Wednesday 22 September 2021 02:18 PM IST : By സ്വന്തം ലേഖകൻ

നിറം വർധിപ്പിക്കാനും വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറാനും തുളസിയില; മേക്കപ്പില്ലാതെ സുന്ദരിയാകാൻ ആറു വഴികൾ

tulsi77757779

സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം സമയവും പണവും ചിലവിടുന്നവരാണ് നമ്മളിൽ പലരും. ബ്യൂട്ടി പാർലറുകളെ ആശ്രയിക്കുകയും കൂടാതെ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യ വർധക വസ്തുക്കൾ എന്തും വില കൊടുത്തും വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു. സ്ഥിരമായുള്ള മേക്കപ്പ് വസ്തുക്കളുടെ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ അൽപ്പം ശ്രദ്ധയും സമയവും നീക്കിവച്ചാൽ ഒരു മേക്കപ്പുമില്ലാതെ സുന്ദരിയാകാം. സൗന്ദര്യം നിലനിർത്താൻ വീട്ടിൽ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകൾ ഇതാ.. 

നിറം വർധിപ്പിക്കും തുളസിയില 

മുഖചർമ്മത്തിലെ നിറം വർധിപ്പിക്കാനും വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറാനും കണ്ണിൽ കണ്ട ക്രീമുകളൊന്നും വാരി തേക്കേണ്ട കാര്യമില്ല. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ ദിവസവും ആവി പിടിപ്പിച്ചാൽ വ്യത്യാസം അറിയാനാകും.

സുന്ദരമായ കൺപീലികൾക്ക് ആവണക്കെണ്ണ 

കൺപീലികൾ നീളമുള്ളതാക്കാൻ രാത്രി ഉറങ്ങുന്നതിനു മുൻപ് ആവണക്കെണ്ണയിൽ ഒരൽപ്പം ബദാം എണ്ണയും എള്ളെണ്ണയും കൂടി മിക്സ് ചെയ്തു കൺപീലികളിൽ തേച്ചു പിടിപ്പിച്ചിട്ടു കിടക്കുക. നീളമുള്ള സുന്ദരമായ കൺപീലികൾ സ്വന്തമാക്കാൻ ഇത് സഹായിക്കുന്നു.

മൃദുല ചർമ്മത്തിന് വിനാഗിരി

കൈകാലുകൾക്ക് നിറം വർധിക്കാനും വെയിലേറ്റുണ്ടാക്കുന്ന കരുവാളിപ്പ് മാറാനും ചർമ്മത്തിന് മൃദുത്വം ലഭിക്കുവാനും അൽപ്പം ഹാൻഡ് ക്രീം വിനാഗിരിയിൽ ചേർത്ത് കൈകാലുകളിൽ തേച്ചു പിടിപ്പിക്കുക. നിങ്ങൾക്ക് നല്ല പഞ്ഞിപോലുള്ള ചർമ്മം  ലഭിക്കും.

മുഖക്കുരു പാടുകളെ തുരത്തും ചെറുനാരങ്ങ

ചെറുനാരങ്ങാ മുറിച്ചു മുഖത്തുള്ള കറുത്തപാടുകളിൽ നന്നായി മസാജ് ചെയ്യുക പിന്നീട് ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തുണ്ടാകുന്ന കറുത്തപാടുകളെ പാടെ അകറ്റാൻ സാധിക്കും. മാത്രമല്ല, മുഖകാന്തി വർധിക്കാനും ഇതുസഹായിക്കുന്നു. കൂടാതെ കൈകാലുകളിൽ നഖത്തിന് തിളക്കം ലഭിക്കാനും നഖം പൊട്ടിപോകുന്നത് തടയാനും ചെറുനാരങ്ങാനീര് സഹായിക്കുന്നു.

കൺതടങ്ങളിലെ കറുപ്പ് ഒഴിവാക്കാൻ പാൽ 

വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് ഒഴിവാക്കാനും കൺതടങ്ങളിലെ കറുത്ത നിറം അകറ്റാനും പാൽ സഹായിക്കുന്നു. കിടക്കുന്നതിനു മുൻപ് അൽപ്പം പാൽ പഞ്ഞിയിൽ മുക്കി കൺതടങ്ങളിൽ വയ്ക്കുക. ഇത് കൺതടങ്ങളിലെ കറുപ്പിനെ പാടെ അകറ്റാൻ സഹായിക്കുന്നു.

മുടിക്ക് തിളക്കമേകും ഏത്തപ്പഴം 

മുടിക്ക് തിളക്കവും ആരോഗ്യവും ഉണ്ടാക്കാനായി ഏത്തപ്പഴം തൊലി കളഞ്ഞെടുത്തു ഒരു സ്പൂൺ ഒലിവ് ഓയിൽ കൂടി മിക്സ് ചെയ്തു നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുക. നല്ല തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കുന്നതാണ്.

Tags:
  • Glam Up
  • Beauty Tips