം തന്നെ. ചർമത്തിനു തിളക്കം കിട്ടാനും മൃദുവാക്കാനും ഡെഡ് സ്കിൻ നീക്കാനും തൈരിലെ ലാക്ടിക് ആസിഡ് സഹായിക്കും.
തണ്ണിമത്തൻ- ചെറുനാരങ്ങ മാസ്ക്
ഒരു ബൗളിൽ രണ്ടു ടേബിൾസ്പൂണ്‍ തണ്ണിമത്തൻ ജ്യൂസ് എടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങാനീരും ഒരു സ്പൂൺ തേനും ചേർക്കുക. മുഖത്തിലും കഴുത്തിലും കൈകളിലും പുരട്ടാം. 10–15 മിനിറ്റിനു ശേഷം കഴുകിക്കളയാം. വരണ്ട ചർമത്തിനു പരിഹാരമാണ് തണ്ണിമത്തൻ– ചെറുനാരങ്ങ ഫെയ്സ് മാസ്ക്.